ഭക്തി ഉള്ളിടത്ത് വിനയം, ക്ഷമ, കാരുണ്യം തുടങ്ങിയ ഗുണങ്ങളും ഉണ്ടാകും. ഞാന്‍ വലിയവന്‍ എന്നല്ല, ഞാന്‍ സകലരുടെയും ദാസന്‍ എന്നാണ് ഒരു യഥാര്‍ഥ ഭക്തന്റെ ഭാവം. സ്വന്തം പ്രയാസങ്ങളെ അവഗണിച്ചും മറ്റുള്ളവരെ സഹായിക്കാന്‍ അയാള്‍ തയ്യാറാകും.
വിഷ്ണുഭക്തനായ അംബരീഷന്‍ എന്ന രാജാവ് മുടങ്ങാതെ ഏകാദശി നോല്‍ക്കുമായിരുന്നു. അംബരീഷന്റെ ഭക്തിയാല്‍ പ്രസന്നനായ മഹാവിഷ്ണു അദ്ദേഹത്തിന് സുദര്‍ശനചക്രം നല്‍കി. വ്രതത്തിലുള്ള അംബരീഷന്റെ നിഷ്ഠകണ്ട് തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് ഇന്ദ്രന്‍ ഭയന്നു. ഇന്ദ്രന്റെ പ്രേരണയാല്‍ അംബരീഷന്റെ വ്രതം മുടക്കാനായി ഒരു ഏകാദശിനാള്‍ ദുര്‍വാസാവ് അംബരീഷന്റെ കൊട്ടാരത്തിലെത്തി. അംബരീഷന്‍ മഹര്‍ഷിയെ ആദരവോടെ സത്കരിച്ചു. കുളിച്ചുവരട്ടെ എന്നുപറഞ്ഞ് മഹര്‍ഷി നദിയില്‍ കുളിക്കാന്‍ പോയി. വ്രതം അവസാനിപ്പിക്കുന്ന സമയമായിട്ടും മഹര്‍ഷിയെ കാണാത്തതുകൊണ്ട് രാജാവ് ദേവന്മാര്‍ക്കുള്ള ഹവിസ്സ് അര്‍പ്പിച്ചശേഷം ദുര്‍വാസാവിനുള്ള ഭാഗം മാറ്റിവെച്ചു. എന്നിട്ട് പാരണചെയ്ത് വ്രതം അവസാനിപ്പിച്ചു. സ്‌നാനം കഴിഞ്ഞെത്തിയ ദുര്‍വാസാവ്, താനെത്തുന്നതിനുമുന്‍പ് വ്രതം അവസാനിപ്പിച്ചതറിഞ്ഞ് കോപിഷ്ഠനായി.
എന്നാല്‍, ദുര്‍വാസാവ് വളരെയധികം കോപിച്ചിട്ടും അംബരീഷന് യാതൊരു ഭാവഭേദവുമുണ്ടായില്ല. തന്റെ ശക്തിയെക്കുറിച്ച് അറിയാമായിരുന്നിട്ടും തൊഴുതുകൊണ്ട് ''എന്നില്‍നിന്ന് എന്തെങ്കിലും തെറ്റുവന്നെങ്കില്‍ എന്നോടു ക്ഷമിക്കണം'' എന്ന് വീണ്ടും വീണ്ടും പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. എന്നിട്ടും ദുര്‍വാസാവ് ക്ഷമിച്ചില്ല. അംബരീഷനെ വധിക്കാനായി ദുര്‍വാസാവ് ഒരു ദുര്‍ഭൂതത്തെ സൃഷ്ടിച്ചു. ദുര്‍ഭൂതം അംബരീഷനെ സംഹരിക്കാനായി മുന്നോട്ടടുത്തു. ഉടനെ സുദര്‍ശനചക്രം പ്രത്യക്ഷപ്പെട്ട് ആ ദുര്‍ഭൂതത്തെ വധിച്ചു. തുടര്‍ന്ന് സുദര്‍ശനചക്രം ദുര്‍വാസാവിന്റെ കണ്ഠം ലക്ഷ്യമാക്കി മുന്നോട്ടുകുതിച്ചു. ദുര്‍വാസാവ് മരണഭീതിയോടെ ഓടിത്തുടങ്ങി. ബ്രഹ്മാവിനെയും ശിവനെയും ശരണം പ്രാപിച്ചിട്ടും സുദര്‍ശനചക്രത്തിന്റെ ഭീതിയില്‍നിന്ന് മോചനം ലഭിക്കാതെ മഹര്‍ഷി വൈകുണ്ഠത്തിലെത്തി. മൃത്യുവില്‍നിന്ന് മോചനം നേടാന്‍ അംബരീഷനെ അഭയം പ്രാപിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന് മഹാവിഷ്ണു ഉപദേശിച്ചു.
