ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, April 8, 2017

നിത്യ ചൈതന്യ യതി എഴുതി….. വാര്‍ദ്ധക്യത്തെക്കുറിച്ച്

Image result for നിത്യ ചൈതന്യ യതി


പാലക്കാട് ജില്ലയിലെ അത്തിപ്പൊറ്റ സ്വദേശി ഇന്ദിര ഇപ്പോള്‍ ജ്ഞാനമയി ഇന്ദിരാ ദേവിയാണ്. ടെലികോം ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിയിലായിരിക്കെ, ഗുരു നിത്യചൈതന്യ യതിയുമായി സമ്പര്‍ക്കത്തിലായി, ആത്മീയ വഴിയിലെത്തി. 1996 ല്‍ ജോലിയില്‍നിന്ന് വിരമിച്ച് 98 ല്‍ യതിയില്‍നിന്ന് സംന്യാസം സ്വീകരിച്ചു. ആത്മീയ കാര്യങ്ങളിലെ സംശയങ്ങള്‍ക്ക് യതി ഫേണ്‍ഹില്ലില്‍നിന്ന് ഇന്ദിരയ്ക്ക് അയച്ച കത്തുകളിലൊന്നാണിത്.
ഡിയര്‍ ഇന്ദിര,

വാര്‍ദ്ധക്യം കരണേന്ദ്രിയ കളേബരങ്ങളുടെ പുനരാവിഷ്‌കാരത്തിനുള്ള തപസ്സാണ്. പലമാതിരി രോഗങ്ങള്‍ വന്ന് ആത്മാവിന്റെ ശുദ്ധീകരണം ഏറെക്കുറേ പൂര്‍ത്തിയായെന്ന് മനസിലാക്കി ദേവലോകക്കുളങ്ങളില്‍ ആമ്പല്‍ വിരിഞ്ഞു നില്‍ക്കുന്നതുനോക്കി സന്തോഷിച്ച് ജീവിക്കുന്നുവെന്നു കരുതി കടന്നുവരുന്ന കാലത്തിന്റെ ഓരോ വിനാഴികയേയും ആത്മാവിന്റെ വിമലകാന്തികൊണ്ട് സുപ്രകാശിതമാക്കി വെക്കണം. ഏതു ധ്യാനവും മുടങ്ങാതെ നിരന്തരമായി ചെയ്താല്‍ നമ്മുടെ ശരീരവും ഇന്ദ്രിയങ്ങളും മനസ്സും അതനുസരിച്ച് സംശുദ്ധമായി വന്നുകൊണ്ടിരിക്കും.

ആത്മാവെന്നു പറയുമ്പോള്‍ നഖവും രോമവും ഉള്‍പ്പെടെയുള്ള ഈ ശരീരത്തെ നമ്മുടെ പ്രത്യക്ഷാത്മാവായി എണ്ണണം. പുറംതോലുമുതല്‍ മഹാകാശം ഉള്‍പ്പെടെയുള്ള ബ്രഹ്മാണ്ഡം മുഴുവനും ആത്മാവുതന്നെയാണ്. അപ്രകാരം അറിയുമ്പോള്‍ വാര്‍ദ്ധക്യം, മരണം, പുനര്‍ജന്മം ഇതൊന്നും പ്രസക്തമായി വരികയില്ല. ഹൃദയത്തിന്റെ നാലറകളിലും രക്തധമനികളിലും രക്തം നിരന്തരം നില്‍ക്കാതെ പോകുന്നെങ്കിലും നാം അതൊന്നും ഒരു സംഭവമായി കാണുന്നില്ല. അതുപോലെയാകണം ഗര്‍ഭാവസ്ഥയും ശൈശവവും കൗമാരവും യൗവ്വനവും വാര്‍ദ്ധക്യവും പുനര്‍ജനനവും നിത്യശാന്തിയിലുള്ള വിലയനവുമെല്ലാം. നന്മനേരുന്നു.
നിത്യ

No comments:

Post a Comment