കൊfസൌ സത്യവ്രതോ നാമ ബ്രാഹ്മണോ ദ്വിജ സത്തമ:
കസ്മിന്‍ ദേശേ സമുത്പന്ന: കീദൃശശ്ച വദസ്വ മേ
കഥം തേന ശ്രുത: ശബ്ദ: കഥമുച്ചാരിത: പുന:
സിദ്ധിശ്ച കീദൃശീ ജാതാ തസ്യ വിപ്രസ്യ തത്ക്ഷണാത്
ജനമേജയന്‍ ചോദിച്ചു: 'അങ്ങ് കഥയില്‍ പരാമര്‍ശിച്ചതായ ഈ സത്യവ്രതന്‍ ആരാണ്? ഏതു ദേശത്തുകാരനാണ്? എങ്ങിനെയാണ് അയാള്‍ ആ ബീജരഹിത ശബ്ദം കേള്‍ക്കാന്‍ ഇടയായത്? അതാരാണ് ഉച്ചരിച്ചത്? ആ ശബ്ദം കേട്ടമാത്രയില്‍ അവനില്‍ എങ്ങിനെയുള്ള സിദ്ധികളാണുണ്ടായത്? സകലവും നിറഞ്ഞ സര്‍വ്വജ്ഞയായ ദേവിയെങ്ങിനെയാണ് അവനില്‍ സംപ്രീതയായത്?'
ജയമേജയന്റെ ചോദ്യത്തിനുത്തരമായി പൌരാണികവും ശുഭപര്യവസായിയുമായ കഥ വ്യാസന്‍ ഇങ്ങിനെ തുടര്‍ന്നു: 'രാജാവേ, കേട്ടാലും. ഒരിക്കല്‍ ഞാന്‍ തീര്‍ത്ഥാടനമദ്ധ്യേ നൈമിശാരണ്യത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ ഞാന്‍ മഹാമുനിമാരെ പൂജിച്ചുകൊണ്ട് കുറച്ചു നാള്‍ താമസിച്ചു. പതിവ് പോലെ അവിടെ മഹത്തായ സത്സംഗവും കഥയും നടക്കുന്നു. ജമദഗ്നി മഹര്‍ഷി തന്റെ അടുത്തിരുന്ന മുനിമാരോട് ഇങ്ങിനെ ചോദിച്ചു: 'എന്റെ സംശയം ഇതാണ് - ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍, ഇന്ദ്രന്‍, സൂര്യന്‍, അഗ്നി, കുബേരന്‍, വരുണന്‍, അശ്വിനിദേവതകള്‍, വായു, ഗ്രഹങ്ങള്‍ എന്നിങ്ങിനെ അനേകം ദേവന്മാര്‍ ഉള്ളതില്‍ ആരാണ് പൂജാര്‍ഹന്‍? ആരെ പൂജിച്ചാലാണ് അഭീഷ്ടങ്ങള്‍ സാധിക്കുക? ആരാണ് പെട്ടെന്ന് സംപ്രീതനാവുന്നത്?'
അപ്പോള്‍ ലോമേശന്‍ എന്ന് പേരായ മുനി പറഞ്ഞു: 'ശുഭം കാംക്ഷിക്കുന്ന ഏവനും ആദ്യം ചെയ്യേണ്ടത് പരാശക്തിയെ പൂജിക്കുകയാണ്. സര്‍വ്വദയും സര്‍വ്വഗമ്യയും സകലാരാദ്ധ്യയുമായ പരാപ്രകൃതിയായ അമ്മ ബ്രഹ്മാദികള്‍ക്ക് പോലും മാതാവാണ്. മൂലപ്രകൃതിയായ അവള്‍ സംസാരത്തിന്റെ തായ് വേരാകുന്നു. സേവിക്കുന്നവര്‍ക്ക് അഭീഷ്ടങ്ങളെ നല്‍കിയും ജ്ഞാനമാഗ്രഹിക്കുന്ന ധ്യാനമാര്‍ഗ്ഗികള്‍ക്ക് വാഞ്ഛിതങ്ങളെ നല്‍കിയും അമ്മ അനുഗ്രഹിക്കുന്നു. അമ്മയുടെ നാമോച്ചാരണമാത്രയില്‍ ഒരു മൂഢവിപ്രന് പാണ്ഡിത്യം സിദ്ധമായതിന്റെ കഥ ഞാന്‍ പറയാം.
