പലരും ധരിച്ചിരിക്കുന്നത് പോലെ നാഗവും സർപ്പവും ഒന്നല്ല. സർപ്പം ചരിക്കുന്ന ഒന്നാണ്. നമ്മോടൊപ്പം ഈ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ഒന്ന്. സർപ്പശക്തികൾ ആവാഹിച്ച വിഗ്രഹങ്ങളാണ് നാഗങ്ങൾ. ന: ഗച്ഛതി ഇതി നാഗ: എന്ന് വിഗ്രഹം.അതുപോലെ രസകരമായ ഒന്നാണ് നാഗയക്ഷിയുടെ കഥ. ലോകത്തെവിടെയാണെങ്കിലും രാജാവിന്റെ ഭാര്യ അറിയപ്പെടുന്നത് രാജ്ഞി എന്നായിരിക്കും. എന്നാൽ നാഗങ്ങളുടെ കാര്യത്തിൽ നാഗരാജാവിന്റെ ഭാര്യ നാഗയക്ഷിയാണ്. സർപ്പങ്ങൾ സ്വകുലത്തിൽനിന്നും വിവാഹം കഴിക്കുകയില്ലത്രെ! അവർ യക്ഷകുലത്തിൽനിന്നാണ് വിവാഹം കഴിക്കുക. അതുകൊണ്ടാണ് അവർ നാഗയക്ഷി എന്നറിയപ്പെടുന്നത്.
ലോകാ: സമസ്താ: സുഖിനോ ഭവന്തു തുടങ്ങിയ മന്ത്രങ്ങളീലൂടെ, ഈ ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ട ഒന്നല്ലെന്നും, സർവ്വ ചരാചരങ്ങളും സന്തോഷത്തോടെ ജീവിച്ചാൽ മാത്രമേ മനുഷ്യനും സന്തോഷമുണ്ടാകുമെന്നും പഠിപ്പിച്ച പൂർവികർ, അത് പ്രാവർത്തികമാക്കുവാൻ നൽകിയ ഒന്നാണ് നാഗാരാധനയും.
അന്നവർ കണ്ടുപിടിച്ച സത്യങ്ങൾ, തലമുറകളിലേക്ക് പകർന്ന അറിവുകൾ എല്ലാം നിരാകരിച്ച്, കോടികൾ മുടക്കിയുള്ള ബയോ ഡൈവേർസിറ്റി സെമിനാറുകൾക്ക് പിറകേ പായുന്നവർ, ഇടയ്ക്കെങ്കിലും ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ!
പുനർജ്ജനിയുടെ പ്രതീകങ്ങളാണ് നാഗങ്ങൾ. ഇടയ്ക്കിടക്ക് പടം പൊഴിച്ച് നിത്യയൗവ്വനം കാത്തുസൂക്ഷിക്കുന്നതുകൊണ്ടാകാം അവ പുനർജ്ജനിയുടെ പ്രതീകങ്ങളായത്. മരണമില്ലെങ്കിൽ പുനർജന്മമില്ലെന്നതാണ് സത്യം. അനിവാര്യമായ മരണത്തെ, ഈ ജീവിതത്തിന്റെ നശ്വരതയേക്കുറിച്ചുകൂടി നമ്മെ ഓർമ്മപ്പെടുത്തുന്നു നാഗങ്ങൾ. ആതു തന്നെയാകാം അനാദി കാലം മുതൽക്കേ നാഗങ്ങളേ ആരാധിക്കുവാൻ മനുഷ്യനെ പ്രേരിപ്പിച്ച ഘടകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാഗാരാധന നടന്നിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പോഡിയയിലെ കൗണ്ഡിന്യ-നാഗ പൂജക്ക് ഭാരതത്തിലെ രീതികളുമായി അടുത്ത ബന്ധമുണ്ട്. ഈയിടെ ആഫ്രിക്കയിൽ കണ്ടെത്തിയ ചില നാഗവിഗ്രഹങ്ങൾ ഏതാണ്ട് നാലായിരം വർഷങ്ങൾക്ക് മുൻപേ അവിടെ നാഗാരാധന നടത്തിയിരുന്നതിന്റെ തെളിവായി ചരിത്രകാരന്മാർ പറയുന്നു. സിയോൺ താഴ്വാരങ്ങളും നാഗപൂജയുടെ പ്രധാന കേന്ദ്രങ്ങളായിരുന്നു. ഇന്നും ബാബിലോണിയൻ പുതുവത്സരാഘോഷങ്ങളിൽ നാഗങ്ങൾക്കും നാഗപ്രതിമകൾക്കും ഏറെ പ്രാധാന്യമുണ്ട്.
