മലബാറിലെ തെയ്യങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും മിക്ക തെയ്യങ്ങളും ഈ തെയ്യക്കുടുംബത്തില്‍ പുതുതായി ചേര്‍ത്തവയാണ്.
ആര്യന്മാരുടെ അധിനിവേശത്തോടെ അവര്‍ തദ്ദേശീയരുടെ സംസ്ക്കാരത്തില്‍ അടക്കം തങ്ങളുടെ ആധിപത്യം നില നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി എന്നുള്ളത് ശ്രദ്ദേയമാണ്. അതിന്റെ ഭാഗമായിട്ടായിരുന്നു മലബാറിലെ കളിയാട്ടത്തിനു പരശുരാമന്റെ അംഗീകാരം ഉണ്ടായി എന്ന വാദം കേരളോല്‍പ്പത്തിയിലൂടെ അവര്‍ അവതരിപ്പിച്ചതും വൈഷ്ണവ ദൈവങ്ങളെ തെയ്യങ്ങളില്‍ ഉള്‍പ്പെടുത്തിയതും , വിഷ്ണുമൂര്‍ത്തി (വിഷ്ണുവിന്റെ നരസിഹാവതാരം), പാലോട്ട് ദൈവം (മത്സ്യാവതാര സങ്കല്‍പ്പത്തിലുള്ളത്), ഊര്പ്പഴച്ചി, നാരദന്‍, കുട്ടിച്ചാത്തന്‍ അഥവാ കുട്ടി ശാസ്തന്‍, അങ്കക്കാരന്‍ (ലക്ഷ്മണന്‍) പപ്പൂരാന്‍ (ഹനുമാന്‍), ബാലി സങ്കല്‍പ്പത്തിലുള്ള (നെടുപാലിയന്‍ ദൈവം), സുഗ്രീവ സങ്കല്‍പ്പത്തിലുള്ള (കിഴക്കേന്‍ ദൈവം), ശ്രീരാമന്‍, സീത ഇവരുടെ സങ്കല്‍പ്പത്തിലുള്ള (മണവാളന്‍, മണവാട്ടി) തെയ്യങ്ങള്‍ ലവ കുശ സങ്കല്‍പ്പത്തിലുള്ള (ബമ്മുരിക്കനും കരിമുരിക്കനും) ഇവയൊക്കെ അങ്ങിനെ കൂട്ടി ചേര്‍ക്കപ്പെട്ട തെയ്യങ്ങളാണ്.
ആദ്യകാലം മുതലേ ദ്രാവിഡരുടെ പ്രധാന ആരാധാന ദേവതകള്‍ കൊറ്റവെ, കാളി എന്നീ തെയ്യങ്ങള്‍ ആയിരുന്നു. അമ്മ ദൈവങ്ങളെ ആരാധിക്കുന്ന രീതി ദ്രാവിഡര്‍ പിന്തുടര്‍ന്നത് കൊണ്ടാണ് ഇത്തരം കാവുകള്‍ ആദ്യകാലങ്ങളില്‍ വ്യാപകമായി ഉണ്ടായത്. എന്നാല്‍ ഇവയെ ആര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അവയെ പുനര്‍ നാമകരണം ചെയ്ത് ദുര്‍ഗയും ഭഗവതിയുമാക്കി മാറ്റി അവരെ വൈദികാരാധാനയിലേക്ക് നയിച്ചുവെങ്കിലും ഗ്രാമീണ മനസ്സുകളിലെ പാരമ്പര്യങ്ങളുടെ വേരറുക്കാന്‍ അവര്‍ക്കായില്ല. അത് കൊണ്ട് തന്നെ അകത്ത് വൈദികാരാധന നില നിന്ന അത്തരം ക്ഷേത്രങ്ങളുടെ വടക്ക് ഭാഗത്ത് ‘വടക്കേം ഭാഗം’ എന്ന പേരില്‍ കാളിക്കും പരിവാര ദേവതകള്‍ക്കും തെയ്യം കെട്ടിയാടാനും ആരാധാനര്‍ച്ചനകള്‍ നല്‍കുവാനും അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു.
കെട്ടിയാടുന്ന തെയ്യങ്ങള്‍ക്കെല്ലാം അധീശ ദേവനോ ദേവതയോ ആയി അതാത് ഗ്രാമത്തിലെ മഹാക്ഷേത്ര മൂര്‍ത്തിയെ അംഗീകരിക്കാനും ആദ്യ സ്തുതി ആ ദൈവത്തിനും പിന്നത്തെ സ്തുതി രാജ്യം വാഴുന്ന തമ്പുരാനും ആകാമെന്ന് ധാരണയായി. ഓരോ ഗ്രാമത്തിലെ തെയ്യക്കാവുകള്‍ക്കും രക്ഷാകര്‍തൃത്വം വഹിച്ചു കൊണ്ട് നില്‍ക്കുന്ന ഇത്തരം അനേകം ഗ്രാമാധീശ ദേവതമാരെക്കാണാം. ഇങ്ങിനെ അനേകം ദൈവതങ്ങള്‍ തെയ്യങ്ങള്‍ക്കും തെയ്യക്കാവുകള്‍ക്കും അധിദേവതമാരാണ്. തോറ്റം പാട്ടിലും മുഖ്യസ്ഥാനങ്ങളിലും ഈ പൂജ്യ പൂജാവിധി കാണാം.
