ചരിത്രപ്രസിദ്ധനായ ഗോവിന്ദസ്വാമികളുടെ പുത്രനും മലയാളത്തിൽ നടപ്പുള്ള വാക്യം, പരല്പേരു മുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളുടെ നിർമാതാവെന്നു പറയപ്പെടുന്ന ആളുമായ വരരുചി എന്ന ബ്രാഹ്മണോത്തമനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ അധികമുണ്ടെന്നു തോന്നുന്നില്ല. ഇദ്ദേഹം വിക്രമാദിത്യരാജാവിന്റെ സേവകനായിട്ടു താമസിച്ചിരുന്നു. വരരുചി സകലശാസ്ത്രപാരംഗതനും നല്ല പൗരാണികനും ആയിരുന്നതിനാൽ രാജാവിനു ശാസ്ത്രസംബന്ധമായോ പുരാണസംബന്ധമായോ വല്ല സംശയവും നേരിട്ടാൽ ഇദ്ദേഹത്തോടു ചോദിച്ചാണ് അത് തീർക്കുക പതിവ്.
അങ്ങനെയിരിക്കെ കാലത്ത് ഒരു ദിവസം രാജാവ് "രാമായണത്തിൽ പ്രാധാനമായ വാക്യമേതാണ്?" എന്ന് ഈ ബ്രാഹ്മണനോട് ചോദിച്ചു. ഈ ചോദ്യത്തിനു തക്കതായ ഉത്തരം പറയാൻ തോന്നായ്കയാൽ വരരുചി വിഷണ്ണനായിത്തീർന്നു. ഉടനെ രാജാവ് "എന്നാൽ എവിടെയെങ്കിലും പോയി, ആരോടെങ്കിലും ചോദിച്ചറിഞ്ഞു നാല്പത്തൊന്നുദിവസം കഴിയുന്നതിനുമുമ്പ് ഇവിടെ വന്നു പറയണം. അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ താൻ ഇവിടെ വരണമെന്നില്ല. എനിക്കു തന്നെ കാണുകയും വേണ്ട" എന്നു പറഞ്ഞു. രാജാവിന്റെ കല്പന കേട്ടപ്പോൾ വരരുചിയുടെ ഹൃദയം വിഷാദവും വിചാരവുംകൊണ്ടു നിറഞ്ഞു. ഉടനെ ആദ്ദേഹം അവിടെനിന്നു പുറപ്പെട്ടുപോവുകയും ചെയ്തു.
തദനന്തരം വരരുചി പല സ്ഥലങ്ങളിലും സഞ്ചരിച്ച്, പല യോഗ്യന്മാരേയും കണ്ടു ചോദിച്ചു. എങ്കിലും രാമായണത്തിലെ എല്ലാശ്ലോകങ്ങളും വാക്യങ്ങളും പ്രധാനം തന്നെ. അല്ലാതെ അതിനുണ്ടോ വ്യത്യാസം "നഹി ഗുളഗുളികായാം ക്വാപി മാധുര്യഭേദഃ" എന്നും മറ്റും പലരും പലവിധം പറഞ്ഞതല്ലാതെ ശരിയായ മറുപടി ആരിൽനിന്നും കിട്ടിയില്ല. അങ്ങനെ നാല്പതുദിവസം കഴിഞ്ഞു. ബ്രാഹ്മണനു വ്യസനം സഹിക്കവഹിയാതെയും ആയിത്തീർന്നു. രാജാവിന്റെ അടുക്കലുള്ള സേവപോകുമെന്നുതന്നെയല്ല, സർവജ്ഞനെന്നു സർവരാലും സമ്മതിക്കപ്പെട്ടിരിക്കുന്ന തനിക്ക് ഇതറിഞ്ഞുകൂടെന്നു വരുന്നത് ഏറ്റവും അവമാനകരവും ആണല്ലോ. ഈ അവമാനം സഹിച്ചുകൊണ്ട് സ്വദേശത്തു താമസിക്കുന്നതിൽ ഭേദം മരിക്കതന്നെയാണ് എന്നിങ്ങനെയൊക്കെ വിചാരിച്ചുംകൊണ്ടു ഭക്ഷണവുംകൂടാതെ ആ സാധുബ്രാഹ്മണൻ പകൽ മുഴുവനും അലഞ്ഞുനടന്നു. രാത്രിയായപ്പോൾ ഒരു വനാന്തരത്തിൽ ഒരാൽത്തറയുടെ അടുക്കൽ ചെന്നുചേർന്നു. വിശപ്പും ദാഹവും ക്ഷീണവും വ്യസനവും സഹിക്കവഹിയാതെ ആ ആൽത്തറയിൽ കയറിക്കിടന്നു. ഉടനെ ക്ഷീണംകൊണ്ടു മയക്കവുമായി. അദ്ദേഹം കിടന്ന സമയം "വനദേവതമാർ എന്നെ രക്ഷിക്കട്ടെ" എന്നു പറഞ്ഞുംകൊണ്ടാണ് കിടന്നത്.
