ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 24, 2016

ഏതു പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനില്‍ നിര്‍ത്തണം

ഒരിടത്തൊരു സാധു സ്ത്രീയുണ്ടായിരുന്നു. അവരെന്തു ചെയ്യുമ്പോഴും ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറഞ്ഞുകൊണ്ടേ ചെയ്യാറുള്ളൂ. മുറ്റം അടിച്ചുവാരി, ചപ്പുചവറുകള്‍ കൂനയില്‍ നിക്ഷേപിക്കുമ്പോള്‍ അവര്‍ ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയും. ഓമനയായ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും ‘കൃഷ്ണാര്‍പ്പണമസ്തു’ എന്ന് ഉറക്കെ പറയും. ഇവരുടെ വീടിന്റെ സമീപത്തായി ഒരു ക്ഷേത്രമുണ്ട്. ഈ സാധു സ്ത്രീയുടെ എപ്പോഴുമുള്ള ഈ ‘കൃഷ്ണാര്‍പ്പണമസ്തു’ അവിടുത്തെ പൂജാരിക്ക് ഒട്ടും ഇഷ്ടമല്ല. നിര്‍മാല്യ പൂജ മുതല്‍ അത്താഴ ശീവേലിവരെ ഭക്ത്യാദരപൂര്‍വം പൂജ നടത്തുന്ന പൂജാരിക്ക്, ഈ വാക്കുകള്‍ അരോചകമായി തോന്നി. ചപ്പുചവറുകള്‍ കളയുമ്പോള്‍ ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയുന്നത് അദ്ദേഹത്തിനു സഹിച്ചില്ല. പലപ്പോഴും ഈ സാധുസ്ത്രീയെ അദ്ദേഹം ശകാരിക്കാറുണ്ട്. പക്ഷേ അവര്‍ തിരിച്ചൊന്നും പറയാറില്ല.

ഒരുദിവസം ആ സ്ത്രീ മുറ്റത്തുകിടന്ന ചാണകമെടുത്തു പറമ്പിലേക്കെറിഞ്ഞു. അപ്പോഴും ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയാന്‍ മടിച്ചില്ല. ആ ചാണകം ചെന്നുവീണത് ക്ഷേത്രമുറ്റത്താണ്. പൂജാരി അതു കണ്ടുനില്‍ക്കുകയായിരുന്നു. അയാള്‍ ദേഷ്യംകൊണ്ടു വിറച്ചു. ആ സ്ത്രീയുടെ കൈക്കു പിടിച്ചുകൊണ്ട് ക്ഷേത്ര മതില്‍ക്കകത്ത് കൊണ്ടുവന്നു. ക്ഷേത്രമുറ്റത്തു വീണ ചാണകം അവരെക്കൊണ്ടു നീക്കംചെയ്യിച്ചു. പറയാവുന്ന ചീത്ത വാക്കുകള്‍ പറഞ്ഞ് അവരെ വേദനിപ്പിച്ചു. 'ഈ നാട്ടില്‍നിന്ന് നിങ്ങളെ ഞാന്‍ ഓടിക്കും എന്നു പറഞ്ഞു.'

രാത്രി ഉറങ്ങാന്‍ കിടന്ന പൂജാരി അതിരാവിലെ ഉറക്കമുണര്‍ന്നു. ക്ഷേത്രനട തുറക്കാന്‍ പോകാന്‍ ശ്രമിച്ച അദ്ദേഹത്തിന് തന്റെ കൈ അനക്കാന്‍ കഴിയുന്നില്ല. കൈ പൂര്‍ണമായും തളര്‍ന്നു എന്നു പൂജാരിക്കു മനസ്സിലായി. അയാള്‍ ഉറക്കെ ഈശ്വരനെ വിളിച്ചു കരയാന്‍ തുടങ്ങി. പകല്‍ മുഴുവന്‍ വ്യസനിച്ചും വേദനിച്ചും അയാള്‍ കട്ടിലില്‍ കിടന്നു ഞരങ്ങി. അന്നു രാത്രിയില്‍ ഈശ്വരന്‍ സ്വപ്നത്തില്‍ വന്ന് പൂജാരിയോടു പറഞ്ഞു: 'നീ തരുന്ന പാല്‍പ്പായസത്തേക്കാള്‍ എന്റെ ഭക്ത തന്ന ചാണകമാണ് എനിക്കു പഥ്യം. നീ ചെയ്യുന്നതു പൂജയല്ല. എന്നാല്‍ അവളുടെ ഓരോ പ്രവൃത്തിയും പൂജയാണ്. അങ്ങനെയുള്ള എന്റെ ഭക്തയുടെ മനസ്സ് വിഷമിച്ചാല്‍ ഞാന്‍ സഹിക്കില്ല. എന്റെ ഭക്തയെ നീ പോയി ആശ്വസിപ്പിക്കണം. അവരോടു മാപ്പു പറയണം. എങ്കില്‍ മാത്രമേ നിന്റെ അസുഖം മാറുകയുള്ളൂ.'

