ക്ഷേത്രത്തില് വലിയവിളക്ക് സ്ഥാപിച്ചതിന് പിന്നില് ഒരു ഐതീഹ്യമുണ്ട്. ഒരു മൂശാരി ഒരു വലിയ തൂക്കുവിളക്കുമായി ക്ഷേത്രത്തില് വന്നു. ക്ഷേത്രഭാരവാഹികളെ കണ്ട് ഇത് അമ്പലത്തിലേക്ക് എടുത്ത് വല്ലതും തരണമെന്ന് പറഞ്ഞു. അപ്പോള് അവിടെ ഉണ്ടായിരുന്ന ഒരാള് പറഞ്ഞു: വിളക്ക് വാങ്ങിയാലും വെള്ളമൊഴിച്ചു കത്തിക്കാന് പറ്റുമോ, എണ്ണ വേണ്ടേ എന്ന്. ഏറ്റുമാനൂരപ്പന് വിചാരിച്ചാല് എണ്ണയും വെള്ളവുമില്ലാതെ ഇത് കത്തിയേക്കും. ഇത് ക്ഷേത്രത്തില് തൂക്കിയാല് ആരെങ്കിലും വന്ന് ഈ മംഗളദീപത്തില് എണ്ണ നിറച്ചോളും എന്ന് വിളക്ക് കൊണ്ടു വന്നയാള് പറഞ്ഞു. ഈ സംസാരത്തിനിടയില് ക്ഷേത്രത്തില് നിന്ന് ഒരാള് തുള്ളിക്കൊണ്ടുവന്ന് വിളക്ക് വാങ്ങി ബലിക്കല്പ്പുരയില് കൊണ്ടുപോയി തറച്ചു. ആ സമയം ഭയങ്കരമായ ഇടിയും മിന്നലുമുണ്ടായി. എല്ലാവരും ഭയന്ന് നാലമ്പലത്തിനുള്ളില് അഭയം തേടി. ഇടിയും മിന്നലും മാറി നോക്കുമ്പോള് നിറഞ്ഞ എണ്ണയുമായി അഞ്ച് തിരികളോടെ അത് പ്രകാശിക്കുന്നു. മൂശാരിയേയും വെളിച്ചപ്പാടിനേയും പിന്നെ ആരും കണ്ടിട്ടില്ല. ഭഗവാന് കൊളുത്തിയ വലിയ വിളക്ക് ഇന്നും കെടാവിളക്കായി പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.
ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രം
കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ പട്ടണത്തിലാണ് പുരാതനവും പ്രസിദ്ധവുമായ മഹാദേവക്ഷേത്രം. ഈ മഹാദേവക്ഷേത്രസൃഷ്ടിക്ക് തന്നെ രണ്ടായിരത്തിലേറെ വര്‍ഷങ്ങളായിട്ടുണ്ടാകുമെന്ന് കരുതപ്പെടുന്നു. ഇത് പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ഒരു അപൂര്‍വ്വ ശിവക്ഷേത്രം. മനോജ്ഞമായ അലങ്കാരഗോപുരം ശിവതാണ്ഡവത്തിന്റെയും ഗണപതിയുടെയും സുബ്രഹ്മണ്യന്റേയും ശില്‍പങ്ങള്‍ മുകളില്‍. അവിടെ നിന്നാം കാണാം സൂര്യപ്രഭയില്‍ വെട്ടിത്തിളങ്ങുന്ന പത്തുപതിനാല് താഴിക കുടങ്ങും സ്വര്‍ണ ധ്വജവും. അവിടെയുമുണ്ടൊരു ഗോപുരം. പടികളിറങ്ങി അകത്ത് കടന്നാല്‍ വലിയ ആനപ്പന്തല്‍. രാജകീയ പ്രസിദ്ധി വിളിച്ചറിയിക്കുന്ന പന്തലില്‍ നിന്നാല്‍ ആദ്യം കണ്ണില്‍പ്പെടുന്നത് ബലിക്കല്‍പ്പുരയിലെ കെടാവിളക്കാണ്. ഇവിടത്തെ കെടാവിളക്കും ഏഴര പൊന്നാനയും കരിങ്കല്‍ നാദസ്വരവും വലംപിരി ശംഖും വെള്ളിക്കാളയും എല്ലാം നമ്മുടെ ഓര്‍മ്മകളിലെ വര്‍ണ്ണപ്പൊട്ടുകളാണ്. കെടാവിളക്കിനെ ഏറ്റുമാനൂരെ വലിയവിളക്ക് എന്നാണ് അറിയപ്പെടുന്നത് ഈ വിളക്കില്‍ തൊഴുതശേഷം ദര്‍ശനം നടത്തുന്നത് വിശേഷമെന്ന് പഴമ. കൊല്ലവര്‍ഷം എഴുന്നൂറ്റിയിരുപതിലാണ് ഈ വിളക്ക് ഇവിടെ സ്ഥാപിച്ചത്. അന്നുമുതല്‍ ഇന്നുവവരരെ ഈ കേടാവിളക്ക് കെട്ടിട്ടില്ല. ഏതാണ്ട് മൂന്നുലിറ്ററോളം എണ്ണ ഇതില്‍ കൊള്ളും. വലിയ വിളക്കില്‍ എണ്ണ നിറച്ചുകത്തിക്കുന്നത് ഇവിടത്തെ അതിപ്രധാനമായ വഴിപാടാണ്. അപസ്മാരം പോലുള്ള രോഗങ്ങള്‍ മാറുന്നതിന് വിളക്കില്‍ തൊട്ടു സത്യം ചെയ്യുന്ന പതിവുമുണ്ട്. വിളക്കിന്റെ മൂടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കരികൊണ്ട് കണ്ണെഴുതുന്നത് നേത്ര രോഗം മാറാന്‍ ഉത്തമമാണെന്ന് വിശ്വാസം.
