ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, November 18, 2016

ശ്രോത്യപ്രവക്ത്യപ്രസംഗം - ശ്രീമദ്‌ ദേവീഭാഗവതം. 2.12. - ദിവസം 37.



തച്ഛൃത്വാ വചനം തസ്യ വ്യാസ: സത്യവതീസുത:
ഉവാച വചനം തത്ര സഭായാം നൃപതിം ച തം
ശൃണു രാജന്‍ പ്രവക്ഷ്യാമി പുരാണം ഗുഹ്യമത്ഭുതം
പുണ്യം ഭാഗവതം നാമ നാനാഖ്യാനയുതം ശിവം



സൂതന്‍ തുടര്‍ന്നു: രാജാവ് തന്റെ പിതാവിന് പരഗതി കിട്ടാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് ചോദിച്ചതിനുത്തരമായി വ്യാസന്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്കായി മഹത്തായ ദേവീ ഭാഗവതം പറഞ്ഞു തരാം. അതീവ ഗുഹ്യവും ശുഭപ്രദവുമായ ഈ പുരാണം ഞാനെന്റെ മകനായ ശുകന് പറഞ്ഞു കൊടുത്തിരുന്നു. അങ്ങയോടും ഞാനത് പറയാം. സര്‍വ്വവേദങ്ങളുടെയും പൊരുളായ ഈ മഹദ് പുരാണം നിത്യേന കേട്ടാല്‍ ധര്‍മ്മാര്‍ദ്ധകാമമോക്ഷങ്ങള്‍ ക്ഷിപ്രസാദ്ധ്യമാവും.


അപ്പോള്‍ ജനമേജയന്‍ ചോദിച്ചു: 'മഹാത്മന്‍, ആരാണീ ആസ്തികന്‍? എന്തിനാണ് സര്‍പ്പയജ്ഞം മുടക്കാന്‍ അദ്ദേഹം നേരിട്ട് വന്നത്? അദ്ദേഹത്തിന് ഇതുകൊണ്ടെന്താണ് നേട്ടം?


വ്യാസന്‍ പറഞ്ഞു: 'ജരല്‍ക്കാരു എന്നൊരു മുനി വിവാഹിതനല്ലായിരുന്നു. ഒരിക്കല്‍ വനത്തില്‍ സഞ്ചരിക്കുമ്പോള്‍ തന്റെ പൂര്‍വ്വപിതാക്കള്‍ ഒരു കുഴിയില്‍ തലകീഴായി തൂങ്ങി നില്‍ക്കുന്നതായി കണ്ടു. അവര്‍ മുനികുമാരനോടു പറഞ്ഞു: ‘നീയൊരു വിവാഹം കഴിക്കുക.അങ്ങിനെയൊരു മകനുണ്ടായാലേ ഞങ്ങള്‍ക്ക് ഗതി കിട്ടൂ. ‘ആട്ടെ, ശരി. എനിക്ക് വേണ്ടി അടങ്ങിയൊതുങ്ങി നില്‍ക്കുന്ന ഒരുവളെ ആരെങ്കിലും കന്യാദാനം ചെയ്താല്‍ ഞാന്‍ സ്വീകരിക്കാം. അതിനായി പരിശ്രമിക്കാനൊന്നും എനിക്ക് വയ്യ.' എന്ന് പറഞ്ഞ് അദ്ദേഹമൊരു  തീര്‍ത്ഥയാത്രയ്ക്കായി പുറപ്പെട്ടു. അക്കാലത്താണ് കദ്രു തന്റെ മക്കളെ അവരെല്ലാം തീയില്‍ വീണു നശിച്ചുപോകട്ടെ' എന്ന് ശപിച്ചത്. കദ്രുവും വിനതയും കശ്യപന്റെ പത്നിമാരായിരുന്നു. സഹപത്നിമാരായ അവര്‍ തമ്മില്‍ കളിയായും കുറച്ചു കാര്യമായും പന്തയത്തില്‍ ഏര്‍പ്പെട്ടു. സൂര്യരഥം പൂട്ടിയിരുന്ന കുതിരയുടെ നിറം എന്താണെന്ന് കദ്രു വിനതയോടു ചോദിച്ചു. ‘വെള്ളയാണ്’. ഇനി നീയും പറയൂ അതിന്റെ നിറമെന്താണ്? അതുകഴിഞ്ഞ് നമുക്ക് പന്തയമാവാം. ‘കറുപ്പാണ്’ എന്ന് ഞാന്‍ പറയുന്നു. പന്തയമായി തോല്‍ക്കുന്നയാള്‍ ജയിക്കുന്നവള്‍ക്ക് ദാസ്യവേല ചെയ്യണം.’ 'ശരി' എന്ന് രണ്ടാളും സമ്മതിച്ചു..