ഇങ്ങിനെയാണ് ഓരോ ഗ്രാമത്തിലെയും മഹാക്ഷേത്രത്തിലെ അധീശ ദേവന് ‘കൂവം അളന്നു’ നല്‍കി വര്ഷം തോറും കീഴാചാരം നടത്താനും കളിയാട്ടത്തിന് മുന്നോടിയായി തെയ്യക്കാവുകളിലേക്ക് ഇതേ ക്ഷേത്രത്തില്‍ നിന്ന് ‘ദീപവും തിരിയും’ വാങ്ങി കൊണ്ട് വരുന്ന സമ്മതാനുഗ്രഹ ചടങ്ങ് നടത്താനും അലിഖിതമായ ഒരു തീരുമാനം അവര്‍ ഉണ്ടാക്കിയതും അത് പാരമ്പര്യമായി നിലവില്‍ വന്നതും. ഇതിന്റെ ഭാഗമായി ഓരോ തെയ്യത്തിന്റെയും ഐതിഹ്യ കഥയില്‍ ‘ക്ഷേത്ര ദേവന്റെ സമ്മതവും അനുഗ്രഹവും വാങ്ങിയാണ് അതതു കാവുകളില്‍ കുടികൊണ്ടതെന്ന’ കാര്യവും എടുത്ത് പറയുന്നുണ്ട്.
ഇങ്ങിനെ കീഴാളക്കാവുകളെയും തെയ്യങ്ങളെയും വൈദികാഭിമതത്തിന് കീഴിലാക്കാന്‍ ശ്രമിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ തെളിവ് സഹിതം നമ്മുടെ കണ്‍മുന്നില്‍ ഉണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഗ്രാമാധിപത്യം വഹിക്കുന്ന ഒട്ടനേകം മഹാക്ഷേത്രങ്ങള്‍ ഉള്ളതില്‍ പ്രധാനപ്പെട്ടവയാണ് താഴെപ്പറയുന്നവ. തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം, മാടായി തിരുവര്‍ക്കാടു ഭഗവതി ക്ഷേത്രം, പയ്യന്നൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രം, ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം, തൃക്കരിപ്പൂര്‍ ചക്രപാണിക്ഷേത്രം, മന്നന്‍പുറത്ത് ഭഗവതി ക്ഷേത്രം, മടിയന്‍ കൂലോം ക്ഷേത്രം, തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രം........ മുതലായവ.
തളിപ്പറമ്പ രാജ രാജേശ്വര ക്ഷേത്രം: പഴയ കോലത്ത് നാട്ടിലെ തെയ്യങ്ങളെല്ലാം സ്തുതിച്ചു പാടുന്ന ‘ബന്ത്രുകോലപ്പന്‍’ പള്ളികൊള്ളുന്ന മഹാക്ഷേത്രമാണ് ഈ ശിവ സങ്കേതം. പതിനാറാം നൂറ്റാണ്ടിനു മുമ്പ് മുതലേ ഈ ക്ഷേത്രം പെരിഞ്ചെല്ലൂര്‍ എന്നറിയപ്പെടുന്ന തളിപ്പറമ്പില്‍ നിലവില്‍ വന്നിരുന്നു. സൂര്യവംശജനായ മാന്ധാതാവും അദ്ദേഹത്തിന്റെ പുത്രനായ മുചുകുന്ദനുമാണ് ഇവിടെ ശിവ പ്രതിഷ്ഠ നടത്തിയതെന്നും മൂഷികവംശ രാജാവായ സൂത സോമന്‍ അഥവാ ശതസോമന്‍ ആണ് ക്ഷേത്രം ഇന്ന് കാണുന്ന വിധത്തിലുള്ള ഒരു മഹാക്ഷേത്രമായി രൂപാന്തരപ്പെടുത്തിയതെന്നും പറയപ്പെടുന്നു.
ശിവശക്തി ചൈതന്യം ദിനവും അനുഭവപ്പെടുന്ന തളിപ്പറമ്പത്തപ്പനെ അടുത്തും അകലത്തുമായുള്ള തെയ്യക്കാവുകള്‍ രക്ഷാകര്‍തൃസ്ഥാനം നല്‍കിയാണ് ആരാധിക്കുന്നത്. കാവുകളില്‍ നിന്ന് കൂവമളവും നിവേദ്യം അര്‍പ്പണവും ദീപവും തിരിയും കയ്യേല്‍ക്കലും മുറക്ക് നടന്നു വരുന്നു. മുച്ചിലോട്ട് ഭഗവതിയുടെ പുരാവൃത്തത്തില്‍ തളിപ്പറമ്പ ക്ഷേത്രത്തിനു മുഖ്യസ്ഥാനമുണ്ട്. ബ്രാഹ്മണ പുരോഹിതന്മാരുടെ പുണ്യഭൂമിയായ തളിപ്പറമ്പ നമ്പൂതിരിമാരെ തെയ്യങ്ങള്‍ ബഹുമാനപുരസ്സരം എന്റെ പെരിഞ്ചല്ലൂര്‍ തന്ത്രി എന്നാണു വിളിക്കുന്നത്. വിഷ്ണുമൂര്‍ത്തി തെയ്യം കലശം തുടങ്ങും മുമ്പേ ‘എന്റെ ബന്ത്രുകൊലപ്പാ’ എന്ന് തളിപ്പറമ്പത്തപ്പനെ അഭിവാദ്യം ചെയ്യാറുണ്ട്.
