ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 19, 2016

സർപ്പസത്രയാഗം



ഹൈന്ദവ വിശ്വാസപ്രകാരം സർപ്പകുലത്തെ ഒന്നോടെ നശിപ്പിക്കാനായി ചന്ദ്രവംശ രാജാവായിരുന്ന ജനമേജയൻ നടത്തിയ യാഗമാണ് സർപ്പസത്രം. മഹാഭാരതത്തിലും, ഭാഗവതത്തിലും, ഇതരപുരാണങ്ങളിലും സർപ്പസത്രയാഗത്തെപറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. പിതാവായ പരീക്ഷിത് മഹാരാജാവ് തക്ഷകന്റെ സർപ്പദംശം മൂലം മരണമടഞ്ഞു. തക്ഷകനോടുള്ള വൈരാഗ്യമാണ് ജനമേജയനെ സർപ്പസത്രം നടത്താൻ പ്രേരിപ്പിച്ചത്. രാജഭാരമേറ്റ് കുറച്ചു വർഷങ്ങൾക്കുശേഷമാണ് ജനമേജയൻ ഉദങ്കമഹർഷിയെ കണ്ടുമുട്ടുന്നതും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം തക്ഷശിലയിൽ വെച്ച് സർപ്പസത്രയാഗം നടത്തിയതും. ശ്രുതശ്രവസ്സ് മഹർഷിയുടെ പുത്രനായ സോമശ്രവസ്സ് ആയിരുന്നു അന്ന് ജനമേജയന്റെ പുരോഹിതൻ. സർപ്പസത്രത്തിന്റെ യാഗാചാര്യനായത് ചണ്ഡഭാർഗ്ഗവൻ എന്നമഹർഷിയായിരുന്നു. വ്യാസൻ തുടങ്ങീയ മുനിജനങ്ങൾ പരികർമ്മികളായും യാഗത്തിൽ പങ്കെടുത്തിരുന്നു. സർപ്പസത്രയാഗം പൂർണ്ണമാവാതെ അസ്തികൻ എന്ന മുനികുമാരന്റെ അഭ്യർത്ഥനപ്രകാരം തടസ്സപെട്ടു.അഷ്ടനാഗങ്ങളിൽ ഒരാളായ തക്ഷകനിഗ്രഹം ആയിരുന്നു യാഗത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.



