ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 15, 2016

ഭസ്മ മാഹാത്മ്യം


ഹൈന്ദവാചാര പ്രകാരം പശുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ ഒരു പ്രധാന ആചാരമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങൾ, സുബ്രഹ്മണ്യക്ഷേത്രങ്ങൾ അയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിച്ചു വരുന്നു. താന്ത്രിക, മാന്ത്രികകർമ്മങ്ങൾക്കും ഭസ്മം ഉപയോഗിച്ചുവരുന്നു. ശൈവരാണ്‌ ഭസ്മം ഉപയോഗിക്കുന്നവരിൽ കൂടുതലും. വൈഷ്ണവർ ചന്ദനമാണ്‌ ഇതിനു പകരം തേയ്ക്കുന്നത്. കേരളത്തിലെ ശൈവർ ഭസ്മത്തിനു മുകളിൽ ചന്ദനം തേക്കുന്നവരാണെങ്കിലും തമിഴകത്ത് ശൈവർ ഭസ്മം മാത്രമേ ഉപയോഗിക്കൂ. വൈഷണവർ തിരിച്ചും. വെറ്റില ചേർത്തുള്ള ഭസ്മമാണ്‌ താമ്പൂലഭസ്മം.


ഭസ്മത്തിന്റെ പേരിനു പിന്നിൽ

ഭസിതം, വിഭൂതി, രക്ഷ എന്നും പേരുകളുണ്ട് . ഭസിക്കുന്നത്കൊണ്ട് (പ്രകാശിപ്പിക്കുന്നത്കൊണ്ട്) ഭസിതം, പാപങ്ങളെ ഭസ്മീകരിക്കുന്ന (നശിപ്പിക്കുന്ന) തുകൊണ്ട് ഭസ്മം, വിഭൂതിയെ (ഐശ്വര്യത്തെ) പ്രധാനം ചെയ്യുന്നത്കൊണ്ട് വിഭൂതി, രക്ഷ നൽകുന്നത് കൊണ്ട് രക്ഷ ഇങ്ങനെയാൺ ഈ പേരുകൾ ലഭിച്ചത്.


വിഭൂതി

വിഭൂതി എന്ന പദത്തിന് ഭസ്മം എന്ന അർത്ഥത്തിനു പുറമേ ഐശ്വര്യം, ശക്തി, ധനം എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശമാണ്.


ഭസ്മമാഹാത്മ്യം

അഗ്നിയിൽ എന്തു നിക്ഷേപിച്ചാലും അവ കത്തിയോ അല്ലാതെയോ മറ്റൊരു വസ്തുവായി മാറും. എന്നാൽ തീയിൽ കുറെ ചാമ്പൽ (ഭസ്മം/ ചാരം) നിക്ഷേപിച്ചു നോക്കിയാൽ അത് ചാമ്പൽ ആയി തന്നെ അവശേഷിക്കുന്നു. അതാണ്‌ ഭസ്മമഹത്ത്വം അഥവാ ഭസ്മമഹാത്മ്യം. ശിവപുരാണത്തിൽ "ഭസ്മമാഹാത്മ്യം" എന്നൊരു അധ്യായം തന്നെയുണ്ട്‌. കൂടാതെ ദേവി ഭാഗവതത്തിൽ പതിനൊന്നാം സ്ക്ന്ധത്തിൽ ഒൻപത്, പത്ത്, പതിനൊന്ന് എന്നീ അധ്യായങ്ങൾ യഥാക്രമം ഭസ്മധാരണ വിധി, ഭസ്മനിർമ്മാണ വിധി, ഭസ്മത്രിവിധത്വം എന്നിവ പ്രതിപാദിക്കുന്നു.


ഭസ്മധാരണരീതി

രാവിലെ നനച്ചും വൈകിട്ട് നനക്കാതെയും ആണ് ഭസ്മധാരണരീതി. നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തിൽ അമിതമായുണ്ടാകുന്ന ഈർപ്പത്തെ വലിച്ചെടുത്ത് നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്ന ഗുണവിശേഷമാണ് ഇങ്ങനെ ധരിക്കാൻ കാരണം. രാവിലെ ഉണർന്നാൽ കൈകാൽമുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മക്കുട്ടയിൽ നിന്നും ഒരുപിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മർമ്മസ്ഥാനങ്ങളിലും ഭസ്മം തൊടുന്നത് പഴമക്കാരുടെ ഒരു പതിവായിരുന്നു