കദ്രു മക്കളോടു പറഞ്ഞു: നിങ്ങള്‍ പോയി സൂര്യാശ്വത്തിന്റെ രോമങ്ങള്‍ കറുപ്പിക്കുക’. തങ്ങള്‍ക്ക് അതിനു വയ്യെന്ന് പറഞ്ഞ കൊച്ചുമക്കളെ കദ്രു ശപിച്ചു. 'നിങ്ങള്‍ ജനമേജയന്റെ യാഗാഗ്നിയില്‍ വീണു പോകട്ടെ!’ എന്നാല്‍ മറ്റു മക്കള്‍ അമ്മയ്ക്ക് വേണ്ടി കുതിരയുടെ വാലു മുതല്‍ നിറം ചാര്‍ത്തി അതിനെ കറുപ്പാക്കി വച്ചു. വിനത നോക്കിയപ്പോള്‍ അശ്വം കറുത്തിരിക്കുന്നു. എന്നാലപ്പോള്‍ വിനതയുടെ പുത്രനായ ഗരുഡന്‍ അമ്മയുടെ ദുഃഖം കണ്ടു. ‘അമ്മയുടെ ദുഃഖം തീര്‍ക്കാത്ത മക്കള്‍ മക്കളല്ല, അമ്മേ, എന്താണെങ്കിലും പറയൂ. ഞാനാ ദുഖത്തിന് പ്രതിവിധിയുണ്ടാക്കാം’. ‘സപത്നിയായ കദ്രുവിന്റെ ദാസിയാകാനാണ് എനിക്ക് വിധി. അവളെ ഞാന്‍ ചുമന്നു കൊണ്ട്ക്ക നടക്കണമത്രേ!’. ‘അമ്മയ്ക്ക് വേണ്ടി ഞാനാ ഭാരം ചുമക്കാം’ എന്നായി ഗരുഡന്‍.


വിനത കദ്രുവിന്റെ അടുത്തെത്തി. മഹാബലനായ ഗരുഡന്‍ മാതാവിന്റെ ദാസ്യപ്പണി ഒഴിവാക്കാന്‍ കദ്രുവിനെയും മക്കളെയും തന്‍റെ ചുമലിലേറ്റി സിന്ധുവിന്റെ മറുകരയിലെത്തി. അവിടെവച്ച് കദ്രുവിനോട് ഗരുഡന്‍ ചോദിച്ചു: ‘നമസ്കാരം അമ്മേ, എന്റെ അമ്മയുടെ ദാസ്യം ഒഴിവാക്കാന്‍ എന്താണ് മാര്‍ഗ്ഗം?’