യാഗം

തക്ഷശിലയിൽ യാഗം ചെയ്യാൻ ജനമേജയൻ ഉദ്ദഗമഹർഷിയുടെ അനുവാദത്തോടെ യാഗശാല പണിതീർത്തു. തക്ഷക്ന്റെ പേരിനോട് സാമ്യമുള്ളതിനാലാവാം തക്ഷശില യാഗത്തിനായി തിരഞ്ഞെടുത്തത്. യാഗശാലയുടെ പണിപൂർത്തിയായപ്പോൾ ശാല പണിത തച്ചൻ മുഹൂർത്തലക്ഷണത്താൽ യാഗം ഇടയ്ക്കുവെച്ച തടസ്സപെടുമെന്നു അഭിപ്രായപ്പെട്ടു. ഈ കാരണത്താൽ ജനമേജയൻ തന്റെ അനുജന്മാരായ ശ്രുതസേനൻ, ഉഗ്രസേനൻ, ഭീമസേനൻ എന്നിവരെ യാഗശാലക്ക് ചുറ്റും കാവൽ ഏർപ്പെടുത്തി. യാഗം തുടങ്ങി കഴിഞ്ഞാൽ തീരുന്നതുവരെ പുറത്തു നിന്നു ആരെയും അകത്തേക്ക് പ്രവിശിപ്പിക്കരുത്. പ്രധാനഹോതാവായി ചണ്ഡഭാർഗവനേയും മറ്റു ഹോതാക്കളായി അദ്ധ്വര്യൻ, ഹോതാ, ഉത്ഗതൻ, ബ്രഹ്മ എന്നീ മഹർഷിമാരെയും നിയുക്തരാക്കി. ഉദ്ദഗമഹർഷിയായിരുന്നു ഇതിനെല്ലാം നേതൃത്വം കൊടുത്തത്. ഉദങ്കമഹർഷിക്ക് തക്ഷകനോടുണ്ടായിരുന്ന ശത്രുതയായിരുന്നു ഇതിനുള്ള കാരണം. ശ്രുതശ്രവസ്സ് മഹർഷി കുലഗുരുവായി യാഗത്തിനുവേണ്ട മറ്റു ഉപദേശങ്ങൾ നടത്തി (ധൗമ്യമഹർഷിക്കുശേഷം കുരുവംശത്തിന്റെ പുരോഹിതനായത് ശ്രുതശ്രവസ്സ് ആയിരുന്നു). ജനമേജയന്റെ സഹോദരന്മാർ യാഗശാലയിൽ കാവൽ നിൽക്കുന്നു യാഗത്തെ തുടർന്ന് നിരവധി നാഗങ്ങൾ യാഗാഗ്നിയിൽ വന്നു പതിച്ചു ഇല്ലാതായി. മറ്റു പലനാഗങ്ങളും അഗ്നിയിൽ വീണിട്ടും തക്ഷകൻ വീഴാത്തതിനാൽ, ജനമേജയ നിർദ്ദേശത്താൽ ചണ്ഡഭാർഗ്ഗവൻ തക്ഷകനെ പ്രത്യേകമായി ആവാഹിച്ചു. ജനമേജയൻ സർപ്പസത്രയാഗം നടത്തുന്നതു മനസ്സിലാക്കി തക്ഷകൻ ഇതിനോടകം ദേവേന്ദ്രന്റെ സഹായം തേടിയിരുന്നു. തക്ഷകന്റെ സുഹൃത്തായതിനാലാൽ ദേവേന്ദ്രൻ സഹായം വാഗ്ദാനം ചെയ്തു. ദേവേന്ദ്രൻ തന്റെ അർദ്ധസിംഹാസനം നല്കി തക്ഷകനെ സംരക്ഷിച്ചതറിഞ്ഞ ഉദങ്കൻ ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും ഒന്നായി യാഗാഗ്നിയിലേക്ക് ആവാഹിച്ചു. ദേവസിംഹാസനം ഉൾപ്പെടെ ദേവേന്ദ്രനും അഗ്നിയിൽ വീഴുമെന്നഘട്ടത്തിൽ തക്ഷകനെ ഉപേക്ഷിച്ച് ദേവേന്ദ്രൻ രക്ഷപെട്ടു. ഈ സമയത്ത് യാഗശാലയുടെ കവാടത്തിൽ ചെറിയ ഒരു ബ്രാഹ്മണബാലൻ (അസ്തികൻ) എത്തുകയും, ബാലന്റെ ദിവ്യതേജസ്സിൽ ജനമേജയന്റെ അനുജൻ ശ്രുതസേനൻ അകത്തേക്ക് കടത്തിവിടുകയും ചെയ്തു. (അല്പനേരത്തേക്ക് ശ്രുതസേനൻ ജനമേജയന്റെ വാക്കുകൾ മറന്നുപോയി). നാഗസ്ത്രീയായ ജരൽകാരുവിന്റെ പുത്രനായിരുന്നു അസ്തികൻ. അസ്തികന്റെ പിതാവിന്റെ പേരും ജരൽകാരുവെന്നു തന്നെയായിരുന്നു. തേജസ്വിയായ ബ്രാഹ്മണബാലനെ കണ്ട് അവിടെയുണ്ടായിരുന്ന എല്ലാവരും ബഹുമാനപുരസ്സരം വന്ദിച്ചു. അസ്തികൻ യാഗശാലയിൽ പ്രവേശിച്ച് പാപകരമായ പ്രാണിഹിംസ നിർത്തിവെക്കാൻ ജനമേജയന്റെ പുരോഹിതനായ ശ്രുതശ്രവസ്സിനോട് പറഞ്ഞു.