മാടായി തിരുവര്‍ക്കാട് ക്ഷേത്രം: തെയ്യാട്ട ഭൂമികയില്‍ മുഖ്യസ്ഥാനമലങ്കരിക്കുന്ന മറ്റൊരു ദേവതാലയമാണ് മാടായി തിരുവര്‍ക്കാടു ഭഗവതി ക്ഷേത്രം. കോലത്തിരി രാജാവിന്റെ കുലദേവതയാണ് മാടായിക്കാവിലമ്മ എന്ന് കൂടി പേരുള്ള തായിപ്പരദേവത. ദാരികാന്തകിയായ മഹാകാളിയാണ് ഉഗ്രസ്വരൂപിണിയായ ഈ ദേവി. ‘നൂലിട്ടാല്‍ നിലയില്ലാത്തൊരു സമുദ്രം മൂന്നേ മുക്കാല്‍ നാഴിക കൊണ്ട് വ്ളാകി മാടാക്കി’ മാറ്റിയിട്ടാണത്രെ ഭഗവതി മാടായി നാട് സൃഷ്ടിച്ചത്. ‘മാരാഹി’ എന്നായിരുന്നു ഈ സ്ഥലത്തെ ആദ്യം വിളിച്ചു വന്നിരുന്നത്.
ഈ മഹാ ദേവത ചെന്ന് ചേര്‍ന്ന ഗ്രാമങ്ങളിലൊക്കെ ആ ഗ്രാമപ്പേരോടു കൂടിയ ദേവതയായി ഇവരെ കെട്ടിയാടിക്കുന്നുണ്ട്. ഏതാണ്ട് എഴുപതിലേറെ പേരുകളില്‍ അറിയപ്പെടുന്ന ഭഗവതിയാണ് നീളമുടിയുള്ള ഈ അമ്മ ഭഗവതി. മാടായി നാട്ടിലും പരിസര പ്രദേശങ്ങളിലുമുള്ള കാവുകളിലേക്കെല്ലാം തെയ്യാട്ടം തുടങ്ങും മുമ്പ് ഈ ക്ഷേത്രത്തില്‍ നിന്നാണ് ദീപവും തിരിയും കൊണ്ട് പോകുന്നത്. പണ്ട് കാലത്ത് മഹാകാളിക്ക് ശത്രുവിനാശ പ്രാര്‍ഥനയായി ആടിനെ അറുത്ത് കരിങ്കലശംനടത്തിയിരുന്നു ഈ മഹാ ക്ഷേത്രത്തില്‍. പയ്യന്നൂര്‍ തെരുവില്‍ അഷ്ടമിച്ചാല്‍ ഭഗവതിയായും പെരിയാട്ട് കടിഞ്ഞിപ്പള്ളി നമ്പ്യാര്‍ക്കൊപ്പം പോയി വെള്ളൂര്‍ ചാമക്കാവിലമ്മയായതും ഇതേ ദേവി തന്നെ.
പയ്യന്നൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രം: കൊല്ലവര്‍ഷം ഒമ്പതാം നൂറ്റാണ്ടില്‍ ആണ് ഈ ക്ഷേത്രം ഉണ്ടായത്. കേരളമാഹാത്മ്യത്തില്‍ ഭാര്‍ഗ്ഗവ രാമനാണ് ഈ ക്ഷേത്രം പ്രതിഷ്ഠിച്ചതെന്നു പറയുന്നുണ്ട്. പയ്യന്നൂരും പരിസരങ്ങളിലുമുള്ള കാവുകളിലും തൃക്കരിപ്പൂര്‍ മാടത്തിന്‍ കീഴ് വൈരജാത ക്ഷേത്രത്തിലും മാത്തിലിനടുത്ത ആലപ്പടമ്പിലെ തെയ്യോട്ടു കാവിലും തെയ്യാട്ടം തുടങ്ങാനുള്ള ദീപവും തിരിയും ഈ ക്ഷേത്രത്തില്‍ നിന്നാണ് കൊണ്ട് പോകുന്നത്.
തെയ്യം കലയുടെ ആധാര ശിലയായ തോറ്റം പാട്ടുകളില്‍ കടന്നു വരുന്ന ഒട്ടേറെ ദൈവങ്ങളിലും ഉപദൈവങ്ങളിലും ഒട്ടുമുക്കാലും സ്ത്രീ ദേവതകളാണ്. അമ്മ ദൈവങ്ങള്‍, രോഗ ദേവതകള്‍, നായാട്ടു ദേവതകള്‍, മരക്കല ദേവതകള്‍, ഗ്രാമ ദേവതകള്‍, മന്ത്ര മൂര്‍ത്തികള്‍, മൃഗ ദേവതകള്‍, പരേതരായ വീരര്‍, ഇതിഹാസ കഥാപാത്രങ്ങള്‍, പൂര്‍വികര്‍, ഉര്‍വര ദേവതകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ഇവയെ ഉള്‍പ്പെടുത്താവുന്നതാണ്.