‘ദേവലോകത്തില്‍ നിന്നും അമൃത് കൊണ്ടുവന്ന് എനിക്കും മക്കള്‍ക്കും നല്‍കിയാല്‍ നിന്റെ അമ്മയുടെ ദാസ്യം ഞാന്‍ ഒഴിവാക്കാം.’ ഇത് കേട്ട ഗരുഡന്‍ സുരലോകത്ത് പോയി ബലമായി അമൃത് കുംഭം എടുത്തു കൊണ്ടുവന്നു കദ്രുവിനു കൊടുത്തു. അമ്മയുടെ ദാസ്യം അവസാനിച്ചു. എന്നാല്‍ സര്‍പ്പങ്ങള്‍ കുളിക്കാന്‍ പോയ തക്കത്തില്‍ ഇന്ദ്രന്‍ വന്ന് അമൃത് എടുത്ത്കൊണ്ട് പോയി. നാഗങ്ങള്‍ വിഷണ്ണരായി. അമൃത് വെച്ചിരുന്ന ദര്‍ഭയില്‍ നാവ് കൊണ്ട് നക്കിയതിനാല്‍ ആണ്നാ ഗങ്ങളുടെ നാവു പിളര്‍ന്നുപോയത്. വാസുകി മുതലായ നാഗങ്ങള്‍ മാതൃശാപം ഭയന്ന് ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മദേവന്‍ പറഞ്ഞു: ‘ജരല്‍ക്കാരു എന്നൊരു മുനിയുണ്ട്. അദ്ദേഹത്തിനു നിങ്ങളുടെ പെങ്ങളായ ഈ വാസുകിയെ കന്യാദാനം ചെയ്യുക. അവര്‍ക്കുണ്ടാകുന്ന പുത്രനാണ് നിങ്ങളെ സര്‍പ്പസത്രത്തില്‍ നിന്നും രക്ഷിക്കുക’. അങ്ങിനെയുണ്ടായ മുനികുമാരനാണ് ഈ ആസ്തികന്‍.


നാഗങ്ങള്‍ ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം മുനിയെക്കണ്ട് അദ്ദേഹത്തിനു കന്യാദാനം ചെയ്തു. ജരല്‍ക്കാരു പറഞ്ഞു: ‘ഞാനിവളെ എനിക്ക് തുല്യയായിത്തന്നെ അറിയുന്നു, ബഹുമാനിക്കുന്നു. ധര്‍മ്മപത്നിയയി സ്വീകരിക്കുന്നു. എന്നാല്‍ ഒരു നിബന്ധന വയ്ക്കുന്നു. എനിക്കപ്രിയമായി അവള്‍ എന്തെങ്കിലും ചെയ്‌താല്‍ അപ്പോള്‍ത്തന്നെ ഞാനവളെ ഉപേക്ഷിക്കും.’ കാട്ടില്‍ ഒരു നല്ല പര്‍ണ്ണശാലകെട്ടി ദമ്പതികള്‍ ക്രീഡാലോലരായി കഴിഞ്ഞു. ഒരുദിവസം ഊണ് കഴിഞ്ഞു മുനിയൊന്നു മയങ്ങി. സര്‍പ്പസുന്ദരി മുനിയുടെ അടുത്തിരുന്നു. ‘എന്നെ ഒരു കാരണവശാലും ഉണര്‍ത്തരുതെ’ന്നദ്ദേഹം ശട്ടം കെട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ സന്ധ്യാവന്ദനസമയമായി. ‘വിളിച്ചുണര്‍ത്തിയാല്‍ എന്നെ അദ്ദേഹം ഉപേക്ഷിക്കും. വിളിച്ചില്ലെങ്കില്‍ ധര്‍മ്മലോപം വരുകയും ചെയ്യും. ധര്‍മ്മനാശത്തിലും നല്ലത് വിരഹം തന്നെ.’ എന്ന് ചിന്തിച്ച് അവള്‍ മുനിയെ വിളിച്ചുണര്‍ത്തി. ‘എന്റെ വാക്കിനെ ധിക്കരിച്ച നിന്നെ ഞാനുപേക്ഷിക്കുന്നു  നിന്റെ ജ്യേഷ്ഠന്റെ അടുക്കലേക്ക് തിരിച്ചു പൊയ്ക്കൊള്ളുക’ എന്ന് മുനിയും പറഞ്ഞു. ‘പിന്നെയെന്തിനാണ് ജ്യേഷ്ടന്‍ എന്നെ അങ്ങേയ്ക്ക് നല്‍കിയത്? വിവാഹിതയായ ഞാന്‍ എന്നില്‍ ‘അത്’ ഇല്ലാതെ എങ്ങിനെ വീട്ടിലേയ്ക്ക് തിരിച്ചു പോകും?’ ‘അതുണ്ട്’ (അസ്തീതി) എന്ന് സന്തോഷത്തോടെ പറഞ്ഞു മുനി യാത്രയായി. വാസുകി ജ്യേഷ്ഠന്റെ ഭവനത്തില്‍ ചെന്നു. സഹോദരന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ‘അതുണ്ട്, എന്ന് അനുഗ്രഹിച്ചുകൊണ്ട് മുനി എന്നെവിട്ടു പോയി’. മുനിവാക്യം അസത്യമായി വരികയില്ല എന്നതിനാല്‍ സഹോദരന്‍ അവള്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു. വാസുകി ഗര്‍ഭിണിയായിരുന്നു.


വ്യാസന്‍ തുടര്‍ന്നു: അവള്‍ പ്രസവിച്ച കുമാരനാണ് ആസ്തികന്‍. ആ മഹാത്മാവ് അമ്മയുടെ കുലരക്ഷയ്ക്കായി സര്‍പ്പയജ്ഞം തടയുകയാണുണ്ടായത്. രാജാവേ അങ്ങ് ചെയ്തത് ഉചിതമായി. ആസ്തികനെ ആദരിച്ച് അദ്ദേഹത്തിന്‍റെ വാക്കുകള്‍ അങ്ങ് സ്വീകരിച്ചുവല്ലോ. അങ്ങ് ഭാരത കഥ മുഴുവനും കേട്ടു. അനേക പുണ്യകര്‍മ്മങ്ങള്‍ ചെയ്തു. ഇതിക്കെയായിട്ടും അങ്ങയുടെ പിതൃക്കള്‍ക്ക്‌ സല്‍ഗതി വന്നില്ല! ഒരു കാര്യം ചെയ്യൂ. ഭക്തിപൂര്‍വ്വം അങ്ങൊരു ദേവീക്ഷേത്രം നിര്‍മ്മിക്കുക. സര്‍വ്വസിദ്ധിപ്രദമാണ് ദേവീപൂജ. കുലാഭിവൃദ്ധി, സുസ്ഥിരമായ രാജ്യം, എല്ലാം നല്‍കുന്ന അഭയവരദയായ ദേവിയുടെ കഥ ഞാന്‍ പറയാം. കേള്‍ക്കാന്‍ യോഗ്യമായി ഇതിനും മേലെ മറ്റൊന്നില്ല. ദേവിയുടെ ചരണാംബുജങ്ങള്‍ ഒഴികെ പൂജാര്‍ഹമായി മറ്റൊന്നുമില്ല. ആരുടെ ഹൃദയത്തിലാണോ ദേവി അധിവസിക്കുന്നത്  അവരുടെ ഭാഗ്യാതിരേകം എങ്ങിനെ വിവരിക്കും? അവരെക്കാള്‍ ബുദ്ധിയുള്ള ധന്യാത്മാക്കള്‍ ആരുണ്ട്‌? ആ ജഗജ്ജനനിയെ പൂജിക്കാതെയിരിക്കുന്നവര്‍ ദുഖത്തിനടിപ്പെടുന്നത് നാം കാണുന്നു. ബ്രഹ്മാദിദേവതകള്‍ക്ക് സമാരാദ്ധ്യയായ ദേവിയെ പൂജിക്കാന്‍ മനുഷ്യര്‍ക്ക് താല്പര്യമില്ലാതിരിക്കുമോ? വിഷ്ണുവിനോട്‌ ദേവിയുടെ ഉല്‍ക്കൃഷ്ടമായ കഥ പറഞ്ഞു കൊടുത്തത് ദേവി തന്നെയാണ്. ഇത് നിത്യവും കേള്‍ക്കാന്‍ ഭാഗ്യമുണ്ടായാല്‍ എല്ലാ അഭീഷ്ടങ്ങളും സിദ്ധിക്കും. ഇത് കേട്ടാല്‍ നിനക്ക് മന:ശാന്തിയും നിന്റെ പിതാക്കള്‍ക്ക് സല്‍ഗതിയും ഉണ്ടാവും അവര്‍ക്ക് അനശ്വരമായ സ്വര്‍ഗ്ഗം പ്രാപ്യമാവും.


പുനരാഖ്യാനം: ഡോ. സുകുമാര്കാനഡ

No comments:

Post a Comment