ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 17, 2016

പാക്കനാര്‍ പറയുന്ന പാതിവ്രത്യം

വരരുചി എന്ന ബ്രാഹ്മണശ്രേഷ്ഠന് ഒരുപറയിയില്‍ നിന്ന് പന്ത്രണ്ടു മക്കള്‍ ജനിച്ചു എന്നും ആ മക്കള്‍


‘മേളത്തോളഗ്‌നിഹോത്രീ രജകനുളിയനൂര്‍
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവാര
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍
ചാത്തനും പാക്കനാരും’

ആണന്നും പ്രസിദ്ധമാണല്ലോ.


ഈ പന്ത്രണ്ടു പേരില്‍ വായില്ലാക്കുന്നിലപ്പനെ ഒഴിച്ച് പതിനൊന്നുപേരും അവരുടെ അച്ഛന്റെ ശ്രാദ്ധം അഗ്‌നിഹോത്രികളുടെ ഇല്ലത്തുകൂടി ഒരുമിച്ചാണ് നടത്തുക. അങ്ങനെ ഒരിക്കല്‍ എല്ലാവരും അവിടെ കൂടി ശ്രാദ്ധം കഴിഞ്ഞതിനുശേഷം പതിനൊന്നുപേരും ഒരു സ്ഥലത്തു ഭക്ഷണത്തിനായിട്ടിരുന്നു. അപ്പോള്‍ അഗ്‌നിഹോത്രിയുടെ അന്തര്‍ജനം ഇവര്‍ക്കു വിളമ്പിക്കൊടുക്കാന്‍ വരാന്‍ സ്വല്‍പം മടിച്ചു.


അഗ്‌നിഹോത്രിയുടെ നിര്‍ബന്ധത്താല്‍ അന്തര്‍ജനം കുടചൂടിയാണെത്തിയത്. അതുകണ്ട് പാക്കനാര്‍ ‘ഇതെന്തിനാണെന്നു’ ചോദിച്ചു. അഗ്‌നിഹോത്രികള്‍ ‘ഇതു പതിവ്രതമാരുടെ ധര്‍മ്മമാണ് പതിവ്രതമാര്‍ക്കു പരപുരുഷന്മാരെ കാണ്‍മാന്‍ പാടില്ല’ എന്നും മറ്റും പറഞ്ഞു. ഉടനെ പാക്കനാര്‍, ‘ഇതൊന്നും പതിവ്രതാധര്‍മമല്ല. ബ്രാഹ്മണസ്ത്രീകള്‍ക്കു പതിവ്രതാധര്‍മ്മം എന്താണന്നുതന്നെ അറിഞ്ഞുകൂടാ. പതിവ്രതാധര്‍മ്മവും പാതിവ്രത്യവും ഇരിക്കുന്നതു കുടയിലും പുതപ്പിലുമൊന്നും അല്ല. ഇപ്പോള്‍ പതിവ്രതാധര്‍മ്മത്തെ ശരിയായി അനുഷ്ഠിക്കുന്ന ഒരു സ്ത്രീ എന്റെ കെട്ടിയവളെപ്പോലെ ലോകത്തിലില്ല’ എന്നു പറഞ്ഞു.

അതുകേട്ട് അഗ്‌നിഹോത്രികള്‍ ‘ചണ്ഡാലികള്‍ക്കു പാതിവ്രത്യമോ പതിവ്രതാധര്‍മജ്ഞാനമോ വല്ലതുമുണ്ടോ? പാക്കനാര്‍ പറഞ്ഞത് ശുദ്ധഅസംബന്ധമാണ്’ പിന്നെ അവര്‍ രണ്ടു പേരും പതിവ്രതാധര്‍മത്തെപ്പറ്റി വളരെ വാദപ്രതിവാദങ്ങള്‍ നടത്തിയതിന്റെ ശേഷം അഗ്‌നിഹോത്രിയുടെ അന്തര്‍ജനത്തിനോ പാക്കനാരുടെ കെട്ടിയവള്‍ക്കോ പതിവ്രതാധര്‍മജ്ഞാനമുള്ളതെന്നു ബോധ്യപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു പാക്കനാര്‍ അഗ്‌നിഹോത്രികളെ വിളിച്ചുകൊണ്ട് സ്വഗൃഹത്തിലേക്കു പോയി. അവിടെ എത്തിയ ഉടനെ പാക്കനാര്‍ ഭാര്യയെ വിളിച്ച് ‘ഇവിടെ എത്ര നെല്ലിരിക്കുന്നുണ്ട്?’ എന്നു ചോദിച്ചു. ഭാര്യ ‘അഞ്ചിടങ്ങഴിയുണ്ട്’ എന്നു പറഞ്ഞു. ഉടനെ പാക്കനാര്‍ അതില്‍ പകുതി നെല്ലെടുത്തു കുത്തി അരിയാക്കി വെച്ചുകൊണ്ടു വരുവാന്‍ പറഞ്ഞു. ഭാര്യ തല്‍ക്ഷണം പോയി നെല്ലുകുത്തി അരിയാക്കി വെച്ചു ചോറുകൊണ്ടു വന്നു. അപ്പോള്‍ പാക്കനാര്‍ ‘ആ ചോറ് ഈ കുപ്പയിലിട്ടേക്ക്’ എന്നു പറഞ്ഞു. അവള്‍ ഒട്ടും മടിക്കാതെ അങ്ങനെ ചെയ്തു.


