ഹൈന്ദവപുരാണങ്ങളിൽ പറയുന്ന മഹാവിഷം വമിക്കുന്ന ഒരു ഭയങ്കരാസ്ത്രമാണ് നാഗാസ്ത്രം . രാവണപുത്രനായ ഇന്ദ്രജിത്തിനും മഹാഭാരതത്തിലെ പ്രശസ്തനായ കർണ്ണനും ഈ അസ്ത്രമുണ്ടായിരുന്നു . ഇതിന്റെ അധിദേവത ശിവന്റെകണ്ഠത്തിലെ ഭൂഷണമായ ഒരുനാഗഭൂതമാണ് .
ഉത്ഭവം
………………
ഒരിക്കൽ നാഗൻ എന്നൊരു അസുരൻ സജ്ജനങ്ങളെ വളരെയേറെ ദ്രോഹിച്ചിരുന്നു . ആ അസുരനെ നിഗ്രഹിക്കാൻ ഒരു മാർഗ്ഗവുമില്ലാതായ ബ്രഹ്‌മാവ് അഥർവ്വണ മന്ത്രങ്ങളാൽ വലിയൊരു ആഭിചാരം നടത്തി . അപ്പോൾ ഹോമകുണ്ഡത്തിൽ നിന്നും സർപ്പാകൃതിയിൽ ഒരു മഹാഭൂതമുണ്ടായി വന്നു . ആ നാഗഭൂതത്തോട് ക്ഷണത്തിൽ നാഗാസുരനെ നിഗ്രഹിക്കുവാൻ ബ്രഹ്‌മാവ് നിർദ്ദേശിച്ചു . ബ്രഹ്മനിർദ്ദേശമനുസരിച്ചുനാഗഭൂതം നാഗാസുരന്റെ രാജ്യത്തെത്തി അവനെ യുദ്ധത്തിന് വെല്ലുവിളിച്ചു .യുദ്ധം കാണുന്നതിനായി ത്രിമൂർത്തികൾ നാഗഭൂതത്തെ അനുഗമിച്ചിരുന്നു. നാഗന്റെ സൈനികരെയെല്ലാം നാഗഭൂതം വിഴുങ്ങി . തുടർന്ന് നാഗന്റെ മന്ത്രിയും കൂടുതൽ സൈന്യങ്ങളും എത്തിയെങ്കിലും നാഗഭൂതം അവരെയും വിഴുങ്ങി . തുടർന്ന് നാഗാസുരന്റെ ഊഴമായി . നാഗാസുരനും നാഗഭൂതവും തമ്മിൽ ഉഗ്രമായ യുദ്ധമുണ്ടായി . അനേകവർഷക്കാലം സമനിലയിൽ യുദ്ധം തുടർന്നതിനു ശേഷം നാഗാസുരൻ ക്ഷീണിച്ചു അവശനായിത്തീർന്നു . അപ്പോൾ നാഗഭൂതം അവനോടു ധാർമ്മികനായി ജീവിക്കുമെങ്കിൽ വെറുതെ വിടാമെന്ന് പറഞ്ഞു . നാഗാസുരൻ അത് തിരസ്ക്കരിച്ചു .കോപിഷ്ഠനായ നാഗഭൂതം നാഗാസുരനെ വിഴുങ്ങിക്കളഞ്ഞു .
ഇത്തരത്തിൽ നാഗാസുരനെ വധിച്ചതിന് ശേഷം ത്രിമൂർത്തികളെ വന്ദിച്ച നാഗഭൂതത്തിനു അവർ ധാരാളം അനുഗ്രഹങ്ങളും എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി .ശിവൻ തന്റെ കണ്ഠത്തിലെ ഒരു ആഭരണമായി നാഗഭൂതത്തെ സ്വീകരിക്കുകയും ചെയ്തു . കുറേക്കാലത്തിനു ശേഷം നാഗഭൂതത്തിനു ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിക്കാണണമെന്ന ആഗ്രഹമുണ്ടായി . ശിവൻ അതിനു അനുവദിക്കുകയും , എന്നാൽ ശാല്മലീ ദ്വീപിൽ മാത്രം പോകരുതെന്ന് താക്കീതു നല്കുകയും ചെയ്തു . അതിനു ശേഷം സന്തോഷപൂർവ്വം ലോകം ചുറ്റിയ നാഗഭൂതം ശിവന്റെ താക്കീതു മറന്നുകൊണ്ട് ശാല്മലീ ദ്വീപിൽ എത്തിച്ചേർന്നു . അവിടം മഹാനാഗങ്ങളുടെ വാസഭൂമിയായിരുന്നു . നാഗങ്ങളിൽ ഏറ്റവും ഉഗ്രനായ തന്നെ കണ്ടിട്ടും അവർ ലേശം പോലും ബഹുമാനം കാണിക്കാത്തതു കണ്ടു നാഗഭൂതത്തിനു കോപമായി . നാഗഭൂതം അവരോടു കാരണമാരാഞ്ഞു . അപ്പോൾ അവർ തങ്ങൾക്കു പ്രബലനായ ഒരു ശത്രുവുണ്ടെന്നും , അവൻ എല്ലാ മാസവും ഇവിടെ കൃത്യമായി വരുമ്പോൾ സുഭിക്ഷമായി അവനു ഭക്ഷണം കൊടുത്തില്ലെങ്കിൽ അവൻ തങ്ങളെ ഓരോരുത്തരെയായി കൊന്നു തിന്നുകയാണ് പതിവെന്നും നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു .ഇന്ന് അവൻ വരുന്ന ദിവസമാണ് . കഴിയുമെങ്കിൽ അവനെ തോൽപ്പിച്ചു ഞങ്ങളെ രക്ഷിക്കുക . എന്നാൽ നിന്നെ രാജാവായി വാഴിക്കാം എന്ന് നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു . നാഗഭൂതം അതനുസരിച്ചു നാഗശത്രുവിനേയും കാത്തിരുന്നു . അപ്പോൾ കിഴക്കുനിന്നും പക്ഷിരാജാവായഗരുഡന്റെ വരവായി . അതുകണ്ടു നാഗങ്ങൾ ഓടിയൊളിച്ചു . നാഗഭൂതം അനങ്ങിയില്ല . ഗരുഡൻ വന്നപ്പോൾ അവൻ ഗരുഡനോട് യുദ്ധമാരംഭിച്ചു . ഗരുഡൻ ആദ്യമായി നാഗഭൂതത്തെ പ്രഹരിച്ചു . നാഗഭൂതം തിരികെയും പ്രഹരിച്ചു . ഇങ്ങനെ യുദ്ധം തുടർന്നുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ നാഗഭൂതം തളർന്നുതുടങ്ങി . വിജയസാധ്യതയില്ലെന്നു മനസ്സിലാക്കിയ നാഗഭൂതം ഉടനെ അവിടെ നിന്നും ഓടി ശിവനെ അഭയം പ്രാപിച്ചു . ഗരുഡനും ഉടനെ അവിടെയെത്തി നാഗഭൂതത്തെ വിട്ടുതരണമെന്നു ശിവനോട് ആവശ്യപ്പെട്ടു . അപ്പോൾ ശിവൻ ഒരു വ്യവസ്ഥ വച്ചു . ഇനി ഗരുഡനെ ദ്രോഹിക്കുകയാണെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളാനും , തല്ക്കാലം വെറുതെ വിടുവാനും ശിവൻ ഗരുഡനോട് കല്പ്പിച്ചു . ഗരുഡൻ അതനുസരിച്ചു തിരിച്ചു പോയി .
തുടർന്ന് ശിവൻ നാഗഭൂതത്തിനു കൈലാസത്തിൽ അഭയം നല്കുകയും ,നാഗാസ്ത്രത്തിന്റെ അടിസ്ഥാന ദേവതയായി അവരോധിക്കുകയും ചെയ്തു . നാഗാസ്ത്രത്തിൽ കുടികൊണ്ടു യോദ്ധാക്കളെ യുദ്ധത്തിൽ സഹായിക്കാനും , നാഗാസ്ത്രത്തിൽ നിന്റെ സേവനം മഹാധനുർധരന്മാർക് ആവശ്യമായി വരുമെന്നും ശിവൻ നാഗഭൂതത്തെ അനുഗ്രഹിച്ചു
ഇന്ദ്രജിത്തും നാഗാസ്ത്രവും
……………………………………………
ലക്ഷ്മണനോടുള്ള യുദ്ധത്തിൽ ജയം കിട്ടാതായപ്പോൾ ഇന്ദ്രജിത്ത് മായയെടുത്ത് ആകാശത്തിൽ മറഞ്ഞുനിന്നു നാഗാസ്ത്രത്തെ അഭിമന്ത്രിച്ചു ശത്രുനിരയിലേക്കു അയയ്ച്ചു . ആ അസ്ത്രമേറ്റു ലക്ഷ്മണനും വാനരങ്ങളുമെല്ലാം ചേതനയറ്റു നിലംപതിച്ചു . ഹനുമാനെയും ജാംബവാനേയും നാഗാസ്ത്രം ബാധിച്ചില്ല . ശ്രീരാമനും വിഭീഷണനും മറ്റൊരിടത്തായിരുന്നതുകൊണ്ടു രക്ഷപ്പെട്ടു . ഇത്തരത്തിൽ അവർ ദുഃഖിച്ചിരിക്കുമ്പോൾ ശ്രീരാമദേവന്റെ ആജ്ഞയനുസരിച്ചു ഗരുഡൻ അവിടെയെത്തുകയും ലക്ഷ്മണന്റെ ശരീരത്തിൽ നിന്നും നാഗപാശത്തെ കൊത്തിയറുത്തു മാറ്റുകയും ചെയ്ത ശേഷം യുദ്ധഭൂമിയാകെ ഒന്ന് ചുറ്റിപ്പറന്നു . അപ്പോൾ മരിച്ചുകിടന്ന വാനരങ്ങളും ലക്ഷ്മണനുമെല്ലാം ജീവനോടെ എഴുന്നേറ്റു വന്നു .