നേരം ഏകദേശം പാതിരയായപ്പോഴേക്ക് ചില ആകാശസഞ്ചാരികളായ ദേവതമാർ ആ ആലിന്മേൽ വന്നുകൂടി. ആ ആലിന്മേൽ സ്ഥിരവാസിനികളായ ദേവതമാരെ വിളിച്ച് "നിങ്ങൾ വരുന്നില്ലേ? ഇപ്പോൾ ഒരു സ്ഥലത്ത് പ്രസവമുണ്ട്. ഞങ്ങൾ അവിടെ പോവുകയാണ്. ചോരയും നീരും കുടിക്കണമെങ്കിൽ വരുവിൻ" എന്നു പറഞ്ഞു. അപ്പോൾ ആ ആലിന്മേലിരുന്ന ദേവതമാർ "ഞങ്ങൾക്കു വരാൻ നിവൃത്തിയില്ല. ഇവിടെ ഒരു വിശിഷ്ടനായ ബ്രാഹ്മണൻ വന്നു കിടക്കുന്നു. ഇദ്ദേഹം സ്വരക്ഷാർഥം ഞങ്ങളെ പ്രാർത്ഥിച്ചുകൊണ്ടാണ് കിടന്നത്. അതിനാൽ നിങ്ങൾ പോയി തിരിച്ചുവരുമ്പോൾ ഇതിലേ വന്നു വിവരം പറഞ്ഞു വേണം പോകാൻ" എന്നു പറഞ്ഞു. എന്നാലങ്ങനെയാകട്ടെ എന്നു പറഞ്ഞ് ആ വനദേവതമാർ പോവുകയും ചെയ്തു.
അന്ത്യയാമമായപ്പോൾ വരരുചി ഉണർന്നുവെങ്കിലും വ്യസനത്തോടു കൂടി ഓരോന്നുമോർത്തു കണ്ണുമടച്ചു കിടന്നതല്ലാതെ എഴുന്നേറ്റില്ല. അപ്പോൾ മുമ്പേ പോയ ദേവതമാർ വീണ്ടും അവിടെ വന്നുചേർന്നു. ഉടനെ ആലിന്മേൽ ഉണ്ടായിരുന്ന ദേവതമാർ "പ്രസവമെവിടെയായിരുന്നു? കുട്ടിയെന്താണ്? എന്നു ചോദിച്ചു. അപ്പോൾ ദേവതമാർ "ഒരു പറയന്റെ അവിടെയായിരുന്നു പ്രസവം. കുട്ടി പെണ്ണാണ്" എന്നു പറഞ്ഞു. "അവളെ വിവാഹം ചെയ്യുന്നത് ആരായിരിക്കും?" എന്ന് ആലിന്മേലുണ്ടായിരുന്നവർ വീണ്ടും ചോദിച്ചപ്പോൾ വന്നവർ "അത് "മാം വിദ്ധി" എന്നറിഞ്ഞുകൂടാത്ത ഈ വരരുചിയാണ്. നേരം വെളുക്കാറായി. ഞങ്ങൾ ഇനി താമസിക്കുന്നില്ല. ശേഷമൊക്കെ പിന്നെപ്പറയാം" എന്നു പറഞ്ഞ് ഉടനെ പോവുകയും ചെയ്തു.
ഏറ്റവും ബുദ്ധിശാലിയായ വരരുചിക്കു ദേവതമാരുടെ ഈ വാക്കുകേട്ടപ്പോൾ തന്റെ കാര്യം സാധിച്ചതിലുള്ള സന്തോഷവും ഭാവിയായ അധഃപതനത്തെക്കുറിച്ചു വിചാരിച്ചുള്ള വിഷാദവും ഒന്നുപോലെ ഹൃദയത്തിൽ തിങ്ങിവശായി. അധഃപതനം കൂടാതെ കഴിക്കുന്നതിനു തക്കതായ ഒരുപായം ആലോചിച്ചു നിശ്ചയിച്ചുംകൊണ്ടു സന്തോഷത്തോടു കൂടി എണീറ്റു. അപ്പോഴേക്കും നേരവും വെളുക്കയാൽ ഉടനെ അവിടെ നിന്നു പുറപ്പെട്ടു.
നാല്പത്തൊന്നാം ദിവസമായിട്ടും വരരുചിയെ കാണാഞ്ഞിട്ട് രാജാവിനു വിഷാദമായിത്തീർന്നു. എങ്കിലും സഭാവാസികളായ വിദ്വാന്മാർക്കെല്ലാം വളരെ സന്തോഷമാണുണ്ടായത്. വരരുചി അവിടെ ഉണ്ടായിട്ടാണ് രാജാവ് അവരെ വേണ്ടവണ്ണം ആദരിക്കാത്തതും അവരുടെ ഖ്യാതി പൊങ്ങാത്തതും എന്നും മറ്റും വിചാരിച്ച് അവർക്കെല്ലാവർക്കും വരരുചിയെക്കുറിച്ച് അത്യന്തം അസൂയയുണ്ടായിരുന്നു. രാജസഭ കൂടിയപ്പോൾ രാജാവ്, "കഷ്ടം നമ്മുടെ വരരുചിയെ കണ്ടില്ലല്ലോ? അദ്ദേഹം അവമാനം വിചാരിച്ച് പ്രാണത്യാഗം ചെയ്തതോ, രാജ്യം വിട്ടുപോയതോ എന്തോ? അതില്ല, സർവശാസ്ത്രതത്ത്വജ്ഞനും വിശിഷ്ടനുമായ അദ്ദേഹം ഏതു വിധവും നമ്മുടെ ചോദ്യത്തിനു തക്കതായ മറുപടി മനസ്സിലാക്കിക്കൊണ്ടു വരാതെയിരിക്കുകയില്ല" എന്നും മറ്റും വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ സന്തോഷസമേതം വരരുചിയും അവിടെ എത്തി. അദ്ദേഹത്തിന്റെ മുഖപ്രസന്നത കണ്ടപ്പോൾതന്നെ കാര്യം സാധിച്ചു എന്നു രാജാവിനും സഭാവാസികളായ എല്ലാവർക്കും മനസ്സിലായി. ഉടനെ രാജാവ് "എന്തായി, മനസ്സിലായോ?" എന്നു ചോദിച്ചു.
വരരുചി: ദൈവകാരുണ്യത്താലും ഗുരുകടക്ഷംകൊണ്ടും മാന്യന്മാരായ നിങ്ങളുടെയൊക്കെ അനുഗ്രഹമാഹാത്മ്യത്താലും ഒരു വിധം മനസ്സിലായി എന്നുതന്നെ പറയാം.
രാജാവ്: ഏതു ശോകമാണ്, ഏതു വാക്യമാണ്? കേൾക്കട്ടെ.
വരരുചി: രാമായണത്തിൽ പ്രധാനമായ ശ്ലോകം,
"രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാംഅയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം"
എന്നുള്ളതാണ്. ഇതിൽ പ്രധാനമായിട്ടുള്ള വാക്യം "മാം വിദ്ധി ജനകാത്മജാം" എന്നുള്ളതുമാണ്.
