ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, November 23, 2016

താരയെന്ന കന്യാരത്നം


         ബാലി എന്ന വാനര രാജാവിന്റെ ഭാര്യയാണ്‌ താര. രാമായണത്തിലെ നായികയായ സീതയ്‌ക്കൊപ്പം, മണ്ഡോദരിക്കും അഹല്യയ്‌ക്കുമൊപ്പം, ഉന്നതസ്‌ഥാനമാണ്‌ വാനരസ്‌ത്രീയായ താരയ്‌ക്കും നൽകപ്പെട്ടു കാണുന്നത്‌.

പഞ്ചകന്യകമാരിൽ ഒരാളാണ്‌ താര. നാലും രാമായണത്തിലുള്ളവർ. അഞ്ചാമത്തേത്‌ ദ്രൗപതി മാത്രം ദ്വാപര യുഗത്തിൽ, കൃഷ്‌ണകാലത്തു ജീവിച്ചു.

താരയുടെ ജനനവും ജീവിതവും വളരെ വിചിത്രമാണ്‌. സീതയെപ്പോലെ അയോനിജയാണവൾ. ഉഴവുചാലിൽനിന്നാണല്ലോ ജനകനു മകളായി സീതയെ ലഭിച്ചത്‌. പക്ഷേ, ബാലിക്കു താരയെ ഭാര്യയായി ലഭിച്ചതു പാലാഴിമഥനത്തിന്നിടയിലാണ്‌ - മഹാലക്ഷ്‌മിയെ വിഷ്‌ണുവിന്‌ എന്നപോലെ!

പാലാഴിമഥനകാലത്ത്‌ ആ മഹാസംഭവം കാണാൻ ബാലിയും വാനര സംഘവും ഉണ്ടായിരുന്നത്രെ. മന്ധര പർവ്വം കടകോലാക്കി, വാസുകിയെ കയറാക്കി, ഒരു വശത്തു ദേവന്മാരും മറുവശത്ത്‌ അസുരന്മാരും പിടിച്ചുകൊണ്ടായിരുന്നു മഥനം.

ചെറിയ പണിയൊന്നുമല്ല. ഇരുവശത്തുമുള്ളവർ വിയർത്തു വിവശരായി. ബാലി അതുകണ്ടു പൊട്ടിച്ചിരിച്ചു. രണ്ടു കൂട്ടരേയും മാറ്റി നിർത്തി, സ്വയം നടുക്കലേയ്‌ക്കു നീങ്ങി ഒരു കൈയാൽ വാസുകിയുടെ തലയും മറുകൈയാൽ വാലും പിടിച്ചുകൊണ്ടു ബാലി പറഞ്ഞുഃ

“നോക്കൂ! ഇങ്ങനെയാണ്‌ കടയേണ്ടത്‌!”

പാലാഴി അപ്പോൾ ഇളകി മറിഞ്ഞു. അതിൽ നിന്നു പല അത്ഭുതസാധനങ്ങളും ഉയർന്നുവരാൻ തുടങ്ങി ഓരോന്നിനെ ഓരോരുത്തർ വശത്താക്കിയപ്പോൾ ബാലിക്ക്‌ ഇഷ്‌ടമായത്‌ താരയെ ആണ്‌.

പലതിലുമെന്നപോലെ അവിടെയും തർക്കമുണ്ടായി. ബാലി താരയുടെ കൈയിൽ പിടിച്ചപ്പോൾ സുഷേണൻ എന്ന വാനരശ്രേഷ്‌ഠൻ താരയുടെ ഇടത്തുകൈയിലും പിടിച്ചു. പിടിയും വലിയും മുറുകി.

തർക്കം തീർക്കാൻ ദേവന്മാർ ഇടപെട്ടു. സുഷേണൻ താരയെ സ്വന്തം മകളായി കരുതണം. ബാലിക്ക്‌ അവളെ വിവാഹം ചെയ്‌തുകൊടുക്കണം. അതിബലശാലിയായ ബാലിയാകട്ടെ ഈ ‘പാലാഴിമങ്ക’യുടെ ഭർത്താവ്‌!