ദുര്‍വാസാവ് ഗത്യന്തരമില്ലാതെ അംബരീഷനെത്തന്നെ ശരണം പ്രാപിച്ച് മാപ്പുചോദിച്ചു. അപ്പോഴും മഹര്‍ഷിയുടെ കാലുകള്‍ കഴുകി വെള്ളം കുടിക്കാനുള്ള മനസ്സാണ് അംബരീഷന്.അംബരീഷന്‍ ഭഗവാന്റെ സുദര്‍ശനചക്രത്തോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “അല്ലയോ സുദര്‍ശന, നീ അഗ്നിയാണ്, സൂര്യനാണ്, ചന്ദ്രനും പഞ്ചഭൂതങ്ങളുമാണ്. ഈ മഹര്‍ഷിയില്‍ സംപ്രീതനായാലും. അവിടുന്നാണ് വിശ്വസംരക്ഷകന്‍. ഭഗവാന്റെ മഹിമാപ്രകാശം നീയത്രെ. അജ്ഞതാന്ധകാരം നശിപ്പിക്കുന്ന വെളിച്ചം അവിടുന്നാണ്. ഭഗവാന്റെ ആജ്ഞയനുസരിച്ച് വിശ്വത്തിലെ ദുഷ്ടതകള്‍ മുഴുവനില്ലാതാക്കുന്നതും മറ്റാരുമല്ല. ഞങ്ങള്‍ ഞങ്ങളുടെ ധര്‍മ്മങ്ങള്‍ വിധിയാംവണ്ണം ചെയ്തുവെങ്കില്‍, ദിവ്യമുനിയായ ദുര്‍വ്വാസാവിനോട് ദയ കാണിച്ചു സംരക്ഷിച്ചാലും. അതുമൂലം ഞങ്ങള്‍ക്ക് വലിയൊരു വരം ലഭിച്ച ഫലമുണ്ടാവുകയും ചെയ്യും.” ഇതുവരെ ദുര്‍വ്വാസാവിനെ പീഡിപ്പിച്ചുകൊണ്ടിരുന്ന ചക്രം തല്‍ക്ഷണം തണുത്തു.
സംഭവങ്ങള്‍ ഇങ്ങനെ മാറിയതുകൊണ്ട് സന്തുഷ്ടനായ മുനി പറഞ്ഞു:
ഇന്നു ഞാന്‍ ഭഗവല്‍ഭക്തരുടെ മഹിമ അനുഭവിച്ചറിഞ്ഞു. അവരെ ദ്രോഹിക്കുന്നുവരോടുപോലും അവരെത്ര മഹത്വപൂര്‍വ്വമാണ് പെരുമാറുന്നത്. ഭക്തര്‍ക്ക് ജിവിതത്തില്‍ യാതൊന്നും അസാദ്ധ്യമോ ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടുളളതോ അല്ല. കാരണം അവര്‍ ഭഗവല്‍പ്രേമത്തില്‍ അടിയുറച്ചവരത്രെ. ഉത്തമഭക്തന്റെ നാമശ്രവണം കൊണ്ടു തന്നെ ഒരുവന്റെ പാപം നശിക്കുന്നു. അങ്ങനെ ഭയങ്കരമായ ഒരു ദുരിതം ഒഴിവാക്കിയതിനു ശേഷം അംബരീഷന്‍ മഹര്‍ഷിയോട് ഭക്ഷണം കഴിക്കാന്‍ അപേക്ഷിച്ചു. എന്നിട്ട് മുനിയുടെ അനുവാദത്തോടെ തന്റെ വ്രതമവസാനിപ്പിച്ചു. കൊട്ടാരം വിട്ടു പോവുമ്പോള്‍ ദുര്‍വ്വാസാവ് അംബരീഷനെ അനുഗ്രഹിച്ചു. “രാജന്‍, ആത്മീയോന്നതി നല്‍കുന്ന അവിടുത്തെ ഈ കഥ ഭൂമിയുളേളടത്തോളം കാലം ആളുകള്‍ പാടി നടക്കട്ടെ.” അംബരീഷനെപ്പോലെയുള്ളവര്‍ക്കേ ഈശ്വരന്‍ കൂട്ടുണ്ടാവുകയുള്ളൂ. അത്തരം വിനയഭാവമുള്ളവരെ രക്ഷിക്കാന്‍ ഈശ്വരനെത്തിക്കൊള്ളും. മറിച്ച് 'ഞാന്‍ വലിയവനാണ്, എല്ലാവരും എന്നെ ബഹുമാനിക്കണം' എന്നു ചിന്തിക്കുന്നവര്‍ക്ക് എവിടെ ഈശ്വരനെ ലഭിക്കാനാണ്?ചിലര്‍ പ്രാര്‍ഥിക്കാനിരിക്കുമ്പോഴും മറ്റുള്ളവരോട് എങ്ങനെ പ്രതികാരം ചെയ്യാം എന്നാണ് ചിന്തിക്കുന്നത്. ക്ലാവുപിടിച്ച പാത്രത്തില്‍ ഈയം പിടിക്കുകയില്ല. അതാദ്യം തേച്ചുവൃത്തിയാക്കണം. അതുപോലെ മനസ്സ് ശുദ്ധമായാലേ ഭക്തി ഉറയ്ക്കൂ. അപ്പോള്‍ മാത്രമേ ഭഗവദ്‌സാന്നിധ്യം അനുഭവിക്കാന്‍ കഴിയൂ.
No comments:
Post a Comment