ഗത പ്രാണം തു രാജാനാം ബാലം പുത്രം സമീക്ഷ്യ ച
ചക്രുശ്ച മന്ത്രിണ: സര്‍വ്വേ പരലോകസ്യ സത്ക്രിയാ:
ഗംഗാതീരേ ദഗ്ധദേഹം ഭസ്മപ്രായം മഹീപതിം
അഗുരുഭിശ്ചാഭിയുക്തായാം ചിതായാമദ്ധ്യരോപയന്‍
സൂതന്‍ പറഞ്ഞു: രാജാവ് മരിച്ചു. അവകാശിയായ മകന്‍ ചെറിയ കുട്ടിയുമാണ്. അതിനാല്‍ മന്ത്രിമാരും മറ്റും ചേര്‍ന്ന് മരണാനന്തര കര്‍മ്മങ്ങള്‍ എല്ലാം ചെയ്തു. വിഷമേറ്റ് ദഹിച്ചു ചാരമായി എങ്കിലും രാജാവിനെ ദേഹം ഗംഗാ തീരത്ത് ചിത കൂട്ടിത്തന്നെ സംസ്കരിച്ചു. രാജാവിന് ദുര്‍മൃത്യുവാണുണ്ടായത്. പുരോഹിതന്മാര്‍ അതിന് അനുയോജ്യമായ മന്ത്രങ്ങള്‍ ചൊല്ലിയാണ് ക്രിയകള്‍ നടത്തിയത്. ബ്രാഹ്മണര്‍ക്ക് ഉചിതമായ സമ്മാനങ്ങള്‍ നല്‍കി. പൊന്നും പശുവും അന്നവും വസ്ത്രാദികളും ദാനം കിട്ടിയ ബ്രാഹ്മണര്‍ സന്തുഷ്ടരായി. കണ്ണിലുണ്ണിയായ കൊച്ചു രാജാവിനെ – ജനമേജയനെ നാട്ടുകാര്‍ തോളിലേറ്റി നടന്നു സിംഹാസനം നല്‍കി. രാജാവായി വാഴിച്ചു. രാജ്യകാര്യങ്ങള്‍ ചെറുപ്രായത്തിലേ തന്നെ വളര്‍ത്തമ്മ അദ്ദേഹത്തെ പഠിപ്പിച്ചു. പതിനൊന്നു വയസ്സായപ്പോള്‍ കുലപുരോഹിതനായ ഗുരുവിന്റെയടുക്കല്‍നിന്ന് അദ്ദേഹം ഔപചാരികമായ വിദ്യകള്‍ അഭ്യസിച്ചു. കൃപാചാര്യന്‍ ജനമേജയനെ ധനുവേദം അഭ്യസിപ്പിച്ചു. ദ്രോണര്‍ അര്‍ജ്ജുനനെന്നവണ്ണം, ഭാര്‍ഗ്ഗവരാമന്‍ കര്‍ണ്ണനെന്നവണ്ണം ഗുരു ശിഷ്യന് തന്റെ അറിവുകള്‍ എല്ലാം പകര്‍ന്നു നല്‍കി. എല്ലാ വിദ്യകളും അഭ്യസിച്ച രാജകുമാരന്‍ കാലക്രമത്തില്‍ ബലവാനും ജ്ഞാനിയും ആയിത്തീര്‍ന്നു. ശാസ്ത്രങ്ങളുടെ ഉള്ളറിഞ്ഞ ധര്‍മ്മപുത്രനെപ്പോലെ അദ്ദേഹം രാജ്യഭാരം കയ്യാളി.