പ്രവാചകമതങ്ങളുടെ സ്വാധീനം വർദ്ധിച്ചപ്പോൾ, അന്നുവരെ ലോകത്ത്നിലനിന്നിരുന്ന പല പൗരാണിക ആരാധനാ രീതികൾക്കുമൊപ്പം നാഗാരാധനയും ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും അപ്രത്യക്ഷമായെങ്കിലും, അത് ഇന്നും നമ്മുടെ ഭാരതത്തിൽ തുടരുന്നു. മറ്റേതൊരു ഹൈന്ദവ ആചാരങ്ങളേയും പോലെ നാഗാരാധനയും പ്രകൃതിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. നമ്മുടെ സർപ്പക്കാവുകൾത്തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണല്ലോ? മനുഷ്യന്റെ ഉച്ഛാസവായുവിലെ കാർബൺ ഡൈ ഓക്സൈഡിനോടൊപ്പം ഉള്ളിൽ ദുർവിചാരങ്ങൾതീർത്ത നെഗറ്റീവ് എനെർജിയും ഇവ ആവാഹിച്ചെടുക്കും. ഏത് മലിനവസ്തുവിനേയും സംസ്കരിക്കുവാനും ശുദ്ധീകരിക്കുവാനും കെൽപ്പുള്ള ജലത്തിന്റെ സാന്നിധ്യം ആ പ്രക്രിയയെ കൂടുതൽ സുഗമമാക്കുന്നു. ആതാണ് കാവും കുളവും നമ്മുടെ ജീവിതത്തിൽ ചെലുത്തിയിരുന്ന സ്വാധീനം. കൂടാതെ നാഗ വിഗ്രഹങ്ങളുടെ നിർമ്മാണരീതിയും രൂപകല്പനയും നെഗറ്റിവ് എനെർജി ആഗിരണം ചെയ്യുവാൻ ഉതകും വിധത്തിലുള്ളതാണ്. ഇത്തരത്തിൽ വിഗ്രഹത്തിൽ ആവാഹിക്കപ്പെടുന്ന നെഗറ്റിവെ എനെർജിയേ നീക്കം ചെയ്യുവാനാണ് നാഗ പൂജയിൽ മഞ്ഞൾ കൂടുതലായി ഉപയോഗിക്കുന്നത്. ഏത് വിഷാംശവും വലിച്ചെടുക്കുവാൻ കെൽപ്പുള്ള ഒന്നാണല്ലൊ മഞ്ഞൾ!
പുള്ളുവ വിഭാഗത്തില്പെട്ടവർക്ക് നാഗാരാധനയിൽ സുപ്രധാനമായ ഒരു പങ്കുണ്ട്. തനത് വാദ്യങ്ങളായ പുള്ളുവർ വീണ, പുള്ളോർക്കുടം തുടങ്ങിയവയുടെ അകമ്പടിയോടെ ഇക്കൂട്ടർ പാടുന്ന സർപ്പം പാട്ടുകൾക്കൊപ്പമാണ് പൂജാകർമ്മങ്ങൾ നടക്കാറ്.ഇത് തന്നെ, അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയിൽ എല്ലാ വിഭാഗക്കാർക്കും ഓരോ കാര്യങ്ങളിൽ പ്രാധാന്യം കൽപ്പിച്ചിരുന്നു എന്നതിന്റെ തെളിവാണ്. പുള്ളുവരിൽത്തന്നെ, സർപ്പം പാടികൾ പ്രേതം പാടികൾ എന്നീ രണ്ടുവിഭാഗക്കാരുണ്ട്. ഇതിൽ സർപ്പം പാടി വിഭാഗത്തില്പെടുന്നവർ മാത്രമേ നാഗാരാധനയിൽ പങ്കെടുക്കാറുള്ളു. പ്രേതം പാടികൾ പ്രധാനമായും പ്രേതാവേശപൂജകൾ പോലുള്ള ആഭിചാരകർമ്മങ്ങളിലാണ് പങ്കെടുക്കുക.
കടപ്പാട്....
No comments:
Post a Comment