ഭസ്മനിർമ്മാണരീതി

ഭസ്മനിർമ്മാണത്തിനു പ്രത്യേക ചിട്ടകൾതന്നെ ഉണ്ട്. അമാവാസി, പൌർണ്ണമി, അഷ്ടമി എന്നീ ദിവസങ്ങളിൽ ഭസ്മത്തിനുള്ള ചാണകം ശേഖരിക്കുന്നതാണ് ഉത്തമം. രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയിൽ പ്രവേശിച്ച് നല്ലതായ ചാണകംശേഖരിക്കണം. “ഹ്രൌം” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകം ശേഖരിക്കാൻ. എടുത്ത ശേഷം “നമ:“ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം. ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത് വച്ച് വെയിലിൽ ഉണക്കണം. ഇങ്ങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലർത്തി ‘ഹ്രൌം’ എന്നു ജപിച്ച് ഭസ്മമാക്കണം. അരണിയിൽ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തിൽ നിന്നെടുത്ത അഗ്നികൊണ്ടോ വേണം ദഹിപ്പിക്കാൻ. നന്നായി ദഹിക്കുന്നതുവരെ അഗ്നിയെ സംരക്ഷിക്കണം. ഈ ഭസ്മത്തെ ശുദ്ധമായ മൺപാത്രത്തിൽ സൂക്ഷിക്കണം. കൈതപ്പൂവ്, രാമച്ചം, ചന്ദനം, കുങ്കുമപ്പൂവ്തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘സദ്യോജാത’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തിൽ ചേർത്തുവയ്ക്കണം. ഇങ്ങനെയുണ്ടാക്കിയ ഭസ്മം പണ്ട് തറവാട്ടിലും മനകളിലും മറ്റും ഭസ്മക്കുട്ട എന്നു പറയുന്ന തടിപ്പാത്രത്തിൽ സൂക്ഷിച്ചിരുന്നു.


പലതരം ഭസ്മങ്ങൾ

മൂന്ന് തരം ഭസ്മങ്ങളെക്കുറിച്ച് (ഭസ്മത്രിവിധത്വം അധ്യായം) ദേവീഭാഗവതത്തിൽ വിവരിക്കുന്നുണ്ട്. ശാന്തി ഭസ്മം, പൌഷ്ടികഭസ്മം, കാമഭസ്മം എന്നിവയാണവ. പശുവിന്റെ ശരീരത്തിൽ നിന്നും താഴെ വീഴുന്നതിനു മുമ്പായി തന്നെ ചാണകമെടുത്ത് ഉരുട്ടി ഉണക്കി സദ്യോജാതി പഞ്ചമന്ത്രം ജപിച്ച് ഭസ്മമാക്കിയതു ശാന്തിഭസ്മം. പശുവിന്റെ ശരീരത്തിൽ നിന്നും വീണ് നിലത്തെത്തുന്നതിനു മുമ്പേ ചാണകമെടുത്ത് ഷഡംഗമന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് പൌഷ്ടികഭസ്മം. ഭൂമിയിൽ വീണുകിട്ടുന്ന ചാണകമെടുത്ത് ‘ഹ്രൌം’ മന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് കാമഭസ്മം. ഇതിൽ സാധാരണമായിട്ടുള്ളത് കാമഭസ്മമാകുന്നു.


വൈദിക മന്ത്രം

ഭസ്മധാരണത്തിനു ഉപയോഗിക്കുന്ന വൈദികമന്ത്രം ഇപ്രകാരമാണ്.

“അഗ്നിരിതി ഭസ്മ, വായുരിതി ഭസ്മ, ജലമിതി ഭസ്മ, സ്ഥലമിതി ഭസ്മ, വ്യോമേതി ഭസ്മ, സർവ്വം ഹവാഇതി ഭസ്മ, മനഏതാനി ചക്ഷൂംഷി ഭസ്മാനി” എന്ന മന്ത്രം ഉച്ചരിച്ചാണ് ഇടത്തു കൈത്തലത്തിൽ സംഗ്രഹിച്ചതായ ഭസ്മം വലത്ത് കൈകൊണ്ട് അടച്ച് സമ്മിശ്രീകരിച്ച് തൊടേണ്ടത്.

അഗ്നി, വായു, ജലം, സ്ഥലം (ഭൂമി), വ്യോമം (ആകാശം) എന്നീ പഞ്ചഭൂതങ്ങളുടെയും നമ്മുടെ മനോമണ്ഡലത്തിൻറേയും ദൃഷ്ടിയുടേയും ഭസ്മമാണിതെന്നാണ് ഈ മന്ത്രത്തിന്റെ പൊരുൾ.