പൂജാരിക്കു തെറ്റു മനസ്സിലായി. അടുത്ത പ്രഭാതത്തില്‍ ആ സ്ത്രീയെ തേടിപ്പിടിച്ചു. അവരെ സാഷ്ടാംഗം പ്രണമിച്ച് മാപ്പു ചോദിച്ചു. അത്ഭുതകരമായി പൂജാരിയുടെ അസുഖവും ഭേദമായി.

*ഏതു പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനില്‍ നിര്‍ത്തണം. അങ്ങനെ കര്‍മം ചെയ്യുന്നവനാണു യഥാര്‍ഥ കര്‍മയോഗി. ഭക്തിയോഗവും കര്‍മയോഗവും വെവ്വേറെയെന്നു പറയാനാവില്ല. യഥാര്‍ഥ കര്‍മയോഗി യഥാര്‍ഥ ഭക്തനാണ്. യഥാര്‍ഥ ഭക്തന്‍ യഥാര്‍ഥ കര്‍മയോഗിയുമാണ്. എന്നാല്‍ എല്ലാ കര്‍മങ്ങളും കര്‍മയോഗമാവുന്നില്ല. ഈശ്വരാര്‍പ്പിതമായി ചെയ്യുന്ന കര്‍മം മാത്രമേ കര്‍മയോഗമാവുന്നുള്ളൂ. അതുപോലെ ക്ഷേത്രത്തില്‍ പോയി നാലു പ്രദക്ഷിണം വെച്ചതുകൊണ്ടോ കൈയുയര്‍ത്തി തൊഴുതതു കൊണ്ടോ ഭക്തിയാവുന്നില്ല. മനസ്സ് ഈശ്വരനിലായിരിക്കണം. ചെയ്യുന്ന ഓരോ കര്‍മവും പൂജയായിക്കണ്ടു ചെയ്യാന്‍ കഴിയണം. അതായിരുന്നു ആ സാധു സ്ത്രീ ചെയ്തിരുന്നത്. സര്‍വരിലും സര്‍വതിലും തന്റെ ഇഷ്ട ദേവതയെ ദര്‍ശിച്ച് സ്‌നേഹിക്കുകയും സേവിക്കുകയും വേണം. അവിടുത്തോടുള്ള പ്രേമവും സമര്‍പ്പണവും വേണം. അപ്പോഴേ യഥാര്‍ഥ ഭക്തിയാവുന്നുള്ളൂ. എല്ലാം അവിടുന്ന് എന്ന ഭാവം വരുമ്പോള്‍ അതു ഭക്തിയായി. മറിച്ച് പൂജ ചെയ്യുമ്പോഴും മനസ്സ് ബാഹ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ആ പൂജയെ ഭക്തിയോഗമെന്ന് പറയാന്‍ പറ്റില്ല. ബാഹ്യമായ ഒരു ക്രിയ എന്നതില്‍ കവിഞ്ഞ് അതിനെ ഈശ്വര പൂജയെന്നു വിളിക്കാന്‍ കഴിയില്ല. വൃത്തികെട്ട ഓട കഴുകി വൃത്തിയാക്കുമ്പോഴും ഈശ്വരമന്ത്രം ജപിച്ചുകൊണ്ട് അവിടുത്തേക്ക് എന്ന ഭാവനയോടെയാണു ചെയ്യുന്നതെങ്കില്‍ അതു ഭക്തിയോഗമാണ്. കര്‍മയോഗമാണ്.

No comments:

Post a Comment