ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, November 30, 2016

അംബാ യാഗവിധി - ശ്രീമദ്‌ ദേവീഭാഗവതം. 3. 12. - ദിവസം 49.



വദ യജ്ഞവിധിം സമ്യഗ് ദേവ്യാസ്തസ്യാ സമന്തത:
ശ്രുത്വാ കരോമ്യഹം സ്വാമിന്യഥാശക്തി ഹൃതന്ദ്രിത:
പൂജാവിധിം ച മന്ത്രാംശ്ച ഹോമദ്രവ്യമസംശയം
ബ്രാഹ്മണാ: കതി സംഖ്യാശ്ച ദക്ഷിണാശ്ച തഥാ പുന:



ജനമേജയന്‍ ചോദിച്ചു: 'ജഗജ്ജനനിയായ ദേവിയെ പൂജിച്ചാരാധിക്കുന്ന യജ്ഞത്തിന്റെ അനുഷ്ഠാന വിധികളെപ്പറ്റി ഞങ്ങളെ ഉദ്ബുദ്ധരാക്കിയാലും. യഥാവിഥിതന്നെ ഞങ്ങള്‍ക്കാ കര്‍മ്മങ്ങള്‍ ചെയ്യണമെന്നുണ്ട്. അതിനുള്ള മന്ത്രങ്ങള്‍ ഏതൊക്കെയെന്നും, ഹോമത്തിനായി എന്തൊക്കെ ഒരുക്കണമെന്നും എത്ര വിപ്രന്മാരെ കൂട്ടണമെന്നും എല്ലാം ഞങ്ങള്‍ക്ക് പറഞ്ഞു തരൂ.'


വ്യാസന്‍ പറഞ്ഞു: 'സാത്വികം, രാജസം, താമസം എന്നിങ്ങിനെ മൂന്നു വിധം യജ്ഞകര്‍മ്മങ്ങളുണ്ട്. സാത്വികകര്‍മ്മങ്ങള്‍ മുനിമാര്‍ക്കും, രാജസകര്‍മ്മങ്ങള്‍ രാജാക്കന്മാര്‍ക്കും, താമസകര്‍മ്മങ്ങള്‍ രാക്ഷസന്മാര്‍ക്കും വിധിച്ചിരിക്കുന്നു. ദേശം, കാലം, ഉത്തമ മന്ത്രങ്ങള്‍, ദ്രവ്യങ്ങള്‍, വിപ്രന്മാര്‍ എന്നിവയെല്ലാം ഒത്തുചേര്‍ന്നാല്‍ സാത്വിക കര്‍മ്മങ്ങള്‍ ചെയ്യാം. ദ്രവ്യത്തിലും, മന്ത്രത്തിലും ക്രിയയിലും ശുദ്ധിയുണ്ടായാലേ യജ്ഞത്തിന്റെ പൂര്‍ണ്ണഫലം കിട്ടുകയുള്ളൂ. എന്നാല്‍ യജ്ഞത്തിനു വിപരീതഫലങ്ങളും ഉണ്ടാവാം എന്നറിയുക. അധാര്‍മ്മികമായി ഉണ്ടാക്കിയ ധനം കൊണ്ട് സുകൃതം ചെയ്‌താല്‍ കീര്‍ത്തിയോ പരലോകഗതിയോ ലഭ്യമല്ല. അതിനാല്‍ ധര്‍മ്മപൂര്‍വ്വം ആര്‍ജ്ജിച്ച ധനം മാത്രമേ യജ്ഞാദികള്‍ക്ക് ഉപയോഗിക്കാവൂ. അങ്ങിനെയുള്ള യജ്ഞം മൂലം കീര്‍ത്തിയും, സുഖവും, പരലോകഗതിയും ലഭിക്കുന്നു.