ഓരോ ഗ്രാമത്തിനും മാതൃസ്ഥാനത്ത് ഒരു ദേവത കാണും. ഇത്തരം ഗ്രാമദേവതകള്‍, പര ദേവതകള്‍ പോതി, ഭഗവതി, അച്ചി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. തായിപ്പര ദേവതയുമായി ഇത്തരം പരദേവതകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധം കാണും. കോല സ്വരൂപത്തിന്റെ തായ് പ്പരദേവത മാടായിക്കാവിലെ തിരുവര്‍ക്കാട്ട് ഭഗവതിയാണ്. ദാരികാന്തകയായ കാളിയാണ് ഈ ദേവത.
പണ്ട് കാലത്ത് ആളുകള്‍ വല്ലാതെ ഭയപ്പെട്ടിരുന്ന രോഗങ്ങളായിരുന്നു വസൂരി, കുരിപ്പ്. അക്കാലത്ത് ഇവയെ ഒരു കാരണവശാലും കീഴ് പ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ ഇത്തരം രോഗങ്ങളെ ദൈവകോപമായി പരിഗണിക്കുകയും ഈ രോഗങ്ങളുമായി ബന്ധപ്പെടുത്തി പറയുന്ന ദേവതകള്‍ രോഗശാന്തി നല്‍കുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. “രോഗവും നീയേ, ശമനവും നീയേ”
ഇതില്‍ ഏറ്റവും പേര് കേട്ടത് രോഗം വിതക്കുന്ന കുറുമ്പ യെന്ന പേരില്‍ അറിയപ്പെടുന്ന ശ്രീ ചീറുമ്പയാണ്. ചീറുമ്പയുടെ സങ്കല്‍പ്പത്തിലുള്ള വെളിച്ചപ്പാടുകള്‍ തിരുവായുധം കയ്യേറ്റി നില്‍ക്കുമ്പോള്‍ പ്രസാദമായി നല്‍കുന്നത് കുരുമുളകും മഞ്ഞളുമാണ്. രോഗ നിവാരണത്തിനു ഇത് ഉതകും എന്ന് വിശ്വസിക്കാവുന്നതാണ്. 'പുതിയ ഭഗവതി' രോഗങ്ങളെ അകറ്റുന്ന രോഗ ദേവതയാണ്. ചീറുമ്പ ഭഗവതി വിതച്ച രോഗങ്ങളെ തട്ടിയകറ്റുന്നത് പുതിയ ഭഗവതിയാണ്.
ഓരോ ജാതിക്കാരെയും തെയ്യങ്ങളിലൂടെ തന്നെ ആര്യവല്‍ക്കരിക്കുന്ന വിചിത്രമായ രീതിയും അവര്‍ തുടര്‍ന്നു. അതിന്നായി മിത്തുകളും കഥകളും ഉണ്ടാക്കി അവര്‍ പുതിയ തെയ്യങ്ങളെ സൃഷ്ടിച്ചു. പില്‍ക്കാലത്ത് അത്തരം തെയ്യങ്ങള്‍ അതാത് സമുദായത്തിന്റെ പ്രധാനപ്പെട്ട തെയ്യങ്ങളായി മാറുന്ന കാഴ്ചയാണ് കണ്ടത്. നാടന്‍ മദ്യം (കള്ളും ചാരായവും) കഴിച്ചിരുന്ന തെയ്യക്കോലങ്ങള്‍ ഇന്ന് കഴിക്കുന്നത് വിദേശ മദ്യമാണ്. പനങ്കള്ള് കഴിച്ചിരുന്ന കഥയാണ് തെയ്യത്തിന്റെ മിത്തില്‍ (തോറ്റം പാട്ടുകളില്‍ )പലപ്പോഴും പറയുന്നതെങ്കിലും അവര്‍ക്ക് നിവേദ്യമായി തെങ്ങിന്‍ കള്ളും ചാരായവും ആയിരുന്നു നല്‍കിയിരുന്നത്. അതില്‍ നിന്നും മാറി അവര്‍ ഇപ്പോള്‍ വിദേശ മദ്യം ഉപയോഗിച്ച് തുടങ്ങി. ഇങ്ങിനെ കാലാനുസൃതമായ മാറ്റങ്ങള്‍ തെയ്യങ്ങളില്‍ ഉണ്ടാകുന്നുണ്ട്.
സോമരസം, മധു എന്നൊക്കെ വേദങ്ങളിലും പുരാണങ്ങളിലും പറഞ്ഞിട്ടുള്ള ഈ മദ്യം കഴിക്കാത്ത തെയ്യങ്ങള്‍ കുറവായിരുന്നു. അത് പോലെ തന്നെ നായാടി പിടിച്ച വിവിധയിനം മൃഗങ്ങളുടെ മാംസങ്ങള്‍, കോഴി, ഇവയുടെയൊക്കെ ചോര അടക്കം കുടിക്കുന്നവരായിരുന്നു ഗോത്രവര്‍ഗ്ഗക്കാരായ നമ്മുടെ പഴയ തലമുറയുടെ ദൈവങ്ങളായ ഈ തെയ്യങ്ങള്‍. ഇത്തരം ആചാരങ്ങളിലൊക്കെ വിത്യാസം വന്നത് നിയമം മൂലമുള്ള ഇത്തരം ജന്തു ഹിംസ നിര്‍ത്തലാക്കിയതിനു ശേഷമാണ്. അങ്ങിനെ നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ട് തന്നെയാണ് നമ്മള്‍ ഈ ആചാരങ്ങള്‍ അനുഷ്ടിക്കുന്നത്.
