ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 26, 2016

ശനി പ്രദോഷം

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് ഇത്. ഏറെ ഫലപ്രദായകമാണ് പ്രദോഷവ്രതമെന്നും അറിയുക.

ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം. അന്ന് കൂവളത്തിലകൊണ്ട് ശ്രീപരമേശ്വരനെ അർച്ചിച്ചാൽ സായൂജ്യം കൈവരുമെന്നാണ് വിശ്വാസം.

“സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികംവ്രതം” എന്നാണ് ശിവപുരാണത്തിൽ പറയുന്നത്.ജാതകദോഷത്താലോ, ഗ്രഹദോഷത്താലോ ദശാദോഷത്താലോ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക്‌ ശാന്തി ലഭിക്കുന്നതാണ്‌. പ്രത്യേകിച്ചും കറുത്തപക്ഷത്തില്‍ വരുന്ന ശനിപ്രദോഷം, മൗനവ്രതത്തോടെ ആചരിച്ചാല്‍ ഉല്‍ക്കൃഷ്‌ടമാണ്‌. അതുപോലെ പ്രധാനപ്പെട്ടതാണ്‌

തിങ്കള്‍ പ്രദോഷവും. കുടുംബസുഖം, ഭര്‍ത്തൃ (ഭാര്യ) സുഖം, സന്താനലാഭം, ആയുരാരോഗ്യം എന്നിവയുണ്ടാകും ബ്രഹ്‌മഹത്യാപാപങ്ങള്‍പോലും ഒഴിഞ്ഞുപോകും. എല്ലാത്തിനുമുപരി മനഃശാന്തിയുണ്ടാകും.

വ്രതം അനുഷ്‌ഠിക്കുന്നവര്‍ തലേന്നേ മത്സ്യമാംസാദികള്‍ ഭക്ഷിക്കരുത്‌. ഒരുനേരം മാത്രം അരിയാഹാരം ആവാം.പൂര്‍ണ ഉപവാസം നന്ന്. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നേദ്യ ചോറുണ്ണാം. വ്രതത്തിന്റെ അന്നു രാവിലെ ബ്രഹ്‌മുഹൂര്‍ത്തത്തില്‍ കുളിച്ച്‌ ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ആല്‍പ്രദക്ഷിണം ചെയ്ത് ശിവക്ഷേത്രദര്‍ശനം നടത്തണം തീര്‍ത്ഥംപോലും സേവിക്കരുത്‌. ജലപാനം ഉപേക്ഷിച്ച്‌ ''ഓം നമഃ ശിവായ'' എന്ന മന്ത്രത്തോടും ശിവനാമങ്ങള്‍ ജപിച്ചും പകല്‍ കഴിയുക. വൈകിട്ട്‌ 6-നും 6.30-നും ഇടയിലാണ്‌ പ്രദോഷാഭിഷേകം. അഭിഷേകത്തിന്‌ പാല്‍, കരിക്ക്‌, പനിനീര്‍, കൂവളമാല എന്നിവ ശിവക്ഷേത്രത്തില്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കാം.
തല്‍സമയം നടക്കുന്ന അഭിഷേകം കണ്ട്‌ തൊഴുത്‌, ദീപാരാധനയും കഴിഞ്ഞുവേണം തീര്‍ത്ഥം വാങ്ങി ഭുജിക്കാന്‍. ദീപാരാധനയ്‌ക്കുശേഷം ക്ഷേത്രത്തില്‍ നിന്നും ചോറുവാങ്ങി ഭക്ഷിക്കാം. പിറ്റേന്ന്‌ രാവിലെ കുളിച്ച്‌ ശുദ്ധമായി ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ തീര്‍ത്ഥം കഴിച്ച്‌ വ്രതം അവസാനിപ്പിക്കാം.