ഭസ്മക്കുറി

ഭസ്മക്കുറി തൊടുന്നത്‌ ശൈവമതക്കാരുടെ പ്രത്യേകതയായിരുന്നു. മാഘമാസത്തിന്റേയും ഫാൽഗുന മാസത്തിന്റേയും ഇടയിൽ വരുന്ന കറുത്ത ചതുർദശിയാണ്‌ ശിവരാത്രി. ശൈവർ ആ രാത്രി ഉറങ്ങാറില്ല. ഈ ദിവസം ആണ്‌ ഭസ്മം ചുട്ടെടുത്തിരുന്നത്‌. പശുവിൻ ചാണകം ചെറിയ ഉരുളകളായി ഇരുട്ടി വെയിലത്തിട്ടുണക്കുന്നു. ശിവരാത്രിനാൾ രാവിലെ വീടിനു മുന്നിൽ മുറ്റത്ത്‌ കിഴക്കുഭാഗത്ത്‌ ഉമി (നെല്ലിൻ തോട്‌) കനത്തിൽ നിരത്തി അതിമേൽ ഉണങ്ങിയ പശുവിൻ ചാണക വറളി നിരത്തി വീണ്ടും ഉമികൊണ്ടു മൂടി തീ കത്തിക്കുന്നു. നീറി നീറി ചാണകവറളിയും ഉമിയും കത്തി അമരും. കത്തിക്കിട്ടിയ ഭസ്മം ഒരു മൺചട്ടിയിൽ കോരിയെടുക്കുന്നു. വെള്ളമൊഴിച്ചു കലക്കി അടിയാൻ വയ്ക്കുന്നു. അടുത്ത ദിവസം വെള്ളം മുഴുവൻ വാർന്നു കളയും ചട്ടിയുടെ അടിയിൽ ഭസ്മം അടിഞ്ഞ്‌ കിടക്കും ഇങ്ങനെ പലതവണ ആവർത്തിക്കും. നല്ല നിറമുള്ള ഭസ്മം (നാനോ പാർട്ടിക്കിൾ) കിട്ടുന്നു. അതുണക്കി ഭസ്മച്ചട്ടി (തോണി) യിൽ വീടിന്റെ തിണ്ണയിൽ തൂക്കി ഇടുന്നു. കുളികഴിഞ്ഞു നെറ്റിയിലും സന്ധികളിലും ഭസ്മം പൂശുക അടുത്ത കാലം വരെ ശൈവ വെള്ളാളരുടെ രീതി ആയിരുന്നു.


ഭസ്മത്തിന്റെ ഐതിഹ്യം

ദേവസുരന്മാർ അമൃതമഥനം ചെയ്തപ്പോൾ ഉയർന്നുവന്ന കാളകൂടവിഷം ലോകവിനാശം ചെയ്യാതിരിക്കാൻ പരമശിവൻ കുടിച്ചു. അദ്ദേഹം ബോധം കെട്ടുവീണു. പാർവതി, പരിവാരസമേതം, തന്റെ കാന്തന്റെ ദേഹമാസകലം ഭസ്മം പൂശി ഉറങ്ങാതെ രാത്രി മുഴുവൻ കാത്തിരുന്നു. അങ്ങനെ ശിവന്റെ ഉള്ളിൽ ചെന്ന വിഷാംശം മുഴുവൻ ദേഹമാസകലമുള്ള ഭസ്മലേപനത്തിലൂടെ ഉച്ചാടനം ചെയ്തു.


ഭസ്മധാരണം

ഭസ്മധാരണത്തെ നിസാരമായി കാണരുത്. ഭസ്മധാരണം മഹേശ്വരവ്രതമാണ്. സര്‍വപാപനാശഹരവുമാണ്. ആചാരപരമായ ഒരു ചടങ്ങായിട്ടാണ് ഇതിനെ പലരും കാണുന്നത്. എന്നാല്‍ ശരീരശാസ്ത്രപരമായി ഭസ്മധാരണത്തിനു വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. വിധിയാംവണ്ണം യഥാസ്ഥാനങ്ങളില്‍ നിര്‍ദിഷ്ടസമയം ഭസ്മം ധരിക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും ബുദ്ധിക്കും പുഷ്ടിവര്‍ധനയുണ്ടാകുന്നതാണ്.


