ഒരു വ്യക്തിയുടെ ഏത് ആഗ്രഹവും ദൃശ്യങ്ങളുമായി കലര്‍ന്നതാണ്. ദൃശ്യങ്ങള്‍ എല്ലാം അദൃശ്യമായിക്കൊണ്ടിരിക്കുന്നു. അഥവാ അതിന്റെ യഥാര്‍ത്ഥ നിലയെ പ്രാപിച്ചുകൊണ്ടിരിക്കുന്നു.
ആഭരണത്തിന്റെ പണിത്തരം സ്വര്‍ണത്തെ മാറ്റുന്നില്ല എന്നറിയുക. വസ്തുക്കളുടെ മാറ്റത്തിന്റെ ഭാവന തന്റെ ആഗ്രഹപ്രകാരമുള്ളതായാല്‍ അത് നിറവേറി എന്ന് താല്‍ക്കാലികമായി സമാധാനിക്കാന്‍ ജീവന് കഴിയുന്നു. എന്നാല്‍ അപ്പോള്‍ മുതല്‍ ആഗ്രഹവസ്തുവിന്റെ അപക്ഷയം തുടങ്ങി എന്നു കൂടി ചിന്തിക്കാന്‍ ജീവന് കഴിയുന്നുമില്ല. ചുരുക്കത്തില്‍ ആഗ്രഹങ്ങള്‍ നിറവേറി എന്നത് ദൃശ്യങ്ങളുടെ പരിണാമാവസ്ഥയില്‍ ഏതെങ്കിലും ഒരു തലത്തില്‍ ഒരു ഘട്ടത്തില്‍ അതിനോട് യോജിച്ചു നില്‍ക്കുന്ന മനസ്സിന്റെ ഒരു നിലയാണ്.
അത് ഒരു ആഗ്രഹപൂര്‍ത്തിയായി എന്ന തോന്നല്‍ മാത്രം. ഒരാള്‍ ഒരു ജീവിതകാലം മുഴുവനും ചെയ്തുകൊണ്ടിരിക്കുന്ന കര്‍മങ്ങളെല്ലാം അവന്റെ ആഗ്രഹപൂര്‍ത്തിക്കായിട്ടാണല്ലോ . നിങ്ങള്‍ പൂര്‍ത്തിയാക്കി എന്ന് വിചാരിക്കുന്ന ഒരു കര്‍മവും അതിനോടനുബന്ധമായി ഒന്ന് തുടരാത്തതും ഒരു കര്‍മത്തില്‍ മറ്റൊരു പ്രതീക്ഷ ഇല്ലാത്തതുമായിരിക്കുകയില്ല. മറ്റൊരു കര്‍മത്തിന്റെ പ്രതീക്ഷ അഥവാ ആഗ്രഹം, നിങ്ങള്‍ പൂര്‍ത്തിയായി എന്നു വിചാരിക്കുന്ന കര്‍മത്തില്‍ത്തന്നെ ഇരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ കര്‍മം ഒരിക്കലും പൂര്‍ത്തിയാകാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
നിങ്ങളുടെ ആഗ്രഹം കര്‍മത്തിന്റെ മൂലരൂപമായി മുളച്ചുകൊണ്ടുമിരിക്കുന്നു. ആലിന്റെ ഇലകള്‍ മുളച്ചു ം കൊഴിഞ്ഞുമിരിക്കുന്നതു പോലെ നിങ്ങളുടെ ആശകള്‍ കാറ്റില്‍ ആടി നില്‍കുന്നു. താല്‍ക്കാലികമായി മാത്രം. ഇങ്ങനെ സ്വയംകൃതാനര്‍ത്ഥതയുടെ സാദ്ധ്യതകളെ സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യന്‍ മുന്നേറുന്നത്.
No comments:
Post a Comment