പണ്ട് പാണ്ഡവര്‍ ചെയ്ത രാജസൂയത്തെപ്പറ്റി അങ്ങേയ്ക്ക് അറിയാവുന്നതല്ലേ? സാക്ഷാല്‍ ശ്രീകൃഷ്ണനും, ഭരദ്വാജന്‍ മുതലായ ദിവ്യബ്രാഹ്മണരും അന്നവിടെ ഉണ്ടായിരുന്നു. എങ്കിലും യജ്ഞം കഴിഞ്ഞു മാസം തികയുന്നതിനു മുന്‍പേ അവര്‍ക്ക് ദുരിതങ്ങളുടെ ഘോഷയാത്രയായി. പാണ്ഡവര്‍ ചൂതില്‍ തോറ്റതിനാല്‍ പാഞ്ചാലിക്ക് അപമാനം ഉണ്ടായില്ലേ?, ഒടുവില്‍ അവര്‍ക്ക് ഘോരമായ വനവാസം പോലും അനുഭവിക്കേണ്ടതായി വന്നു. അപ്പോള്‍ ആ സുകൃതഫലം എവിടെപ്പോയി? വീരന്മാരായ അഞ്ചുപേര്‍ക്കും വിരാടന്‍റെ വിടുപണി ചെയ്യേണ്ടിവന്നു. ദ്രൌപതിക്കാണെങ്കില്‍ വിടനായ കീചകന്റെ അടുക്കല്‍ നിന്നുള്ള ശല്യം സഹിക്കേണ്ടി വന്നു. കൃഷ്ണഭക്തിയുണ്ടായിട്ടും, ബ്രാഹ്മണര്‍ അനുഗ്രഹിച്ചിട്ടും അതിനൊന്നും ഫലമുണ്ടായില്ല. കുലവധുവായ ദ്രൌപദിയുടെ വസ്ത്രം അഴിച്ചപമാനിച്ചപ്പോള്‍ ആരും അവളെ രക്ഷിക്കാനുണ്ടായില്ല. മൂത്തയാള്‍ ധര്‍മ്മജന്‍ ആയിരുന്നിട്ടും വലംകയ്യായി സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ഉണ്ടായിട്ടും ഫലമുണ്ടായില്ല. വരാനുള്ളതു വഴിയില്‍ തങ്ങില്ല എന്ന് ന്യായം പറഞ്ഞിരുന്നാല്‍പ്പിന്നെ സാധനയ്ക്കും യജ്ഞത്തിനും ഒന്നും യാതൊരു ഫലവുമില്ല എന്ന് കരുതേണ്ടതായി വരും. വേദശാസ്ത്രങ്ങളും തപസ്സും വര്‍ണ്ണാശ്രമധര്‍മ്മങ്ങളും  വൃഥാവിലാണെന്ന് ജനങ്ങള്‍ കരുതും.



എന്നാല്‍ കര്‍മ്മം, വിധി, ഇവ രണ്ടും  നാം കണക്കിലെടുക്കണം. സദ്‌കര്‍മ്മം ചെയ്തിട്ട് ഫലം വിപരീതമാണെങ്കില്‍ കര്‍മ്മത്തില്‍ എന്തെങ്കിലും പിഴ പറ്റിയിട്ടുണ്ടെന്ന് നിശ്ചയമാണ്. അത് കര്‍തൃഭേദമോ, ദ്രവ്യഭേദമോ, മന്ത്രഭേദമോ ആവാം. പണ്ട് ദേവേന്ദ്രന്‍ വിശ്വരൂപനെ തന്റെ യജ്ഞാചാര്യനായി നിയമിച്ചു. എന്നാല്‍ വിശ്വരൂപന് തന്റെ മാതൃപക്ഷത്തുള്ള ദൈത്യന്മാരോടു പക്ഷപാതമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം യജ്ഞാംശം അസുരന്മാര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്തു. അങ്ങിനെ അസുരന്മാര്‍ ദേവന്മാരേക്കാള്‍  ബാലമാര്‍ജ്ജിച്ചു വന്നു. ഇതറിഞ്ഞ ഇന്ദ്രന്‍ ഗുരുവിനെ വജ്രായുധം കൊണ്ട് തലയറുത്ത് കൊന്നു. ഇതാണ് കര്‍തൃഭേദം കൊണ്ടുള്ള വിന. കോപത്തോടെ കര്‍മ്മം ചെയ്ത പാഞ്ചാലരാജാവിന്റെ കഥയും പ്രസിദ്ധം. ദ്രോണനാശത്തിനായി ഒരു പുത്രന്‍ ഉണ്ടാകണം എന്ന ആഗ്രഹത്തോടെ ചെയ്ത യജ്ഞഫലമായി ധൃഷ്ടധ്യുമ്നനും കൃഷ്ണയും ജനിച്ചു. പണ്ട് ദശരഥരാജാവ് പുത്രകാമേഷ്ടി ചെയ്ത് നാല് പുത്രന്മാരെ നേടിയ കഥയും എല്ലാവര്‍ക്കും അറിയാമല്ലോ. ചുരുക്കത്തില്‍ യജ്ഞങ്ങള്‍ ശരിയായവിധത്തില്‍ ചെയ്‌താല്‍ അഭീഷ്ട ഫലസിദ്ധിയും അല്ലെങ്കില്‍ വിപരീതഫലവുമാണ് ഉണ്ടാവുക.