പ്രഭാതസ്നാനം കഴിഞ്ഞാലുടന്‍ പുരുഷന്മാര്‍ ഭസ്മം കുഴച്ചു തൊടണം. ഇടത്തെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് വലതുകരം കൊണ്ടടച്ചുപിടിച്ചു ഭസ്മധാരണമന്ത്രമോ, പഞ്ചാക്ഷരീമന്ത്രമോ ജപിച്ച് വെള്ളമൊഴിച്ചു കുഴച്ച് ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവകൊണ്ട് ഭസ്മധാരണം നടത്തുക. ഭസ്മധാരണഫലശ്രുതിയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. - ശിരോമദ്ധ്യത്തിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും കൈകളിലും മാറിടത്തിലും ധരിച്ചാല്‍ പാപവിമുക്തി കിട്ടും. ശിശ്നജകല്മഷമകറ്റാന്‍ നാഭിയിലും അന്യാശ്ലേഷകല്മഷം മാറികിട്ടാന്‍ പാര്‍ശ്വങ്ങളിലും ഭസ്മമണിയണം. സര്‍വാംഗ ഭസ്മധാരണംകൊണ്ട് നൂറു ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കും.


പ്രഭാതസ്നാനശേഷം മാത്രമേ ഭസ്മം കുഴച്ചുതൊടുവാന്‍ പാടുള്ളൂ. സ്ത്രീകള്‍ ഭസ്മം കുഴച്ചുതോടുകയേ പാടില്ല.


ശിരസ്സില്‍, കാതുകളില്‍, നെറ്റിയില്‍, പിന്‍കഴുത്തില്‍, മുന്‍കഴുത്തില്‍, നെഞ്ചില്‍, നാഭിയില്‍, ഉരസ്സുകളില്‍, തോളുകളില്‍, ഇടതുകൈമുകളില്‍, ഇടതുകൈമദ്ധ്യം, വലതുകൈത്തലം, സര്‍വാംഗം എന്നീ ശരീരഭാഗങ്ങളിലാണ് ഭസ്മധാരണം നടത്തേണ്ടത്.


കാലുകളില്‍ ഭസ്മം ധരിക്കുന്നത് കൈകളിലേതുപോലെതന്നെ വേണം.



കുളി കഴിഞ്ഞ് നനച്ച ഭസ്മം തന്നെ ധരിക്കുന്നതെന്തിന്?

ഭസ്മധാരണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ചില നേരത്ത് നനച്ച ഭസ്മം ധരിക്കണമെന്നും മറ്റുചിലപ്പോള്‍ നനയ്ക്കാത്ത ഭസ്മം ധരിക്കണമെന്നും പറയാറുണ്ട്‌. ഇത് വൈരുദ്ധ്യമല്ലേയെന്ന് ചോദിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഇതിനുത്തരം നല്‍കാന്‍ പഴമക്കാര്‍ക്കായില്ലെങ്കിലും ഭസ്മത്തിലെ ഔഷധവീര്യത്തെപ്പറ്റി അവര്‍ക്ക് നല്ല ബോധമുണ്ടായിരുന്നുവെന്നതാണ് വാസ്തവം.


രാവിലെ ഉണര്‍ന്ന് കൈകാല്‍മുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മചട്ടിയില്‍ നിന്നും ഒരുപിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മര്‍മ്മസ്ഥാനങ്ങളിലും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പുരട്ടുന്നത് കാണാന്‍ ചിലര്‍ക്കെങ്കിലും ഭാഗ്യമുണ്ടായിട്ടുണ്ട്. സന്ധ്യാസമയത്തും കൈകാല്‍മുഖം കഴുകി വന്നശേഷവും ഇങ്ങനെ ഭസ്മം പുരട്ടാറുണ്ട്. ഈ രണ്ടു സമയങ്ങളിലും അവര്‍ അണിഞ്ഞിരുന്നത് നനയ്ക്കാത്ത ഭാസ്മമായിരുന്നു.


എന്നാല്‍ കുളികഴിഞ്ഞ് വന്നതിനു ശേഷമാകട്ടെ ഭസ്മമെടുത്ത് നനച്ചാണ് ദേഹത്ത് പുരട്ടിയിരുന്നത്.


ഈ രണ്ടു തരത്തിലുള്ള ഭസ്മധാരണരീതികള്‍ കാണുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്, നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തില്‍ അമിതമായുണ്ടാകുന്ന ഈര്‍പ്പത്തെ വലിച്ചെടുത്തു നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്നാണ്.


