പ്രപഞ്ചത്തിന്റെ പൊതുസ്വഭാവം അതു വീക്ഷിക്കുന്നവരുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യനെപ്പോലെ പ്രകൃതിയും പൊതുവേ ശാന്തമാണ്. പ്രകൃതിയെ അക്രമിക്കുമ്പോഴൊക്കെ പ്രകൃതി ക്ഷോഭിക്കുന്നു. സുനാമിയും ഭൂമികുലുക്കവും ഒക്കെ അങ്ങനെയുണ്ടാകുന്നു.ഭാരത സംസ്‌കാരം പ്രകൃതിയുടെ സംസ്‌കാരമാണ്. ഭാരത ദര്‍ശനം പ്രകൃതി ദര്‍ശനമാണ്. ഭാരതീയരുടെ പ്രപഞ്ച വീക്ഷണം ആഗോള കാഴ്‌ചപ്പാടാണ്. ഭാരതീയ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഇതില്‍ അധിഷ്‌ഠിതമാണെന്ന് ഇന്‍ഡ്യയിലെമ്പാടും നടക്കുന്ന ആഘോഷങ്ങളും അനുഷ്‌ഠിക്കുന്ന ആചാരങ്ങളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
അമ്മക്ക് ഭാരതീയ സംസ്‌ക്കാരം ദൈവത്തിന്റെ സ്ഥാനം നല്‍കുന്നു. അതുപോലെ ദേവിയെ ഇന്ത്യക്കാര്‍ അമ്മയായി ആരാധിക്കുന്നു. മക്കളെ സ്‌നേഹിക്കുകയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് അമ്മയാണ്. മക്കളെ ആക്രമിക്കാനോ നശിപ്പിക്കാനോ ശ്രമിക്കുന്ന ആരെയും അമ്മ വെറുതെ വിടാറില്ല. അതുകൊണ്ടാണ് രാജ്യത്തെയും നമ്മള്‍ അമ്മയായി വിശ്വസിക്കുന്നത്. ജനങ്ങള്‍ക്കെല്ലാം സന്തോഷപൂര്‍വംവ സമാധാനത്തോടെ ജീവിക്കാനുള്ള സകലതും ഭൂമിയില്‍ത്തന്നെ ഉണ്ടാക്കിയതും സംരക്ഷിക്കുന്നതും ഭൂമിമാതാവാണെന്നാണ് ഭാരതീയ സങ്കല്‍പ്പം.
അമ്മയോടുള്ള ആരാധനയാണ് നവരാത്രി മഹോത്സവം. ഏതുമനുഷ്യനും അവര്‍ ആരായാല്‍പ്പോലും അവര്‍ക്ക് ഒന്‍പതു ഭാവങ്ങളേ ഉണ്ടാവൂ. ആ ഭാവങ്ങളുടെ ആള്‍രൂപമാണ് അമ്മ ദൈവ സങ്കല്‍പ്പം. ഇഷ്‌ടരെ സംരക്ഷിക്കുന്ന അമ്മ ദുഷ്‌ടരെ നിഗ്രഹിക്കുകയും ചെയ്യുന്നുവെന്നും ദുഷ്‌ടനിഗ്രഹം വഴി ജനങ്ങള്‍ക്കു സമ്പത്തും സമാധാനവും നല്‍കുന്നുവെന്നും ശാന്തിയും സമാധാനവും സമ്പത്തും സംരക്ഷിക്കാന്‍ അറിവ് നേടണമെന്നും ജീവിതത്തിന്റെയും നിലനില്‍പ്പിന്റെയും ഭാവിയുടെയും സുരക്ഷിതത്വം അറിവിലൂടെയാണെന്നുമുള്ള സാര്‍വ്വ ലൗകികബോധം പകരുകയാണ് നവരാത്രി മഹോത്സവം.
നവരാത്രി മഹോത്സവം പേരുപോലെ തന്നെ ഒന്‍പതു രാത്രിയും 10 പകലും ചേര്‍ന്നതാണ്. ഈ ഓരോ ദിവസവും അമ്മയുടെ ഓരോ ഭാവങ്ങളെ അനുസ്‌മരിക്കുന്നു. ഈ ഓര്‍മ്മ മനുഷ്യന്‍ ഒരിക്കലും കൈവിടാതിരിക്കുന്നത് വര്‍ഷംതോറും ഈ ആഘോഷം ജനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു.
ഭാരതീയ സങ്കല്‍പ്പവും വിശ്വാസവും അനുസരിച്ചു ദേവി സര്‍വചരാരങ്ങളുടെയും രക്ഷകയാണ്. പാര്‍വ്വതി, ലക്ഷ്‌മി, സരസ്വതി ദേവി സങ്കല്‍പ്പങ്ങള്‍, സംരക്ഷണവും സമ്പത്തും വിദ്യയും പകര്‍ന്നുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ അമൂല്യ സമ്പത്തും സര്‍വ്വധനങ്ങളിലും പ്രഥമ സ്ഥാനത്തുള്ളതും അറിവാണ്. ഒരാള്‍ നേടിയ വിദ്യ മറ്റൊരാള്‍ക്കു പകര്‍ന്നു കൊടുക്കുമ്പോഴാണ് അത് ഇരിട്ടിക്കുന്നതെന്നാണ് വിശ്വാസം. വിദ്യയും സമ്പത്തും സൈ്വര്യവും ലോകത്തിന്റെയും സകല ലോകരുടെയും നന്മക്ക് വിനിയോഗിക്കുമ്പോഴാണ് ജന്മം സാര്‍ത്ഥകമാവുന്നതെന്നു ഭാരതീയ ദര്‍ശനം ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നു.
