ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, March 6, 2017

തന്ത്രം അദ്ഭുതസിദ്ധികളുടെ മാന്ത്രികച്ചെപ്പ്


ഭാരതീയ തത്വസിദ്ധാന്തങ്ങളെ പ്രധാനമായി രണ്ടായി തരംതിരിച്ചിരിക്കുന്നു- നിഗമങ്ങൾ എന്നും ആഗമങ്ങൾ എന്നും. അതിൽ നിഗമങ്ങളിൽ പെടുന്നതാണു വേദങ്ങളും ഉപനിഷത്തുകളും മറ്റും.  മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം ഇഹലോക ജീവിതസുഖത്തിനായി സൃഷ്ടിക്കപ്പെട്ടവയാണു വേദങ്ങൾ.


ആഗമങ്ങളെ തന്ത്രങ്ങൾ എന്നു പറയുന്നു. ഭോഗം ച മോക്ഷം ച കരസ്ഥമേവ - അതായത് പ്രകൃതി അനുവദിക്കുന്ന ഭോഗങ്ങൾ പ്രകൃതി അനുശാസിക്കുന്ന വിധത്തിൽ അനുഭവിച്ചുകൊണ്ട് മോക്ഷം നേടണം. അതിനായി ഉള്ളതാണു തന്ത്രം. തന്ത്രം എന്നത് പ്രപഞ്ചത്തിലന്തർലീനമായിരിക്കുന്ന ചൈതന്യ പ്രതിപാദ്യമാണ്.


ജ്യോതിഷം തന്ത്രത്തിന്റെ ഭാഗമാണ്. ആഗമത്തിലെ സ്വഛന്ദ തന്ത്രത്തിൽ ജ്യോതിഷത്തെപ്പറ്റി വ്യക്തമായ വിവരണമുണ്ട്. അതിൽ ജ്യോതിഷത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു- സൗരമെന്നും ആഭ്യന്തരമെന്നും. സൗരമെന്നത് ബാഹ്യപ്രപഞ്ചത്തിലുള്ള കാലഗണനയും ഗ്രഹങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ആണ്. ആഭ്യന്തരത്തിൽ മനുഷ്യശരീരാന്തർ ഭാഗത്തുള്ള ചൈതന്യത്തിന്റെ പ്രസരവും ശരീരാന്തർഭാഗത്തുള്ള ചൈതന്യ ആധാര ചക്രങ്ങളിൽ ഗ്രഹവിന്യാസങ്ങളെപ്പറ്റിയുള്ള പഠനങ്ങളുമാണ്. ഇത് ഊർജ ചികിത്സയുമായി ബന്ധപ്പെട്ടതാണ്. ഇന്നു കാണുന്ന റേയ്കീ, പ്രാണിക് ഹീലിങ് ഇവ ഇതിന്റെ ഭാഗമാണ്.


ഈ പ്രപഞ്ചത്തിൽ അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന സൃഷ്ടി സ്ഥിതി ലയങ്ങൾ 64 കലകളിലൂടെയാണ് സംഭവിപ്പിക്കുന്നത് എന്ന് തന്ത്രശാസ്ത്രം പറയുന്നു. ഇവയിൽ ഭൂരിഭാഗവും വിന്യസിക്കപ്പെട്ടിട്ടുള്ളത് നക്ഷത്രങ്ങളിലൂടെയും ജ്യോതിർ ഗ്രഹങ്ങളിലൂടെയുമാണ്. അതുകൊണ്ടു തന്നെ ഈ പ്രപഞ്ചത്തിലുള്ള പരമാണു മുതൽ ഉള്ള സകല വസ്തുക്കളുടെയും വസ്തുതകൾ ജ്യോതിഷമെന്ന  മഹാശാസ്ത്രത്തിന് അറിയാൻ കഴിയും.


പതിറ്റാണ്ടുകൾക്ക് മുമ്പുവരെ ജ്യോതിഷം മറ്റെല്ലാ ശാസ്ത്രങ്ങളെക്കാൾ മുൻപന്തിയിൽ കരുതപ്പെട്ടിരിക്കുന്നു. പ്രജാക്ഷേമ തൽപരരായ രാജാക്കന്മാർ ജ്യോതിഷാഭിപ്രായം അറിഞ്ഞിട്ടാണ് ദൈനംദിന പ്രവർത്തനങ്ങൾ വരെ നടത്തിയിരുന്നത്. അന്നു രാജസദസ്സുകളിൽ ജ്യോതിഷിക്ക് മഹത്തായ സ്ഥാനം കൽപ്പിക്കപ്പെട്ടിരുന്നു. ഇത് വെറും അന്ധവിശ്വാസം കൊണ്ടോ വിവരദോഷം കൊണ്ടോ ഒക്കെ ആയിരുന്നു എന്ന് ചില അഭിനവ ആധുനികർ സമർത്ഥിക്കാൻ ശ്രമിക്കാറുണ്ട്. ജ്യോതിഷ പ്രവചനങ്ങൾക്ക് കൃത്യതയും വ്യക്തതയും ഇല്ലായിരുന്നു എങ്കിൽ ജ്യോതിഷനോ ജ്യോതിഷമോ കാണുകയില്ലായിരുന്നു കാരണം രാജഭരണകാലത്ത് രാജവിധിക്ക് അപ്പീലില്ലായിരുന്നുവല്ലോ.


സാധാരണ ഒരു മനുഷ്യന് അനുഭവപ്പെടുന്ന ഗ്രഹപ്പിഴ ഫലം രോഗ, ദുരിത, ദുഖങ്ങളാണ്. അവ എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു എന്നു കണ്ടെത്തി പരിഹാരം നിർദേശിക്കേണ്ട കടമയാണ് ജ്യോതിഷനുള്ളത്. ഇവയ്ക്കു താന്ത്രിക പരിഹാരങ്ങളും രോഗശാന്തിക്കായി ചികിത്സാ നിർദേശങ്ങളും ജ്യോതിഷി കണ്ടെത്തണം. ഇഹലോക ജീവിതത്തിന് അത്യാവശ്യം വേണ്ടത് ആരോഗ്യമാണ്. അതുകൊണ്ടുതന്നെയാണ് ആയുർവേദത്തിന്റെ ഉപാംഗമായി ജ്യോതിഷം പരിഗണിക്കപ്പെടുന്നതും. മുൻകാലങ്ങളിൽ വൈദ്യൻ രോഗനിർണയത്തിനും ചികിത്സകൾക്കുമായി ജ്യോതിഷം കൂടി ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ന് ആയുർവേദ പഠനം അക്കാദമിക് സമ്പ്രദായത്തിലേക്ക് മാറിയതോടെ ജ്യോതിഷത്തിന്റെ പ്രസക്തിയും ഏതാണ്ട് ഇല്ലാത്ത മട്ടാണ്. ആധുനിക രോഗനിർണയ ഉപാധികൾക്ക് കണ്ടെത്താൻ കഴിയാത്തത് വളരെ കൃത്യമായി കണ്ടെത്താൻ ജ്യോതിഷത്തിനു കഴിയും.


ശീലപ്പിഴ കൊണ്ടോ വൈകല്യം മൂലമോ അണുജന്യമോ അല്ലാതെയോ മനുഷ്യനു രോഗങ്ങൾ വരാറുണ്ട്. ഈ വകയുള്ളവയിൽ ചിലതിന്റെ രോഗകാരണങ്ങൾ ആധുനിക  രോഗനിർണയ ഉപാധികൾക്ക് കണ്ടെത്താൻ കഴിയില്ല. ബാധ, ആഭിചാരം, ദേവകോപം, സർപ്പദോഷം, പിതൃദോഷം മുതലായവ കൊണ്ടുണ്ടാകുന്ന ദുരിതങ്ങൾ അത്തരത്തിലുള്ളവയാണ്. ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ഈ വക രോഗങ്ങളെ   സൈക്കോസൊമാറ്റിക്ക് എന്നു വിധിയെഴുതി ശക്തമായ മയക്കുമരുന്ന് നൽകി മനുഷ്യന്റെ ചേതന നശിപ്പിക്കലാണ് ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നത് .  


 മനുഷ്യനു വരാൻ സാധ്യതയുള്ള മഹാരോഗങ്ങളെപ്പറ്റിയുള്ള സൂചന ജനനസമയത്തെ ഗ്രഹനിലയിൽ വളരെ കൃത്യമായിട്ടുണ്ടാകും. ശ്രദ്ധാപൂർവം വിശകലനം ചെയ്താൽ അതു മനസ്സിലാകുകയും ചെയ്യും. രോഗചിന്തനം ജ്യോതിഷത്തിലെ ഒരു പ്രധാന ബാഹ്യവിഷയമാണ്. മരണവും  മരണകാരണവും മരണകാരണ രോഗങ്ങളും  രോഗാരംഭ സമയവും ഒക്കെ വളരെ കൃത്യമായി പ്രവചിക്കാൻ ജ്യോതിഷം എന്ന മഹാശാസ്ത്രത്തിന് കഴിയും.


ജ്യോതിഷത്തിൽ ഗ്രഹങ്ങൾ ബലം അനുസരിച്ചാണ് ഫലം നൽകുന്നത് എന്നുസൂചിപ്പിക്കുന്നു. പലവിധത്തിൽ ഗ്രഹങ്ങളുടെ ബലാബലം ഗണിക്കേണ്ടതുണ്ട് . അതിൽ പ്രധാനമാണ് രശ്മി ബലം. ഇത് ഗ്രഹങ്ങളിൽ നിന്ന് പുറപ്പെടുന്ന ഊർജ രശ്മികളെ സൂചിപ്പിക്കുന്നു. ഈ ബലങ്ങളെപ്പറ്റി പഠിച്ച് ഗ്രഹങ്ങൾ പുറപ്പെടുവിപ്പിക്കുന്ന രശ്മികളെ വേർതിരിച്ച് മനസ്സിലാക്കുവാൻ കഴിഞ്ഞാൽ പ്രകൃതിക്കും മനുഷ്യനും സംഭവിക്കുന്ന പല ദുരിതങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ കഴിയും. ജ്യോതിഷത്തിന്റെ സാധ്യത വളരെ വലുതാണ്.


തന്ത്രം എന്നത് ചൈതന്യത്തെപ്പറ്റിയുള്ള പ്രതിപാദ്യമാണെന്ന് നേരത്തേ സൂചിപ്പിച്ചു. ചൈതന്യം അദൃശ്യമായ ഊർജമാണ്. വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും എന്നു വേണ്ട  പ്രകൃതിക്കും വന്നുഭവിക്കുന്ന ഏതു ദുരിതത്തെയും നിയന്ത്രിക്കാൻ തന്ത്രത്തിൽ വിധിയുണ്ട്. പണ്ടുകാലങ്ങളിൽ രാജ്യക്ഷേമത്തിനു വേണ്ടി യജ്ഞങ്ങളും നടത്തിയിരുന്നു. അത് വെറും വിശ്വാസത്തിന്റെ പേരിൽ ഉള്ള ഈശ്വരപ്രീതി മാത്രമല്ല എന്ന് വിശദമായി പഠിച്ചാൽ മനസ്സിലാക്കാം. ദേവതകൾ പ്രീതിപ്പെട്ടാലേ വൃഷ്ടിയും  സമൃദ്ധിയും  ഐശ്വര്യവും ഉണ്ടാകൂ എന്നത് വിശ്വാസവും  ശാസ്ത്രീയ ഹോമയാഗാദികളിൽ പ്രയോഗിക്കപ്പെടുന്നത് ഊർജതന്ത്രവുമാണ്. റോക്കറ്റു വിക്ഷേപണത്തിന് മുൻപു ഗണപതിഹോമം കഴിക്കുന്നത് സായിപ്പിന് വിഘ്നേശ്വരനിലുള്ള ഭയഭക്തി ബഹുമാനം കൊണ്ടാണെന്ന് വിശ്വസിക്കാൻ പറ്റുമോ. മന്ത്രങ്ങളുടെ ശബ്ദ ഊർജവും ഹോമങ്ങളിൽ സമർപ്പിക്കപ്പെടുന്ന ദ്രവ്യം കത്തുമ്പോഴുണ്ടാകുന്ന ഊർജവും സമ്മേളിക്കുമ്പോഴുണ്ടാകുന്ന വൈദ്യുതകാന്തികത ദുരിതം സംഭവിപ്പിക്കുന്ന ഊർജത്തെ നിർമ്മാർജനം ചെയ്യും എന്നുള്ളതാണ്  തന്ത്രത്തിന്റെ  ശാസ്ത്രീയ വശം. യജ്ഞങ്ങളിലും മറ്റും ഉദ്ദേശലക്ഷ്യങ്ങൾക്ക് ആവശ്യമായ ഊർജ പ്രസരണം നടത്തുന്നതിനാവശ്യമായ വസ്തുക്കളാണ് ഉപയോഗിക്കുന്നത്.


വ്യത്യസ്ത ഫലപ്രാപ്തിക്കുള്ള കർമങ്ങളിൽ മന്ത്രങ്ങളും ഉപയോഗിക്കുന്ന ദ്രവ്യങ്ങളും വ്യത്യസ്തമാണ്. അതനുസരിച്ച് മൂർത്തികൽപ്പനയും നടത്തിയിട്ടുണ്ട്. താന്ത്രിക ഗുരുവിൽ നിന്നു മന്ത്രദീക്ഷ സ്വീകരിക്കുമ്പോൾ  ഗുരു മന്ത്രങ്ങളോടൊപ്പം ചൈതന്യവും പകർന്നു നൽകുന്നുണ്ട്. അതു കൊണ്ടാണ്  ഗുരുമുഖത്തു നിന്നു ലഭിച്ചിട്ടുള്ള മന്ത്രങ്ങളുടെ പ്രയോഗത്തിനു മാത്രമേ ഫലപൂർണത ഉണ്ടാകൂ എന്നു പറയുന്നത്. ആഗമത്തിൽ ഒട്ടനവധി തന്ത്രങ്ങളെ പ്രതിപാദിക്കുന്നുണ്ട്. അതിൽ 64 തന്ത്രങ്ങൾ പ്രബലമായി പ്രചാരത്തിലുണ്ട്. നിഗൂഢമായ ഒട്ടനവധി തന്ത്രങ്ങൾ വേറേ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. പഞ്ചാമൃത തന്ത്രത്തിൽ ജരാമരണങ്ങളെ അതിജീവിക്കുവാനുള്ള വിധിയുണ്ട്. ഹിമാലയസാനുക്കളിൽ നൂറ്റാണ്ടുകൾ പ്രായമുള്ളവർ ഇന്നും ജീവിച്ചിരിപ്പുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുബ്ജികാമത തന്ത്രത്തിൽ അദ്ഭുതാവഹമായ ഫലപ്രാപ്തിയുള്ള വൈദ്യരീതി പ്രതിപാദിക്കുന്നുണ്ട്. തന്ത്രഭേദതന്ത്രം,  ഗുഹ്യതന്ത്രതന്ത്രം എന്ന തന്ത്രങ്ങളെ  വിശദമായ പഠന ഗവേഷണങ്ങൾക്ക് വിധേയമാക്കിയാൽ ഒരു പക്ഷേ അത്യന്താധുനിക രാസായുധ പ്രയോഗത്തെ നേരിടുന്നതിനുള്ള ഉപായം കണ്ടെത്താൻ കഴിഞ്ഞേക്കാം.   

No comments:

Post a Comment