ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, November 25, 2016

ഇന്ന് തൃപ്രയാർ ഏകാദശി മഹോത്സവം


തൃപ്രയാർ ഏകാദശി പേര് കേട്ടതാണ്. ഗുരുവായൂരും തൃപ്രയാറും ഏകാദശി ആഘോഷിക്കുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ വളരെ വലിയ പുരുഷാരമാണ് തൃപ്രയാർ ക്ഷേത്രം ദർശിക്കാനെത്തുന്നത്. ഏകാദശിക്ക് മുൻപുള്ള ദിവസം ശാസ്താവിനെ വഹിച്ചു കൊണ്ടുള്ള ഭക്തജന ഘോഷയാത്രയും ഏകാദശി ദിനത്തിൽ ഭഗവാൻ ശ്രീരാമനെ 21 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷ യാത്രയും നടന്നു വരുന്നു.

കേരളത്തിലെ പുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. തൃശ്ശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി തൃപ്രയാർ എന്ന സ്ഥലത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ വിഷ്ണു രൂപത്തിലാണ് ഇവിടെ ശ്രീരാമ പതിഷ്ഠ. കിഴക്കോട്ട് ദർശനമായി ആറടി പൊക്കമുള്ള അഞ്ജനശിലയിൽ തീർത്ത മനോഹരമായ വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നിൽക്കുന്നതാണ് വിഗ്രഹം. ഖരനെ വധിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ശ്രീരാമനെയാണ് ഈ വിഗ്രഹത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു. അതിനാൽ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. സർവാഭരണ വിഭൂഷിതനായി, ഇരു വശത്തും ശ്രീദേവി, ഭൂദേവി എന്നിങ്ങനെ ദേവീ ചൈതന്യങ്ങളോടെയാണ് ശ്രീരാമ ദേവൻ ഇവിടെ വാഴുന്നത്.

ഉപദേവതകളായി, ഗോശാല കൃഷ്ണൻ, അയ്യപ്പൻ, ദക്ഷിണാമൂർത്തി, ഗണപതി എന്നിവരും അദൃശ്യ സാന്നിധ്യമായി ഹനുമാനും ചാത്തനും ഇവിടെ ആരാധിക്കപ്പെട്ടു വരുന്നു.

തൃപ്രയാര്‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം.

ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് മൂന്നു കഷണമായ ശ്രീരാമവിഗ്രമാണിവിടെ. ഇപ്പോള്‍ ഗോളക ചാര്‍ത്തിയിരിക്കുക യാണ്.

രാവണ നിഗ്രഹത്തിനു ശേഷം പ്രപഞ്ചസംരക്ഷണത്തിനായി കാത്തിരിക്കുന്ന ശ്രീരാമന്‍ എന്നാണ് സങ്കല്‍പം.

ക്ഷേത്രത്തില്‍ ശാസ്താവിന്‍റെ പ്രതിഷ്ഠയായിരുന്നു മുന്പുണ്ടായിരുന്നത്. പിന്നീടാണ് ശ്രീരാമനെ പ്രതിഷ്ഠിച്ചത് എന്നുമാണ് വിശ്വാസം.

ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി.

പിറ്റെ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് ശ്രീരാമക്ഷേത്രവും ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാൾ ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രങ്ങള്‍ നിർമ്മിച്ച് പ്രതിഷ്ഠ നടത്തി.

ക്ഷേത്രത്തിന്റെ പേരിനു പിന്നില്‍ ഉള്ള ഐതിഹ്യം പ്രസിദ്ധമാണ്. വാമനാവതാരവേളയിൽ ഭഗവാൻ ത്രിവിക്രമനായി വളർന്നുവന്നപ്പോൾ ഭഗവാൻറെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തൻറെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത് ഭഗവല്പാദത്തിൽ അഭിഷേകം ചെയ്തു. ആ തീർത്ഥജലം അവിടെ നിന്നൊഴുകിയപ്പോൾ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാണ് ഐതിഹ്യം. ആ തീർത്ഥജലമാണത്രെ “തൃപ്രയാർ“ ആയത്. “തിരുപാദം കഴുകിയത് ആറായി” തീർന്നപ്പോൾ അത് “തിരുപ്പാദയാറായി” അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി. ദിവസവും ഉഷ പൂജ, എതിർത്ത് പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ അഞ്ചുനേരം പൂജ നടക്കുന്നു. പ്രതിഷ്ഠയുടെ ചൈതന്യം വഹിക്കുന്ന ഒരു പ്രതിരൂപം ഭക്ത ജനങ്ങളുൾപ്പെടുന്ന ഘോഷയാത്രയായി മൂന്നു നേരം ക്ഷേത്രത്തിനെ വലം വെക്കുന്നു. കതിനവെടിയാണ് ഇവിടത്തെ പ്രധാന വഴിപാട്.

മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ ഏഴാമത്തേതാണ് ശ്രീരാമന്‍. ആദ്യത്തെ അവതാരമായ മത്സ്യാവതാരത്തിന്റെ സങ്കൽപ്പത്തിൽ മുൻപിലുള്ള പുഴയിലേക്ക് അരി വലിച്ചെറിയുന്ന വഴിപാടാണ് മീനൂട്ട്. ഇത് ഭഗവാന് വളരെ പ്രിയപ്പെട്ട വഴിപാടാണ്.പുഴയിലെ മത്സ്യങ്ങൾ ഭഗവാന്റെ മക്കളാണ് എന്നണ് വിശ്വാസം.പാൽപ്പായസം, കളഭാഭിഷേകം തുടങ്ങിയവ മറ്റുവഴിപാടുകളാണ്.

കടപ്പാട്

No comments:

Post a Comment