ഒരു പഴയ മുത്തശ്ശിക്കഥയാണ് ഇത്. ഒരു കാക്ക ഒരു ഏകാദശി നോറ്റു. അത് ഒരു വാഴക്കൈയില്‍ വിശ്രമിക്കുകയായിരുന്നു. വാഴക്കൈ ഒടിഞ്ഞു കാക്ക താഴെ വീണു. കഷ്ടകാലത്തിന് കാലില്‍ ഒരു മുള്ളും തറച്ചു.
ആ മുള്ള് പിഴുതുകളഞ്ഞ് പറക്കാന്‍ തുടങ്ങവെ അസഹ്യമായ വേദന കാരണം കാക്ക എങ്ങനെയോ അടുത്തുള്ള കുളത്തിൽ വീണു. വെള്ളത്തില്‍നിന്ന് ഒരു വിധം പൊങ്ങി കരയ്ക്കു കയറിയപ്പോള്‍ കാലില്‍ സ്വര്‍ണവളകള്‍. കഴുത്തില്‍ ഒരു രത്‌നഹാരം. കാക്ക ഇപ്പോള്‍ സുന്ദരിയായിരിക്കുന്നു. വെള്ളത്തിനടിയിൽ ഉണ്ടായിരുന്ന ഒരു ദേവതയാണ് കാക്കക്ക് ഇതൊക്കെ സമ്മാനിച്ചത്.
ഈ കാഴ്ച കാണാന്‍ അസൂയയോടെ മറ്റു കാക്കകള്‍ വന്നു. എല്ലാവര്‍ക്കും അറിയേണ്ടത് ഈ കാക്കയുടെ വിജയരഹസ്യമാണ്. ഉണ്ടായ അനുഭവം ആ കാക്ക തുറന്നു പറയുകയും ചെയ്തു.
സംഭവം കേട്ടതും മറ്റൊരു കാക്കക്ക് ഇങ്ങനെയൊക്കെ കിട്ടണമെന്ന ആഗ്രഹമായി. ആ കാക്കയും ഏകാദശി നോറ്റു. അത് വാഴക്കൈയില്‍ തന്നെ ചെന്നിരുന്നു. താഴെ വീഴണമെങ്കില്‍ വാഴക്കൈ ഒടിയണമല്ലോ. കാക്ക എങ്ങനെയോ വാഴക്കൈ കൊത്തി ഒടിച്ചു താഴെ വീണു. താഴെ മുള്ള് ഉണ്ടായിരുന്നുവെങ്കിലും കാലില്‍ കൊണ്ടില്ല. ഒരു മുള്ളെടുത്ത് കാലില്‍ തറച്ചു എന്നിട്ട് കുളത്തിലേക്ക് ചാടി.
ഉയര്‍ന്നുവന്നപ്പോള്‍ കാലില്‍ ഭാരമുണ്ട്. അത് സ്വര്‍ണ്ണ വളകളായിരുന്നില്ല. കാലില്‍ കടിച്ച ഒരു ഞണ്ടായിരുന്നു. കഴുത്തിലെ ഭാരം ഒരു നീര്‍ക്കോലിയുടേതായിരുന്നു.
ഈ കഥ ഒരു വലിയ സന്ദേശം നമുക്ക് തരുന്നുണ്ട്. ഭാഗ്യവും നിര്‍ഭാഗ്യവുമെല്ലാം യാദൃച്ഛികമായ സംഭവങ്ങളാണ്. മറ്റൊരാളുടെ സല്‍പ്രവൃത്തികൊണ്ട് അയാൾക്ക് നല്ല അനുഭവം ഉണ്ടായി എന്നുവരാം. അതിനെ അനുകരിച്ച് ചിന്തിക്കാതെ നമ്മളും അതേ പ്രവൃത്തി ചെയ്താല്‍ അപരന്ന് ഉണ്ടാകുന്ന അനുഭവം നമുക്ക് ഉണ്ടാകണമെന്നില്ല.
മറ്റൊരാളെപ്പോലെ തന്നെ നമ്മളും ആകുക എന്ന ധാരണ അബദ്ധമാണ്. അതേസമയം മറ്റൊരാള്‍ ചെയ്യുന്ന സല്‍പ്രവൃത്തികള്‍ എന്തൊക്കെയെന്ന് ശ്രദ്ധിച്ചുപഠിക്കുന്നത് നല്ലതാണ്. അവരുടെ വിജയത്തിന്റെ ഫോര്‍മുലയും നമുക്ക് മാതൃകയാണ്.
ആദ്യത്തെ കാക്കക്ക് എല്ലാം യാദൃഛികമായി വന്നു ചേർന്നതായിരുന്നു. ആത്മാര്‍ത്ഥമായിട്ടല്ലായിരുന്നു രണ്ടാമത്തെ കാക്ക ഏകാദശി നോറ്റത്. ആദ്യത്തെ കാക്ക പ്രതിഫലം പ്രതീക്ഷിച്ചായിരുന്നില്ല ഏകാദശി നോറ്റത് എന്ന കാര്യമെങ്കിലും ചിന്തിച്ചിരിക്കേണ്ടതാണ്. എന്നാൽ രണ്ടാമത്തെ കാക്ക മുൻകൂട്ടി പ്രതിഫലം ഇഛിച്ചാണ് എല്ലാം അനുകരിച്ചത്.
No comments:
Post a Comment