വിവിധ മതങ്ങൾ യക്ഷീ സങ്കൽപത്തെ തങ്ങളുടേതാക്കി മാറ്റുവാൻ ശ്രമിച്ചിട്ടുണ്ട്. ഋഗ്വേദ കാലത്ത് യക്ഷ-യക്ഷീ സങ്കൽപങ്ങളോട് ഹിന്ദു മതം വെറുപ്പും ഭീതിയും കലർന്ന തരം സമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും പിൽക്കാലത്ത് അഥർവ വേദ കാലത്തോടെ ഈ സമീപനത്തിന് മാറ്റം വരിക ഉണ്ടായി. ഋഗ്വേദ കാലത്ത് യക്ഷർ വൈദികേതര സമൂഹത്തിന്റെ ആരാധനാ മൂർത്തികളായിരുന്നതിനാലാവാം ഇത്തരത്തിൽ അവഗണനയ്ക്ക് പാത്രീഭൂതരായത് എന്ന് അനുമാനിക്കപ്പെദുന്നു. യക്ഷീസങ്കല്പത്തിന്റെ ആദിമരൂപങ്ങൾ ഹിന്ദു മത ഗ്രന്ഥങ്ങൾ പലതിൽ നിന്നും ലഭ്യമാണ്.
ഭാഗവതപുരാണത്തിലും മത്സ്യപുരാണത്തിലും വിഷ്ണുപുരാണത്തിലും വായുപുരാണത്തിലും ദേവിഭാഗവതത്തിലും യക്ഷയക്ഷീ പരാമർശങ്ങൾ കാണാവുന്നതാണ്. കാളിദാസന്റെ മേഘസന്ദേശത്തിൽ കാണുന്ന യക്ഷൻ മേല്പറഞ്ഞ പൗരാണികസങ്കല്പങ്ങളെ മാനിച്ചു കൊണ്ടുള്ളതും ആകുന്നു. ഇത് കൂടാതെ രാമായണം, മഹാഭാരതം, കഥാസരിത് സാഗരം, ബൃഹത്കഥ എന്നിവയിലും യക്ഷീ സാന്നിധ്യം കാണാനാകും. ഇവയിലെല്ലാം തന്നെ യക്ഷീയക്ഷർ ഉർവര ദേവതകളായാണു പ്രത്യക്ഷരാകുന്നത്. പിൽക്കാലത്ത് ജൈന-ബുദ്ധ മതങ്ങൾ യക്ഷീ സങ്കല്പത്തെ ഉൾക്കൊള്ളുവാൻ ശ്രമിക്കുകയും തത്ഫലമായി യക്ഷീപൂജ അഥവാ ആരാധനയ്ക്ക് പ്രചുര പ്രചാരം ലഭിക്കുകയും ചെയ്തു.
ജൈനമതത്തിന്റെ വ്യാപനത്തോടെയാണ് കേരളത്തിൽ യക്ഷിആരാധന തുടങ്ങുന്നത്.എട്ടാം നൂറ്റാണ്ടു മുതൽ കർണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ യക്ഷി ആരാധന ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കേരളത്തിലും ഈ കാലത്തു തന്നെ ഇതു വ്യാപിച്ചിരുന്നതായി കരുതാം. തിരുവല്ല വല്ലഭക്ഷേത്രത്തിൽ യക്ഷിയെ ഉപദേവതയായി ആരാധിച്ചിരുന്നതായി തിരുവല്ല ചെപ്പേടുകളിൽ പറയുന്നുണ്ട്. ജൈന മതത്തിന്റെ വ്യാപനമാണ് കേരളത്തിൽ യക്ഷിസങ്കൽപം വ്യാപിക്കുന്നതിനുള്ള കാരണമായി പറയപ്പെടുന്നത്.