പാണ്ഡവന്‍മാരുടെ കര്‍മ്മത്തില്‍ വന്ന ഏതോ അപാകതയാണ് ചൂതില്‍ അവര്‍ക്ക് പരാജയം ഉണ്ടാകാന്‍ കാരണം. യുധിഷ്ഠിരന്‍ സത്യവാനാണ്; സഹോദരന്മാരാണെങ്കില്‍ സദ്‌ഗുണസമ്പന്നര്‍. ദ്രൌപതി പതിവ്രതയുമാണ്‌. ഒന്നുകില്‍ അധാര്‍മ്മികമായി ഉണ്ടാക്കിയ ധനം കൊണ്ടാണ് കര്‍മ്മം ചെയ്തത്. അല്ലെങ്കില്‍ യജ്ഞത്തില്‍ ഗര്‍വ്വുണ്ടായതാവാം കാരണം. സാത്വികമായ യജ്ഞം തുലോം ദുര്‍ലഭമാണ്. മഹാന്മാരായ മുനിമാര്‍ക്ക് മാത്രമേ അത് സാധിക്കൂ. ഈ താപസന്മാര്‍ വനത്തില്‍ നിന്നുള്ള ഫലമൂലങ്ങള്‍ ആഹരിച്ച് നേരായ രീതിയില്‍ പരിശുദ്ധിയോടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. ജീവബലിയൊന്നും കൂടാതെ പുരോഡാശം മാത്രമുണ്ടാക്കി, മന്ത്രനിബദ്ധമായി ചെയ്യുന്ന പരിപാവനമായ യജ്ഞങ്ങള്‍ സാത്വികമാണ്.



ധാരാളം ധനം വ്യയം ചെയ്ത് വലിയ ഘോഷത്തോടെയും ജന്തുഹിംസയോടെയും ചെയ്യുന്ന കര്‍മ്മങ്ങള്‍ രാജസമാണ്. ക്ഷത്രിയരും വൈശ്യരുമാണ് ഇത്തരം യജ്ഞങ്ങള്‍ നടത്തുക. ക്രോധത്തോടെയും മദമാല്‍സര്യനിബദ്ധമായും ചെയ്യുന്ന കര്‍മ്മങ്ങള്‍ താമസമാണ്. അസുരന്മാരുടെ യാഗങ്ങള്‍ ഇത്തരമാണ്. മോക്ഷകാംക്ഷികളും വിരക്തന്മാരും മഹാത്മാക്കളും മനസാ ചെയ്യുന്ന യാഗങ്ങളില്‍ എല്ലാ ഒരുക്കങ്ങളും അവര്‍ ഉചിതമായി ചെയ്യുന്നുണ്ട്. ഇത്തരം യാഗങ്ങളില്‍ ഒഴികെ മറ്റെല്ലാ യാഗങ്ങളിലും എന്തെങ്കിലും ഒരു കുറവ് കണ്ടേക്കാം. ദ്രവ്യത്തിലോ, വിപ്രന്മാരിലോ, കര്‍മ്മത്തിലോ, കാലദേശങ്ങളിലോ ഭേദമുണ്ടാകാന്‍ സാദ്ധ്യതയില്ലാത്തത് മനോയജ്ഞത്തില്‍ മാത്രമാണ്. മനസ്സിനെ ഗുണങ്ങളുടെ പിടിയില്‍ നിന്നും മുക്തമാക്കി ശുദ്ധമാക്കുക. അപ്പോള്‍പ്പിന്നെ ശരീരശുദ്ധി സ്വമേധയാ ഉണ്ടായിക്കൊള്ളും. ഇന്ദ്രിയ വിഷയങ്ങളില്‍ നിന്ന് മനസ്സിനെ പിന്‍വലിക്കാന്‍ കഴിയുന്നവനാണ് മാനസയജ്ഞത്തിനര്‍ഹന്‍.



