വിമാനം തന്മനോവേഗം യത്ര സ്ഥാനാന്തരേ ഗതം
ന ജലം തത്ര പശ്യാമോ വിസ്മിതാ:സ്മോ വയം തദാ
വൃക്ഷാ: സര്‍വ്വഫലാ രമ്യ: കോകിലാരവമണ്ഡിതാ:
മഹീ മഹീധരാ: കാമം വനാന്യൂപവനാനി ച
ബ്രഹ്മാവ് പറഞ്ഞു: മനോവേഗത്തില്‍ ഞങ്ങള്‍ എല്ലാവരും ഒരിടത്തേയ്ക്ക് പറന്നെത്തി. അവിടെയെങ്ങും ജലമില്ലെന്നു കണ്ട് അത്ഭുതസ്തബ്ധരായി. ഫലഭൂയിഷ്ടമായ മരങ്ങളും കളകൂജനം പൊഴിക്കുന്ന കിളികളും പൂത്തുലഞ്ഞമരങ്ങളും ഞങ്ങളവിടെ കണ്ടു. സ്ത്രീപുരുഷന്മാര്‍, പശുക്കള്‍, നദികള്‍, വനങ്ങള്‍, തടാകങ്ങള്‍ എന്നുവേണ്ട സുന്ദരങ്ങളായ അനേകദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് കാണായി. യജ്ഞശാലകള്‍ നിറഞ്ഞ നഗരമതാ മുന്നില്‍ കാണുന്നു. മാളികകളും കോട്ടകളും അവിടെ സുലഭം. സ്വര്‍ഗ്ഗസമാനമായ ആ നഗരം ആരുടേതാണ്? ദേവതുല്യനായ ഒരു രാജാവ് വനത്തില്‍ വേട്ടയ്ക്കായി പോകുന്നതും ആകാശത്ത് സാക്ഷാല്‍ അംബികാദേവി വിമാനത്തില്‍ ഇരിക്കുന്നതും ഞങ്ങള്‍ കണ്ടു. നിമിഷനേരംകൊണ്ട് വിമാനം വീണ്ടും പറന്നു നീങ്ങി. വിമാനം മറ്റൊരു മനോഹരദേശത്താണിപ്പോള്‍. അവിടെ കല്‍പ്പവൃക്ഷത്തണലില്‍ കാമധേനുവായ സുരഭി നില്‍ക്കുന്നു. ആ ദിവ്യപശുവിന്റെയടുക്കല്‍ നാലുകൊമ്പുള്ള ഒരാനയും, മേനക മുതലായ അപ്സരസ്സുകളും നില്‍ക്കുന്നുണ്ട്. നൂറുകണക്കിന് വിദ്യാധരന്മാരും ഗന്ധര്‍വ്വന്മാരും പലവിധ മുദ്രകളോടെ നൃത്തവും പാട്ടും പൊടിപൊടിക്കുന്നു. ദേവേന്ദ്രന്‍ പൌലോമിയോടുകൂടി അവിടെ ക്രീഡിക്കുന്നു. ആ ദേവലോകത്ത് വരുണന്‍, കുബേരന്‍, യമന്‍, സൂര്യന്‍, അഗ്നി എന്നിങ്ങനെ അനേകം ദേവന്മാരെ ആടയാഭരണവിഭൂഷിതരായി ഞങ്ങള്‍ കാണുകയുണ്ടായി. അപ്പോള്‍ ഒരു രാജാവ് ദേവേന്ദ്രനെപ്പോലെ ഒരുങ്ങിവന്ന്‍ ഒരു പല്ലക്കിലേറിപ്പോകുന്നതും ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ വിമാനം വീണ്ടും ഉയര്‍ന്നുപൊങ്ങി മുന്നോട്ടു നീങ്ങി.