ഇതു കേട്ടപ്പോൾ സഭയിലുണ്ടായിരുന്നവരെല്ലാം ശരി ശരി എന്ന് ഐക്യകണ്ഠേന സമ്മതിച്ചു. രാജാവ് സന്തോഷസമന്വിതം എണീറ്റു വരരുചിയുടെ കൈയ്ക്ക് പിടിച്ച് അർധാസനം കൊടുത്തിരുത്തി. പിന്നെ വിലതീരാതെകണ്ടുള്ള ആഭരണങ്ങളും അനവധിസുവർണരത്നങ്ങളും അദ്ദേഹത്തിനു സമ്മാനം കൊടുത്തു സന്തോഷിപ്പിക്കുകയും തന്നോടുകൂടി യഥാപൂർവം താമസിച്ചുകൊള്ളുന്നതിനനുവദിക്കുകയും ചെയ്തു.
തദനന്തരം വരരുചി മേല്പറഞ്ഞ ശ്ലോകത്തിന്റെ അർഥം പത്തു വിധത്തിൽ വ്യാഖ്യാനിച്ചു രാജാവിനെ കേൾപ്പിച്ചു. അവയിൽ രണ്ടുവിധം അർഥം താഴെച്ചേർക്കുന്നു. ഈ ശ്ലോകം ശ്രീരാമനും സീതയും ലക്ഷ്മണനുംകൂടി വനവാസത്തിനായി പുറപ്പെട്ടപ്പോൾ മാതൃപാദങ്ങളെ വന്ദിച്ചു യാത്രപറഞ്ഞ ലക്ഷ്മണനോടു സുമിത്ര പറഞ്ഞതാണ്.
അല്ലയോ താത (വത്സ) രാമം ദശരഥം വിദ്ധി (രാമനെ ദശരഥനെന്ന് അറിഞ്ഞാലും) നിന്റെ ജ്യേഷ്ഠനായ രാമനെ അച്ഛനായ ദശരഥനെപ്പോലെ വിചാരിച്ചുകൊള്ളണം എന്നു താൽപര്യം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ വിചാരിച്ചുകൊള്ളണം. അടവീം അയോദ്ധ്യാം വിദ്ധി. അടവിയെ (വനത്തെ) അയോദ്ധ്യയെപ്പോലെ വിചാരിച്ചുകൊള്ളണം. യഥാസുഖം ഗച്ഛ. സുഖമാകുംവണ്ണം ഗമിച്ചാലും എന്ന് ഒരർത്ഥം. പിന്നെ
രാമം ദശരഥം വിദ്ധി. രാമനെ ദശരഥൻ (പക്ഷിവാഹനനായിരിക്കുന്ന മഹാവിഷ്ണു) എന്നറിഞ്ഞാലും. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) മാ (മഹാലക്ഷ്മി) എന്നറിഞ്ഞാലും. അയോദ്ധ്യാം അടവീം വിദ്ധി. അയോദ്ധ്യയെ (രാമൻ പോയാൽ പിന്നെ) അടവി (കാട്) എന്നറിഞ്ഞാലും. (അതിനാൽ) അല്ലയോ വത്സ! നീ സുഖമാകുവണ്ണം പോയാലും എന്നു രണ്ടാമത്തെ അർത്ഥം. ഇപ്രകാരം യഥാക്രമം പത്തു വിധത്തിൽ വരരുചിയുടെ വ്യാഖ്യാനം കേട്ടപ്പോൾ രാജാവ് പൂർവ്വാധികം സന്തോഷിക്കുകയും വരരുചിയെ ബഹുമാനിക്കയും ചെയ്തു. പിന്നെ എല്ലാവരുംകൂടി ഓരോ രാജ്യ വർത്തമാനം പറഞ്ഞ് അങ്ങനെയിരിക്കുമ്പോൾ വരരുചി, "അല്ലയോ മഹാരാജാവേ! ഇന്നലെ രാത്രിയിൽ ഒരു പറയന്റെ മാടത്തിൽ ഒരു പറയി പ്രസവിച്ച് ഒരു പെൺകുട്ടിയുണ്ടായിട്ടുണ്ട്. അതിന്റെ ജാതകഫലം നോക്കിയതിൽ ആ കുട്ടിക്കു മൂന്നു വയസ്സു