ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 29, 2016

വാഗ്ബീജമാഹാത്മ്യം - ശ്രീമദ്‌ ദേവീഭാഗവതം. 3. 11. - ദിവസം 48.



ന വേദാദ്ധ്യയനം കിഞ്ചിജ്ജാനാതി ന ജപം തഥാ
ധ്യാനം ന ദേവതാനാം ച ന ചൈവാരാധനം തഥാ
നാസനം വേദ വിപ്രോ f സൌ പ്രാണായാമം തഥാ പുന:
പ്രത്യാഹാരം തു നോ വേദ ഭൂത ശുദ്ധിം ച കാരണം



ലോമേശന്‍ തുടര്‍ന്നു: 'വേദപാഠങ്ങളോ പൂജാവിധികളോ ഒന്നും ഇദ്ദേഹത്തിനു വശമില്ലല്ലോ. പ്രാണായാമം, ആസനം തുടങ്ങിയ യോഗവിദ്യകളും വശമില്ല. ഗായത്രി ജപമില്ല, ഭൂതശുദ്ധിയില്ല, യജ്ഞം, മന്ത്രം, ശൌചസ്നാനകര്‍മ്മങ്ങള്‍, ആതിഥ്യമര്യാദകള്‍ ഒന്നും ഇദ്ദേഹത്തിനറിയില്ല. അഗ്നിഹോത്രം, സന്ധ്യാവന്ദനം എന്നിവ ചെയ്യാനും അറിവില്ല. രാവിലെ എഴുന്നേറ്റ് പല്ലുതേച്ചു എന്ന് വരുത്തും. നദിയില്‍ ഒന്ന് മുങ്ങും അത്ര തന്നെ. ഭക്ഷ്യമേത് അഭക്ഷ്യമേത് എന്ന ഭേദമൊന്നുമില്ലാതെ കായ്കനികള്‍ ഭക്ഷിക്കും. എന്നാല്‍ ഒന്നുണ്ട്. സത്യമല്ലാതെ അദ്ദേഹം ഒന്നും ഉരിയാടുകയില്ല. അങ്ങിനെ നാട്ടുകാര്‍ സത്യതപസ്സ് എന്നദ്ദേഹത്തിനു പേരിട്ടു. ആര്‍ക്കും ദോഷം ചെയ്യാതെ ആ കുടിലില്‍ തോന്നുന്നത് പോലെ സ്വസ്ഥനായി ഉറങ്ങി അദ്ദേഹം കാലം കഴിച്ചുകൂട്ടി. 'ദൈവം ഏതായാലും എന്നെയിങ്ങിനെ മൂര്‍ഖനായി ജനിപ്പിച്ചു. ശിഷ്ടകാലം ഇങ്ങിനെ അങ്ങ് കഴിയട്ടെ', എന്നായി അയാളുടെ ചിന്ത. 'കായ്കനികള്‍ ഉണ്ടാവാത്ത മരം, മച്ചിയായ സുന്ദരി, കറവയില്ലാത്ത പശു എന്നതുപോലെ വിഫലമായ ഒരു ജന്മം!  ഒരു ഗ്രന്ഥം പകര്‍ത്തിയെഴുതി മഹാനായ ഒരു ബ്രാഹ്മണന് സമര്‍പ്പിക്കുക എന്ന സദ്കര്‍മ്മം ഞാന്‍ ചെയ്തിട്ടില്ല. മുജ്ജന്മത്തിലും എന്റെ വിദ്യ സഫലമായിട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇങ്ങിനെ ഒരു ജന്മം ഉണ്ടാവുമോ? തീര്‍ത്ഥസ്നാനം, സാധുസേവ, വേദപഠനം എന്നിവയില്‍ മുഴുകിയാണ് ഒരു മുനിപുത്രന്‍ ജീവിക്കുന്നത്. എനിക്കാണെങ്കില്‍ അവയൊന്നും വശമില്ല. വെറുതെ ദേഹത്തിനു മാത്രം പൌരുഷം ഉണ്ടായിട്ടു കാര്യമില്ല. എനിക്ക് ഭാഗ്യമില്ല. ഭാഗ്യശാലി വെറുതെ എന്തെങ്കിലും ചെയ്താലും അത് ഫലിക്കും. ബ്രഹ്മാവിഷ്ണുശിവന്‍മാര്‍ക്കുപോലും കാല സംബന്ധിയായ അനുഭവങ്ങള്‍ ഉണ്ട്. കാലത്തെ വെല്ലാന്‍ ആര്‍ക്കു കഴിയും?'



ഇങ്ങിനെയുള്ള ചിന്തകളാല്‍ ഉള്ളു നീറി അദ്ദേഹം ഗംഗാതീരത്ത്‌ വസിച്ചു. ശാന്തനായി ആശ്രമജീവിതം നയിച്ചതിനാല്‍ അദ്ദേഹത്തില്‍ ഒരു ജീവിതവിരക്തി  ക്രമീകമായി വന്നുചേര്‍ന്നു. പതിനാലു കൊല്ലക്കാലം ജപവും ആചാരക്രമങ്ങളുമില്ലാതെ അദ്ദേഹമവിടെ കഴിഞ്ഞു. സത്യവാക്ക് മാത്രം പറയുന്നൊരു മുനി എന്ന ഖ്യാതി അദ്ദേഹത്തിനുണ്ടായി.



