”ന പര: പാപമാദത്തേ പരേഷാ പാപകര്‍മ്മണാം സമയോ രക്ഷിതവ്യസ്തു സന്തശ്ചാരിത്രഭൂഷണ:”
ഒരു കരടി, പുലിയോടു പറഞ്ഞ ശ്‌ളോകമാണിത്. എന്താണിതിന്നര്‍ത്ഥം?
അതിന്നു മുമ്പ് ആശ്‌ളോകം എവിടുന്ന് കിട്ടി എന്നു പറയാം. ആദികാവ്യമായ രാമായണത്തില്‍ നിന്നുതന്നെ. സീത പറയുന്നശ്‌ളോകം കേട്ടു നില്‍ക്കുന്നിതാ ഹനൂമാന്‍. ആസന്ദര്‍ഭം കൂടിപറയാം.
താന്‍ വിജയശ്രീലാളിതനായി ലങ്കയില്‍ എത്തി ക്കഴിഞ്ഞു എന്നവിവരം സീതയെ അറിയിക്കാന്‍ ശ്രീരാമന്‍ നിയോഗിച്ചതു ഹനുമാനെയാണ്. സീതയെ അന്വേഷിച്ചു കണ്ടത്തിയതും ഹനൂമാനാണല്ലോ. സീതക്കരികില്‍, അശോകവനത്തിലെത്തി ഹനൂമാന്‍ രാമസന്ദേശമറിയിച്ചു, പക്ഷേ, സീതയുടെ മുഖത്ത് വലിയ ഭാവമാറ്റമൊന്നും കണ്ടില്ല. ഇതേവരെ സഹിച്ചു പോന്ന ദു:ഖങ്ങളോര്‍ത്തിട്ടോ, വരാനിരിക്കുന്ന സന്തോഷങ്ങളോര്‍ത്തിട്ടോ എന്തോ, സീത ഒന്നും ഉരിയാടിയുമില്ല. അപ്പോഴാണു ചുറ്റിലും നില്‍ക്കുന്ന രാക്ഷസികളെ ഹനൂമാന്‍ ശ്രദ്ധിച്ചത്.
ഹോ! എന്തു ഭയങ്കരികള്‍! ഇത്രയുംനാള്‍ ദുഷ്ടമായ വാക്കുകള്‍കൊണ്ടും, പരിഹാസംകൊണ്ടും, സഭ്യേതരമായ ആംഗ്യങ്ങള്‍ കൊണ്ടുമൊക്കെ സീതാ ദേവിയെ നോവിച്ചവരല്ലേ ഇവര്‍, ഹനൂമാനില്‍ കോപം ഇരച്ചു കയറി.
”അമ്മേ ഈപാപികളെ ഞാന്‍ തല്ലിഓടിക്കട്ടേ? അവരുടെ പല്ലുകള്‍ കൊഴിയ്ക്കട്ടേ? മൂക്കും ചെവിയും കടിച്ചു പറിക്കട്ടേ? എനിക്കനുവാദം നല്‍കിയാലും.” ”
അവര്‍ എന്തുപിഴച്ചൂ ഹനൂമാന്‍? യജമാനന്റെ കല്‍പ്പന അനുസരിച്ചു എന്നുമാത്രം. അതാണ് അവരുടെധര്‍മ്മം. യജമാനന്‍ മരിച്ചുപോയി. അപ്പോള്‍ അനാഥരായിക്കഴിഞ്ഞ അവരോടു ഞാന്‍പ്രതികാരം ചെയ്യാമോ?
തന്നെദ്രോഹിച്ചവരോടു പോലും ക്ഷമിക്കുന്നവരാണ് സജ്ജനങ്ങള്‍. സല്‍ പ്രവൃത്തിയാണ് സജ്ജനങ്ങള്‍ക്കലങ്കാരം.
എന്നു ഒരുകരടി പുലിയോടു പറഞ്ഞകഥ ഹനൂമാന്‍ കേട്ടിട്ടുണ്ടാവിെല്ലന്നു തോന്നുന്നു. ഞാന്‍ പറയാം. വനത്തില്‍ നായാട്ടിനു പോയ വേടനെ ഒരു പുലി ഓടിക്കുകയുണ്ടായി പ്രാണരക്ഷാര്‍ത്ഥം അയാള്‍ ഒരു മരത്തില്‍ അള്ളിപ്പിടിച്ചുകയറി രക്ഷപ്പെട്ടു. പക്ഷേ, തൊട്ടു മുകളിലെ കൊമ്പിലിരിക്കുന്ന ഒരു കരടി, താഴെ മരച്ചുവട്ടില്‍ കാത്തു നില്‍ക്കുന്ന പുലിയും! ഭയന്നു വിറച്ചു നില്‍ക്കുന്ന വേടനോടു കരടി പറഞ്ഞു: ”സ്‌നേഹിതാ കേറി എന്നരികില്‍ ഇരുന്നോളൂ.ഞാന്‍ ഉപദ്രവിക്കില്ല.”വേടന്‍ പതുക്കെ കരടിക്കരികില്‍ ഇരുന്നു. ഉറക്കം വന്നപ്പോള്‍ തന്റെ മടിയില്‍ തല വച്ചുറങ്ങാനും സമ്മതിച്ചു. താഴെയിരുന്ന പുലി എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അവന്‍ കരടി യോടു വിളിച്ചു പറഞ്ഞു. ”നിന്റേയും എന്റേയും പൊതു ശത്രുവായ വേടനെ എനിക്കു തള്ളിയിട്ടുതരൂ. ഞാന്‍ വിശപ്പടക്കി പ്പൊയ്‌ക്കോളാം.നിന്നെ ഞാന്‍ ഉപദ്രവിക്കില്ല. നാം ഒരേ വര്‍ഗ്ഗക്കാരല്ലേ?” ”ഞാന്‍ പറഞ്ഞിട്ടാണ്,എന്നെ വിശ്വസിച്ചാണ് ഇയാള്‍ കിടക്കുന്നത്.വിശ്വസിക്കുന്നവരെ ചതിക്കുന്നതു പാപമല്ലേ?” കരടിയുടെ മറുപടികേട്ട് പുലി നിരാശനായി അല്‍പ്പം കഴിഞ്ഞപ്പോള്‍ വേടന്‍ ഉണര്‍ന്നു. കരടിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. അതിനാല്‍ അവന്‍ വേടന്റെ മടിയില്‍ തല വച്ചുറക്കമായി. അതുശ്രദ്ധിച്ച പുലിതന്ത്ര പൂര്‍വ്വം വേടനോടു പറഞ്ഞു. ”എടോ വേടാ ആതടിമാടന്‍ കരടിയെ തള്ളിയിടൂ, ഞാന്‍ വിശപ്പടക്കി പ്പൊയ്‌ക്കോളാം.നിനക്കു നിന്റെ വീട്ടിലേക്കും പോകാം. ഭാര്യയും മക്കളും അവിടെ കാത്തിരിക്കുന്നണ്ടാവില്ലേ?” വേടന്റെ മനസ്സിളകി. കരടിയെ അവന്‍ ശക്തമായി തള്ളി. പക്ഷേ,മരക്കൊമ്പില്‍പിടിച്ചിരുന്നതിന്നാല്‍ വീണില്ല.! അപ്പോഴും പുലി വിളിച്ചു പറഞ്ഞു: ഹേ, കരടി! നിന്റെ സ്‌നേഹത്തെമറന്നു, നിന്നെ ചതിച്ചു വീഴ്ത്താന്‍ ശ്രമിച്ച ആ നീചനെ ഇനിയും നീരക്ഷിക്കണോ? തള്ളിയിടൂ താഴെ,എന്റെ വിശപ്പെങ്കിലും ശമിക്കട്ടേ.” അപ്പോള്‍ കരടി ചൊല്ലിയ മറുപടി കേട്ടോളൂ: ”ന പര: പാപമാദത്തേ പരേഷാപാപ കര്‍മ്മണാം സമയോ രക്ഷിതവ്യസ്തു സന്തശ്ചാരിത്രഭൂഷണാ:” സജ്ജനങ്ങള്‍ക്കു സല്‍പ്രവൃത്തിയാണ് അലങ്കാരം. തനിക്കുദ്രോഹം ചെയ്തവരോടുപോലും അവര്‍ പ്രതികാരം ചെയ്യില്ല എന്നാണിതിന്റെ സാരം. ”അമ്മേ, അവിടുന്നു കാരുണ്യമൂര്‍ത്തിയായ ശ്രീരാമചന്ദ്രന്നുചേര്‍ന്ന ധര്‍മ്മപത്‌നിതന്നെ.അവിടുത്തേക്കു കോടി നമസ്‌ക്കാരം.” എന്നു പറഞ്ഞു ഹനൂമാന്‍ സ്വാമിയുടെ സന്നിധിയിലേക്കു തിരിച്ചുപോയി
No comments:
Post a Comment