എന്നാല്‍ ഇതോടൊപ്പം തദ്ദേശീയരായ ദ്രാവിഡരുടെ പിന്മുറക്കാര്‍ തങ്ങളുടെ പൂര്‍വികരായ കാരണവരെയും, വീര യോദ്ധാക്കളെയും മറ്റും പില്‍ക്കാലത്ത് കൂട്ടി ചേര്‍ക്കുകയുണ്ടായി. അങ്ങിനെയുള്ള തെയ്യക്കോലങ്ങളാണ് കതിവന്നൂര്‍ വീരന്‍ എന്ന മന്ദപ്പന്‍, കടാങ്കോട്ട് മാക്കം (മാക്കപോതി), തുടങ്ങിയവ. മാപ്പിള തെയ്യങ്ങളായ ആര്യപൂങ്കന്നി, ബപ്പൂരാന്‍, ആലി തെയ്യം, മുക്രി പോക്കര്‍ തെയ്യം, മാപ്പിള ചാമുണ്ഡി, ഉമ്മച്ചി തെയ്യം ഇവയൊക്കെ അത് പോലെ പിന്നീട് കൂട്ടി ചേര്‍ക്കപ്പെട്ട മറ്റ് തെയ്യങ്ങളാണ്.
കാവുകള്‍, കോട്ടങ്ങള്‍ എന്നൊക്കെ പറയുന്നത് പലര്‍ക്കും ഇപ്പോള്‍ ഒരു കുറച്ചില്‍ ആയി തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം ദേവസ്ഥാനങ്ങള്‍ ഒക്കെ ഇപ്പോള്‍ ക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ അമ്പലം എന്നൊക്കെ പേരിട്ടു വിളിക്കല്‍ വ്യാപകമായിട്ടുണ്ട്. തറവാട്ട് ക്ഷേത്രങ്ങള്‍ എന്നൊക്കെയാണ് അഭിമാനത്തോടെ ഇപ്പോള്‍ പറയുന്നത്. ഇങ്ങിനെ നിരവധി മാറ്റങ്ങള്‍ ഈ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
കാവുകളില്‍ മിക്കതും ഭഗവതി കാവുകളാണ്. ഒറവങ്കര കാവ്, കരക്കീല്‍ കാവ്, കാപ്പാട്ട് കാവ്, കുട്ടിക്കര കാവ്, പാറമേല്‍ കാവ്, പ്രമാഞ്ചേരി കാവ്, വല്ലാക്കുളങ്ങര കാവ്, കക്കര കാവ്, പൂമാല കാവ്, കണ്ണങ്ങാട്ട് കാവ്, മുച്ചിലോട്ട് കാവ്, തിരുവര്‍കാട്ടു കാവ് എന്നിങ്ങനെ മുഖ്യ ദേവതകളുടെ പേരുകളിലാണ് ഈ കാവുകള്‍ പലതും അറിയപ്പെടുന്നത്.
മുണ്ട്യ കാവ്, ഊര്പ്പഴച്ചി കാവ്, പാലോട്ട് കാവ് എന്നിങ്ങനെ പുരുഷ ദൈവങ്ങള്‍ക്ക് പ്രാമുഖ്യമുള്ള കാവുകളും ഉണ്ട്.
ഓരോ കാവിലും മുഖ്യദേവതക്ക് പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടാവും. ഒറ്റപ്പെട്ട കാവുകള്‍ ആണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകള്‍ വിവിധ ഗ്രാമങ്ങളില്‍ ഉണ്ടാവും. ചില മുച്ചിലോട്ട് കാവുകളില്‍ മുഖ്യ ദേവതക്ക് പുറമേ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, പുലി കണ്ടന്‍ തുടങ്ങിയ ദേവതകളും ഉണ്ടാകും. കരിവെള്ളൂരാണ് ആദിമുച്ചിലോട്ടു കാവ്.
ആരിയ പൂമാല ഭഗവതിയുടെ ആരാധാനാലയമാണ് പൂമാല കാവുകള്‍. ഈ കാവുകളില്‍ മറ്റനേകം ദേവതകളെ കൂടി ആരാധിക്കുനുണ്ട്.
മുണ്ട്യ കാവുകള്‍: പഴയ നായാട്ടു സങ്കേതങ്ങള്‍ കൂടി ആയ തെയ്യാട്ടം നടത്തുന്ന കാവുകളാണ് മുണ്ട്യകള്‍. വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വയനാട്ടുകുലവന്‍ എന്നിവയാണ് ഇവിടങ്ങളില്‍ സാധാരണയായി ആരാധിക്കപ്പെടുന്നത്. ചീമേനി, ഒളോറ, പടന്ന, കൊഴുമ്മല്‍, കൊയോന്‍കര, നടക്കാവ്, പുലിയന്നൂര്‍, കുലേരി തുടങ്ങിയ സ്ഥലങ്ങളിലാണ് മുണ്ട്യകാവുകള്‍ ഉള്ളത്.
കഴകം: ഓരോ കഴകത്തിന്റെ കീഴിലും അനേകം കാവുകളും സ്ഥാനങ്ങളും കാണും. കഴകങ്ങളില്‍ ഭഗവതിക്ക് മുഖ്യസ്ഥാനമുണ്ട്. മറ്റനേകം ദേവതമാരും ഇവിടെ ആരാധിക്കപ്പെടുന്നുണ്ട്.