ഇത്രയും രേഖപ്പെടുത്തുമ്പോള്‍, നമ്മുടെ ശരീരത്തില്‍ എങ്ങിനെയാണ് രാവിലെയും സന്ധ്യയ്ക്കും മാത്രം അണുബാധയുണ്ടാവുകയെന്ന ചോദ്യം സ്വാഭാവികം. രാത്രിയില്‍ ഒരു വ്യക്തി കിടന്നുറങ്ങുമ്പോള്‍ അയാളുടെ കിടക്കയില്‍ ലക്ഷകണക്കിന് അണുക്കളാണ് വിഹരിക്കുന്നതെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതുപോലെതന്നെ സന്ധ്യാവേളയിലും അന്തരീക്ഷത്തിലുണ്ടാകുന്ന വിഷാണുബാധ ഇതിനകം തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇതും നമ്മുടെ ശരീരത്തെ ബാധിക്കും. അതുകൊണ്ടാണ് അണുബാധയകറ്റാനായി ഈ രണ്ടു സമയങ്ങളിലും നനയ്ക്കാതെ ഭസ്മം ധരിക്കുന്നത്.


കുളിക്കുന്ന സമത്താകട്ടെ, ശരീരത്തിലെ സന്ധികളില്‍ നനവുമൂലം നീര്‍ക്കെട്ടുണ്ടാകുവാനും ക്രമേണ അതിലൂടെ കൊഴുപ്പ് വര്‍ദ്ധിച്ച് അങ്ങനെ സന്ധിവാതമായി മാറാനുമുള്ള സാധ്യത ശാസ്ത്രം തള്ളികളയുന്നില്ല. ഇങ്ങനെയുള്ള നീര്‍ക്കെട്ട് ഒഴിവാക്കാനാണ് കുളിച്ച ശേഷം നനഞ്ഞ ഭസ്മം ധരിക്കുന്നത്.


ഭസ്മധാരണം നടത്തുമ്പോള്‍ ചൊല്ലാനായി ആചാര്യന്മാര്‍ മന്ത്രവും വിധിച്ചിട്ടുണ്ട്.



" ഓം അഗ്നിരിതി ഭസ്മ ജലമിതി ഭസ്മ

സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ

സര്‍വം ഹവാ ഇദം ഭസ്മേ

മന ഏതാനി ചക്ഷും ഷി ഭസ്മ."  



ഭസ്മധാരണം എന്തിന്?

കുളിയും തേവാരവുമെന്ന പോലെ ഭസ്മധാരണവും നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു.

പൂര്‍ണ്ണവിശ്വാസത്തോടെ ഒരുനുള്ളു ഭസ്മം നെറ്റിയില്‍ ചാര്‍ത്തിയിട്ടേ പഴമക്കാര്‍ പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമായിരുന്നുള്ളൂ.


പ്രാര്‍ത്ഥനയില്‍ വിശ്വാസത്തിലുള്ള അതേ സ്ഥാനം ഭസ്മത്തില്‍ ഔഷധാംശത്തിനുമുണ്ട്. ഭസ്മനിര്‍മ്മാണത്തിന് കാലാന്തരത്തില്‍ മാറ്റങ്ങള്‍ ഏറെ വന്നെങ്കിലും വിശുദ്ധഭസ്മവും ഇല്ലാതില്ല. പുല്ലുമാത്രം തിന്നുന്ന പശുവിന്റെ ചാണകം ശിവരാത്രിനാളില്‍ ഉമിയില്‍ ചുട്ടെടുത്ത് കിട്ടുന്ന ഭസ്മം വെള്ളത്തില്‍ കലക്കി ഊറിയത് വീണ്ടും ഉണക്കി, ശിവന് അഭിഷേകം ചെയ്ത ശേഷമാണ് സാധാരണ ഭസ്മം നെറ്റിയില്‍ ചാര്‍ത്താനായി സൂക്ഷിച്ചുവയ്ക്കുന്നത്.


ഭസ്മം നനച്ചോ, നനയ്ക്കാതെയോ ധരിക്കാറുണ്ട്. ഇങ്ങനെ കുറിയിട്ടാല്‍ ശരീരത്തിലെ ദുര്‍നീര് വലിച്ചെടുക്കാനും ശരീരോഷ്മാവ് കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഭസ്മത്തിന് ശക്തിയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.