കള്ളിയങ്കാട് നീലി
ഐതിഹ്യങ്ങളിലും സാഹിത്യരചനകളിലും യക്ഷിസങ്കല്പം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തെക്കൻപാട്ടുകളിലും വില്ലടിച്ചാൻപാട്ടുകളിലുംതിരുവിതാംകൂറിലെ നാടോടിക്കഥകളിലും കാണുന്ന ഒരുകഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി എന്ന യക്ഷി. ഐതിഹ്യ മാലയിലെ (കൊട്ടാരത്തിൽ ശങ്കുണ്ണിശേഖരിച്ച നാടോടിക്കഥകൾ) "കടമറ്റത്ത് കത്തനാർ" എന്ന കഥയിൽ കത്തനാർ കീഴടക്കി എന്ന് പറയപ്പെടുന്ന യക്ഷി കള്ളിയങ്കാട്ടു നീലി ആണെന്ന് പരക്കെവിശ്വസിക്കപ്പെടുന്നു. പ്രസ്തുത കഥയുടെ ചലച്ചിത്ര ഭാഷ്യം, കടമറ്റത്തച്ചൻ, ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാകുന്നു. സി.വിരാമൻപിള്ളയുടെചരിത്രാഖ്യായിക മാർത്താണ്ഠവർമയിൽ പരാമർശിക്കപ്പെടുന്ന "പഞ്ചവങ്കാട്ടിലെ നീലി" യും കള്ളിയങ്കാട്ടു നീലിയാണെന്ന് കരുതപ്പെടുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ നാം കണ്ടുമുട്ടുന്ന പൂതത്തിനു ബുദ്ധമതഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന ഹാരിതി എന്നാ യക്ഷിയുമായി സാമ്യമുണ്ടെന്ന് രാഘവ വാരിയർ അഭിപ്രായപ്പെടുന്നു.
മറവങ്കോട് യക്ഷി
തെക്കൻ തിരുവിതാംകൂറിലെ ഇളയിടത്ത് സ്വരൂപത്തിൽ (കൊട്ടാരക്കര) മറവങ്കോട് എന്ന വനത്തിൽ വിഹരിച്ചിരുന്നതായി പറയപ്പെടുന്ന ഒരു യക്ഷിയാണ് മറവങ്കോട് യക്ഷി.
കാഞ്ഞിരോട്ടു യക്ഷി
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു 'മംഗലത്ത്' എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു ഗണികയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മമഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ചിരുതേവി. മംഗലത്തെ അനവധി പരിചാരകന്മാരിൽ ഒരുവൻ ആയിരുന്നു ഉത്തമപുരുഷലക്ഷണങ്ങൾ എല്ലാം തികഞ്ഞ കുഞ്ഞുരാമൻ. അവൻ ഒരു പോണ്ടൻനായർ ആയിരുന്നു. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ചിരുതേവിക്കും ഉണ്ടായിരുന്നു. ക്രമേണ കുഞ്ഞുരാമനിൽ ആസക്തയായ ചിരുതേവി അവനെ ശിക്ഷിച്ചും ദ്രോഹിച്ചും പ്രണയിച്ചു. ഗോവിന്ദനും കുഞ്ഞുരാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും മിത്രത്തെ ചിരുതേവിയിൽ നിന്നു രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കിയിരുന്നു. ഇതിനെക്കാൾ അവളെ അസ്വസ്ഥമാക്കിയ ഒന്നുണ്ടായിരുന്നെങ്കിൽ അതു കുഞ്ഞുരാമന്റെ ഭാര്യാസ്നേഹം ആയിരുന്നു. അതിനാൽ അവൾ കുഞ്ഞുരാമന്റെ പ്രിയതമയെ ഇല്ലാതാക്കി. ഒരിക്കൽ കുഞ്ഞുരാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം വെളിപ്പെടുത്തി. ഒപ്പം കിടക്കുന്ന ഒരു ദിവസം ചിരുതേവിയെ കുഞ്ഞുരാമൻ കഴുത്തു ഞെരിച്ചു കൊന്നു. പ്രതാപിയായ മംഗലത്തു ഗോവിന്ദൻ ഇക്കാര്യം കണ്ടില്ലെന്നു നടിച്ചു.
ചിരുതേവി ഒരു യക്ഷിയായി കാഞ്ഞിരക്കോട്ടു തന്നെ പുനർജ്ജനിച്ചു.