തികയുമ്പോഴേക്കും ഈ രാജ്യം നശിക്കും എന്നു കണ്ടിരിക്കുന്നു. ഇന്നു മുതൽ ഓരോ നാശകാരണങ്ങൾ തുടങ്ങും. അല്ലെങ്കിൽ ആ പ്രജയെ ഉടനെ കൊല്ലിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ജ്യോതിശാസ്ത്രജ്ഞനും വിഷിഷ്ടനുമായ ഈ ബ്രാഹ്മണോത്തമന്റെ വചനം ഒരിക്കലും മിഥ്യയാകുന്നതല്ലെന്നുള്ള വിശ്വാസത്താൽ രാജാവിനും സഭാവാസികൾക്കും വളരെ വ്യസനമായിത്തീർന്നു. ബാലനിഗ്രഹം കഷ്ടം. വിശേഷിച്ചും പെൺകുട്ടിയായിരിക്കുന്ന സ്ഥിതിക്ക് അതൊരിക്കലും വിഹിതമല്ല. അതിനാൽ എന്തു വേണ്ടൂ എന്ന് എലാവരും കൂടി ആലോചിച്ച് ഒരു കശൗലം നിശ്ചയിച്ചു. എങ്ങനെയെന്നാൽ, വാഴപ്പിണ്ടികൊണ്ട് ഒരു ചെറിയ ചങ്ങാടമുണ്ടാക്കി, ഈ കുട്ടിയുടെ തലയിൽ ഒരു ചെറിയ പന്തവും കൊളുത്തിക്കുത്തി അതിൽ കിടത്തി നദിയിലൊഴുക്കുക. ഈ നിശ്ചയത്തെ രാജാവും സമ്മതിച്ചു. ഉടനെ രണ്ടു ഭടന്മാരെ വിളിച്ച് അപ്രകാരം ചെയ്‌വാൻ കല്പനയും കൊടുത്തു. കുട്ടിയുണ്ടായിരിക്കുന്ന സ്ഥലം ഏകദേശം ഇന്ന ദിക്കിലാണെന്ന് വരരുചി പറഞ്ഞുകൊടുത്തു. രാജഭടന്മാർ അന്വേഷിചുചെന്നു. കുട്ടിയെ എടുത്തു കല്പനപ്രകാരം ചെയ്കയും ഉടനെ വിവരം രാജസന്നിധിയിൽ അറിയിക്കയും ചെയ്തു. തനിക്കു വരുവാൻ ഭാവിച്ച അധഃപതനം കൂടാതെ കഴിഞ്ഞുവല്ലോ എന്നു വിചാരിച്ചു വരരുചിക്ക് വളരെ സന്തോഷവുമായി. പിന്നെയും അദ്ദേഹം രാജാവിന്റെ അടുക്കൽ സേവകനായി താമസിച്ചു. അങ്ങനെ കുറഞ്ഞൊരു കാലം കഴിഞ്ഞതിന്റെശേഷം വരരുചി സ്ഥിരതാമസം സ്വഗൃഹത്തിൽത്തന്നെ ആക്കി.
അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം വരരുചി ഒരു വഴിയാത്രയിൽ ഭക്ഷണം കഴിക്കാനായി ഒരു ബ്രാഹ്മണന്റെ ഗൃഹത്തിൽ ചെന്നു. ഉടനെ ബ്രാഹ്മണൻ "വേഗത്തിൽ കുളി കഴിച്ചുവരം. ഇവിടെ ഊണുകാലമായിരിക്കുന്നു" എന്നു പറഞ്ഞു. അപ്പോൾ വരരുചി ഈ ബ്രാഹ്മണന്റെ ബുദ്ധിശക്തിയെ പരീക്ഷിക്കാനായിട്ടു "ഞാൻഊണു കഴിക്കണമെങ്കിൽ ചില ദുർഘടങ്ങളുണ്ട്. അതൊക്കെ സാധിക്കുമോ എന്നറിഞ്ഞിട്ടുവേണം കുളിക്കാൻ പോകാൻ" എന്നു പറഞ്ഞു.
ബ്രാഹ്മണൻ: ദുർഘടങ്ങൾ എന്തെല്ലാമാണാവോ? ഇവിടെ നിവൃത്തിയുള്ളവയാണെങ്കിൽ സാധിക്കാം. എന്തെങ്കിലും കേൾക്കട്ടെ.