പണ്ട് കോസലരാജ്യത്ത് ദേവദത്തന്‍ എന്നൊരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അനപത്യത്താല്‍ ദുഖിതനായിരുന്ന അദ്ദേഹം പുത്രലാഭത്തിനായി യജ്ഞം ചെയ്തു. അദ്ദേഹം തമസാ നദിയുടെ കരയില്‍ യജ്ഞശാലയൊരുക്കി ബ്രാഹ്മണന്‍മാരെ വരുത്തി യജ്ഞം ചെയ്തു. പുത്രകാമേഷ്ടിയില്‍ വിദഗ്ധരായ മഹാന്മാരാണ് കര്‍മ്മം ചെയ്തത്. സുഹോത്രനെ ബ്രഹ്മാവായും, യാജ്ഞവല്‍ക്യനെ അധ്വര്യുവായും ബ്രഹസ്പതിയെ ഹോതാവായും പൈലനെ പസ്തോതാവായും ഗോഭിലനെ ഉദ്ഗാതാവായും മറ്റു മുനിമാരെ സദസ്യരായും കല്‍പ്പിച്ചു. എല്ലാവരെയും അദ്ദേഹം ദക്ഷിണയും സമ്മാനങ്ങളും നല്‍കി ആദരിച്ചു. സാമവേദം സ്വരശുദ്ധിയോടെ പാടുന്നതിനിടയില്‍ ഗോഭിലന് ശ്വാസതടസ്സം വന്നതിനാല്‍ ക്ഷണനേരത്തെയ്ക്ക് ആലാപനത്തില്‍ സ്വരഭംഗം വന്നു. അത് കേട്ട ദേവദത്തന്‍ ക്രുദ്ധനായി ഗോഭിലനോടു കയര്‍ത്തു. ‘പുത്രകാമേഷ്ടിക്കിടയിലെ വേദാലാപനത്തില്‍ സ്വരം തെറ്റിച്ച താനൊരു മൂര്‍ഖന്‍ തന്നെ!’ ഉടനെ ഗോഭിലനും തിരികെ ക്ഷോഭത്തോടെ ബ്രാഹ്മണനെ ശപിച്ചു. ‘അങ്ങിനെയാണോ, എങ്കില്‍ ഈ യാഗം മൂലം തനിക്കുണ്ടാകുന്ന പുത്രന്‍ മൂര്‍ഖനായിപ്പോകട്ടെ. ശ്വാസമെടുക്കാന്‍ എനിക്ക് ഒരല്‍പം തടസ്സം വന്നു. അതിന് ഇത്രയ്ക്ക് ക്രോധം പാടുണ്ടോ?’ ഇതുകേട്ടപ്പോള്‍ ദേവദത്തന്‍ ഒന്ന് തണുത്തു. അദ്ദേഹം ദുഖത്തോടെ പറഞ്ഞു: മഹാത്മാവേ, എന്നെപ്പോലെ തെറ്റൊന്നും ചെയ്യാത്തവനില്‍ അങ്ങ് ഇങ്ങിനെ കഠിനമായ ശാപം ചൊരിയുന്നത് കഷ്ടമാണ്. പുത്രനില്ലാത്ത ദുഖത്തോടൊപ്പം ഇനിയിപ്പോള്‍ ഈ ശാപദുഃഖം കൂടിയായി! മൂര്‍ഖനായ ഒരു പുത്രന്‍ ഉണ്ടാവുന്നതിനേക്കാള്‍ നല്ലത് അപുത്രതയാണ്! മൂര്‍ഖനായ ബ്രാഹ്മണന്‍ എല്ലായിടത്തും അപമാനിക്കപ്പെടും. ദാനപൂജാദികള്‍ക്ക് അവനര്‍ഹതയുണ്ടാവുകയില്ല. വേദജ്ഞാനമില്ലാത്ത ബ്രാഹ്മണന്‍ ഏതു ദേശത്താണെങ്കിലും ഒരു ശൂദ്രനെപ്പോലെ കരം കൊടുത്ത് ജീവിക്കേണ്ടിവരും. ദേവപ്രീതിക്കായുള്ള കര്‍മ്മങ്ങളില്‍ ഒന്നിലും അങ്ങിനെയുള്ള വിപ്രനെ ആരും കൂട്ടില്ല. ഈ ബ്രാഹ്മണനെ രാജാവ് ശൂദ്രനായി കരുതുന്നതിനാല്‍ അവന്‍ നിലമുഴുകി ജീവിതായോധനത്തിനുള്ളത് നേടണം. ശ്രാദ്ധത്തിനൊന്നും അവനെ ആരും കൂട്ടിക്കൊണ്ട് പോകില്ല. ശ്രാദ്ധത്തിനും മറ്റും കൂടിയാല്‍ത്തന്നെ അവന് ആരെങ്കിലും ഭക്ഷണം കൊടുത്തേക്കാം എന്നല്ലാതെ യാതൊരു മാന്യതയും അവനു കിട്ടില്ല. മൂഢവിപ്രനെ ബഹുമാനിച്ചാല്‍ രണ്ടാള്‍ക്കും നരകഫലമാണ് കിട്ടുക. മൂര്‍ഖരെ വന്ദിക്കുന്ന സ്ഥലവും അവിടത്തെ രാജാവും നിന്ദ്യരത്രേ.
മൂര്‍ഖ-പണ്ഡിത ഭേദം വിദ്വാന്മാര്‍ക്കറിയാം. ദാനം, മാനം, പരിഗ്രഹം എന്നിവയാല്‍ ഗര്‍വിഷ്ഠരായ ആളുകള്‍ ഉള്ളിടത്ത് പണ്ഡിതന്‍ പോവുകയില്ല. അസത്തുക്കളുടെ ധനം അസത്തുക്കള്‍ക്ക് മാത്രമേ ഉപകരിക്കൂ. നിറയെ കായ്ച്ച വേപ്പ്മരത്തിലെ കായ്കള്‍ കാക്കയ്ക്ക് മാത്രമേ പ്രയോജനപ്പെടൂ. വേദജ്ഞര്‍ അന്നമുണ്ട് സംപ്രീതരായി വേദം ജപിക്കുമ്പോള്‍ വിണ്ണിലിരുന്നു പിതൃക്കള്‍ സന്തോഷിക്കും. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെന്നറിയാവുന്ന അങ്ങ് ഇത്തരം ഒരു ശാപം നല്‍കാന്‍ എന്താണ് കാര്യം? അങ്ങയുടെ ശാപത്തിനൊരു പ്രതിവിധി തരുകയില്ലേ? നിന്റെ മുന്നിലിതാ ഞാന്‍ ദീനനായി നില്‍ക്കുന്നു. ഞാന്‍ അങ്ങയുടെ കാലു പിടിക്കാം. ദയവായി എന്നെ ഇതില്‍ നിന്നും കരകയറ്റണം.'