ആ തീരുമാനം അംഗീകരിക്കപ്പെട്ടു. അങ്ങനെ താര സുഷേണ പുത്രിയും ബാലിയുടെ ഭാര്യയുമായി. സുഗ്രീവപത്‌നിയായ രുമയും പാലാഴിയിൽനിന്നുണ്ടായി എന്നാണ്‌ കഥ എന്നാൽ രുമ വളരെ അപ്രധാനമായ ഒരു കഥാപാത്രമാണ്‌ രാമായണത്തിൽ. താരയാകട്ടെ അതിശോഭയാർന്ന ഒരു താരമായി തിളങ്ങുന്നുമുണ്ട്‌.

സുഗ്രീവൻ രണ്ടാമതും വന്നു പോർവിളി മുഴുക്കിയപ്പോൾ അതിക്രൂദ്ധനായി പുറപ്പെടുന്ന ബാലിയുടെ മുന്നിലാണ്‌ താരയെ നാം ആദ്യമായി കാണുന്നത്‌. സ്‌നേഹപൂർവ്വം അവൾ ഭർത്താവിനെ തടയുന്നു. പതിവ്രതയായ ഒരു ഭാര്യയുടെ പരിവേഷം അപ്പോൾ അവൾക്കുണ്ട്‌.

വളരെ യുക്തിസഹമായാണ്‌ താര ഓരോ വാക്കും പറയുന്നത്‌. പരിപക്വമായ തത്ത്വചിന്തയുടെ തലത്തിൽ അത്‌ എത്തിനിൽക്കുന്നു. ഒപ്പം ഒരു ഭരണതന്ത്രജ്ഞയുടെ മിടുക്കും പ്രകടമാകുന്നുണ്ട്‌. അംഗദനിലൂടെയും ചാരന്മാരിലൂടെയും ലഭിച്ച വിവരങ്ങൾ വെച്ചാണ്‌ അവൾ ഭർത്താവിനെ വിലക്കിയത്‌. പക്ഷേ, ഫലമുണ്ടായില്ല.

യുദ്ധം - ബാലിസുഗ്രീവ യുദ്ധം! വരാനിരിക്കുന്ന രാമ-രാവണയുദ്ധത്തിന്റെ ചെറുപതിപ്പായിരുന്നു അത്‌. അതിഘോരമായ ആ യുദ്ധത്തിൽ രാമശരമേറ്റു വീണുകിടക്കുന്ന ബാലിയുടെ അടുക്കൽ താര ഓടിയണയുന്നു.

ഭർത്തൃമരണത്തിലുള്ള താരയുടെ വിലാപവും ശ്രിരാമനിൽനിന്ന്‌ അപ്പോഴുണ്ടാകുന്ന താരോപദേശവും രാമായണത്തിലെ മികച്ച ഭാഗങ്ങളാണ്‌. ശാന്തചിത്തയായ താര പിന്നീട്‌ രാജാവായ സുഗ്രീവന്റെ സ്വന്തം ഭർത്തൃസഹോദരന്റെ, ഭാര്യയായി വിരാജിക്കുന്നു. ഇത്‌ അത്ര യോഗ്യമായില്ല എന്നു പറയുന്ന ധാരാളംപേരെ കാണാം.

ജേഷ്‌ഠനായ ബാലി എന്തായിരുന്നു ചെയ്‌തത്‌? അനിയനായ സുഗ്രീവന്റെ ഭാര്യയെ, രുമയെ കൈയടക്കി വെച്ചിരുന്നില്ലേ? പകരത്തിനുപകരമെന്നു പറയാൻ വയ്യ. ബാലി മരിച്ചപ്പോൾ നിർബ്ബന്ധപൂർവ്വമല്ലാതെ താര സുഗ്രീവന്റേതായി എന്നേയുള്ളു. നര നിയമം പോലെ അല്ലല്ലോ വാനര നിയമം!

No comments:

Post a Comment