ദേവന്മാര്‍പോലും നമിക്കുന്ന ബ്രഹ്മലോകത്തേയ്ക്കാണ് വിമാനം ഇത്തവണ എത്തിയത്. അവിടെയിരിക്കുന്ന ബ്രഹ്മാവിനെക്കണ്ട് ഹരിയും ഹരനും വിസ്മയപ്പെട്ടു. ബ്രഹ്മസദസ്സില്‍ സര്‍വ്വദേവന്മാരും പ്രകൃതിവിഭൂതികളടക്കം സന്നിഹിതരായിരുന്നു. ഈ നാന്മുഖന്‍ ആരാണെന്ന് വിഷ്ണുവും ശിവനും എന്നോടു ചോദിച്ചു. ‘ആരാണീ സൃഷ്ടാവെന്ന് എനിക്കറിയില്ല’ എന്ന് ഞാന്‍ പറയുകയും ചെയ്തു. ഞാനും ഇവരും ഇദ്ദേഹവും എല്ലാം ആരാണ്? എന്താണീ മോഹദൃശ്യത്തിന്റെ അര്‍ത്ഥം? ഉടനെതന്നെ മനോവേഗത്തില്‍ വീണ്ടും വിമാനം പുറപ്പെടുകയായി. പെട്ടെന്നു തന്നെ യക്ഷഗണങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അതിരമണീയമായ കൈലാസത്തില്‍ വിമാനമെത്തി. വീണാമൃദംഗാദി നാദമേളങ്ങള്‍കൊണ്ട് മുഖരിതമായ കൈലാസത്തില്‍ തന്റെ വാഹനമായ കാളപ്പുറത്ത് പരമശിവന്‍ ആഗതനായി. മുക്കണ്ണനായ ഭഗവാന്‍ പുലിത്തോലണിഞ്ഞും ഗംഗയെ മുടിയില്‍ ചാര്‍ത്തിയും പഞ്ചമുഖനായി കാണപ്പെട്ടു. മഹാവീരന്മാരായ ഗണപതിയും സ്കന്ദനും, ശിവവാഹനമായ നന്ദിയും ഭൂതഗണങ്ങളോടൊപ്പം അവിടെ കാണപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തിലുള്ള ഹരനെക്കൂടാതെ ‘ആരാണീ ‘അന്യ ശങ്കരന്‍?’ എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടു. ഉടനെതന്നെ ഒരു മഞ്ഞുമലയ്ക്ക് മുകളിലേയ്ക്ക് വിമാനം പറന്നുപൊങ്ങി.
ഇത്തവണ വൈകുണ്ഡത്തിലാണ് വിമാനം ഇറങ്ങിയത്. അവിടത്തെ ഐശ്വര്യം എങ്ങിനെ വര്‍ണ്ണിക്കാനാവും? അതിവിശിഷ്ടമായ ആ സ്ഥലം കണ്ടു വിഷ്ണുപോലും അത്ഭുതപ്പെട്ടു. കായാമ്പൂനിറം, മഞ്ഞപ്പട്ട്, നാല് തൃക്കൈകള്‍, ദിവ്യാഭരണങ്ങള്‍, ഗരുഡവാഹനം ഒക്കെയായി ഗരുഡ വാഹനത്തിന്മേല്‍ അതാ ഭഗവാന്‍ വിഷ്ണുവിരിക്കുന്നു. ലക്ഷ്മീദേവിയാല്‍ സേവിതനായി അവിടെയിരിക്കുന്ന വിഷ്ണുവിനെ വിമാനത്തിലുള്ള വിഷ്ണു സാകൂതം വീക്ഷിച്ചു.
വിമാനം വീണ്ടും പൊങ്ങിപ്പറന്ന് ഇത്തവണയെത്തിയത് വന്‍ തിരകളും ചുഴികളുമുള്ള അമൃതക്കടലിലാണ്. അതില്‍ മണിദ്വീപമെന്നു പേരായ ഒരു ദ്വീപ്. മന്ദാരം, പാരിജാതം എന്നുവേണ്ട സകലമാന ദിവ്യവൃക്ഷങ്ങളും അലങ്കരിക്കുന്ന മണിദ്വീപ് അതീവ മനോഹരമാണ്. അശോകം, ചെങ്കുറിഞ്ഞി, കൈത, ചമ്പകം, എന്നിവയാല്‍ എല്ലാടവും പ്രകൃത്യാ അലങ്കരിച്ച ഒരിടമാണത്. വണ്ടുകളുടെ മുരള്‍ച്ച, കുയിലുകളുടെ കളകളം, ദിവ്യമായ സുഗന്ധം, എന്നിവയാല്‍ സാന്ദ്രമാണ് മണിദ്വീപ്. അവിടെ രത്നക്കല്ലുകള്‍ പ്രശോഭിക്കുന്ന