പ്രദോഷവ്രതം സര്‍വ്വദോഷപ്രീതി ലഭിക്കുന്ന ഒന്നാണ്‌. കൈലാസവാസിയായ ഭഗവാന്‍ പാര്‍വതീസമക്ഷം നൃത്തം ചെയ്യുന്നു. തദവസരത്തില്‍ നൃത്തത്തിന്‌ മോടികൂട്ടാന്‍ സരസ്വതിദേവി വീണ വായിക്കുന്നു. ബ്രഹ്‌മാവ്‌ താളം പിടിക്കുന്നു. ഇന്ദ്രന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നു. ലക്ഷ്‌മീദേവി ഗാനാലാപം നടത്തുന്നു. ശിവഭൂതഗണങ്ങളും നൃത്തം ചെയ്യുന്നു. ദേവന്മാര്‍ ഭഗവല്‍ സ്‌തോത്രങ്ങള്‍ പാടുന്നു. യക്ഷ കിന്നരന്മാര്‍ ഭഗവാനെ സ്‌തുതിക്കുന്നു. സകലദേവന്മാരും സന്നിഹിതരാവുന്ന, പ്രദോഷവ്രതം നോറ്റാല്‍ എല്ലാ ദേവന്മാരും ഒന്നിച്ചു പ്രസാദിക്കുമെന്ന മഹാത്മ്യം കൂടി ഈ വ്രതത്തിനുണ്ട്‌. പ്രദോഷവ്രതം എടുക്കുമ്പോള്‍ തേച്ചുകളി പാടില്ല. ഗുരുനിന്ദയും വെറ്റിലമുറുക്കും നിഷിദ്ധമാണ്‌. രുദ്രാക്ഷം ധരിച്ച്‌ പഞ്ചാക്ഷരം ജപിച്ചും ശിവമഹാത്മ്യം പാരായണം ചെയ്‌തും 12 മാസം വ്രതം ആചരിച്ചാല്‍ സര്‍വ്വഗുണങ്ങളോടെ ശാന്തിയും സമാധാനവും കളിയാടും.

പ്രദോഷവ്രതത്തിന്റെ മഹിമ എടുത്തു കാണിക്കുന്ന ഒരു കഥ

പണ്ട് വിധവയായ ഒരു ബ്രാഹ്മിണി ദാരിദ്ര്യം കാരണം ഭിക്ഷയെടുത്ത് ജീവിച്ചിരുന്നു. മകനേയും കൂട്ടിയാണ് ഭിക്ഷാടനം. ഒരു ദിവസം അവർ വിദർഭയിലെ രാജകുമാരനെ കണ്ടുമുട്ടി. പിതാവ് മരിച്ചതിനാൽ ദുഃഖിതനായി ദേശം തോറും അലഞ്ഞുനടക്കുകയായിരുന്നു, രാജകുമാരൻ. വിധവയ്ക്ക് രാജകുമാരന്റെ അവസ്ഥയിൽ ദയ തോന്നി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പ്രദോഷവ്രതം ആരംഭിച്ചു. ഒരുദിവസം രാജകുമാരൻ കാട്ടിൽ സഞ്ചരിക്കവേ അംശുമതിയെന്ന കന്യകയെ കണ്ടെത്തി. രാജകുമാരനെ കണ്ട് അംശുമതിയുടെ പിതാവ് പറഞ്ഞു: നിങ്ങൾ വിദർഭ നഗരത്തിലെ രാജകുമാരനാണ്. പേര് ധർമ ഗുപ്തൻ. ശിവഭഗവാന്റെ ആജ്ഞയനുസരിച്ച് എന്റെ മകൾ അംശുമതിയുമായി നിങ്ങളുടെ വിവാഹം നടത്താം. രാജകുമാരൻ അംശുമതിയെ വിവാഹം ചെയ്തു. പിന്നീട് അംശുമതിയുടെ പിതാവിന്റെ സഹായത്തോടെ യുദ്ധം ചെയ്ത് വിദർഭരാജ്യം പിടിച്ചടക്കി. ബ്രാഹ്മണയെയും പുത്രനെയും രാജകൊട്ടാരത്തിൽ വരുത്തി താമസിപ്പിച്ചു. അങ്ങിനെ അവരുടെ ദുഃഖം ശമിച്ചു. ഒരിക്കൽ അംശുമതി രാജകുമാരനോട് ചോദിച്ചു: ഇതെല്ലാം എങ്ങിനെ നടന്നു? രാജകുമാരൻ പറഞ്ഞു, ഇതെല്ലാം പ്രദോഷവ്രതത്തിന്റെ പുണ്യമാണ്. അന്നുമുതലാണ് പ്രദോഷവ്രതത്തിന് ഇത്രയും മാഹാത്മ്യം സിദ്ധിച്ചതത്രേ.

  ഓം നമഃ ശിവായ

No comments:

Post a Comment