ഉടനെ പാക്കനാര്‍ ശേഷമിരിക്കുന്ന നെല്ലും കുത്തി അരിയാക്കി ചോറു വെച്ചുകൊണ്ടു വരുവാന്‍ പറഞ്ഞു. പാക്കനാര്‍ പിന്നെയും മേല്‍പ്രകാരം ആ ചോറും കുപ്പയിലിട്ടേക്കാന്‍ പറഞ്ഞു. അപ്പോഴും ഒട്ടും വൈമനസ്യം കൂടാതെ അവള്‍ ആ ചോറും കുപ്പയിലിട്ടു. പാക്കനാര്‍ക്കു വളരെ ദാരിദ്ര്യമായിരുന്നു. അയാളുടെ ഭാര്യ അന്നു ഭക്ഷണം കഴിച്ചിരുന്നില്ല. ആ അഞ്ചിടങ്ങഴി നെല്ലല്ലാതെ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. ആ നെല്ലില്‍ നിന്നു കുറെ എടുത്തു കഞ്ഞി വെക്കാമെന്നു വിചാരിച്ച് അവള്‍ അതിനായി ആരംഭിച്ച സമയത്താണ് അഗ്‌നിഹോത്രികളും പാക്കനാരുംകൂടി അവിടെ എത്തിയത്. ഇങ്ങനെയൊക്കെയായിരുന്നിട്ടും പാക്കനാരുടെ ഭാര്യ തന്റെ ഭര്‍ത്താവു പറഞ്ഞതു ലേശംപോലും മടിക്കാതെ ചെയ്തു.


ഇത്രയും കഴിഞ്ഞതിനുശേഷം അഗ്‌നിഹോത്രികളും പാക്കനാരുംകൂടി അവിടെനിന്ന് പുറപ്പെട്ടു തിരിയെ അഗ്‌നിഹോത്രികളുടെ ഇല്ലത്തെത്തി. ഉടനേ പാക്കനാര്‍ ‘ഞാന്‍ ചെയ്യിച്ചതുപോലെ ഇവിടുത്തെ അന്തര്‍ജനത്തെക്കൊണ്ടും പെയ്യിക്കുക. ഞാന്‍ കാണട്ടെ’ എന്ന് അഗ്‌നിഹോത്രികളോടു പറഞ്ഞു. ഉടനെ അഗ്‌നിഹോത്രികള്‍ അന്തര്‍ജനത്തെ വിളിച്ചു രണ്ടര ഇടങ്ങഴി നെല്ലെടുത്തു കുത്തി അരിയാക്കി വെച്ചു കൊണ്ടുവരുവാന്‍ പറഞ്ഞു.

 അതു കേട്ട് അന്തര്‍ജനം ‘ഇവിടെ അരി ഇരിക്കുന്നുണ്ടല്ലോ. പിന്നെ ഇപ്പോള്‍ നെല്ലു കുത്തുന്നതെന്തിനാണ്?’ എന്നു ചോദിച്ചു. പിന്നെ അഗ്‌നിഹോത്രികള്‍ വളരെ നിര്‍ബന്ധിച്ചിട്ട് അന്തര്‍ജനം മനസ്സുകേടോടുകൂടി മുഖം വീര്‍പ്പിച്ചു പിറുപിറുത്തു കൊണ്ടുപോയി നെല്ലു കുത്തി അരിയാക്കി വെച്ചുകൊണ്ടുവന്നു. അപ്പോള്‍ അഗ്‌നിഹോത്രികള്‍ ആ ചോറു കുപ്പയിലേക്ക് ഇട്ടേക്കാന്‍ പറഞ്ഞു.