ഒരുത്തമമഞ്ചം വിമാനത്തില്‍ നിന്നേ ഞങ്ങള്‍ക്ക് ദൃശ്യമായിരുന്നു. അതിമൃദുലമായ കംബളം വിരിച്ച ആ മണിമഞ്ചത്തില്‍ ഒരു തരുണീമണി ഇരിക്കുന്നത് ഞങ്ങള്‍ കണ്ടു. അതിസുന്ദരി. ചുവന്ന പട്ടുടുത്ത രക്തശോഭയാര്‍ന്ന കണ്ണുകളുള്ള, ഒരുകോടി ഇടിമിന്നലുകള്‍ക്ക് സമാനമായ ശോഭയുള്ള ആ ദേവിക്ക് ലക്ഷ്മീദേവിയേക്കാള്‍ അഴകുണ്ട്. സൂര്യന്റെയത്ര ശോഭയുണ്ട്. പാശം, അങ്കുശം, വരദം, അഭയം, എന്നീ ചതുര്‍ മുദ്രകള്‍ ധരിച്ച ഈ ദേവി സാക്ഷാല്‍ ഭുവനേശ്വരിതന്നെയാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കി. ശൃംഗാരരസസമ്പൂര്‍ണ്ണമായ വസ്ത്രങ്ങളോടെയിരിക്കുന്ന ദേവിയുടെ മന്ദസ്മിതം അതീവ ചേതോഹരമാണ്. താമരമൊട്ടിനെ നാണിപ്പിക്കുന്ന തടിച്ചുയര്‍ന്ന കുചകുംഭങ്ങള്‍ ദേവിയുടെ അഴകിനെ പരിപൂര്‍ണ്ണമാക്കുന്നു. പൊന്നിന്‍ തോള്‍വള, കിരീടം, കങ്കണം, ശ്രീചക്രം കൊണ്ടുള്ള തോട, മണിഗണങ്ങള്‍ കോര്‍ത്തൊരുക്കിയ ആ ഭരണങ്ങള്‍ എന്നിവ ദേവിയെ അലങ്കരിക്കുന്നു. ദേവിയെ സദാ സേവിച്ചു നിലകൊള്ളുന്ന
സഖീവൃന്ദത്തിന്റെ സ്തുതികള്‍ ’ഹൃല്ലേഖ’, ‘ഭുവനേശ്വരി’, എന്നീ നാമങ്ങളാല്‍ അന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്നു. ‘അനംഗകുസുമാഖ്യാദി’ ദേവിമാരാല്‍ പരിസേവിതയായി യന്ത്രരാജനായ ഷഡ്കോണത്തിന്റെ നടുവില്‍ വിരാജിക്കുന്ന ദേവിയെക്കണ്ട് ബ്രഹ്മവിഷ്ണുശിവ മൂര്‍ത്തികള്‍ വിസ്മയത്തോടെ ‘ആരാണിവളെന്ന് നമുക്കറിയില്ല’ എന്ന് സമ്മതിച്ചു. ദൂരെനിന്ന് നോക്കുമ്പോള്‍ ആയിരം കണ്ണുകളും കൈകളും ഉള്ളവള്‍ എന്ന് തോന്നുന്നു. അപ്സരസ്സോ, ഗന്ധര്‍വ വനിതയോ, ദേവസ്ത്രീയോ അല്ല ഇവള്‍. എന്നിങ്ങിനെ ചിന്തിച്ചു ത്രിമൂര്‍ത്തികള്‍ വിസ്മയചകിതരായി അവിടെ നിന്നു.
ആ സമയത്ത് ഭഗവാന്‍ വിഷ്ണു ഇങ്ങിനെ പറഞ്ഞു: ‘ചാരുഹാസിനിയായ ഇവള്‍ ജഗദംബതന്നെയാണെന്ന് എനിക്കുറപ്പാണ്. നമുക്കെല്ലാം സമാരാദ്ധ്യയും നമുക്കുള്ള ഒരേയൊരാശ്രയവും ഇവളത്രേ. പൂര്‍ണ്ണയാണവള്‍. മഹാവിദ്യ, മഹാമായ, ശാശ്വതി, പ്രകൃതി, അവ്യയ എന്നെല്ലാം പറയുന്നത് ഈ ദേവിയെയാണ്. അലപബുദ്ധികള്‍ക്ക് അനഭിഗമ്യയും യോഗികള്‍ക്ക് പ്രാപ്യയും സങ്കല്പങ്ങള്‍ക്ക് അതീതയും പരമാത്മാവിന്റെ ഇച്ഛയും നിത്യയും അനിത്യുയും ഈ ദേവിയാകുന്നു. വിശ്വേശ്വരിയായ ദേവി മംഗളസ്വരൂപിണിയാണ്. വേദമാതാവും വിശാലാക്ഷിയും, ഈശ്വരിയും സകലതിന്റെയും കാരണവും ആയ ദേവി അല്‍പഭാഗ്യന്‍മാര്‍ക്ക് പൂജിക്കാന്‍ കിട്ടുന്നവളല്ല.