യാഗമണ്ഡപമൊരുക്കാന്‍ അതിവിസ്തൃതമായ ഒരിടം ഉയരം കൂടിയ സ്തംഭങ്ങളോടെ സ്തോത്രജപത്തോടെ അയാള്‍ മനസാ നിര്‍മ്മിക്കട്ടെ. മനോയജ്ഞവേദി വിശാലമായി ഒരുക്കി അഗ്നികള്‍ സ്ഥാപിക്കണം. ബ്രഹ്മാവ്‌, അധ്വര്യു, ഹോതാവ്, പ്രസ്തോതാവ് എന്നീ സങ്കല്‍പ്പങ്ങളില്‍ ബ്രാഹ്മണരെ മനസാ നിയമിക്കണം. ഉദ്ഗാതാവ്, പ്രതിഹര്‍ത്താക്കള്‍, മറ്റു സഭാവാസികള്‍ എല്ലാവരെയും അവിടെ സ്ഥാനമനുസരിച്ചു ക്രമീകമായി ഇരുത്തി പൂജിക്കണം. പ്രാണന്‍, അപാനന്‍, വ്യാനന്‍, സമാനന്‍, ഉദാനന്‍ എന്നീ അഞ്ച് അഗ്നികളെയും ഈ യജ്ഞവേദിയില്‍ യഥാവിധി സ്ഥാപിക്കുക. അതിതേജസ്വികളായ ഈ അഗ്നികളെ ഓരോരോ സങ്കല്‍പ്പത്തില്‍ സമാദരിച്ച് ഭാവന ചെയ്യാണം.  മനസ്സാണ് ഹോതാവും യജമാനനും. യജ്ഞത്തിന്റെ ദേവതയാകട്ടെ ശാശ്വതമായ നിര്‍ഗുണബ്രഹ്മം തന്നെയാകുന്നു. ജഗജ്ജനനിയായ ദേവിയാണ് ഫലത്തെ പ്രദാനം ചെയ്യുന്ന ദേവത. സകലതിനും ആധാരശക്തിയായി വിളങ്ങുന്നത് ജഗദംബികയാണ്. ഇങ്ങിനെ മാനസയജ്ഞം ചെയ്യുന്ന ബ്രാഹ്മണന്‍ ഹോമദ്രവ്യങ്ങളെ അഗ്നിയില്‍ ഹോമിക്കണം. പിന്നെ വിഷയവീതമായ പ്രാണങ്ങളെയും ഹോമിക്കാം. നിര്‍വിഷയമാക്കിയ മനസ്സിനെ സ്വാത്മാവായി സ്വാനുഭൂതിയായിത്തീര്‍ന്ന മഹേശ്വരിയില്‍ സമര്‍പ്പിക്കുക. അതിനുശേഷം സമാധിയോഗത്താല്‍ മനസ്സ് ധ്യാനമുഗ്ധമാക്കണം. സര്‍വ്വഭൂതങ്ങളിലും നിലകൊള്ളുന്ന ആത്മാവായി തന്റെ ആത്മാവിനെ ഹൃദയത്തില്‍ ദര്‍ശിക്കണം.



എപ്പോഴാണ് ഒരുവന്‍ സര്‍വ്വഭൂതഹൃദയങ്ങളിലെ ആത്മാവും താനും ഒന്നെന്നറിയുന്നത്, അപ്പോള്‍ സര്‍വ്വമംഗളസ്വരൂപിണിയായ ജഗദംബികയെ അവനു കാണാകുന്നു. ആ ദര്‍ശനത്തോടെ സാധകന്‍ ബ്രഹ്മജ്ഞനാകുന്നു. അങ്ങിനെ പ്രബുദ്ധനായ ഒരുവനെ സംബന്ധിച്ചിടത്തോളം മായയെല്ലാം നശിക്കുന്നു. എന്നാലും സ്വന്തം പ്രാരബ്ധം അനുഭവിച്ചു തീര്‍ക്കാന്‍ ദേഹം നിലനില്‍ക്കുകയും ചെയ്യും. ജീവന്മുക്തനായ അവന്‍ മരണശേഷം മോക്ഷം പ്രാപിക്കുന്നു. അതിനാല്‍, രാജാവേ, ഗുരൂപദേശം കൈക്കൊണ്ടു ജഗദംബയെ ധ്യാനിക്കുന്നതും ആ പരമേശ്വരിയുടെ ഗുണകഥകള്‍ കേള്‍ക്കുന്നതും സാധകര്‍ക്ക് സദ്ഗതിയേകും എന്നറിഞ്ഞാലും.