അതുകേട്ട് അന്തര്‍ജനം ‘എന്താ ഹേ! അവിടേക്ക് ഭ്രാന്തുണ്ടോ? ഞാന്‍ വളരെ പ്രയാസപ്പെട്ടു നെല്ലുകുത്തി അരിയാക്കി വെച്ചുകൊണ്ടുവന്ന ചോറു കുപ്പയില്‍ കളയുകയോ? ഇതു വലിയ സങ്കടംതന്നെയാണ്’ എന്നും മറ്റും ഓരോ തര്‍ക്കങ്ങള്‍ പറഞ്ഞു നിന്നു. ഒടുവില്‍ അഗ്‌നിഹോത്രികളുടെ നിര്‍ബന്ധം നിമിത്തം അന്തര്‍ജനം ആ ചോറു കുപ്പയില്‍ ഇട്ടു.

ഉടനെ അഗ്‌നിഹോത്രികള്‍ ‘ഇനിയും രണ്ടര ഇടങ്ങഴി നെല്ലെടുത്തു കുത്തി അരിയാക്കി വെച്ചുകൊണ്ടു വരൂ’ എന്നു പിന്നെയും പറഞ്ഞു. അപ്പോള്‍ അന്തര്‍ജനം ‘അവിടേക്കു ഭ്രാന്തുതന്നെയാണ്. ഈ കൊട്ടുന്ന താളത്തിനൊക്കെ തുളളാന്‍ ഞാനാളല്ല.’ എന്നു പറഞ്ഞ് അകത്തേക്കു പോയി.
അഗ്‌നിഹോത്രികള്‍ നിര്‍ബന്ധപൂര്‍വ്വം വളരെ വിളിച്ചിട്ടും അന്തര്‍ജനം പുറത്തേക്കു വന്നില്ല. അപ്പോള്‍ പാക്കനാര്‍ ‘ഇതാണോ പതിവ്രതാധര്‍മ്മം? ഭര്‍ത്താക്കന്മാര്‍ എന്തു പറഞ്ഞാലും സന്തോഷത്തോടെ അതുടനെ ചെയ്യുന്നവളാണ് പതിവ്രത. അങ്ങനെ ചെയ്യുന്നതാണ് പതിവ്രതാധര്‍മ്മം. അതില്‍ ഗുണദോഷചിന്തനം ചെയ്യുവാനും തര്‍ക്കം പറയാനും ഭാരൃമാര്‍ക്ക് അവകാശവും അധികാരവുമില്ല’ എന്നു പറഞ്ഞ് അഗ്‌നിഹോത്രികളേ സമ്മതിപ്പിച്ചിട്ടു പാക്കനാര്‍ പോയി.


പാക്കനാര്‍ തന്റെ ഭാര്യയുടെ പാതിവ്രത്യ നിഷ്ഠ എത്രമാത്രമുണ്ടെന്ന് അഗ്‌നിഹോത്രികളെ ദൃഷ്ടാന്തസഹിതം അറിയിച്ചതായി ഒരൈതീഹ്യംകൂടി കേട്ടിട്ടുണ്ട്.

ഒരിക്കല്‍ അഗ്‌നിഹോത്രികള്‍ പാക്കനാരുടെ മാടത്തിങ്കല്‍ ചെന്നപ്പോള്‍ പാക്കനാര്‍ അഗ്‌നിഹോത്രികള്‍ക്ക് ഇരിക്കുന്നതിന് ഒരു പലകയോ മറ്റോ എടുത്തു കൊടുക്കുന്നതിന് ഭാര്യയേ വിളിച്ചു. അപ്പോള്‍ അവള്‍ കിണറ്റില്‍നിന്നു വെള്ളം കോരുകയായിരുന്നു. വെള്ളവും പാളയുംകൂടി കിണറ്റിന്റെ മധ്യത്തെത്തിയപ്പോഴാണ് പാക്കനാര്‍ വിളിച്ചത്. ഭര്‍ത്താവു വിളിച്ചതു കേട്ട ഉടനെ അവള്‍ കയറിന്മേല്‍നിന്നു കൈവിട്ട് ഓടിവന്നു. പാളയും കയറും ആ സ്ഥിതി അവിടെ നിന്നതല്ലാതെ കീഴ്‌പോട്ടു പോയില്ല. അതുകണ്ട് അഗ്‌നിഹോത്രികള്‍ വളരെ ആശ്ചര്യപ്പെട്ടു.

 ‘പാതിവ്രത്യം ഉണ്ടായാലിങ്ങനെയാണ്. ഭര്‍ത്താവു വിളിക്കുന്നതു കേട്ടാല്‍ എന്തുതന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണങ്കിലും അതുപേക്ഷിച്ച് എത്തുകയെന്നുളളതു പതിവ്രതമാരുടെ ധര്‍മ്മമാണ്’; പാക്കനാര്‍ പറഞ്ഞു.

No comments:

Post a Comment