നിമിഷങ്ങൾക്കുള്ളിൽ അവൾ ഒരു മാദകസുന്ദരിയായി മാറി. അവൾ കുഞ്ഞുരാമനോടു വിവാഹാഭ്യർത്ഥന നടത്തി. കുഞ്ഞുരാമൻ നിരാകരിച്ചു. അതോടെ അവൾ കരാളരൂപം കൈക്കൊണ്ടു അവനെ ദ്രോഹിച്ചു തുടങ്ങി. തന്റെ ബഹിശ്ചരപ്രാണനെ ആപത്തിൽനിന്നു രക്ഷിക്കാൻ ബലരാമോപാസകനായ ഗോവിന്ദൻ എത്തി. മൂന്ന് ഉപാധികൾ അംഗീകരിക്കുന്നതായി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്‌താൽ ഒരാണ്ടുകാലം കുഞ്ഞുരാമനെ നൽകാം എന്നു ഗോവിന്ദൻ പറഞ്ഞു. ഉപാധികൾ ഇവയാണ്. ഒന്ന്, ഒരാണ്ടു കഴിഞ്ഞാൽ അവളെ ക്ഷേത്രം ഉണ്ടാക്കി കുടിയിരുത്തും. രണ്ടു, ക്ഷേത്രം നശിക്കുമ്പോൾ മോക്ഷത്തിനായി അവൾ നരസിംഹമൂർത്തിയെ ശരണം പ്രാപിക്കണം. മൂന്നു, ഗോവിന്ദനു കുഞ്ഞുരാമനുമായുള്ള ബന്ധം ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിലും നിലനിൽക്കാൻ ചിരുതേവിയും പ്രാർത്ഥിക്കണം. യക്ഷി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്തു.
കുഞ്ഞുരാമനോടൊപ്പമുള്ള ഒരാണ്ടിനു ശേഷം യക്ഷിയെ ക്ഷേത്രത്തിൽ കുടിയിരുത്തി. ക്ഷേത്രം നശിച്ചതിൽപ്പിന്നെ സ്വതന്ത്രയായ അവൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേടത്തു നരസിംഹസ്വാമിയെ മോക്ഷാർത്ഥം ശരണം പ്രാപിച്ചു. കാഞ്ഞിരോട്ടു യക്ഷിയമ്മ ഇപ്പോഴും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' കല്ലറയിൽ നരസിംഹോപസന ചെയ്തു കഴിയുന്നു എന്നാണു വിശ്വാസം. ഈ യക്ഷിയുടെ മോഹനവും രൗദ്രവും ആയ രൂപങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വരച്ചുവെച്ചിട്ടുണ്ട്.
കുരുക്ഷേത്രത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയുന്ന പരശുരാമനാൽ നിർമ്മിച്ച ഒരു സ്ഥലമാണ് "യക്ഷിണി തീർത്ഥം". അവിടം ദർശിച്ചാൽ അശ്വമേധ യാഗത്തിന്റെ ഫലം കിട്ടുമെന്നു മഹാഭാരതം വനപർവ്വം 83-)0 അദ്ധ്യായം 23-)0 ശ്ലോകം പറയുന്നു. യക്ഷി ഒരു ദേവത തന്നെയാണെന്നും അതിന്റെ നിവേദ്യം ബ്രഹ്മഹത്യാ പാപമോചനത്തിന് ഉത്തമാണെന്ന് മഹാഭാരതം വനപർവ്വം 84-)0 അദ്ധ്യായം 105-)0 ശ്ലോകം പറയുന്നു.
ഭാരതത്തിൽ മാത്രമല്ല ഇവയെ ആരാധിക്കുന്നത്. ആഫ്രിക്കയിലെ ഗോത്രക്കാരും ചില യുറോപ്യൻ രാജ്യങ്ങളിലെ പുരാണങ്ങളിലും മറ്റും കുട്ടികളെ കുഴലൂതി ആകർഷിച്ചു വെള്ളത്തിൽ മുക്കി കൊല്ലുന്ന "ബാന്പൈപ്പർ" എന്നാ വനദേവതക്ക് നമ്മുടെ "ബാലപ്രദ" എന്ന യക്ഷിയുമായി സാമ്യമുണ്ട്. സ്കാൻഡി നേവിയർ രാജ്യങ്ങളിൽ ആരാധിക്കുന്ന "ഡോൾ" എന്ന ദേവതക്കു കേരളത്തിലെ യക്ഷി സങ്കലപവുമായി സാമ്യമുണ്ട്.
No comments:
Post a Comment