ത്യാഗത്തിന്റെ മൂര്‍ത്തിയായ ശിവന്‍ സന്തോഷിക്കാന്‍ ഏറെ ഉത്തമമാണെന്നാണ് ഭസ്മത്തെ പറ്റിയുള്ള ഹൈന്ദവസങ്കല്പ്പം. നെറ്റി, കഴുത്ത്, തോള്, മുട്ട്, കാലിന്റേയും കൈയിന്റേയും ആണി തുടങ്ങിയ സ്ഥലങ്ങളിലാണ് ഭസ്മം സാധാരണ ധരിക്കേണ്ടതെന്നും പറയുന്നു.


ഭസ്മം നനച്ചു തേയ്ക്കുന്നതിലൂടെ ശരീര ഊഷ്മാവ് താഴുന്നതുകാരണം പനി പിടിപെടുന്നവരുടെ നെറ്റിയില്‍ നനച്ച ഭസ്മം ഇട്ടാല്‍ പനി കുറയുന്നതായി കാണാം.


ഔഷധച്ചെടികള്‍ ശുദ്ധപശുവിന്‍ നെയ്യില്‍ ഹോമകുണ്ഡത്തില്‍ ഹവനം ചെയ്ത ശേഷം ബാക്കിവരുന്നതിനെയാണ് വിശുദ്ധഭസ്മം എന്ന് വിളിച്ചു വരുന്നത്.


ശരീരം മുഴുവന്‍ ഭസ്മം പൂശണമോ?

  നെറുകയില്‍ ഭസ്മം ധരിച്ചാല്‍ അവിടുത്തെ നീര്‍ക്കെട്ട് മുഴുവന്‍ അത് വലിച്ചെടുത്തു നീക്കം ചെയ്യുമെന്ന് ഭസ്മധാരണവിധിയില്‍ നിന്നും പലരും മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ അതിന് ശരീരം മുഴുവന്‍ പൂശി വൃത്തികേടാക്കണോ എന്നൊരു ചോദ്യം വന്നാല്‍ ഉത്തരം കൊടുക്കേണ്ടത് സ്വാഭാവികം.


ഏറ്റവും കൂടുതല്‍ നീറിറക്കത്തിനു സാധ്യത ഉള്ള സ്ഥാനമാണ് പിന്‍കഴുത്ത്. അതുകൊണ്ടാണ് അവിടെ ഭസ്മം പൂശേണ്ടതിന്റെ ആവശ്യകത പറഞ്ഞിട്ടുള്ളത്. കാതുകള്‍ക്കും പ്രധാനപ്പെട്ട സവിശേഷതയുണ്ട്. ശരീരത്തിലെ എഴുപത്തിരണ്ടായിരം നാഡികളും ഒത്തുചേരുന്ന മര്‍മ്മസ്ഥാനമാണ് മനുഷ്യശരീരത്തിലെ കാതുകള്‍. ഓരോ നാഡികളിലും നീര്‍ക്കെട്ടും കൊഴുപ്പുകെട്ടും ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇതാകട്ടെ വാതത്തിന് വഴിതെളിക്കുമെന്ന് ആയുര്‍വേദം പറയുന്നു.


ഇങ്ങനെ ഭസ്മം ധരിക്കുന്നത് എവിടെ ആയാലും അത് അതാതു സ്ഥലങ്ങളിലെ അമിതമായ ഈര്‍പ്പത്തെ വലിച്ചെടുക്കുന്നതായി കാണാം. അത്തരത്തില്‍ ഭസ്മധാരണം നടത്താന്‍ കഴിഞ്ഞാല്‍ ആധുനികലോകം പോലും അംഗീകരിച്ചു കഴിഞ്ഞ കായചികിത്സാപദ്ധതിയാണ് ഇതിലൂടെ ലഭ്യമാകുന്നതെന്ന് കാണാം.


ശിവരാത്രി നാളിലെ ഭസ്മധാരണം

ഹൈന്ദവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രധാനപ്പെട്ട ആചാരമാണ് ഭസ്മധാരണം. കുളിച്ചുവന്നാല്‍ കുറിതൊടണം. കുട്ടിയിലേമുതല്‍ നാം കേട്ടുവരുന്ന കാരണവന്മാരുടെ ഓര്‍മ്മപ്പെടുത്തലാണ്. രാവിലെ നനച്ചും അതിനുശേഷം നനക്കാതെയുമാണ് ഭസ്മം തൊടുക പതിവ്. എന്നാല്‍ ഭസ്മം നിര്‍മ്മിക്കുക എന്നത് ശിവരാത്രിക്കാലത്ത് പതിവുള്ള സംഗതിയാണ്. രണ്ടുവിധത്തില്‍ ഇതുനിര്‍മ്മിക്കുന്നുണ്ട്. ഒന്ന് അഗ്നിഹോത്രത്തില്‍ നിന്നും ലഭിക്കുന്നതും, രണ്ടാമത്തേത് പശുവിന്റെ ചാണകം ഉണക്കിയെടുത്തും ഭസ്മം നിര്‍മ്മിക്കാം.