കാശിരാജാവായ സുവര്‍ണ്ണവര്‍മ്മാവ് തന്റെ വപുഷ്ടമ എന്ന് പേരായ പുത്രിയെ രാജാവിന് വിവാഹം ചെയ്തു കൊടുത്തു. അര്‍ജ്ജുനനന്‍ സുഭദ്രയെ നേടി സന്തുഷ്ടനായതുപോലെ, വിചിത്രവീര്യന്‍ കാശിരാജപുത്രിയെ ലഭിച്ചു വിഹരിച്ചതുപോലെ രാജാവ് മണവാട്ടിയുമായി ക്രീഡിച്ചു രസിച്ചു വാണു. രാജഭരണത്തില്‍ പ്രജകള്‍ക്കും ആകെ സംതൃപ്തിയായിരുന്നു. ഉത്തമരായ മന്ത്രിമാരുടെ സഹായത്തോടെ ജനമേജയന്‍ രാജ്യം ഭരിച്ചു. അക്കാലത്ത് ഉത്തങ്കന്‍ എന്ന് പേരായ ഒരു മുനി തക്ഷകന്റെ ദ്രോഹത്തില്‍ വലഞ്ഞ് ഹസ്തിനാപുരത്തെത്തി. തക്ഷകനെ എതിരിടാന്‍ കഴിവുള്ള ആരാണിവിടെയുള്ളതെന്നു ചിന്തിച്ച് അയാള്‍ രാജാവിനെ കണ്ടു. ‘അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെ വേറുതേയിങ്ങിനെ അലസനായി നടക്കുകയാണ്. വൈരവും ഉല്‍സാഹവുമില്ലാതെയും നയതന്ത്രജ്ഞത തൊട്ട് തീണ്ടാതെയും രാജ്യം ഭരിക്കുന്നു. ! കുട്ടികളെപ്പോലെ അങ്ങേയ്ക്ക് എല്ലാമൊരു കളിമാത്രം. കഷ്ടം!
അപ്പോള്‍ ജനമേജയന്‍ പറഞ്ഞു: ‘എന്താണ് വൈരമെന്ന് എനിക്കറിയില്ല. അങ്ങ് പറഞ്ഞു തന്നാലും’. ‘അങ്ങ് മന്ത്രിമാരോട് ചോദിക്കൂ അങ്ങയുടെ അച്ഛന്‍ എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്ന്! ദുഷ്ടനായ തക്ഷകനാണ് അദ്ദേഹത്തെ കൊന്നത്.’ എന്നായി ഉത്തങ്കന്‍. രാജാവ് മന്ത്രിമാരുടെ പക്കല്‍ നിന്നും തന്റെ പിതാവിനെ മൃത്യുകാരണം മനസ്സിലാക്കി. മുനി ശാപകഥയും തക്ഷകദംശനവൃത്താന്തവും മനസ്സിലാക്കിയ രാജാവ് ഉത്തങ്കനോടു പറഞ്ഞു:’മുനി ശാപമല്ലേ മരണ കാരണം? അതില്‍ തക്ഷകന്‍ എന്ത് പിഴച്ചു?’
ഉത്തങ്കന്‍ പറഞ്ഞു: 'ധനം നല്‍കി കശ്യപനെ തക്ഷകന്‍ പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില്‍ രാജാവ് രക്ഷപ്പെടുമായിരുന്നു. അങ്ങയുടെ അച്ഛനെ കൊന്നവന്‍ അങ്ങയുടെ ശത്രുവല്ലേ? പണ്ട് രുരുവിന്റെ ഭാര്യയാകാന്‍ പോകുന്നവളെ സര്‍പ്പം കടിച്ചു. അവള്‍ മരിച്ചു. എന്നാല്‍ രുരു അവളെ പുനര്‍ജീവിപ്പിച്ചു. അന്നദ്ദേഹം ‘കാണുന്ന സര്‍പ്പങ്ങളെയെല്ലാം ഞാന്‍ വധിക്കും’ എന്നൊരു പ്രതിജ്ഞയെടുത്തു. കയ്യില്‍ ആയുധമേന്തി കണ്ണില്‍ക്കണ്ട