ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 1, 2016

അയ്യപ്പന്‍ വിളക്ക്


ഭക്തിനിര്‍ഭരമായ വ്രതശുദ്ധിയുടെ മണ്ഡലകാലത്ത് എങ്ങും കേള്‍ക്കുന്നത് സ്വാമി നാമങ്ങളാണ്, ശരണ മന്ത്രങ്ങളാണ്.. മാലയിട്ടു കറുപ്പുടുത്തു ഇരുമുടി കെട്ടുമായി മല ചവിട്ടുന്ന ഓരോ അയ്യപ്പനും അയ്യപ്പന്റെ പ്രതിരൂപങ്ങളും. അതുകൊണ്ട് തന്നെ മണ്ഡലകാലത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രധാന സ്ഥാനമുണ്ട് അയ്യപ്പന്‍ വിളക്കിന്.

കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ ജനനവും, പന്തളം കൊട്ടാരത്തിലെ ബാല്യവും കൗമാരവും, പുലിപ്പാല്‍ തേടിയുള്ള യാത്രയും, വാപുരനുമായുള്ള ചങ്ങാത്തവും, മഹിഷിയുമായുള്ള യുദ്ധവും, ശബരിമലയിലേക്കുള്ള യാത്രയും എല്ലാം പാട്ടിന്റെ ഈരടികളോടെ ജനങ്ങളിലെക്കെത്തിക്കുന്ന ഒരു ആചാര കലയാണ്‌ അയ്യപ്പന്‍ വിളക്ക്.

അയ്യപ്പന്‍ വിളക്കിന് പാട്ടിനാണ് പ്രാധാന്യമെങ്കിലും അതില്‍ തന്നെ കാണിപ്പാട്ട്, കാല് വിളക്ക്, അരവിളക്ക്, മുഴുവന്‍ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്. കാണിപ്പാട്ടില്‍ അയ്യപ്പന്റെ കോമരം (വെളിച്ചപ്പാട്) തുള്ളി വന്നു കല്പനകള്‍ നല്‍കുന്നു. ഈ ചടങ്ങില്‍ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത്. കാല്‍ വിളക്കില്‍ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിനു അയ്യപ്പനും ഭഗവതിക്കും ക്ഷേത്രങ്ങളും വാപുരനും [ഇന്നതെ മതെത്തര വാവർ] ക്ഷേത്രം
പണിയുന്നു. മറ്റുള്ളവര്‍ക്ക് സ്ഥാനം കണ്ടു പ്രതിഷ്ഠിക്കുന്നു.

കാണിപ്പാട്ട്, കാല്‍ വിളക്ക്, അരവിളക്ക്, തുടങ്ങിയവ വീടുകളില്‍ നടത്താവുന്നതാണ്. എന്നാല്‍ മുഴുവന്‍ വിളക്ക് എന്നത് ദേശവിളക്കായാണ് നടത്താറ്. ദേശവിളക്കിനു അയ്യപ്പന്‍, ഭഗവതി, ഭൂതഗണങ്ങളായ കൊച്ചു കടുത്ത, കരിമല, വാപുരൻ എന്നിവര്‍ക്ക് ക്ഷേത്രങ്ങൾ പണിയുന്നു. കൂടാതെ അയ്യപന്റെ ക്ഷേത്രത്തിനു മുന്‍പിങ്കല്‍ മണി മണ്ഡപവും ഗോപുരവും തീര്‍ക്കുന്നു. നാഗരാജാവിനും ഗണപതിക്കും സരസ്വതിക്കും പീഡാചാരമാണ്. വൈകുന്നേരം തുടങ്ങുന്ന അയ്യപ്പന്‍ വിളക്ക് പിറ്റേന്ന് പുലർച്ചയോടെയാണ് അവസാനിക്കുന്നത്. അയ്യപ്പന്‍ വിളക്ക് എന്നാണു പേരെങ്കിലും പാലക്കൊമ്പ് എഴുന്നള്ളിക്കുന്നതും പുലര്‍ച്ചക്കുള്ള പൂജയും ഭഗവതിക്കാണ്. എല്ലാത്തിനും സാക്ഷിയായാണ് അയ്യപ്പന്‍ നിലകൊള്ളുന്നത്.

വാഴപ്പോള, മുലയാണി, ഈര്‍ക്കലി ആണി, കുരുത്തോല, തോരണങ്ങള്‍ എന്നിവ ഉപയോഗിച്ചു കലാകാരന്മാരുടെ വൈദഗ്ധ്യവും ഉപയോഗിച്ചാണ് അയ്യപ്പന്‍ വിളക്കിനു ക്ഷേത്രങ്ങള്‍ പണിയുന്നത്. മുഴുവന്‍ വിളക്കിന്റെ തലേന്ന് പൂജക്ക് ശേഷം നാട്ടുകാര്‍ ചേര്‍ന്നാണ് പന്തലിന്റെ കാല്‍ നാട്ടുന്നത്.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ തന്നെയാണ് അയ്യപ്പന്‍ വിളക്കിന്റെ ഈറ്റില്ലം എന്ന് പറയാവുന്നത്. കൂടാതെ പാലക്കാട്‌, ഏറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിലും അയ്യപ്പന്‍ വിളക്ക് കണ്ടുവരുന്നുണ്ടെങ്കിലും തനതായ പൂജയും പാട്ടുകളുമായി അയ്യപ്പന്‍ വിളക്ക് കണ്ടുവരുന്നത് തൃശൂര്‍ ജില്ലയിലെ പ്രദേശങ്ങളിലാണ്. ഏകദേശം ഇരുപതു പേരെങ്കിലും അയ്യപ്പന്‍ വിളക്കിനു ക്ഷേത്രം പണിയുന്നതിനും പാടുന്നതിനും അയ്യപ്പന്റെയും മറ്റും വേഷങ്ങള്‍ കെട്ടി ആടുന്നതിനും ഒരു സംഘത്തില്‍ വേണം.

ഗണപതി, ഗുരു, പന്തല്‍, സരസ്വതി തുടങ്ങിയവര്‍ക്ക്‌ സ്തുതി പാടി അസുരനായ ശൂർപകന്റെ ചരിത്രം പാടിയാണ് അയ്യപ്പന്‍ വിളക്കിലെ പാട്ട് ആരംഭിക്കുന്നത്. പാലകൊമ്പ് എഴുന്നള്ളിക്കല്‍, പാട്ട്, അയ്യപ്പനും വാപുരനുമായുള്ള വെട്ടുതടവ്‌, കണലാട്ടം, എന്നീ ചടങ്ങുകൾക്ക് ശേഷം ഗുരുതിയോടെ ചടങ്ങുകള്‍ അവസാനിക്കുന്നു.

No comments:

Post a Comment