വരരുചി: മറ്റൊന്നുമല്ല, കുളി കഴിഞ്ഞാൽ ഉടുക്കാൻ വീരാളിപ്പട്ടു വേണം. നൂറുപേർക്കു ഭക്ഷണം കൊടുത്തിട്ടുവേണം എനിക്കു ഊണുകഴിക്കാൻ. എന്നു മാത്രമല്ല എന്റെ ഊണിനു നൂറ്റെട്ടു കൂട്ടം കൂട്ടാൻ വേണം. ഊണു കഴിഞ്ഞാൽ പിന്നെ എനിക്കു മൂന്നുപേരെ തിന്നണം. നാലുപേരെന്നെ ചുമക്കുകയും വേണം. ഇത് ഉള്ളൂ.
ഇതു കേട്ടപ്പോൾ ബ്രാഹ്മണൻ വല്ലാതെ അന്ധാളിച്ച് ഒന്നും മിണ്ടാതെ നിന്നു. ഉടനെ ഒരു കന്യക അകത്തിരുന്നുകൊണ്ട് "അച്ഛനൊട്ടും അന്ധാളിക്കയും പരിഭ്രമിക്കയും വേണ്ട. ഇതിനെല്ലാം ഇവിടെ തയാറുണ്ടെന്നു പറഞ്ഞേക്കൂ" എന്നു പറഞ്ഞു. ബ്രാഹ്മണൻ അപ്രകാരം പറയുകയും വരരുചി കുളിക്കാൻ പോവുകയും ചെയ്തു. ഉടനെ ബ്രാഹ്മണൻ കന്യകയെ വിളിച്ച് ഇതെല്ലാമിവിടെ സാധിക്കുമോ എന്നു ചോദിച്ചു. അപ്പോൾ കന്യക "എല്ലാം സാധിക്കും. ഇതൊന്നും അത്ര പ്രയാസമില്ല. അദ്ദേഹം പറഞ്ഞതിന്റെ സാരം അച്ഛനു മനസ്സിലാകാഞ്ഞിട്ടാണ് പരിഭ്രമിക്കുന്നത്. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റിലയും, അടയ്ക്കയും, നൂറും കൂട്ടി മുറുക്കണമെന്നാണ്. (പുകയില അക്കാലത്ത് ഇല്ലായിരിക്കും). പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണമെന്നാണ്. കട്ടിലിൽ കിടക്കുമ്പോൾ കട്ടിൽക്കാലുകൾ നാലും കൂടിയാണല്ലോ ചുമക്കുന്നത്. ഇത്രയൊക്കേ ഉള്ളൂ. ഇതിനിവിടെ എന്താ വിഷമം?" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ അച്ഛൻ വളരെ സന്തോഷിക്കുകയും, കന്യകയുടെ ബുദ്ധിവിശേഷത്തെക്കുറിച്ച് അത്യന്തം അത്ഭുതപ്പെടുകയും ചെയ്തു. "എന്നാൽ എന്റെ മകൾ പോയി എല്ലാം വേഗം തയാറാക്കൂ" എന്നു പറഞ്ഞു കന്യകയെ അയച്ചു. വരരുചി കുളിയും മറ്റും കഴിഞ്ഞു വന്നപ്പോഴേക്കും ഒരു ചീന്തൽകോണകം, വൈശ്യത്തിനു വേണ്ടുന്ന ഹവിസ്സും, ചന്ദനം, പൂവ് മുതലായവയും തയ്യാറാക്കിയിരുന്നു. ഊണിന് ഇഞ്ചിക്കറിയും ഉണ്ടായിരുന്നു. ഊണു കഴിഞ്ഞപ്പോഴേക്കും പുറത്തളത്തിൽ മുറുക്കാനുള്ള സാമാനങ്ങളും ഒരു കട്ടിലിൽ പായും തലയിണയും എല്ലാം തയ്യാറാക്കിയിരുന്നു. വരരുചി വൈശ്യവും, ഊണും കഴിച്ചു പുറത്തളത്തിൽ ചെന്നു മുറുക്കി കട്ടിലിൽ കയറിക്കിടന്നു. താൻ പറഞ്ഞതിന്റെ സാരം മനസ്സിലാക്കി ഇപ്രകാരമെല്ലാം തയാറാക്കിയത് ഈ കന്യകയുടെ ബുദ്ധിസാമർത്ഥ്യം കൊണ്ടാണെന്നു മനസ്സിലാവുകയാൽ ഏതുവിധവും ഈ കന്യകയെ വിവാഹം കഴിക്കണമെന്ന് അദ്ദേഹം മനസ്സു കൊണ്ടാലോചിച്ചുറച്ചു. എന്തിനു വളരെപ്പറയുന്നു? വരരുചി തന്റെ ആഗ്രഹം ആ കന്യകയുടെ അച്ഛനെ ഗ്രഹിപ്പിക്കുകയും അദ്ദേഹം സമ്മതിക്കുകയും കാലതാമസം കൂടാതെ സുമുഹൂർത്തത്തിങ്കൽ ആ കന്യകയെ വിവാഹം കഴിക്കയും സ്വഗൃഹത്തിൽ കൊണ്ടുപോരികയും ചെയ്തു.