കോട്ടം: ഗ്രാമക്കൂട്ടമായ കഴകത്തെ കോട്ടം എന്നും പറയാറുണ്ട് ചിലയിടങ്ങളില്‍. ഭഗവതി കോട്ടം, ചാമുണ്ഡി കോട്ടം, വൈരജാതന്‍ കോട്ടം, പൊട്ടന്‍ ദൈവത്തിന്റെ കോട്ടം, വേട്ടയ്ക്കൊരുമകന്‍ കോട്ടം ഇവിടങ്ങളിലൊക്കെ തെയ്യാട്ടം പതിവാണ്.
കൂലോം (കോവിലകം): തെയ്യാട്ട സ്ഥാനങ്ങളായ ആരാധാനാലായങ്ങളെ കോവിലകങ്ങള്‍ (കൂലോം) എന്ന് പറയും. ഇത്തരം കോവിലകങ്ങള്‍ ചില പ്രത്യേക ദേവതകളുടെ ആരാധാനാലയങ്ങളാണ്. അതിന്റെ പിന്നില്‍ ചില പുരാസങ്കല്പ്പങ്ങളുണ്ട് എന്ന് പറയപ്പെടുന്നു. മടിയന്‍ കൂലോം, ഉദിയന്നൂര്‍ കൂലോം, പെരട്ടു കൂലോം, വടക്കുമ്പാട് കൂലോം, കീഴറ കൂലോം എന്നിവ ഇതില്‍ പ്രശസ്തമാണ്.
മടപ്പുര: മുത്തപ്പന്‍ തെയ്യത്തിന്റെ സ്ഥാനമാണ് മടപ്പുര.
കാവുകളും കോട്ടങ്ങളും സ്ഥിതി ചെയ്യുന്നത് വിശുദ്ധമായ വനങ്ങള്‍ക്കിടയിലാണ്. ഇവിടെ നായാടുന്നതും മരം മുറിക്കുന്നതും ഒക്കെ നിഷിദ്ധമാണ്. പലപ്പോഴും സര്‍പ്പകാവുകളും ഇതിന്റെ കൂടെയുണ്ടാകാറുണ്ട്. എന്നാല്‍ ഇതില്‍ കോട്ടങ്ങള്‍ ഇതിനൊരപവാദമായി വീട്ടു വളപ്പിലും (തറവാടുകളിലും) കണ്ടു വരുന്നുണ്ട്. സര്‍ക്കാര്‍ എന്നാല്‍ കാവുകള്‍ ഉള്‍പ്പെടുന്ന വിശുദ്ധ വനമേഖലയെ ഒരു സംരക്ഷിത മേഖലയായി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ പല സ്ഥലത്തും ഇത് ആളുകള് കയ്യേറുകയും അന്യാധീനപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങിനെ അവിടങ്ങളിലെ ആവാസ വ്യവസ്ഥ തകരുന്നതിന് ഇതിനു ഇടയാവുന്നുണ്ട്. പരിസ്ഥിതി വാദികള്‍ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി ഇവ സംരക്ഷിക്കാനായി ഇപ്പോള്‍ രംഗത്ത് വരുന്നുണ്ട്.
തെയ്യങ്ങള്‍ മഹാക്ഷേത്രത്തിലെ ദേവന്മാരെ പോലെ ഒരേ കോവിലില്‍ തന്നെ നിരന്തരം കുടിക്കൊള്ളുന്നില്ല. മറിച്ച് തെയ്യങ്ങള്‍ മായിക പ്രപഞ്ചത്തിലെങ്ങും നിറഞ്ഞു നില്ക്കുകയാണെന്നാണ് സങ്കല്പം. അത് കൊണ്ടാണ് കോലക്കാരന്‍ വേഷമണിഞ്ഞു കാവിന്‍ മുറ്റത്ത് തൊഴുത് നിന്ന് “വരിക വരിക ദൈവമേ” എന്ന് തോറ്റം പാടുന്നത്. ഈ വരവിളി കേട്ടാണത്രെ തെയ്യം പള്ളിയറയിലെ പാമാടപ്പലമേല്‍ വന്നിരുന്ന് ആയുധ ദീപാദികളിലൂടെ കോലക്കാരനിലേക്ക് ആവേശിക്കുന്നതു. ചമയങ്ങള്‍ പൂര്‍ത്തിയായാല്‍ കോലക്കാരന്‍ തന്റെ രൂപം കണ്ണാടിയില്‍ നോക്കുകയും അതോടെ ആ രൂപം അയാളിലേക്ക് ആവേശിക്കുകയുമായി.
