ഹസ്തിനപുരിയില്‍ കൗരവന്മാരെയും പാണ്ഡവന്മാരെയും ദ്രോണാചാര്യര്‍ ആയുധവിദ്യ പഠിപ്പിക്കുന്ന കാലം. അവരോടൊപ്പം അസ്ത്രവിദ്യ പഠിക്കാന്‍ കൊതിച്ച് സൂതപുത്രനായ കര്‍ണനും ദ്രോണരുടെ ശിഷ്യനായി ചേര്‍ന്നു. എല്ലാ കാര്യങ്ങളിലും കര്‍ണന്‍ അര്‍ജുനനോടൊപ്പമായിരുന്നു. അര്‍ജുനനോട് കൂടുതല്‍ വാത്സല്യമുള്ള ദ്രോണര്‍, അര്‍ജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചു കൊടുത്തു. അപ്പോള്‍ കര്‍ണന്‍ തനിക്കും ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. പക്ഷേ, ദ്രോണര്‍ പറഞ്ഞു: ''നീ ക്ഷത്രിയനല്ലല്ലോ. ക്ഷത്രിയന്മാര്‍ക്കും ബ്രാഹ്മണശ്രേഷ്ഠന്മാര്‍ക്കും മാത്രമേ ബ്രഹ്മാസ്ത്രവിദ്യ പഠിക്കാന്‍ പാടുള്ളൂ!''
നിരാശനാകാതെ കര്‍ണന്‍ ആ അത്യപൂര്‍വമായ വിദ്യ പഠിക്കാന്‍ ഒരു വഴി കണ്ടുപിടിച്ചു. മഹേന്ദ്രഗിരിയില്‍ താമസിക്കുന്ന പരശുരാമന്‍ ബ്രാഹ്മണബാലന്മാരെ ആയുധവിദ്യ ശീലിപ്പിക്കുന്നുണ്ടെന്ന് കര്‍ണന്‍ അറിഞ്ഞു. വൈകാതെ കര്‍ണന്‍ ഒരു ബ്രാഹ്മണബാലന്റെ വേഷത്തില്‍ പരശുരാമനെ ചെന്നുകണ്ടു. താന്‍ പരശുരാമന്റെ സ്വന്തം കുലമായ ഭൃഗുവംശത്തില്‍ ജനിച്ച ബ്രാഹ്മണബാലനാണെന്നും തന്നെയും അസ്ത്രാഭ്യാസം ചെയ്യിക്കണമെന്നും അപേക്ഷിച്ചു. ഒറ്റനോട്ടത്തില്‍ത്തന്നെ കര്‍ണനെ പരശുരാമന് ഇഷ്ടമായി. അദ്ദേഹം അതുവരെ മറ്റാര്‍ക്കും പറഞ്ഞുകൊടുക്കാതിരുന്ന പല വിദ്യകളും കര്‍ണനെ പഠിപ്പിച്ചു.
ഒരു ദിവസം ആശ്രമത്തിനടുത്ത് വില്ലും അമ്പുമെടുത്ത് തന്നെത്താന്‍ പരിശീലിച്ചുകൊണ്ടിരുന്ന കര്‍ണന്‍ മാനാണെന്നു കരുതി ഒരു മഹര്‍ഷിയുടെ പശുവിനെ അമ്പെയ്തു കൊന്നു! അതറിഞ്ഞ മഹര്‍ഷി കര്‍ണനെ ശപിച്ചു: ''നീ തോല്‍പിക്കാന്‍ ശ്രമിക്കുന്ന ശത്രുവിനോട് പോരിനു നില്‍ക്കുമ്പോള്‍ നിന്റെ തേര്‍ച്ചക്രങ്ങള്‍ ഭൂമിയില്‍ താണുപോവും. ആ സമയത്ത് ശത്രു നിന്നെ കൊന്നുകളയുകയും ചെയ്യും!'' കര്‍ണന്‍ ശാപമോക്ഷത്തിന് യാചിച്ചുവെങ്കിലും മഹര്‍ഷി കനിഞ്ഞില്ല.
പരശുരാമന്‍ അതൊന്നും അറിഞ്ഞില്ല. മിടുക്കനായ ശിഷ്യനോട് വാത്സല്യം തോന്നിയ അദ്ദേഹം കര്‍ണന് ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചു.
