*സ്വാഭാവികവും എളുപ്പവും ആഹ്ലാദവും നിറഞ്ഞ ദൈവദര്‍ശനത്തിനുള്ള വേഗതയേറിയ വഴിയാണ് ഭക്തി.*
അത് സ്വഭാവികമാണ്. കാരണം, മനുഷ്യന് അവന് ആത്മാവു നല്‍കിയ ദൈവത്തോട് ആന്തരികമായ അടുപ്പമുണ്ട്. ഈ അടുപ്പം, വേണ്ടവിധം പരിചരിച്ചാല്‍, തീക്ഷ്ണ ഭക്തിയാവുകയും അത് ദൈവ ദര്‍ശനത്തിലേക്കും ദൈവ സാക്ഷാല്‍ക്കാരത്തിലേക്കും നയിക്കുകയും ചെയ്യും.
അത് എളുപ്പമാണ്. കാരണം അതിന് കഠിനപരിശീലനമോ അച്ചടക്കമോ വേണ്ട. വിചാരിച്ചപോലെ ഭക്തന് തീക്ഷ്ണ പ്രേമം പ്രകടിപ്പിക്കാം. ആ ശീലം ഭക്തിയെ ഉല്‍ക്കടമാക്കും. അതിനാല്‍ ഭക്തി വികസിപ്പിച്ചു സ്ഥിരമാക്കാന്‍ എളുപ്പമാണ്. അത് ആഹ്ലാദകരമാണ്. കാരണം കീര്‍ത്തനം, നാമജപം, ബിംബം, ചിത്രങ്ങളുടെ കാഴ്ച, വഴിപാടുകള്‍ എന്നിവയെല്ലാം ഭക്തനില്‍ ആഹ്ലാദമുണ്ടാക്കും.
കടുത്ത ദുഃഖത്തിലും, ദൈവസ്മൃതി, അവന്റെ മഹത്വം വിളംബരം ചെയ്യുന്ന കീര്‍ത്തനങ്ങള്‍, എല്ലാം നല്ല സാന്ത്വനമേകും. ഒരു ഭക്തന്‍ ഒരിക്കലും ദൈവം തന്നോട് ദയ കാട്ടിയില്ല എന്ന് പരാതിപ്പെടില്ല.
കഷ്ടപ്പാടുണ്ടായാല്‍ ദയയില്ലാത്തതിന് ദൈവത്തെ പഴിക്കില്ല. മുജ്ജന്മകര്‍മ ഫലങ്ങളാണ് അനുഭവങ്ങള്‍ എന്നോര്‍മിച്ചും ഒരു കര്‍മ്മഭാവം പൂക്കുമ്പോള്‍ അതിന്റെ അനുഭവമുണ്ടാകും എന്നു കരുതിയും, അയാള്‍ സാന്ത്വനം കണ്ടെത്തും.
ഇത് പോലെയാണ് ജീവിതദൗത്യം പൂര്‍ത്തിയാക്കി ഒരാള്‍ വിടപറയുന്നതും. ദൈവവഴികള്‍ അജ്ഞാതങ്ങളായി തോന്നാം. എന്നാല്‍, ഹൃദയം മുഴുവന്‍ (മനസ്സില്‍ മറ്റൊന്നിനും ഇടമില്ലാതെ) വച്ച് ദൈവത്തെ സ്‌നേഹിച്ചാല്‍ കീര്‍ത്തനം ചെയ്താല്‍ അത് ആത്മാവിനെ ഇളക്കി ചലനാത്മകമാക്കും. അപ്പോള്‍ ദൈവത്തോട് പ്രേമം തോന്നി രോമാഞ്ചമുണ്ടാവുകയും, കവിളുകളിലൂടെ കണ്ണീര്‍ ധാരയായി പ്രവഹിക്കുകയും ചെയ്യും. അത് ഭക്തന് ദൈവാനുഗ്രഹത്തിന്റെ പ്രസാരണമാകും. ദൈവത്തിങ്കലേക്കുള്ള ആത്മാവിന്റെ ഉയിര്‍പ്പും കുതിപ്പും ത്വരിതമാകും. അവസാനമായി അത് ദൈവസാക്ഷാല്‍ക്കാരത്തില്‍ ദര്‍ശനത്തില്‍ എത്തും.
മറിച്ച് ധ്യാനക്രിയകള്‍ ഒഴിവാക്കാന്‍ പരിശീലനം സിദ്ധിച്ചയാളുടെ മേല്‍നോട്ടം വേണം. ദൈവ പ്രാര്‍ത്ഥനയില്‍ സാഹസികതയില്ല. ദീര്‍ഘപരിശീലനം വേണ്ട. അതിനാല്‍, ദൈവസാക്ഷാല്‍ക്കാരത്തിനും ദര്‍ശനത്തിനും എളുപ്പവഴിയാണ് ഭക്തി.
( ജസ്റ്റിസ് കെ മാധവൻ നായരുടെ 'ആത്മാവിനെ പറ്റി അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തിൽ നിന്ന്)
No comments:
Post a Comment