ഈശ്വരവിശ്വാസത്തിന്റെ രംഗത്ത് രണ്ട് പ്രധാനരീതികളാണു കാണുന്നത്. ഒന്ന് ബഹുദൈവവിശ്വാസമാണ്, മറ്റൊന്ന് ഏകദൈവവിശ്വാസവും. ബഹുദൈവവിശ്വാസം പ്രകടമാകുന്നത് ദേവീദേവമാര്‍ഗ്ഗങ്ങളിലാണ്. ദേവീദേവന്മാരില്‍ ഏറ്റവും പ്രധാനികള്‍ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും അവരുടെ പത്‌നിമാരും ആണല്ലോ. ശിവന്റെ മക്കളായ കാര്‍ത്തികേയനും ഗണപതിക്കുമുള്ള സ്ഥാനം മറക്കുന്നില്ല. ആരാധനാമൂര്‍ത്തികള്‍ വൈഷ്ണവം ശൈവം ശാക്തേയം എന്നീ സമ്പ്രദായങ്ങള്‍ക്കു കീഴിലാണെല്ലാം വരിക.
ഇവരെ ആരാധിക്കുന്ന മുഖ്യധാരാക്ഷേത്രങ്ങള്‍ പണിയാന്‍ പണമിറക്കിയിരുന്നവര്‍ രാജാക്കന്മാരും ധനികരും അവയുടെ മുഖ്യനടത്തിപ്പുകാര്‍ ബ്രാഹ്മണരുമായിരുന്നു. ഇപ്പോഴും പൂജാദികര്‍മ്മങ്ങള്‍ മുഖ്യമായും ബ്രാഹ്മണര്‍ തന്നെയാണല്ലോ ചെയ്യുന്നത്. തങ്ങളുടെ അധ്വാനം കൊണ്ടാണു ക്ഷേത്രങ്ങള്‍ ഉണ്ടായതെങ്കിലും അവ പ്രവര്‍ത്തനം തുടങ്ങിയാല്‍ പിന്നെ അവക്ക് അരികിലൂടെയുള്ള വഴികളുപയോഗിക്കാന്‍ പോലും അവകാശമില്ലാത്തവരായിരുന്നു തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ താഴ്ന്ന ജാതിക്കാര്‍.
അവരുടെ ദൈവങ്ങള്‍ എങ്ങനെയൊക്കെയുള്ളവരായിരുന്നു? ‘യക്ഷിയും പേയും അവര്‍ക്കു ദൈവം’ എന്നാണു കുമാരനാശാന്‍ പറഞ്ഞത്. ഇന്ന് ശിഷ്ടദൈവങ്ങളുടെ ക്ഷേത്രങ്ങളിലേക്ക് എല്ലാവര്‍ക്കും പ്രവേശിക്കാമെങ്കിലും നീചമൂര്‍ത്തികളെ ആരാധിക്കുന്ന ശീലം ഹിന്ദുസമൂഹത്തില്‍ നിന്ന് നിശ്ശേഷം പോയിട്ടില്ല. ആല്‍ത്തറ യക്ഷികളും മാടന്‍ നടകളും ചാത്തന്‍ സേവയും ഒക്കെ സജീവമായി നിലനില്‍ക്കുന്നുണ്ട്. ഒന്നും ഉദാത്തങ്ങളായ ആശയങ്ങള്‍ കൊണ്ട് ജീവിതത്തെ സമ്പന്നമാക്കുന്നവയല്ല.
വലിയ കുടുംബങ്ങളില്‍ പൂര്‍വികരെ അടക്കിയ സ്ഥാനങ്ങളും ആരാധനാസ്ഥാനങ്ങളായി മാറുക പതിവാണ്. തലമുറകള്‍ കഴിയുമ്പോള്‍ കുടുംബക്ഷേത്രങ്ങളായും പിന്നീട് അതതു പ്രദേശങ്ങളുടെ കാവല്‍ ദൈവങ്ങളുടെ ഇരിപ്പിടങ്ങളായും അവ പരിണമിക്കും. ശിവന്റെയോ ദേവിയുടെയോ കൃഷ്ണന്റെയോ ഒക്കെ സ്ഥാനങ്ങളായിട്ടാവും നാം അവയെ കാണുക. ഒരുപാടു കുടുംബങ്ങളില്‍ പിതൃക്കളെ കൂടാതെ പലതരം വെച്ചാരാധനകളുമുണ്ട്.
വിശ്വാസത്തിലും ദൈവാരാധനയിലും വന്നു ഭവിച്ച ഈ ഉച്ചനീചത്വത്തെ അംഗീകരിക്കുന്നവരല്ല സാരഗ്രാഹികളായ മഹാത്മാക്കള്‍. ദൈവത്തിന്റെ അംശം എല്ലാവരിലുമുണ്ട് എന്ന നിലപാടാണവര്‍ക്ക്. ആ നിലയ്ക്ക് ഏകദൈവവിശ്വാസത്തിന്റെ ദിശയിലാണ് അവര്‍ സഞ്ചരിച്ചത്. ഏറ്റവും ഹൃദ്യവും ലളിതവുമായി ഈ ആശയം കബീര്‍ പ്രകാശിപ്പിച്ചിരിക്കുന്നു:
തേരാ സായി തുഝ് മേ ഹൈ ജേ്യാം പഹുപന്‍ മേ ബാസ്
കസ്തൂരീ കാ ഹിരണ്‍ ജ്യോം ഫിര്‍ ഫിര്‍ ഢൂംഡത് ഘാസ്
(നിന്റെ ദൈവം നിന്നില്‍ തന്നെയുണ്ട് . . .പൂവില്‍ സുഗന്ധം പോലെ. കസ്തൂരിമാന്‍ തന്റെ ശരീരത്തിലെ ഗന്ധം പുല്ലില്‍ തിരയുമ്പോലെ എന്തിനു പുറത്ത് തിരയുന്നു?)
സത്തുക്കളുടെ ഈ മാര്‍ഗ്ഗം തെന്നിന്ത്യക്ക് പുറത്ത് ‘സന്ത് മത് ‘ സത്തുക്കളുടെ മതം എന്ന് അറിയപ്പെടുന്നു. (പൊതുവെ ഗുരുശിഷ്യപാരസ്പര്യമാണ് ഈ പാരമ്പര്യങ്ങളുടെ കാതല്‍ എങ്കിലും ഒരു കാര്യം ഓര്‍ക്കാനുണ്ട്. എല്ലാ ഗുരുക്കന്മാരും സത്തുക്കളാണെങ്കിലും എല്ലാ സത്തുക്കളും ഗുരുക്കന്മാരാവണമെന്നില്ല) ‘മെഡീവല്‍’ -ഏകദേശം പതിമൂന്നാം നൂറ്റാണ്ട് കാലത്ത് – ഇന്ത്യയില്‍ ഉല്‍ഭവിച്ച ഭക്തിപ്രസ്ഥാനവും അതിന്റെ തുടര്‍ച്ചകളുമാണിത്. ഈ മഹാന്മാര്‍ പലരും വടക്ക് പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഉള്ളവരായിരുന്നു. തെക്ക് കൂടുതല്‍ മറാഠികളായിരുന്നു.
അവര്‍ എഴുതാന്‍ സംസ്‌കൃതം ഉപയോഗിച്ചില്ല. അവരവരുടെ പ്രദേശത്തെ ഭാഷയില്‍ സംവദിച്ചു. സമൂഹത്തെ ഭക്തിയിലേക്കും ആ വഴിക്ക് ആശയപരവും സാംസ്‌കാരികവുമായ പാകപ്പെടലുകളിലേക്കും അവര്‍ നയിച്ചു. ആത്മവിദ്യക്ക് കളമൊരുക്കുന്ന ആത്മപരിശോധനയും നൈതികതയുമൊക്കെ സാധാരണജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞുവെന്നു വേണം കരുതാന്‍. വൈദികമായ അനുഷ്ഠാനങ്ങളിലും അവര്‍ ഏര്‍പ്പെട്ടില്ല. ആന്തരികതയുടെ ദൈവശാസ്ത്രമായിരുന്നു അവരുടേത്.
No comments:
Post a Comment