അക്കാലത്ത് ക്രൂരനും ശക്തിമാനുമായ ഒരു വേടന്‍ തന്റെ അമ്പും വില്ലുമായി വേട്ടയ്ക്കിറങ്ങി ഒരു പന്നിയെ ഓടിച്ചുകൊണ്ട് വരികയായിരുന്നു. അമ്പുകൊണ്ട പന്നി പ്രാണരക്ഷാര്‍ത്ഥം കുതിച്ചു ചാടിയോടി ആശ്രമചാരത്തെത്തി. ദേഹം മുഴുവന്‍ ചോരകിനിയുന്ന പന്നിയെക്കണ്ട് സത്യവ്രതന്‍ ദയാര്‍ദ്രനായി. ആ കാഴ്ച കണ്ടു മനസ്സലിഞ്ഞ അദ്ദേഹത്തിന്‍റെ വായില്‍ നിന്നും ‘ഐ’ എന്ന സാരസ്വത മന്ത്രം അറിയാതെ ഉതിര്‍ന്നുവീണു. അത് ദേവിയുടെ ബീജമന്ത്രമാണെന്ന് അദ്ദേഹത്തിനറിവില്ലായിരുന്നു. പന്നിയാണെങ്കില്‍ അവിടെയൊന്നു കറങ്ങി നിന്നിട്ട്, ഒടുവിലൊരു വള്ളിക്കുടിലില്‍ കയറി ഒളിച്ചു. പരിഭ്രമത്തോടെ നില്‍ക്കുന്ന ബ്രാഹ്മണന്റെ മുന്നില്‍ പന്നിയെ തേടിനടന്ന  വേടനെത്തി.  അയാള്‍ വില്ല് കുലച്ചു ക്രുദ്ധനായാണ് വരുന്നത്. ആശ്രമമുറ്റത്തിരിക്കുന്ന മുനിയെ വന്ദിച്ചശേഷം അയാള്‍ ചോദിച്ചു: 'ഇവിടെയെങ്ങാനും അമ്പുകൊണ്ട് മൃതപ്രായനായ എന്റെ പന്നി വന്നിരുന്നോ? അതെവിടെപ്പോയി എന്ന് പറഞ്ഞാലും. അങ്ങ് സത്യവാനാണെന്ന് ഞാനും കേട്ടിരിക്കുന്നു. ഞാന്‍ പന്നിയെ കൊല്ലുന്നത് എന്റെ കുടുംബത്തിന്റെ വിശപ്പ്‌ മാറ്റാനാണ്. എന്റെ ഉപജീവനം നായാടല്‍ തന്നെയാണ്. മറ്റൊരു പണിയും എനിക്ക് വഴങ്ങില്ല. എന്ത് പണിയെടുത്തും കുടുംബം പോറ്റണം എന്നുണ്ടല്ലോ? അങ്ങ് നേര് പറയൂ. എവിടെയാണ് ആ പന്നി ഒളിച്ചിരിക്കുന്നത്? വിശന്നു കേഴുന്ന എന്‍റെ കുടുംബത്തെയോര്‍ത്ത് അങ്ങ് സത്യം പറയൂ.'



