മീനച്ചിലാറ്റില്‍ പേരൂര്‍ പൂവത്തുംമൂട് കടവിലാണ് ഏറ്റുമാനൂര്‍ ഉത്സവത്തിന് മഹാദേവന്റെ ആറാട്ട് നടക്കുക. ഏറ്റുമാനൂരില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള പേരൂര്‍കാവ് ക്ഷേത്രത്തിലെ ഭഗവതി ഏറ്റുമാനൂരപ്പന്റെ മകളാണെന്നാണ് സങ്കല്‍പ്പം. ആറാട്ടെഴുന്നള്ളത്ത് ഈ ക്ഷേത്രസങ്കേതത്തിലൂടെ യാണ് കടന്നുപോകുക.
വര്‍ഷത്തിലൊരിക്കല്‍ തന്നെ കാണാനെത്തുന്ന അച്ഛനെ വരവേല്‍ക്കാന്‍ നിറപറയും നിലവിളക്കു മായി കാത്തിരിക്കുന്ന പേരൂര്‍ക്കാവിലമ്മ, മകള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് അടുത്ത ഒരു വര്‍ഷത്തേ ക്കുള്ള ചെലവിന് എണ്ണയും ദ്രവ്യവും നല്‍കി യാത്രയാകുന്ന ഏറ്റുമാനൂരപ്പന്‍, യാത്രയാകുന്ന അച്ഛനെ തടയുന്ന മകളെ ആറാട്ട് കഴിഞ്ഞ് തിരികെവരുമ്പോള്‍ കൂടെ കൊണ്ടുപോകാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന ഏറ്റുമാനൂരപ്പന്‍... ഈ സങ്കല്‍പ്പങ്ങളോടെ പേരൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഏറ്റുമാനൂരപ്പന് നല്‍കുന്ന സ്വീകരണച്ചടങ്ങുകള്‍ ഏറെ ഭക്തിതീവ്രത ഉണര്‍ത്തുന്നതാണ്.
ആറാട്ട് കഴിഞ്ഞ് പോകുമ്പോള്‍ മകളെ കൂടെ കൊണ്ടുപോകാതിരിക്കാന്‍ പേരൂര്‍ക്കാവ് ക്ഷേത്രത്തിന് പിന്നിലൂടെ വാദ്യമേളങ്ങളില്ലാതെ മൌനമായാണ് ഭഗവാന്റെ തിരിച്ചെഴുന്നള്ളത്ത്. അച്ഛന്റെ വരവിനായി നീണ്ട ഒരുവര്‍ഷം മകള്‍ വീണ്ടും കാത്തിരിക്കുന്നു. പിതൃപുത്രി ബന്ധത്തിന്റെ സ്നേഹ വാല്‍സല്യ ഭാവങ്ങളും ഭക്തിയും വെളിവാക്കുന്നതാണ് ആറാട്ട് വഴിയില്‍ ഭഗവാന് പേരൂര്‍ക്കാവില്‍ നല്‍കുന്ന വരവേല്‍പ്പും തിരിച്ചുള്ള എഴുന്നള്ളത്തും.
പൂവത്തുംമൂട് കടവിലെ വിസ്തൃതമായ മണല്‍പ്പരപ്പില്‍ രണ്ട് ദശാബ്ദക്കാലം മുമ്പുവരെ നടന്നിരുന്ന ആറാട്ട് ചടങ്ങുകള്‍ ഇന്ന് നാട്ടുകാര്‍ക്കും വിശ്വാസികള്‍ക്കും നനുത്ത ഓര്‍മകള്‍ മാത്രം. പുഴയിലെ അനിയന്ത്രിതമായ മണല്‍വാരല്‍മൂലം ഇന്ന് കടവിന്റെ സ്വാഭാവിക സൌന്ദര്യം മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഒരേസമയം രണ്ട് ക്ഷേത്രങ്ങളിലെ ആറാട്ട് ഈ കടവില്‍ നടക്കുന്നു എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്. ഏറ്റുമാനൂരപ്പന്റെ ആറാട്ട് ഇവിടെ നടക്കുന്ന അതേസമയംതന്നെ നേരെ അക്കരെ തിരുവഞ്ചൂരില്‍ പാറമ്പുഴ പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെയും ആറാട്ട് നടക്കും.
ഹരിഹരസംഗമത്തിന് വേദികൂടിയാണ് ഏറ്റുമാനൂരപ്പന്റെ ആറാട്ട്. പൂവത്തുംമൂട് കടവിലെ ആറാട്ടിനുശേഷം തിരിച്ചെഴുന്നള്ളുമ്പോള്‍ പേരൂര്‍ ചാലയ്ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖമണ്ഡപത്തില്‍ നടക്കുന്ന ശൈവവൈഷ്ണവ സംഗമപൂജ ഭക്തിസാന്ദ്രത ഉളവാക്കുന്നു എന്നുമാത്രമല്ല, ആതിഥ്യമര്യാദയുടെയും പരസ്പര ബഹുമാനത്തിന്റെയും പ്രതീകാത്മകമായ ഒന്നായി മാറുകയും ചെയ്യുന്നു.
സംഗമപൂജയ്ക്കുശേഷം ആറാട്ടെഴുന്നള്ളിപ്പിനെ അനുഗമിക്കുന്ന ഭക്തജനങ്ങള്‍ക്കും പരിവാരങ്ങള്‍ക്കും ചാലയ്ക്കല്‍ ക്ഷേത്രത്തില്‍ സദ്യയും പതിവാണ്. ശ്രീകൃഷ്ണക്ഷേത്രനടയില്‍ ഏറ്റുമാനൂരപ്പനുവേണ്ടി ദ്രവ്യവും സമര്‍പ്പിച്ചശേഷമാണ് തിരിച്ചെഴുന്നള്ളത്ത്.
(കടപ്പാട്)
No comments:
Post a Comment