സര്‍പ്പങ്ങളെയെല്ലാം കൊന്നൊടുക്കി രുരു അങ്ങിനെ ചുറ്റി നടന്നു. ഒരിക്കല്‍ ജരബാധിച്ച ഒരു ചേരപ്പാമ്പിനെ കൊല്ലാനൊരുങ്ങവേ സര്‍പ്പം ചോദിച്ചു: ‘ഞാനങ്ങേയ്ക്ക് ദ്രോഹമോന്നും ചെയ്തിട്ടില്ലല്ലോ, പിന്നെ എന്നെയെന്തിനാണ് കൊല്ലുന്നത്?. ‘സര്‍പ്പം കടിച്ച് എന്റെ പ്രിയതമ മരിച്ചതിന്റെ പ്രതികാരം തീര്‍ക്കുമെന്ന് അന്ന് ഞാന്‍ സങ്കടത്തോടെ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.’ ‘ഞാന്‍ ആരെയും കടിക്കാത്ത വിഷമില്ലാത്ത പാമ്പാണ്. സാമ്യം കൊണ്ട് മാത്രം മറ്റു സര്‍പ്പങ്ങളെപ്പോലെ എന്നെ കണക്കാക്കരുത്.’ എന്നിങ്ങിനെ മനുഷ്യനെപ്പോലെ സംസാരിക്കുന്ന പാമ്പിനോട് രുരു ചോദിച്ചു:’ നീയാരാണ്? എങ്ങിനെയാണ് പാമ്പായിത്തീര്‍ന്നത്? അപ്പോള്‍ സര്‍പ്പം പറഞ്ഞു: ;ഞാനൊരു ബ്രാഹ്മണനായിരുന്നു. എനിക്ക് ഉത്തമനായ ഒരു സ്നേഹിതനുണ്ടായിരുന്നു. ഖഗമന്‍. അവനെ ഞാന്‍ തമാശക്ക് പുല്ലുകൊണ്ടുള്ള ഒരു പാമ്പിനെയുണ്ടാക്കി പേടിപ്പിച്ചു. പേടിച്ചു വിറച്ച അവന്‍ എന്നെ ശപിച്ചു – ‘നീയൊരു പാമ്പായിപ്പോകട്ടെ’ എന്ന്. പേടിയും ദേഷ്യവും പോയപ്പോള്‍ ആ ബ്രാഹ്മണന്‍ എന്നോടു പറഞ്ഞു: ’പ്രമതിയുടെ പുത്രനായ രുരു ഒരിക്കല്‍ നിന്നെ ശാപമോചിതനാക്കും’. ഞാന്‍ ആ സര്‍പ്പവും അങ്ങ് രുരുവുമാണ്. എന്റെ വാക്ക് സത്യമാണ്. ബ്രാഹ്മണര്‍ക്ക് അഹിംസയാണ് ഉചിതം. എല്ലാവരോടും കൃപ കാണിക്കുന്നത് ബ്രാഹ്മണലക്ഷണമാണ്. യജ്ഞത്തില്‍ മാത്രമേ ഹിംസ അനുവദിച്ചിട്ടുള്ളൂ.
ഉത്തങ്കന്‍ പറഞ്ഞു:സര്‍പ്പം പെട്ടെന്ന് മനുഷ്യദേഹം കൈക്കൊണ്ടു. രുരു ഹിംസയെല്ലാം ഉപേക്ഷിച്ചു. തന്റെ പ്രിയയെ വിവാഹം ചെയ്തു ജീവിച്ചു. രുരു ഇങ്ങിനെയാണ് തന്റെ പക തീര്‍ത്തത്. അങ്ങാണെങ്കില്‍ പിതൃഘാതകരായ സര്‍പ്പങ്ങളില്‍ വൈരമൊന്നുമില്ലാതെ കഴിയുന്നു. അങ്ങയുടെ അച്ഛന് ദുര്‍മരണമാണുണ്ടായത്. സ്നാനദാനാദികള്‍ ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയില്ല, സല്‍ഗതി കിട്ടാതെ മരിച്ച അദ്ദേഹത്തെ ഉദ്ധരിക്കാന്‍ സര്‍പ്പങ്ങളെ സംഹരിക്കുകയേ വഴിയുള്ളൂ. അച്ഛനോടുള്ള ചതിക്ക് പകരം ചോദിക്കാത്ത മകന്‍ ചത്തതിനു തുല്യം!
സൂതന്‍ പറഞ്ഞു: ഉത്തങ്കന്റെ വാക്കുകള്‍ കേട്ട് തന്റെ ദുര്‍ബുദ്ധിയില്‍ ജനമേജയന്‍ കുറ്റബോധത്തോടെ കണ്ണീരൊഴുക്കി. 'അച്ഛന്‍ സര്‍പ്പദംശമേറ്റ് മരിച്ചു പരഗതിയില്ലാതെ നില്‍ക്കുമ്പോള്‍ ഞാനിവിടെ രാജാവായി ഞെളിഞ്ഞിരിക്കുന്നത് എത്ര നിന്ദ്യം. ഞാനിന്നുതന്നെ സര്‍പ്പങ്ങളെ എരിതീയില്‍ ഹോമിക്കും!' എന്ന് പറഞ്ഞ് രാജാവ് മന്ത്രിമാരോട് സര്‍പ്പഹോമത്തിനുള്ള യജ്ഞസംഭാരങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു. ‘ഗംഗാ തീരത്ത് നൂറുകാല്‍ മണ്ഡപം തീര്‍ക്കണം. യജ്ഞമണ്ഡപം നന്നായി വിപുലമായിത്തന്നെ ഒരുക്കണം. യജ്ഞപശു തക്ഷകന്‍. ഹോതാവ് ഉത്തങ്കമുനി. എത്രയും പെട്ടെന്ന് മന്ത്രവിദഗ്ധരായ ബ്രാഹ്മണരെ വിളിച്ചു വരുത്തുക.’ യജ്ഞം സമാരംഭിച്ചു. ആ സമയത്ത് സര്‍പ്പസത്രത്താല്‍ പീഢിതനായ തക്ഷകന്‍ ദേവേന്ദ്രനെ സമീപിച്ചു തന്നെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു. ‘പേടിക്കണ്ട’ എന്ന് പറഞ്ഞ് ഇന്ദ്രന്‍ തക്ഷകന് അഭയം നല്‍കി.
ഇന്ദ്രന്‍ തക്ഷകന് അഭയം നല്കിയതറിഞ്ഞ മുനി ദേവേന്ദ്രനെയും ആവാഹിച്ചു വരുത്തി. തക്ഷകന്‍ അപ്പോള്‍ ജരല്‍ക്കാരുവിന്റെ മകനായ ആസ്തീകനെ സ്മരിച്ചു. ആസ്തീകന്‍ രാജാവിനെ വാഴ്ത്തി സ്തുതിച്ചു. പണ്ഡിതനായ ബ്രാഹ്മണനെ രാജാവ് യതാവിഥി ബഹുമാനിച്ചു. അപ്പോള്‍ ആസ്തികന്‍ രാജാവിനോട് പറഞ്ഞു: ‘രാജാവേ, ഈ യജ്ഞം അവസാനിപ്പിക്കുക’. ആസ്തികന്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ സത്യവാനായ രാജാവ് യജ്ഞം അവസാനിപ്പിച്ചു. അപ്പോള്‍ വൈശമ്പായനന്‍ രാജാവിന് മഹാഭാരതം കഥ മുഴുവനും പറഞ്ഞുകൊടുത്തു. കഥ മുഴുവന്‍ കേട്ടിട്ടും രാജാവിന്റെ മനസ്സടങ്ങിയില്ല. ‘മന:ശാന്തിക്ക് ഞാനെന്താണ് ചെയ്യേണ്ടത്?’ എന്നദ്ദേഹം വ്യാസനോടു ചോദിച്ചു. ‘ഉത്തരയുടെ പുത്രനായ എന്റെ അച്ഛന്‍ മരിച്ചത് ക്ഷത്രിയോചിതമായി ഒരു പോരിലല്ല. ആകാശത്ത് മാളികമുകളില്‍ വച്ച് ദുര്‍മരണമടഞ്ഞ അദ്ദേഹത്തിനു സല്‍ഗതി കിട്ടാനുള്ള ഉപായമെന്തെന്ന് എന്നെ ഉപദേശിച്ചാലും’
പുനരാഖ്യാനം: ഡോ. സുകുമാര്‍ കാനഡ
No comments:
Post a Comment