ദേവദത്തന്‍ തന്റെ കാല്‍ക്കല്‍ വീണപ്പോള്‍ ഗോഭിലനും ശാന്തനായി. മഹാന്മാരുടെ കോപം ക്ഷണത്തില്‍ തണുക്കുമല്ലോ. ജലം തീകൊണ്ടോ വെയില്‍ കാഞ്ഞോ എളുപ്പം ചൂടാവും; എന്നാലത് വേഗത്തില്‍ തണുക്കുകയും ചെയ്യും. ‘മൂര്‍ഖനായി ജനിക്കുന്ന നിന്റെ പുത്രന്‍ പിന്നീട് വിദ്വാനായിത്തീരും. പേടിക്കേണ്ട.’ ഇതുകേട്ട് തുഷ്ടനായ ദേവദത്തന്‍ യാഗം ഭംഗിയായി അവസാനിപ്പിച്ചു. ബ്രാഹ്മണരെ സമ്മാനം നല്‍കി ബഹുമാനിച്ച് പറഞ്ഞയച്ചു. കുറച്ചു കാലം കഴിയേ ബ്രാഹ്മണ പത്നി, സുദതി ഗര്‍ഭിണിയായി. ദേവദത്തന്‍ പുംസവനം, സീമന്തം തുടങ്ങിയ സംസ്കാരങ്ങള്‍ യഥാവിധി ചെയ്തു. യജ്ഞം സഫലമായതില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. രോഹിണി നക്ഷത്രത്തിലെ ഒരു ശുഭമുഹൂര്‍ത്തത്തിലായിരുന്നു പുത്രന്റെ ജനനം. പുത്രന് ഉതത്ഥ്യന്‍ എന്ന് പേരിട്ടു. എട്ടാം വയസ്സില്‍ അവനെ ഉപനയിച്ചു. ബ്രഹ്മചാരിയായ കുഞ്ഞിനു വേദം ഓതിക്കൊടുത്തുവെങ്കിലും അവനത് ഉച്ചരിക്കാന്‍ ആയില്ല. പലരീതിയില്‍ നോക്കിയിട്ടും പുത്രന് വേദം വഴങ്ങുന്നില്ല. പന്ത്രണ്ട് വയസ്സായിട്ടും സന്ധ്യാവന്ദനം പോലും തെറ്റുകൂടാതെ വേണ്ടതു പോലെ ചെയ്യാന്‍ അവനു കഴിയുന്നില്ല. ബ്രാഹ്മണകുമാരന്‍ ഒരു മഠയനാണ് എന്ന വാര്‍ത്ത എല്ലാടവും പരന്നു. പിതാക്കന്മാര്‍ പോലും ആ ‘മുഠാളനെ’ പേരുകള്‍ വിളിച്ചു കളിയാക്കി.
എല്ലാവരും കളിയാക്കിയും വെറുത്തും സഹികെട്ട കുമാരന്‍ കാട്ടിലേയ്ക്ക് പുറപ്പെട്ടു. ‘അന്ധനായാലും മുടന്തനായാലും വേണ്ടില്ല. ഇങ്ങിനെ പൊട്ടനായിപ്പോയല്ലോ ഇവന്‍’ എന്ന് എല്ലാവരും പറയുന്നത് കേട്ട് സഹിയാതെയാണ് അവന്‍ നാട് വിട്ടത്. ഗംഗാതീരത്ത് ചെറിയൊരു കുടിലുകെട്ടി അവന്‍ ഫലമൂലങ്ങള്‍ തിന്നു ജീവിച്ചു. ‘ഞാന്‍ അസത്യം പറയുകയില്ല’ എന്നൊരു തീരുമാനം അവനുണ്ടായിരുന്നു. അങ്ങിനെയൊരു നിഷ്ഠയോടെ ആ കുടിലില്‍ അവന്‍ ബ്രഹ്മചാരിയായി ജീവിച്ചു വന്നു.'
പുനരാഖ്യാനം:
ഡോ. സുകുമാര്‍ കാനഡ.
ശ്രീ ടി എസ്.
തിരുമുന്‍പിന്റെ ഭാഷാവിവര്‍ത്തനം,
ശ്രീ എന്‍ വി.
നമ്പ്യാതിരിയുടെ മൂലം വിവര്‍ത്തനം, എന്നിവയെ അവലംബിച്ച്
എഴുതിയത്
No comments:
Post a Comment