ചാണകം ചുട്ടു നിര്‍മ്മിക്കുന്ന ഭസ്മം ശിവരാത്രിക്കുമുന്‍പേ പതിനെട്ടുരുളയാക്കി ഉണക്കിയെടുത്ത് വീടിന്റെ വടക്കുഭാഗത്ത് മുന്നിഞ്ച് ഘനത്തില്‍ നെല്ലുകുത്തിയ തവിടോ, അറക്കപ്പൊടിയോ വിരിച്ച് അതിനുമുകളില്‍ ചാണകത്തിന്റെ ഉരുളകള്‍ അടുക്കിഅടുക്കിവെച്ച് അതിനുമുകളില്‍ ഉമികൊണ്ടുമൂടിയാണ് ചുട്ട് ഭസ്മമാക്കേണ്ടത്. ശിവരാത്രി ദിനത്തില്‍ സന്ധ്യക്കാണ് ഭസ്മമാക്കുന്നതിന് തുടങ്ങുക. നമഃശിവായ ജപിച്ചുകൊണ്ടുവേണം ഇങ്ങനെ ഭസ്മം നിര്‍മ്മിക്കേണ്ടത്. മൂന്നുനാള്‍ കഴിഞ്ഞ് കത്തിച്ച ചാണ ഉരുളകള്‍ ശുദ്ധജലത്തില്‍ കലക്കി പുതിയ തോര്‍ത്തിനാല്‍ അരിച്ച് ശുദ്ധമാക്കിയെടുത്തജലം അനക്കാതെ ഊറാന്‍ വയ്ക്കണം.


അടുത്തനാള്‍ അനക്കം കൂടാതെ തെളിവെള്ളംമാറ്റി അടിയില്‍ അവശേഷിക്കുന്ന ഭസ്മം ശുദ്ധമായ തുണിയില്‍ വെയിലില്‍ കെട്ടിത്തൂക്കിയെടുത്ത് വെള്ളം മുഴുവന്‍ വാര്‍ന്നുപോയി ഒരാള്‍ച്ചകൊണ്ട് കിട്ടുന്ന ഉണങ്ങിയഭസ്മം കൈകൊണ്ടു പൊടിച്ചെടുക്കണം. ശിവസഹസ്രനാമംചൊല്ലി കൂവളത്തിലയാല്‍ അര്‍ച്ചിച്ച് കര്‍പ്പൂരം ഉഴിഞ്ഞ് ഭസ്മം ചെപ്പിലാക്കി വച്ച് യഥേഷ്ടം ഉപയോഗിക്കാം. നനച്ചുതൊട്ടഭസ്മം തൊട്ടാല്‍ ശരീരത്തിലെ നീര്‍ക്കെട്ടുപോയി നല്ല ആരോഗ്യം ലഭിക്കും.



ശബരിമലതീർഥാടകന്റെ ഭസ്മധാരണം

ഇക്കാണായ മഹാപ്രപഞ്ച്ചത്തിന്റെ യഥാർത്ഥ സ്വരൂപത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനം സാധകന് പകർന്ന് നൽകുന്ന ഒരു വസ്തുവാണ് ഭസ്മം. എന്താണ് നമുക്ക് ചുറ്റും കാണുന്ന ഈ വലിയ ലോകത്തിന്റെ സത്യത്തിലുള്ള സ്വരൂപം.? ഈ മഹാ പ്രപഞ്ചം ശുദ്ധമായ ഊർജ്ജകണികകളുടെ വ്യത്യസ്ഥ കൂടിച്ചേരലുകളിലൂടെ രൂപപ്പെട്ട വസ്തുക്കൾ കൊണ്ട് നിർമ്മിതമായവയാണ് എന്ന വേദാന്ത സത്യം ഇന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിരിയ്ക്കുന്നു. വസ്തുനിഷ്ട യാഥാർത്ഥ്യമാണ് ഈ ലോകം എന്നും ആദിയിൽ ശൂന്യമായിരുന്ന മഹാകാശത്തിൽ [സ്പേയ്സ്] നിന്നും ഒരിച്ഛയുടെ ഫലമായി ഊർജ്ജത്തിന്റെ പരമകണങ്ങൾ [വാക്വം എനെർജി] വ്യത്യസ്ഥ ബലങ്ങളോട് കൂടി സംയോജിച്ച് വിവിധ വസ്തുക്കൾ രൂപപ്പെട്ടുവെന്നും അവ കാലത്തിന്റെ അനന്തപരിധി അവസാനിയ്ക്കുമ്പോൾ മറ്റൊരിച്ഛാനിയമമനുസരിച്ചുകൊണ്ട് വീണ്ടും വിഘടിയ്ക്കപ്പെട്ട് സൂക്ഷ്മകണങ്ങളായി മാറുമെന്നുമാണ് ഏറ്റവും പുതിയ ക്വാണ്ടം ഫിസിക്സിന്റെ കണ്ടെത്തൽ. എന്നാൽ എത്രയോ യുഗങ്ങൾക്ക് മുന്നേതന്നെ ഭാരതീയ യോഗിവര്യന്മാർ ഈ പ്രപഞ്ചസത്യത്തെ പ്രഖ്യാപിച്ചിരുന്നു. ‘ സർവ്വം ഖല്വിദം ബ്രഹ്മ’ ( എല്ലാം ബ്രഹ്മമെന്ന ഒറ്റ ശക്തിയിൽ നിന്ന് ജനിച്ചു) ‘തത്ത്വമസി‘ (അത് എന്ന് വേറിട്ട് കാണുന്നതിലും നിന്റെയുള്ളിലും കുടികൊള്ളുന്നത് ഒരേ ചൈതന്യം തന്നെ) ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി‘ ( പഠിച്ചവർ പലതെന്ന് പറയുന്നതെല്ലാം ഒരേ സത്യവസ്തു തന്നെ ) തുടങ്ങിയ വേദാന്ത മഹാവാക്യങ്ങളെല്ലാം ഈ ശാസ്ത്ര സത്യമാണ് വിളിച്ചു പറഞ്ഞത്. മാറ്റമില്ലാത്തതും അടിസ്ഥാന സത്യവുമായ ഈ പരമകണങ്ങളുടെ പ്രതീകമാണു ഭസ്മം. ഈ സത്യബോധം ഒരു സാധകനിൽ നിരന്തരമായി ഉണ്ടാകുന്നതിന് വേണ്ടിയാണ് “നമ:ശിവായ“ എന്ന പഞ്ചാക്ഷരി ജപിച്ചുകൊണ്ട് നിത്യം ഭസ്മധാരണം നടത്തണം എന്ന് മഹർഷീശ്വരന്മാർ വിധിച്ചത് . പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തിന്റെ തത്ത്വമാണ് പഞ്ചാക്ഷരിയായ “ നമ:ശിവായ “ എന്ന മന്ത്രം.



പ്രപഞ്ചത്തിലെ ഏത് വസ്തുവും ഏത് നിമിഷവും വേർപിരിഞ്ഞ് പോകാവുന്ന അവസ്ഥയിലാണുള്ളത് എന്നതാണു മാറ്റമില്ലാത്ത പ്രപഞ്ചനിയമം. ഈ അനിത്യവസ്തുക്കൾ തരുന്ന താൽക്കാലിക സുഖങ്ങൾക്ക് വേണ്ടിയുള്ള ഭ്രാന്തമായ പ്രയാണം അർത്ഥശൂന്യമാണ് എന്നും അതിനെ ത്യജിയ്ക്കുകയും സത്യ വസ്തുവിനെ സാക്ഷാ‍ത്ക്കരിച്ചുകൊണ്ട് നിത്യാനന്ദത്തിൽ ജീവിയ്ക്കുകയുമാണ് ഒരു സാധകൻ ചെയ്യേണ്ടത് എന്നുമാണ് ഭസ്മധാരണത്തിലൂടെ ഒരു സാധകനിലേയ്ക്ക് പകരപ്പെടുന്ന സന്ദേശം. അയ്യപ്പ സാധന തികച്ചും വേദാന്ത ദർശനത്തിലധിഷ്ടിതമാണ് എന്നതിനാൽ ഒരോ അയ്യപ്പ ഭക്തനും ഈ സങ്കൽ‌പ്പശക്തിയോട് കൂടി നിത്യവും ഭസ്മം ധരിച്ച് വേണം വ്രതകാലത്ത് സാധനകൾ അനുഷ്ടിയ്ക്കുവാൻ എന്നാ‍ണ് അയ്യപ്പധർമ്മം അനുശാസിയ്ക്കുന്നത്.

No comments:

Post a Comment