വേടന്റെ വാക്കുകള്‍ കേട്ട് മുനിക്ക് പരിഭ്രമമായി. പന്നിയെ താന്‍ കണ്ടില്ല എന്ന് പറഞ്ഞാല്‍ തന്റെ സത്യവ്രതം മുറിയും. അമ്പുകൊണ്ട് മുറിഞ്ഞു ദീനനായ പന്നി എവിടെയെന്നു ഞാനെങ്ങിനെ പറയും? അത് ക്രൂരതയല്ലേ? വിശപ്പിന്റെ കാര്യമാണ് വേടന്‍ ചോദിക്കുന്നത്. അവന്‍ പന്നിയെ കണ്ടാല്‍ അപ്പോള്‍ത്തന്നെ കൊല്ലും എന്ന് നിശ്ചയം! ഹിംസയുണ്ടാക്കുന്ന സത്യം സത്യമാണോ?, ദയാപരമാണ് അസത്യമെങ്കില്‍ അതാണോ ഉചിതം?. ഇവയില്‍ ഏതാണ് ഹിതം? ഹിതമായത് വേണമല്ലോ പറയാന്‍! ഒന്നൊന്നിനു വിരുദ്ധമായാല്‍ അതെങ്ങിനെ ഹിതമാവും? ഇങ്ങിനെ ചിന്തിച്ചുഴന്ന ബ്രാഹ്മണന്‍ എന്തുചെയ്യണം എന്നറിയാതെ നിന്നു. എന്നാല്‍ അമ്പേറ്റുപിടഞ്ഞ പന്നിയെക്കണ്ട് താനുച്ചരിച്ച ബീജാക്ഷരം ‘ഐ’ എന്ന് കേട്ട് പ്രസാദിച്ച ജഗദംബിക കനിവോടെ അവനില്‍ അപ്പോള്‍ത്തന്നെ ജ്ഞാനപ്രകാശം ചൊരിഞ്ഞു. ആയുധധാരിയായ വേടനോടു ബ്രാഹ്മണന്‍ കാവ്യമയമായി ഇങ്ങിനെ പറഞ്ഞു: 'കാണുന്നത് പറയാന്‍ വയ്യ. പറയുന്നത് കാണാനും വയ്യ. അപ്പോള്‍പ്പിന്നെ നീയിങ്ങിനെ ചോദിച്ചതുകൊണ്ടു കാര്യമെന്ത്?' വേടന് പെട്ടെന്ന് കാര്യം പിടികിട്ടി. 'പന്നിയെ കണ്ടുവെങ്കില്‍ അത് പറയേണ്ടത് കണ്ണാണ്. കണ്ണിനുകാണാം. പക്ഷെ പറയാനാവില്ല. നാവിനു പറയാം പക്ഷെ കാണാനാകില്ല. അപ്പോള്‍പ്പിന്നെ കാണാത്ത കാര്യം നാവു പറഞ്ഞാല്‍ എന്റെ സത്യവ്രതം ലംഘിക്കപ്പെടും.'


കാവ്യാര്‍ത്ഥത്തില്‍ ആത്മീയമായി പറഞ്ഞാല്‍ ആത്മദര്‍ശനം കിട്ടിയവന് പറയാന്‍ ആവില്ല. കാരണം അവാച്യമാണ് ആ ദര്‍ശനം. ആത്മാവിനെപ്പറ്റി പറയുന്നവനോ? അവന് ആ ദര്‍ശനം ഉണ്ടായിട്ടില്ല.


ഉതത്ഥന്‍ എന്ന സത്യവ്രതന്‍ അങ്ങിനെ വാല്‍മീകിയെപ്പോലെ ക്ഷണത്തില്‍ കവിയായിത്തീര്‍ന്നു. സത്യവ്രതന്റെ പുകള്‍ നാടെങ്ങും പരന്നു. സാരസ്വതമായ ബീജമന്ത്രം ജപിക്കയാല്‍ ആ ബ്രാഹ്മണന്‍ പണ്ഡിതനും കീര്‍ത്തിമാനുമായിത്തീര്‍ന്നു. വാവ് തോറും ഈ വിപ്രന്റെ കീര്‍ത്തി ഇപ്പോഴും ആളുകള്‍ പാടുന്നുണ്ട്. പണ്ട് പുത്രനെ ഉപേക്ഷിച്ച പിതാവ് കാട്ടില്‍ മകനെത്തേടി വന്ന് ആദരിച്ചു കൂട്ടിക്കൊണ്ടു പോയി.


വ്യാസന്‍ തുടര്‍ന്നു: അതിനാല്‍ ആ പരാശക്തിയെ സദാ പൂജിക്കൂ. ജഗത് കാരിണിയാണ് അമ്മ. ഞാന്‍ നേരത്തെ പറഞ്ഞ യജ്ഞം ചെയ്യുക. അങ്ങയുടെ മനോരഥം പൂര്‍ണ്ണമായും നിറവേറും. സ്മരണം, പൂജ, കീര്‍ത്തനം, ധ്യാനം എന്നിവ ഭക്തിയോടെ ചെയ്യുന്നവര്‍ക്ക് സകലവിധ കാമനകളെയും സാധിപ്പിച്ചു കൊടുക്കുന്നത് ദേവിയാണ്. ദീനര്‍, പീഡിതര്‍, ആര്‍ത്തന്മാര്‍, മൂഢന്മാര്‍ എന്നുവേണ്ട എല്ലാത്തരം ആകുലകതകള്‍ക്കും വശംവദരായവരെ കാണുമ്പോള്‍ അവരോടു നാം അനുകമ്പയുള്ളവരായിരിക്കണം. സദാശിവയായ ദേവിയെ പൂജിക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുപോലെ പുത്രപൌത്രാദികളോടു കൂടി  ഐശ്വര്യസമൃദ്ധമായ ജീവിതം നയിക്കുന്നവരെക്കണ്ടാല്‍ നമുക്കറിയാം അവര്‍ ദേവിയുടെ അനുഗ്രഹത്തിന് പാത്രമായിരിക്കുന്നു എന്ന്. അവര്‍ സദാ ജഗദംബികയെ ആരാധിച്ചിട്ടുള്ളവരാണ്. അവരുടെ സകലവിധ ഐശ്വര്യങ്ങള്‍ക്കും നിദാനം അമ്മയുടെ



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ.
ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment