ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, March 11, 2017

വൈരാഗ്യം -


മരണഭയമുണ്ടാകുമ്പോള്‍ വൈരാഗ്യം തനിയേ ഉണ്ടായിക്കൊള്ളും. വൈരാഗ്യം കൂടാതെ ഉപദേശങ്ങള്‍ ഫലിക്കുകയില്ല. ഏഴാം ദിവസം മരിക്കുമെന്ന് പരീക്ഷിത്തിന് അറിയാമായിരുന്നു. അതുകൊണ്ട് ആദ്യദിവസം തന്നെ ശാരീരിക ചിന്തകള്‍ ഉപേക്ഷിച്ചു.


കാല്‍മണിക്കൂറോ അരമണിക്കൂറോ സമയം നാം ഇന്ന് മരിച്ചുപോകും എന്ന് ദൃഢമായി വിശ്വസിച്ചുകൊണ്ട് ധ്യാനം നടത്താനുള്ള പരിശീലനം സമ്പാദിച്ചാല്‍ തീര്‍ച്ചയായും വൈരാഗ്യം ഉണ്ടാവുകതന്നെ ചെയ്യും. ഞാന്‍ പന്ത്രണ്ട് വയസ്സ് മുതല്‍ക്കേ ഈ ഭാവന തുടങ്ങി. ഇനിയും ഈ രീതി അനുസരിക്കണമെന്നുള്ളവര്‍ക്ക് അത് പ്രായോഗികമാക്കാനുള്ള രീതി ഇവിടെ വിവരിക്കാം.

ആദ്യമായി കണ്ണടയ്ക്കണം. അവരവര്‍ കണ്ടിട്ടുള്ള കുളമോ സമുദ്രമോ ചിന്തിച്ചുകൊണ്ട് അതിന് സമീപത്തായി നാം നില്‍ക്കുന്നതായി കരുതുക. നമ്മുടെ ശരീരം അഗാധമായ ജലത്തില്‍ മുങ്ങുന്നതായി സങ്കല്‍പ്പിക്കുക. പിന്നീട് പൊങ്ങിവന്ന ശവശരീരത്തെ കരയില്‍ എടുത്തുകിടത്തുന്നു. ബന്ധുക്കള്‍, ശത്രുക്കള്‍, മിത്രങ്ങള്‍ എന്നിവരെല്ലാം അത് നോക്കിനില്‍ക്കുകയാണ്. അവരോട് പറയുക, ഇതാ നിങ്ങളുടെ ബന്ധു അഥവാ ശത്രു കിടക്കുന്നു. നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്യുക. ബന്ധുമിത്രങ്ങള്‍ പരസ്പരം നോക്കുന്നു.


ആര്‍ക്കും ഒന്നും ചെയ്യണ്ട. ആ ശവത്തോട് മമതയോ അവമതിയോ ആര്‍ക്കും തോന്നുന്നില്ല.

അതുപോലെ നിങ്ങളുടെ ബന്ധുമിത്രാദികളും അഗാധമായ ജലാശയത്തില്‍ മുങ്ങി നിര്‍ജീവരായി അവരുടെ ശരീരവും കരയ്ക്ക് കൊണ്ടുകിടത്തിയിരിക്കുന്നതായിക്കരുതണം. എന്നിട്ട് തന്നോടുതന്നെ പറയണം ഇതാ നിന്റെ പ്രതാപികളായ ബന്ധുക്കള്‍ കിടക്കുന്നു. അവരിലാരോടും നിനക്ക് മമത തോന്നുന്നില്ലേ? പിന്നീട് ഒരു വലിയ ചിതയുണ്ടാക്കി ആദ്യം സ്വന്തം ശവശരീരവും, പിന്നീട് ബന്ധുമിത്രാദികളുടെ ശവശരീരങ്ങളും ദഹിപ്പിച്ചുകളയുക. ആ ചിതയുടെ ജ്വാല സൂക്ഷിച്ചു നോക്കുക.


നിങ്ങളെ അതിലേക്ക് ആകര്‍ഷിക്കുന്ന പ്രകാശം ഒരു സാക്ഷിചൈതന്യത്തിന്റെതാണെന്ന് മനസ്സിലാകും. ഈ സാക്ഷിചൈതന്യത്തില്‍ മാതാപിതാക്കള്‍, ബന്ധുക്കള്‍, രോഗം, ജനനം, മരണം, കാമം, ക്രോധം, സുഖഃദുഖങ്ങള്‍ ഇവ യാതൊന്നുമില്ല. ഈ സാക്ഷി എങ്ങനെയുള്ളതാണ്? ആ സാക്ഷിഭാവം ബ്രഹ്മരൂപത്തില്‍ വ്യാപകമായിത്തുടങ്ങുന്നതിന് മുന്‍പ് ഈ വ്യാപകത പ്രകടമാവുകയില്ല. കഴിഞ്ഞുപോയ അനേകം ജന്മങ്ങളിലും ഈ ജന്മത്തില്‍ ഇന്നുവരെയും അനാത്മദര്‍ശനം തുടരെ നടന്നുവന്നതിനാല്‍ അതില്‍നിന്ന് മാനസികവൃത്തിയെ പിന്‍വലിക്കാന്‍ വളരെ ദൃഢത ആവശ്യമാണ്. പരീക്ഷിത്തുരാജാവിനുള്ളതുപോലെ ദൃഢതയും ജിജ്ഞാസയുമുണ്ടെങ്കില്‍ ശ്രീശുകദേവനെപ്പോലെയുള്ള ഗുരുവിനെ ലഭിക്കുകയും തദ്വാരാ ബ്രഹ്മഭാവം പ്രാപ്തമാവുകയും ചെയ്യും. ആത്മകൃപ ഉണ്ടായാല്‍ ഈശ്വരകൃപയും തദനന്തരം ഗുരുകൃപയും ഉണ്ടാകുന്നു.


സ്വാമി മാധവതീര്‍ത്ഥന്‍

No comments:

Post a Comment