പാലും പഴവും വരേണ്യ വിഭാഗം ദേവന് നിവേദ്യമായി നല്‍കുമ്പോള്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട ആളുകൾ തങ്ങളുടെ കാര്‍ഷിക വിളകള്‍ (ഫലങ്ങള്‍) ആയിരിക്കും ദേവന് സമര്‍പ്പിക്കുക അത് പോലെ തന്നെ നായാടി ജീവിച്ചിരുന്ന സമയത്ത് മത്സ്യ മാംസാദികളും. ഇന്നും ആ പാരമ്പര്യം അവര്‍ തുടരുന്നു. ക്ഷേത്രങ്ങളില്‍ കൂത്തും കൂടിയാട്ടവും, കഥകളിയും അരങ്ങേറുമ്പോള്‍ കാവുകളിലും കോട്ടങ്ങളിലും അതിനു താഴെയും തെയ്യക്കോലങ്ങള്‍ അരങ്ങു വാഴുന്നു. തീയ്യില്‍ ചാടികൊണ്ടുള്ള ദൈവങ്ങള്‍ ഇവിടെ നിരവധിയാണ്. ഇവ തീ തെയ്യങ്ങള്‍ എന്ന പേരിലും അറിയപ്പെടുന്നു. ക്ഷേത്രങ്ങളില്‍ പഞ്ചവാദ്യം ഉപയോഗിക്കുമ്പോള്‍ ഇവിടെ ചെണ്ടയും മറ്റും ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളില്‍ ചെണ്ട കൊട്ടാനുള്ള അവകാശം മാരാര്‍മാര്‍ക്കാണങ്കില്‍ കാവുകളിലും കോട്ടങ്ങളിലും മറ്റും അത് മലയരാണ് ചെയ്യുന്നത്. ഇങ്ങിനെ അനുഷ്ഠാനത്തില്‍, ചടങ്ങുകളില്‍ അന്നെന്നപോലെ ഇന്നും വളരെ വ്യക്തമായ വിത്യാസങ്ങള്‍ നില നിന്ന് പോകുന്നു.
ഭഗവതി തെയ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കെട്ടിയാടിക്കപ്പെടുന്ന തെയ്യങ്ങള്‍ ശിവനുമായി ബന്ധപ്പെട്ടവയാണ്. ശിവന്റെ ഭൂത ഗണങ്ങള്‍, പുത്രന്മാര്‍, പുത്രിമാര്‍, അതുമല്ലെങ്കില്‍ ശിവന്‍, ശിവന്റെ ഭാര്യ പാര്‍വതി എന്നിവരാണവ. എണ്ണത്തില്‍ കൂടുതല്‍ ഉള്ള ഈ തെയ്യങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കെട്ടിയാടുന്നത് പൂര്‍വ്വികരുടെയും, ഗുരുക്കന്മാരുടെയും തെയ്യങ്ങളാണ്. ഒപ്പം നാഗങ്ങള്‍, ഭൂതങ്ങള്‍, യക്ഷ ഗന്ധര്‍വന്‍മാര്‍ എന്നിവരും തെയ്യങ്ങളായി വരുന്നു. ഇതോടൊപ്പം വിഷ്ണുവിനും ദേവിക്കും ഒക്കെ തെയ്യക്കോലങ്ങള്‍ ഉണ്ട്. തെയ്യങ്ങള്‍ അഞ്ഞൂറിനടുത്ത് വരുമെങ്കിലും ഇവയില്‍ കെട്ടിയാടപ്പെടുന്നത് പ്രധാനമായും നൂറ്റമ്പതിനടുത്തെ വരൂ എന്ന് പറയപ്പെടുന്നു.
ഒരു ക്ഷേത്രത്തിലെ തെയ്യത്തിന്റെ തീയതി നിശ്ചയിച്ച ശേഷം പ്രധാന തെയ്യം കെട്ടുന്ന കോലക്കാരനെ നിശ്ചയിക്കുന്ന ചടങ്ങാണ് ആദ്യം ഇതിനു അടയാളം കൊടുക്കല്‍ എന്ന് പറയും. ആ പ്രദേശത്ത് തെയ്യം കെട്ടാന്‍ അവകാശം ഉള്ള ആള്‍ (ജന്മാരി) ക്ക് ദേവതാസ്ഥാനത്തിനു മുന്നില്‍ വെച്ച് വെറ്റില, പഴുക്ക, നെല്ല്, പണം എന്നിവ നല്‍കി ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേര് പറഞ്ഞെല്പ്പിക്കുന്ന ചടങ്ങാണിത്. തെയ്യം നടക്കുന്നതിനു മുന്‍പുള്ള സംക്രമ ദിവസമാണ് ഇത് സാധാരണ നടത്താറുള്ളത്.
പെരുങ്കളിയാട്ടം നടക്കുന്ന കാവുകളില്‍ തെയ്യം കെട്ടാന്‍ അനുയോജ്യനായ ആളെ കണ്ടെത്തുന്ന ചടങ്ങിനെ വരച്ചു വെക്കല്‍ എന്ന് പറയുന്നു. ചില തെയ്യങ്ങള്‍ക്ക് തെയ്യം കെട്ടുന്നതിനു മുമ്പേ വെക്കുന്ന തൊപ്പി (തലപ്പാള) ജന്മാവകാശമായി കിട്ടുന്നതാണ്. അത് അവകാശികള്‍ക്ക് മാത്രമേ കൈമാറാന്‍ പാടുള്ളൂ എന്നാണു. കാരണം തലപ്പാള കൈമാറിക്കഴിഞ്ഞാല്‍ അത് ലഭിച്ച ആള്‍ക്കായിരിക്കും പിന്നീട് പാരമ്പര്യമായി ആ തെയ്യം കെട്ടാനുള്ള അവകാശം ലഭിക്കുക.