നിഷ്കാമകര്‍മ്മങ്ങളാണ് അഭികാമ്യം. ഫലത്തിലുള്ള ആശയോടെ ചെയ്യുന്ന യജ്ഞകര്‍മ്മങ്ങള്‍ നാശത്തെ വിളിച്ചു വരുത്തുന്നു. നിത്യശാന്തി നല്‍കാന്‍ അവയ്ക്ക് സാധിക്കുകയില്ല. സ്വര്‍ഗ്ഗകാംക്ഷികള്‍ക്കായി പറഞ്ഞിട്ടുള്ളത് അഗ്നിഷ്ഠോമയജ്ഞമാണ്. എന്നാല്‍ തല്ഫലമായ സ്വര്‍ഗ്ഗവാസം താല്‍ക്കാലികം മാത്രമാണ്. പുണ്യത്തിന്റെ ശക്തി ക്ഷയിക്കുമ്പോള്‍ വീണ്ടും ജനിച്ചുമരിക്കേണ്ടതായി വരും. അതുകൊണ്ട് അക്ഷയഫലം നല്‍കുന്ന മാനസയജ്ഞം തന്നെയാണ് ശ്രേഷ്ഠം. അങ്ങ് കുറച്ചുനാള്‍ മുന്‍പ് ചെയ്ത സര്‍പ്പയജ്ഞം താമസമാണ്. ദുരാത്മാവായ തക്ഷകനോടുള്ള വിരോധം തീര്‍ക്കാന്‍ എത്രയെത്ര സര്‍പ്പങ്ങളെയാണ് അങ്ങ് കൊന്നൊടുക്കിയത്! ഇതിനു പരിഹാരമായി അങ്ങ് വിധിവിഹിതമായിത്തന്നെ ഒരു ദേവീയജ്ഞം അനുഷ്ഠിക്കുക. അതിന്റെ വിധിക്രമങ്ങള്‍ ഞാന്‍ പറഞ്ഞു തരാം. ബ്രാഹ്മണന്മാരില്‍ വേദജ്ഞരും  മന്ത്രോച്ചാരണത്തില്‍ പ്രാവീണരായവരും ദേവീ ബീജമന്ത്രം ഗ്രഹിച്ചവരും ഉണ്ടല്ലോ. അവരെ യജിക്കാന്‍ നിയോഗിക്കുക. അങ്ങ് തന്നെ യജമാനന്‍ ആവണം. അങ്ങിനെ യജ്ഞം വേണ്ടപോലെ ചെയ്ത് പുണ്യമാര്‍ജ്ജിച്ച് അങ്ങയുടെ പിതാവിന്റെ ആത്മാവിനു സദ്‌ഗതി വരുത്തിയാലും. ബ്രാഹ്മണനിന്ദ ചെയ്തതിന്റെ പാപമാണല്ലോ അങ്ങയുടെ പിതാവിനുള്ളത്. അത് നരകപ്രദമായ ദോഷം തന്നെയാണ്. അതിന്റെ ഫലമായി അദ്ദേഹത്തിനു സര്‍പ്പദംശം മൂലമുള്ള മരണമാണ് ഉണ്ടായത്. അതുണ്ടായത് ഭൂമിയിലോ, ദര്‍ഭയില്‍ കിടന്നോ അല്ല. അദ്ദേഹമപ്പോള്‍ മാളികമുകളില്‍ ആയിരുന്നല്ലോ. യുദ്ധത്തിലായിരുന്നു മരണമെങ്കില്‍ വീരസ്വര്‍ഗ്ഗം കിട്ടുമായിരുന്നു. എന്തുകൊണ്ടും പരീക്ഷിത്തിനായി ഇപ്പോള്‍ നരകവാതില്‍ മാത്രമേ തുറന്നു കിടക്കുന്നുള്ളൂ. മരണസമയത്ത് നരകഫലം ഉണ്ടാവാതിരിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമുണ്ട്. എന്നാലത് അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞിട്ടില്ല താനും. മരണസമയം വന്നുവെന്നറിഞ്ഞാല്‍ എത്ര ദുര്‍ഘടാവസ്ഥയിലും മനസ്സിനെ സര്‍വ്വ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ചു ‘പഞ്ചഭൂതനിര്‍മ്മിതമായ ഈ ദേഹം നശിക്കുന്നതില്‍ ക്ലേശിക്കാന്‍ എന്തിരിക്കുന്നു?’ എന്ന ചിന്തയോടെ വേണം കഴിയാന്‍. ഈ ദേഹം വീഴുമ്പോള്‍ വീഴട്ടെ. ഞാന്‍ നിര്‍ഗുണനായ, നിത്യമായ ബ്രഹ്മമാണ്. ദേഹവുമായി എനിക്ക് കേവലം കര്‍മ്മ ബന്ധം മാത്രമേയുള്ളൂ. ശുഭാശുഭങ്ങളായ കര്‍മ്മങ്ങള്‍ എന്നെ സ്വാധീനിക്കുന്നില്ല. എന്നാലും മനുഷ്യവേഷമെടുത്താല്‍പ്പിന്നെ കര്‍മ്മങ്ങളുമായുള്ള ബന്ധം ഒഴിവാക്കാന്‍ സാധിക്കുകയില്ല. ‘ഈ ഘോരമായ ഭവദുഖത്തില്‍ നിന്നും ഞാന്‍ മുക്തനാണ് എന്ന് സ്വയം നിശ്ചയിച്ചു സ്നാനാദികളോ ദാനമോ ഒന്നും കൂടാതെ മരണത്തെ പുല്‍കുന്നവന്‍ ജന്മദുഖത്തില്‍ നിന്നും മുക്തനാകുന്നു. ഈ സാധന അതീവ ദുര്‍ലഭമാണ്. യോഗികള്‍ക്ക് പോലും ദുഷ്കരമാണിത്.