ഒരു ദിവസം ആശ്രമത്തിന്റെ ഇറയത്ത് കര്‍ണന്റെ മടിയില്‍ തലവെച്ച് പരശുരാമന്‍ കിടന്നുറങ്ങുകയായിരുന്നു. ആ സമയത്ത് ഒരു വലിയ വണ്ട് എവിടെനിന്നോ പറന്നെത്തി കര്‍ണന്റെ തുട തന്റെ കൂര്‍ത്ത കൊമ്പുകള്‍കൊണ്ട് തുളച്ചു തുടങ്ങി. സഹിക്കാന്‍ വയ്യാത്ത വേദനയുണ്ടായെങ്കിലും ഗുരുവിന്റെ ഉറക്കത്തിന് തടസ്സം വരരുതെന്നു കരുതി കര്‍ണന്‍ വേദന സഹിച്ചുകൊണ്ടിരുന്നു.
വണ്ട് തുളച്ചുതുളച്ച്കയറിയപ്പോള്‍ കര്‍ണന്റെ തുടയിലെ മുറിവില്‍ നിന്ന് ചോര ഒഴുകി പരശുരാമന്റെ ദേഹം നനഞ്ഞു. അദ്ദേഹം ഉണര്‍ന്നു. ''എന്തുപറ്റി, ഭാര്‍ഗവകുമാരാ?'', പരശുരാമന്‍ ചോദിച്ചു.
കര്‍ണന്‍ വണ്ടിനെ കാണിച്ചുകൊടുത്തു. പരശുരാമന്‍ നോക്കിയ ഉടന്‍ വണ്ട് ചത്തുവീണ് രാക്ഷസന്റെ രൂപമെടുത്തു. 'ദംശന്‍' എന്ന രാക്ഷസനായിരുന്നു അവന്‍. പണ്ട് ഭൃഗുമുനിയുടെ ഭാര്യയെ കട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച അവന്‍ മുനിശാപം മൂലം വണ്ടായിത്തീര്‍ന്നതായിരുന്നു.
ദംശന്‍പോയ ഉടന്‍ പരശുരാന്‍ കര്‍ണനോടു ചോദിച്ചു: ''യഥാര്‍ഥത്തില്‍ നീ ആരാണ്? ഇത്ര കടുത്ത വേദന സഹിക്കാനുളള കഴിവ് ബ്രാഹ്മണര്‍ക്കില്ല. ക്ഷത്രിയര്‍ക്കേ അതു സാധ്യമാവൂ. സത്യം പറയൂ!''
കര്‍ണന്‍ പരശുരാമന്റെ കാല്‍ക്കല്‍ വീണു: ''സൂതനായ അധിരഥന്റെയും രാധയുടെയും മകനായ കര്‍ണനാണ് ഞാന്‍. ബ്രഹ്മാസ്ത്രവിദ്യ അഭ്യസിക്കാനാണ് ഞാന്‍ കളവു പറഞ്ഞ് അങ്ങയുടെ ശിഷ്യനായത്. എന്നോടു ക്ഷമിക്കണം!''
പരശുരാമന്‍ കോപം സഹിക്കാനാകാതെ കര്‍ണനെ ശപിച്ചു: ''വഞ്ചകാ! നിന്റെ ശത്രുവിനോട് പോരിനു നില്‍ക്കുമ്പോള്‍ നിനക്ക് ഞാന്‍ പഠിപ്പിച്ച ആയുധവിദ്യകളൊന്നും ഓര്‍മ വരാതാകട്ടെ!''
കുറ്റബോധത്തോടെ തലകുനിച്ചിരുന്ന കര്‍ണനോട് സഹതാപം തോന്നി പരശുരാമന്‍ ഇങ്ങനെയും പറഞ്ഞു: ''നിന്നെപ്പോലെ വീരനും യോഗ്യനുമായി മാറ്റൊരു ക്ഷത്രിയനുണ്ടാവില്ലെന്ന് ഗുരുവെന്ന നിലയ്ക്ക് ഞാന്‍ അനുഗ്രഹിക്കുന്നു!''
പരശുരാമന്റെ ശാപവും അനുഗ്രഹവും വാങ്ങി സന്തോഷമില്ലാതെ കര്‍ണന്‍ ഹസ്തിനപുരിയില്‍ തിരിച്ചെത്തി. പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജുനനോട് പോരാടുന്ന നേരത്ത് മഹര്‍ഷിയുടേയും പരശുരാമന്റേയും ശാപങ്ങള്‍ ഫലിക്കുകയും ചെയ്തു
No comments:
Post a Comment