അഹിംസാ പരമോ ധർമ്മഃ

("മനസ്സുകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, ഒരു ജീവിക്കുപോലും യാതൊരു തരത്തിലുള്ള ക്ലേശമോ വേദനയോ ഉണ്ടാകാതിരിക്കുന്നതാണ് അഹിംസ. അതിനുമേൽ വേറൊരു സുഖവും ഇല്ല")

ഏറ്റവും പാപകരം പ്രാണിഹിംസയാണ്. നിരപരാധികളായ സർപ്പങ്ങളെ ഹോമിച്ചതു കൊണ്ട് രാജാവിന് പ്രയോജനം എന്താണ്? അവയും ബ്രഹ്മസൃഷ്ടികളല്ലേ? തുടങ്ങീയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ, ബ്രാഹ്മണബാലന്റെ ആപ്തവാക്യത്തിൽ സംപ്രീതനായി യാഗം അവസാനിപ്പിക്കാൻ ജനമേജയനേയും ചണ്ഡഭാർഗ്ഗവനേയും ശ്രുത്രശ്രവസ്സ് ഉപദേശിച്ചു. വേദവ്യാസനും ഇതിനോട് പൂണ്ണമായി യോജിച്ചു. വ്യാസഭഗവാന്റെയും, രാജപുരോഹിതന്റെ ആഞ്ജയാൽ ജനമേജയൻ സർപ്പസത്രം നിർത്തിവെക്കാൻ ഉത്തരവിടുകയും തക്ഷകനെ മോചിപ്പിക്കുകയും ചെയ്തു. നാഗവംശത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൽനിന്നും ഇതിനെതുടർന്ന് അദ്ദേഹം പിന്തിരിഞ്ഞുവെന്ന് മഹാഭാരതത്തിൽ പറയുന്നു.



യാഗാന്ത്യം

ജനമേജയൻ അസ്തികനു ദക്ഷിണാദികൾ നൽകി അദ്ദേഹത്തിനെ യാത്രയാക്കി. ജനമേജയനു അനുഗ്രഹങ്ങൾ കൊടുത്ത് തക്ഷകൻ സന്തോഷപൂർവ്വം മടങ്ങി. സർപ്പരക്ഷകൻ എന്ന നിലയിൽ അസ്തികനെ എല്ലാവരും അനുഗ്രഹിക്കുകയുണ്ടായി. മാതൃശാപത്തിൽ നിന്നും രക്ഷിച്ചതിനു നാഗങ്ങൾ അസ്തികനു അനുഗ്രഹാദികൾ നൽകി ആദരിച്ചു.


മാതൃശാപം

നാഗങ്ങളുടെ മാതാവായ കദ്രുവാണ് മക്കളായ നാഗങ്ങൾ തീയിൽ വീണു മരിക്കുമെന്ന് ശപിച്ചത്. മാതാവായ കദ്രുവിന്റെ വാക്കിനെ അനുസരിക്കാഞ്ഞതിനാലാണ് ഈ ശാപം നൽകിയത് എന്നു മഹാഭരതത്തിൽ പറയുന്നു. (ആദി പർവ്വം - മഹാഭാരതം) ഉച്ചൈശ്രവസ്സ് എന്ന കുതിരയുടെ ശരീരത്തിൽ കറുത്തപുള്ളിയായി കിടന്ന് കള്ളത്തരം കാണിക്കാനാണ് മാതാവ് ആവശ്യപ്പെട്ടത്. (വെളുത്ത നിറത്തിലുള്ള കുതിരയ്ക്ക് കറുത്ത പുള്ളിയുണ്ട് എന്നു വരുത്താൻ). നാഗങ്ങൾ കള്ളത്തരം ചെയ്യാൻ മടിച്ചതിനാൽ തീയിൽ വീണു മരിക്കട്ടെ എന്നു ശപിച്ചു. പിന്നീട് മാതൃശാപത്തെ ഭയന്ന് ചെറിയ ഒരു നാഗം ഈ കള്ളത്തരം ചെയ്തു അമ്മയെ സഹായിച്ചതിനാൽ ജരൽകാരുവിന്റെ പുത്രൻ നിങ്ങളെ ശാപത്തിൽ നിന്നും രക്ഷിക്കുമെന്നു ശാപമോക്ഷം നൽകിയിരുന്നു. ഈ ശാപമോക്ഷത്തിനാണ് അസ്തികൻ തക്ഷശിലയിലെ യാഗശാലയിൽ വന്നതും യാഗം അവസാനിപ്പിക്കാൻ കാരണമായതും.


അവലംബം : മഹാഭാരതം , ഭാഗവതം

No comments:

Post a Comment