അങ്ങനെ ആ ദമ്പതിമാർ യഥാസുഖം സ്വഗൃഹത്തിൽ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം ഭക്ഷണവും മറ്റും കഴിഞ്ഞ് രണ്ടുപേരു കൂടി സ്വൈര്യസല്ലാപം ചെയ്തു സന്തോഷിച്ചിരിക്കുന്ന സമയത്തിങ്കൽ വരരുചി തന്റെ പ്രേമഭാജനമായ ധർമ്മദാരങ്ങളുടെ തലമുടി ഭംഗിയാകും വണ്ണം ചീകിക്കെട്ടി. അപ്പോൾ തലയുടെ മധ്യത്തിൽ വലിയതായ ഒരു വ്രണകിണം കാണുകയാൽ അതെന്താണെന്നു ചോദിച്ചു. അപ്പോൾ ആ സാധ്വി "അതൊരു പന്തം തറച്ച പാടാണെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. അമ്മ കുളിച്ചുകൊണ്ടിരുന്നപ്പോൾ പിണ്ടിച്ചങ്ങാടത്തിന്മേൽ ആറ്റിൽക്കൂടി ഒഴുകി വരുന്നതുകണ്ടപ്പോൾ എന്നെ പിടിച്ചുകേറ്റി വളർത്തിയതാണെന്നും, പ്രസവിച്ചതല്ലെന്നും ഒരിക്കൽ അമ്മ എന്നോടു പറഞ്ഞിട്ടുണ്ട്. അന്ന് എന്റെ തലയിൽ പന്തവും തറച്ചിരുന്നുവത്ര" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ബുദ്ധിശാലിയായ വരരുചിക്കു തന്റെ ധർമ്മദാരങ്ങൾ ആ പറയന്റെ അപത്യം തന്നെയാണെന്ന് നിശ്ചയമായി. തൽക്കാലം മനസ്സിൽ കുറച്ചു വിഷാദം ഉണ്ടായി എങ്കിലും "ലിഖിതമപിലലാടേ പ്രാജ്ഝിതും കഃ സമർഥഃ" എന്നു വിചാരിച്ചു സമാധാന പ്പെട്ടുകൊണ്ടു വിവരമെല്ലാം തന്റെ ധർമ്മപത്നിയെയും ധരിപ്പിച്ചു. "ഇനി നമുക്കേതായാലും ഇവിടെയിങ്ങനെ താമസിക്കേണ്ട. ആയുഃശ്ശേഷത്തെ ദേശസഞ്ചാരംകൊണ്ടുതന്നെ നയിക്കണം" എന്നു പറഞ്ഞു വരരുചി ഭാര്യാസമേതം ഉടനെ അവിടെനിന്നു പുറപ്പെടുകയും ചെയ്തു. പിന്നെ അവരുടെ സഞ്ചാരം മലയാളദേശങ്ങളിലായിരുന്നു എന്നു പറഞ്ഞാൽ അവർ പാരദേശികന്മാരായിരുന്നു എന്നും മേല്പറഞ്ഞ കഥകളെല്ലാം പരദേശത്തുവെച്ചു നടന്നതാണെന്നും വിശേഷിച്ചു പറയണമെന്നില്ലല്ലോ
No comments:
Post a Comment