നിന്റെ പിതാവാകട്ടെ മുനിശാപവൃത്താന്തം കേട്ടപ്പോള്‍ സ്വദേഹമമതമൂലം തന്റെ അരോഗദൃഢഗാത്രത്തെ എങ്ങിനെയെങ്കിലും രക്ഷിക്കണം എന്ന തീരുമാനമെടുത്തു. ഔഷധം, മന്ത്രമണികള്‍, യന്ത്രങ്ങള്‍, എന്നിവയെല്ലാം സംഘടിപ്പിച്ച് അദ്ദേഹം എഴുനിലമാളികയ്ക്ക് മുകളില്‍ സ്വരക്ഷാര്‍ത്ഥം കയറിയിരുന്നു. എന്നാലോ, സ്നാനം, ദാനം, ദേവീപൂജകള്‍ ഇവയൊന്നും ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചില്ല. ഭൂമിയില്‍ തറതൊട്ടു കിടന്നുമില്ല. തനിക്ക് വന്നിട്ടുള്ള വിധിവിഹിതം അലംഘനീയമാണെന്ന് ഓര്‍ത്തില്ല. കലി ബാധിക്കയാല്‍ മുനിയെ നിന്ദിച്ചു പാപിയായിത്തീര്‍ന്ന രാജാവ് മോഹക്കടലില്‍ വീണുമുങ്ങി, മാളികമുകളിലായിട്ടുപോലും തക്ഷകദംശനമേറ്റ് മരിക്കുകയാണുണ്ടായത്. അതിനാല്‍ നിന്റെ അച്ഛനെ പാപത്തില്‍ നിന്നും കരകയറ്റുന്നത് നിന്റെ ചുമതലതന്നെയാണ്.'



വ്യാസന്‍ ഇങ്ങിനെ ഉപദേശിക്കെ കണ്ണീര്‍ പൊഴിച്ചുകൊണ്ട്‌ രാജാവ് പറഞ്ഞു: 'അച്ഛന്‍ നരകത്തില്‍ കിടക്കുകയാണെങ്കില്‍ എന്റെ ജീവിതം വെറും വ്യര്‍ത്ഥം. അദ്ദേഹത്തിനു സദ്‌ഗതി ലഭിക്കാനായി എന്തെല്ലാം ചെയ്യണമോ അതെല്ലാം ഞാന്‍ ഉടനേ തന്നെ ചെയ്യുന്നതാണ്.’

      

പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment