ഏതൊരു കർമ്മവും അതിന്റേതായ ഫലം നൽകാതിരിക്കില്ല. അത് ചിലപ്പോൾ നിങ്ങൾക്ക് അനുകൂലമാകാം, ചിലപ്പോൾ നിങ്ങൾക്ക് പ്രതികൂലമാകാം.
കർമ്മ ഫലം അനുകൂലമാണെങ്കിൽ അതിനെ സല്പ്രവർത്തി എന്നും അല്ലെങ്കിൽ ദുഷ്പ്രവർത്തി എന്നും നിങ്ങൾ പറയുന്നു.
പക്ഷേ,
ഒരു ഫലവും അവശേഷിപ്പിക്കാത്ത കർമ്മത്തിനെയാണ് പൂർണ്ണമായ കർമ്മം എന്ന് പറയുന്നത്.
സാധാരണയായി ഏതൊരു കർമ്മത്തിലും ആ കർമ്മം ചെയ്യുന്ന വ്യക്തിയും കർമ്മവും അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്ന വ്യക്തിയും ഉണ്ടാവും.
ഉദാഹരണത്തിന് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ പലതും ആവശ്യപ്പെടുന്നു. നിങ്ങൾക്ക് പ്രിയപ്പെട്ട എന്തെങ്കിലും വസ്തുക്കൾ ലഭിക്കാൻ വേണ്ടിയാകാം, അല്ലെങ്കിൽ പ്രിയപ്പെട്ട ആരുടെയെങ്കിലും അസുഖം മാറുന്നതിനു വേണ്ടിയാകാം.
ഇവിടെ പ്രാർത്ഥന ചെയ്യുന്ന നിങ്ങൾ സന്നിഹിതനാണ്, പ്രാർത്ഥന എന്ന പ്രവർത്തി അവിടെയുണ്ട്, അതിന്റെ ഫലം ഒന്നുകിൽ അനുഭവിക്കുന്ന നിങ്ങൾ അല്ലെങ്കിൽ മറ്റൊരാളും അവിടെയുണ്ട്.
അതുകൊണ്ടാാണ് പ്രവർത്തിയുടെ ഫലം, അഥവാ കർമ്മഫലം നിങ്ങളെ പിന്തുടരുന്നത്.
എപ്പോഴാണോ പൂർണ്ണമായും ഈശ്വരാർപ്പിതമായി കർമ്മം ചെയ്യാൻ കഴിയുന്നത് അപ്പോൾ മാത്രമേ നിങ്ങൾ കർമ്മ പാശത്തിൽ നിന്ന് മോചിതനായിത്തീരുന്നുള്ളൂ
ഓരോ വ്യക്തിയിലും അനന്തശക്തിയും നൈര്‍മ്മല്യവും സ്വാതന്ത്ര്യവും വീര്യവുമുണ്ട്. എന്നാല്‍ സ്വാര്‍ത്ഥതയും അതിവൈകാരികതയും കാപട്യവും ഈശ്വരീയതയെ മറച്ചിരിക്കുന്നു. അറിവിലൂടെ, ധ്യാനത്തിലൂടെ ഇവയെ മാറ്റി നമ്മിലെ പൗരുഷത്തെ, ഈശ്വരീയതയെ വിളിച്ചുണര്‍ത്തണം. ദുഷ്പ്രവൃത്തികള്‍ നാം ഉടന്‍ ചെയ്യുന്നു. നല്ല കര്‍മ്മങ്ങളെ നാളേയ്ക്കു നീട്ടി വയ്ക്കുന്നു. അതു മാറ്റണം. അതാണ് പുരുഷപ്രയത്‌നം.
ആധുനിക ജീവിതം സംഘര്‍ഷഭരിതം. സ്വസ്ഥതയും ശാന്തിയുമനുഭവിക്കാന്‍ നന്നേ പ്രയാസം. അതിനാല്‍ കോപവും ദുഃഖവും വെറുപ്പും പകയുമൊക്കെ മനസ്സില്‍ വന്നുനിറയുന്നു. ഇതില്‍നിന്ന് മോചനം നേടാനുള്ള പ്രായോഗിക വഴികള്‍ വ്യക്തമായി പറഞ്ഞുതരുന്നവര്‍ ചുരുക്കം.
സത്യത്തില്‍ നാം നമ്മുടെ ഈശ്വരീയതയെ തിരിച്ചറിയാതെ ഇരുട്ടില്‍ നടക്കുകയാണ്. ഒന്നും നേരെ മനസ്സിലാക്കാതെ കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ പകുതി പണമുണ്ടാക്കാന്‍ ചെലവഴിച്ചു. അങ്ങനെ നേടിയ പണം ഇന്നിപ്പോള്‍ ജീവിതത്തിന്റെ ബാക്കി പകുതിയില്‍ വന്നനുഭവിച്ച രോഗങ്ങള്‍ മാറ്റാന്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി നല്‍കിയ സൗഭാഗ്യങ്ങള്‍പോലും ആസ്വാദിച്ചു അനുഭവിക്കാന്‍ കഴിയാതെ വേവലാതിപ്പെടുന്നു. ഇതാണോ ജീവിത വിജയം?
ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ മറ്റാരെയൊക്കെയോ തോല്‍പ്പിച്ചാലേ കഴിയൂ എന്ന ചിന്ത വെറും വിഡ്ഢിത്തം. എല്ലാര്‍ക്കും വിജയിക്കാനുള്ളതൊക്കെ ഈശ്വരന്‍ ഇവിടെ ഒരുക്കിവച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞാല്‍ മാത്രം മതി.
ധ്യാനമെന്നത് മനസ്സിന്റെ ഉള്ളിലെ മാധുര്യം കണ്ടെത്തലാണ്. അപ്പോഴേ സമ്മര്‍ദങ്ങളും പിരിമുറുക്കങ്ങളും മാറി പുഞ്ചിരിയും ഉത്സാഹവും ഉന്മേഷവും പാരസ്പര്യവും കൂട്ടായ്മയും ഒക്കെ നിറയൂ. ഇതാണ് ആത്മീയത. അതു നേടിയാല്‍ നേടുന്നതില്‍ മാത്രമല്ല, നല്‍കുന്നതിലും സന്തോഷം വരും.
ധ്യാനിച്ചാല്‍ നമ്മിലെ സ്പന്ദങ്ങള്‍ സന്തുഷ്ടവും ആനുകൂല്യവും പ്രശാന്തവുമായി മാറും. ശുഭകരമായിത്തീരും. ധ്യാനത്തിലൂടെ ഉള്ളിലെ മാധുര്യം അറിഞ്ഞവര്‍ അതു എല്ലാവര്‍ക്കും നല്‍കാന്‍ പരിശ്രമിക്കും.
ദൈവം നമുക്ക് കൊച്ചുകൊച്ചു സന്തോഷങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പരമാനന്ദ നിര്‍വൃതി അദ്ദേഹം തന്നെ സൂക്ഷിച്ചിരിക്കുന്നു. അതു വേണമെങ്കില്‍ അദ്ദേഹത്തിലേക്കു മാത്രം എത്തിച്ചേരണം. അദ്ധ്വാനിക്കുന്നവരോടൊപ്പമേ ദൈവം ഉണ്ടാകൂ. ദൈവം പറവകള്‍ക്കെല്ലാം ഭക്ഷണം ഒരുക്കിയിട്ടുണ്ട്. പക്ഷേ ഒന്നിന്റെയും കൂട്ടില്‍ കൊണ്ടുവയ്ക്കാറില്ല.
വെല്ലുവിളികള്‍ ഏറ്റെടുക്കണം. കഷ്ടപ്പാടുകള്‍ നമ്മെ ശക്തരാക്കുകയാണ് ചെയ്യുന്നത്. ഗുരുകുല സമ്പ്രദായത്തിലും സേനാപരിശീലനങ്ങളിലും വിഷമ ഘട്ടങ്ങളിലൂടെ കടത്തിക്കൊണ്ടുപോയി. പരിശീലിപ്പിക്കാറുണ്ട്. അവ നമ്മെ കൂടുതല്‍ ശക്തരാക്കും.
No comments:
Post a Comment