വ്രതങ്ങള്‍
ചില തെയ്യങ്ങളുടെ കോലം അണിയാന്‍ കോലക്കാരന്‍ വ്രതം എടുക്കേണ്ടതുണ്ട്. മിക്കവാറും തെയ്യങ്ങള്‍ക്ക് ഇത്തരം വ്രതങ്ങള്‍ ഉണ്ട് താനും. ഓരോ തെയ്യത്തിന്റെയും പ്രത്യേകത അനുസരിച്ച് വൃതത്തിന്റെ രീതികളിലും മാറ്റങ്ങള്‍ ഉണ്ടാകും. വ്രതമെടുക്കേണ്ട കോലങ്ങളാണെങ്കില്‍ അടയാളം കൊടുക്കലോടു കൂടി തന്നെ അത് ആരംഭിക്കും. സ്ഥാനികരും കോമരങ്ങളും കോലക്കാരനുമെല്ലാം വ്രത ശുദ്ധിയോടെ യിരിക്കണം. തെയ്യങ്ങള്‍ക്ക് മുന്നേ അനുഷ്ടിക്കേണ്ട വ്രതം മൂന്നു ദിവസം, അഞ്ച് ദിവസം, ഏഴു ദിവസം എന്നിങ്ങനെയാണ്. ഇതോ ഓരോ തെയ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒറ്റക്കോലം തുടങ്ങിയ തീക്കോല തെയ്യങ്ങള്‍ക്ക് ഇരുപത്തി ഒന്ന് ദിവസം വരെ വ്രതം ഉണ്ട്. വ്രതം അനുഷ്ടിക്കുന്ന സമയത്ത് ഒരു പ്രത്യേക കച്ചി പുരയില്‍ താമസിച്ചു കൊണ്ട് മത്സ്യ മാംസാദികള്‍ വെടിഞ്ഞ് ശുദ്ധമായ ഭക്ഷണം കഴിക്കണം. മദ്യപിക്കുന്ന തെയ്യമാണെങ്കില്‍ പോലും തെയ്യാട്ടത്തിന്റെ ഭാഗമായേ മദ്യം കഴിക്കാവൂ. മുച്ചിലോട്ട് കാവുകളില്‍ ആണെങ്കില്‍ വരച്ചു വെക്കല്‍ കഴിഞ്ഞാല്‍ കോലക്കാരനും കോമരങ്ങളും വ്രതാനുഷ്ഠാനം ആരംഭിക്കുകയായി. അതിനാല്‍ തന്നെ കാവ് പരിസരം വിട്ടു ദൂരെ പോകാനോ ആശുദ്ധമാകാനോ പാടില്ല. തിനക്കഞ്ഞിയാണ് ഈ സമയങ്ങളില്‍ മുന്‍കാലങ്ങളില്‍ കഴിച്ചിരുന്നത്.
നട്ടത്തിറയും തെയ്യം കൂടലും: അപൂര്‍വ്വം ചില പ്രദേശങ്ങളില്‍ ഇന്നും തെയ്യം നടത്തുന്നതിന്റെ രണ്ടു ദിവസം മുന്‍പേ “നട്ടത്തിറ” എന്ന അനുഷ്ടാനം നടത്താറുണ്ട്. പൂജകള്‍, ഗുരുതി എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടായേക്കാം. എന്നാല്‍ തെയ്യാട്ടം ആരംഭിക്കുന്നതിന്റെ തലേന്നാള്‍ കോലക്കാരനും വാദ്യക്കാരെല്ലാം തെയ്യസ്ഥലത്ത് എത്തി സന്ധ്യക്ക് മുന്നേ വാദ്യങ്ങള്‍ കൊട്ടിയറിയിക്കും. തെയ്യാട്ടത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്ന ഈ ചടങ്ങിനാണ് തെയ്യം കൂടല്‍ എന്ന് പറയുന്നത്. സന്ധ്യയോടു കൂടിയോ അല്ലെങ്കില്‍ അതിനു മുന്നിലോ ആയി ഉച്ചതോറ്റം ആരംഭിക്കും. പിന്നീട് വെള്ളാട്ടം ഉണ്ടാകും. അതിനു ശേഷം തെയ്യം കെട്ടുന്ന കോലക്കാരന്‍ ദേവതാ സ്ഥാനത്ത് മുന്നില്‍ ചെന്ന് നിന്ന് അരിയും തിരിയും വെച്ച നാക്കില ഏറ്റു വാങ്ങുന്ന ചടങ്ങാണ് കൊടിയിലത്തോറ്റം. അന്തിതോറ്റം പേര് സൂചിപ്പിക്കുന്നത് പോലെ സന്ധ്യക്ക് ശേഷമാണ് മിക്ക ദിക്കിലും കണ്ടു വരുന്നത്.
ഉത്സവം തുടങ്ങുന്നതറിയിക്കാന്‍ ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളടങ്ങിയ കൊടി കൊടിമരത്തില്‍ കയറ്റും. മുന്‍കാലങ്ങളില്‍ ഇത് ചെമ്പക മരത്തിലായിരുന്നു കയറ്റിയിരുന്നത്. കാവ് അടിച്ചു വാരി ചാണകം തളിക്കുകയും പള്ളിയറയില്‍ വിളക്ക് കത്തിച്ചു അണിയറയിലെ അനുഷ്ഠാന കല്ലില്‍ ആ വിളക്ക് വെക്കുന്നതോടെ അണിയറയും സജീവമാകും.
No comments:
Post a Comment