ഏതു മനുഷ്യന്റെയും ശത്രു അയാള്‍ തന്നെയാണ്. എന്നാല്‍ അത് തിരിച്ചറിയാന്‍ മനുഷ്യരിലധികം പേര്‍ക്കും കഴിയുന്നില്ല. തിരിച്ചറിവുള്ളവര്‍ പോലും അതു വിസ്‌മരിക്കുകയാണ് പതിവ്. സ്വാര്‍ത്ഥത അത്രക്കു ശക്തമായിക്കൊണ്ടിരിക്കുന്നു. ആത്മീയ ലോകത്തെപ്പോലെ എല്ലാവര്‍ക്കും ഒരു ഭൗതിക ലോകവുമുണ്ട്. ഇതില്‍ ഏതാണ് യാഥാര്‍ത്ഥ്യമെന്നതും ശാശ്വതമായിട്ടുള്ളതെന്നതും ചിന്തിക്കാനുള്ള കഴിവും അറിവും നാമോരോരുത്തര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ ഇതു തിരിച്ചറിയേണ്ടതു ഓരോരുത്തരും തന്നെയാണ്. ലോകത്ത് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അഹംഭാവമാണ്. പണവും പദവിയുമുണ്ടായാല്‍ എല്ലാമായി എന്നും അതിനുവേണ്ടിയാണ് ജന്മമെന്നും കരുതുന്നവരുണ്ട്. ഈ ധാരണയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നത്. ലോകത്തെ ഏതു ഭാഗത്ത് ഈ ധാരണ ആധിപത്യം ഉറപ്പിച്ചിട്ടുണ്ടോ,എല്ലാ പ്രശ്‌നങ്ങളും ഉണ്ടാവുന്നതും സങ്കീര്‍ണ്ണമാക്കുന്നതും അവിടങ്ങളിലാണെന്നതു നാം അനുഭവിച്ചറിയുന്നുണ്ട്. എല്ലാവരും പ്രശ്‌നക്കാരല്ലെന്നതു കൊണ്ടുതന്നെയാണ് എല്ലായിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
വെട്ടിപ്പിടിച്ചും തട്ടിയെടുത്തും സമ്പന്നനാവാമെന്ന് ചുറ്റുപാടുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരത്തില്‍ പണവും പദവിയും നേടുന്നവര്‍ക്കു വക തിരിവിനുള്ള അറിവുനേടിയെടുക്കാന്‍ കഴിയാതെ പോവുന്നതും വെട്ടിപ്പിടിച്ചതു നഷ്‌ടങ്ങളായിരുന്നുവെന്നു അറിയേണ്ടിവരാറുമുണ്ട്.
മനുഷ്യജീവന്‍ നശ്വരമാണ്. ചുരുങ്ങിയ കാലത്തെ ജീവിതം. ഏറിയാല്‍ നൂറുവര്‍ഷം. അതിനുശേഷം ജീവിതം അവസാനിപ്പിച്ചേ തീരൂ. ഒരാളുടെയോ, ഒരു തലമുറയുടെയോ മരണം മനുഷ്യരുടെയാകെ മരണമാവുന്നില്ല. മനുഷ്യര്‍ പിന്നെയും ജനിക്കും. തലമുറകള്‍ കടന്നുപോവും. അനന്തര തലമുറകള്‍ക്കും ജീവിക്കേണ്ടത് ഇതേ ഭൂമിയിലാണ്. അവര്‍ക്കും ശാന്തിവേണം. സമാധാനവും സമ്പത്തും വേണം. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കു ഭക്ഷണം നല്‍കുന്ന അമ്മയാണ് ഭൂമിയെന്നും അതുമാത്രം പോരാഞ്ഞിട്ട് അമ്മയുടെ കരളും ഹൃദയവും കൂടി മാന്തിയെടുക്കാമെന്നുമുള്ള വിചാരം മാറിയില്ലെങ്കില്‍ പ്രകൃതി ക്ഷുഭിതയാവുമെന്നു ഓര്‍ക്കാന്‍ കൂടി നവരാത്രി മഹോത്സവം അവസരം നല്‍കുന്നു.
സ്‌നേഹത്തിന്റെയും ശാന്തിയുടെയും മാര്‍ഗ്ഗമാണ് ഭക്തി. സംഗീതവും കലകളും ഭക്തിയുടെ ഭാഗങ്ങളായ സമര്‍പ്പണങ്ങളാണ്. മനുഷ്യര്‍ സംസാരിക്കുന്നതു സംഗീതമാവുന്ന ഒരു കാലം സ്വപ്‌നം കാണുന്നവരുണ്ട്. സംഗീതം സ്‌നേഹവും സംശുദ്ധവും പരിപാവനവുമായതുകൊണ്ടാണത്. കലാരൂപങ്ങളും ഇതേ ധര്‍മ്മമാണ് നിറവേറ്റുന്നത്. നവരാത്രി മഹോത്സവം സംഗീത-കലാ സമര്‍പ്പണമാവുന്നത് അതുകൊണ്ടാണ്.
No comments:
Post a Comment