വിശ്വപ്രളയത്തില്‍ വിശ്വത്തെ സംഹരിച്ചു ജീവലിംഗങ്ങളെ തന്നില്‍ ഒതുക്കി വിളയാടിയത് ഈ ദേവി തന്നെയാണ്. ഇവളുടെ വിഭൂതികള്‍ക്ക് എണ്ണമില്ല. ദിവ്യഗന്ധങ്ങളും ആഭരണങ്ങളും അണിഞ്ഞു ദേവിയെ സദാ സേവിക്കുന്ന ഭക്തജനങ്ങള്‍ എത്ര സുകൃതികള്‍! ഈ ദേവിയുടെ ദര്‍ശനം ലഭിക്കുക നിമിത്തം അല്ലയോ ബ്രഹ്മ-ശിവ പ്രഭൃതികളേ നമ്മള്‍ ധന്യരായി. നാം ചെയ്ത തപസ്സുകള്‍ പാഴായില്ല എന്നതിന് വേറെ നിദാനം വേണ്ടല്ലോ!, അതീവപുണ്യവാന്മാര്‍ക്ക് മാത്രം ലഭ്യമായ ഈ ദര്‍ശനം ആസക്തര്‍ക്ക് കിട്ടുകയില്ല. സദാ പരമപുരുഷനുമായി ചേര്‍ന്ന് വിലസുന്ന മൂലപ്രകൃതിയാണ് ഈ ദേവി. ബ്രഹ്മാണ്ഡത്തെ നിര്‍മ്മിച്ച് പരമാത്മാവായ പുരുഷന് കാണിച്ചുകൊടുക്കുന്നത് ദേവിയാണ്. ആ പരംപൊരുളാണ് ദൃഷ്ടാവ്. സമസ്തബ്രഹ്മാണ്ഡം ദൃശ്യം. ഈ ദ്രശ്യ-ദൃക്കുകളുടെ കാരണം മഹാമായയായ ഈ ദേവിയാകുന്നു. ദൃശ്യമില്ലങ്കില്‍ ദൃഷ്ടാവില്ല.
ഞാനോ മറ്റു ദേവജനങ്ങളോ, ഒന്നും ഈ ദേവിക്ക് കിടനില്‍ക്കുകയില്ല. ദേവാംഗനമാരും നാമും എല്ലാം ചേര്‍ന്നാലും ദേവിയുടെ ലക്ഷത്തില്‍ ഒന്ന് പ്രഭയുള്ളവരല്ല. ആ പ്രോജ്വലപ്രഭാവത്തിനുമുന്നില്‍ നാമെല്ലാം എത്ര നിസ്സാരര്‍! പ്രളയ ജലത്തില്‍ ഞാനൊരാലിലയില്‍ ശിശുവായിക്കിടക്കുമ്പോള്‍ എന്നെ താരാട്ടിയ അമ്മയാണീ ദേവി. അന്ന് വടപത്രശായിയായി കാലിന്റെ തള്ളവിരല്‍ വായിലിട്ടു നുണഞ്ഞു കിടന്ന കോമളശിശുവായ ഞാന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് സാന്ത്വനമേകാന്‍ പാട്ടുപാടിത്തന്ന് ആലിലത്തൊട്ടിലാട്ടി അവിടെ നിലകൊണ്ടത് ഈ അമ്മയായിരുന്നു എന്ന് ഞാനറിയുന്നു. ഇന്നിപ്പോള്‍ എന്നില്‍ ബോധമങ്കുരിക്കയാല്‍ ഈ അമ്മതന്നെയാണ് ജഗത്തിന്റെ മുഴുവന്‍ മാതാവെന്നു ഞാനിതാ സംശയലേശമന്യേ പ്രഖ്യാപിക്കുന്നു. അമ്മയെ കണ്ടമാത്രയില്‍ എന്നിലക്കാര്യം സുദൃഢമായി. ആ സാക്ഷാത്കാരത്തിന്റെ നിറവ് ഞാനിതാ നിങ്ങളോട് പങ്കുവെയ്ക്കുകയും ചെയ്തു.
No comments:
Post a Comment