കർണ്ണന്റെ നാഗാസ്ത്രം
…………………………………………
അർജ്ജുനനുമായുള്ള അവസാനയുദ്ധത്തിൽ അർജ്ജുനനോളം ഉയരാൻ സാധിക്കാതെ വന്നപ്പോൾകർണ്ണൻ തന്റെ കൈവശമുള്ള നാഗാസ്ത്രത്തെ അർജ്ജുനനുനേരെ അയയ്ക്കുവാൻ തീരുമാനിച്ചു . ആ സമയം യുദ്ധം കാണുവാൻ വന്നിരുന്നഅശ്വസേനൻ എന്ന ഒരു മഹാനാഗം കർണ്ണന്റെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നു . ദേവന്മാർ ഇതുകണ്ട് ഭയന്നുപോയി . അശ്വസേനന് അർജ്ജുനനോട് തീരാത്ത പകയുണ്ടായിരുന്നു . അതിനു കാരണം പണ്ട് ഖാണ്ഡവവനം ദഹിപ്പിക്കുന്ന സമയത്തു അർജ്ജുനൻ അബദ്ധത്തിൽ അശ്വസേനന്റെ മാതാവിനെ കൊന്നിരുന്നു എന്നതാണ്. അന്നുമുതൽ അർജ്ജുനനോട് പകവീട്ടാനായി അശ്വസേനൻ തക്കം നോക്കിയിരിപ്പാണ് . അങ്ങനെയാണ് തഞ്ചത്തിൽ കർണ്ണനറെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നത് . കർണ്ണൻ നാഗമന്ത്രം ഉരുവിട്ടുകൊണ്ടു തനിക്കു പരശുരാമനിൽ നിന്നും സിദ്ധിച്ചനാഗാസ്ത്രം പുറത്തെടുത്തു . ദിവസവും കർണ്ണൻ അതിനെ ചന്ദനപ്പൊടിയിട്ടു പൂജിച്ചു വന്നിരുന്നു . അർജ്ജുനവധത്തിനായി പ്രത്യേകം കരുതി വച്ചിരുന്നതാണത് . അത്തരത്തിലുള്ള നാഗാസ്ത്രം കർണ്ണൻ എടുത്ത മാത്രയിൽ അശ്വസേനനും നാഗാസ്ത്രത്തിൽ കയറിപ്പറ്റി . തുടർന്ന് കർണ്ണൻ ബാണം പ്രയോഗിച്ചപ്പോൾ , ഇടിമിന്നലിന്റെ തീക്ഷ്ണതയോടെ മഹാവിഷം വമിച്ചുകൊണ്ടു ആ ബാണം പാഞ്ഞുപോയി . ബാണത്തിന്റെ വേഗം കണ്ടു " അർജ്ജുനാ നീ മരിച്ചു " എന്ന് കർണ്ണൻ വിളിച്ചുപറഞ്ഞു . എന്നാൽ തക്കസമയത്ത് ഭഗവാൻകൃഷ്ണൻ പ്രവർത്തിച്ചു . ഇടിമിന്നലിന്റെ വേഗതയിൽ തേരിൽ നിന്നും ചാടിയിറങ്ങിയ ഭഗവാൻ കൃഷ്ണൻ മഹാബലത്തോടെ അർജ്ജുനന്റെ തേരിനെ ഒരു ചാണോളം ആഴത്തിൽ ചവുട്ടി താഴ്ത്തിക്കളഞ്ഞു . കുതിരകൾ മുട്ടുകുത്തി . അപ്പോൾ വേഗമേറിയ ആ നാഗാസ്ത്രം അർജ്ജുനന്റെ ശിരസ്സിനു പകരം ശിരസ്സിനു മുകളിലെ കിരീടത്തെ എടുത്തുകൊണ്ടു പാഞ്ഞുപോയി . കിരീടംകത്തിക്കരിഞ്ഞു നിലംപതിച്ചു . ദേവന്മാർ ഇതുകണ്ട് ഭഗവാൻ കൃഷ്ണനെ വാഴ്ത്തുകയും ആശ്വാസപൂർവ്വം നെടുവീർപ്പിടുകയും ചെയ്തു . അർജ്ജുനന്റെ കിരീടം ഇന്ദ്രൻ സമ്മാനിച്ചതും അമൃതോദ്ധിതമായ രത്നങ്ങളാൽ നിർമ്മിതവുമായിരുന്നു . ഇന്ദ്രന്റെയോ വൈശ്രവണന്റേയോ യമന്റെയോ വരുണന്റെയോ പിനാകിയുടേയോ പോലും അസ്ത്രങ്ങളാൽ തകർക്കാൻ സാധിക്കാത്ത ആ കിരീടം , എന്നാൽ കർണ്ണന്റെ ബാണമേറ്റു കത്തിക്കരിഞ്ഞു തകർന്നു .
No comments:
Post a Comment