അകത്ത് ചെമ്പുമേഞ്ഞ വട്ടശ്രീകോവിലില്‍ വാണരുളുന്ന ഏറ്റുമാനൂരപ്പന്‍. രാവിലെ അര്‍ദ്ധനാരീശ്വരനായും ഉച്ചയ്ക്ക് കിരാതമൂര്‍ത്തിയായും വൈകിട്ട് ദക്ഷദ്ധ്വംസിയായ സംഹാരരുദ്രനായും ഭക്തര്‍ ഉപാസിക്കുന്ന ഭാവം. രണ്ടരയടിയോളം ഉയരം വരുന്ന ദിവ്യമായ ശിവലിംഗം. അഞ്ചുപൂജയുമുണ്ട്. വില്വമംഗലം സ്വാമിയാരാണ് പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം. നൂറ്റിയെട്ട് ശിവാലയങ്ങളില്‍ ഉള്‍പ്പെടുന്നതുകൊണ്ട് പരശുരാമപ്രതിഷ്ഠയെന്നും വിശ്വസിച്ചുപോരുന്നു.
കേരളത്തിലെ പഴയ മുപ്പത്തിരണ്ട് നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നായ ഗ്രാമക്ഷേത്രമാണ് ഇതെന്ന് ചരിത്രം. ഒടുവില്‍ ക്ഷേത്രത്തിന്റെ ഉടമാവകാശം എട്ടുമനക്കാര്‍ക്കായി. അതുകൊണ്ട് എട്ടുമനയൂര്‍ എന്ന പേരുവന്നു. പിന്നീട് അത് ഏറ്റുമാനൂരായി എന്നുപറയപ്പെടുന്നു. ക്ഷേത്ര മാഹാത്മ്യപ്രകാരം മറ്റൊരു ഐതിഹ്യവും കേള്‍ക്കുന്നുണ്ട്. ഖരാസുരന് പരമശിവന്‍ മൂന്നുശിവലിംഗങ്ങള്‍ നല്‍കി. അവ വൈക്കത്തും കടുത്തുരുത്തിയിലും ഏറ്റുമാനൂരും പ്രതിഷ്ഠിച്ചുവത്രേ. എന്നിട്ടും തൃപ്തിവരാഞ്ഞ് ഒരു മാനായി തപസ്സ് തപസ് തുടര്‍ന്നുവെന്നും അന്നുമുതല്‍ ഈ ക്ഷേത്രത്തിന് ഏറ്റിയമാന്‍പുരം എന്ന് പേരുണ്ടായി എന്നും കാലക്രമത്തില്‍ ഏറ്റുമാനൂര്‍ എന്നായി മാറിയെന്നും പറയപ്പപ്പെടുന്നു.
കുംഭമാസത്തിലെ തിരുവാതിരയും ശിവരാത്രിയും ഏറ്റുമാനൂരിലെ പ്രധാന ഉത്സവങ്ങളാണ്. മഹാശിവരാത്രിക്ക് ക്ഷേത്രത്തില്‍ നടക്കുന്ന പതിനെട്ട് പൂജകള്‍ പ്രസിദ്ധം. ഇതു കണ്ട് തൊഴുന്നത് ഭക്തര്‍ക്ക് അനുഭൂതിതന്നെ. കുംഭമാസത്തിലെ ചതയം നാളില്‍ കൊടിയേറി തിരുവാതിരനാളില്‍ ആറാട്ടായി പത്തുദിവസത്തെ ഉത്സവം. ഇത് ദക്ഷിണ കേരളത്തിലെ മികച്ച ഉത്സവങ്ങളില്‍ ഒന്നാണ്. എട്ടാം ഉത്സവം ഏറ്റവും പ്രധാനം. അന്ന് പാതിരായ്ക്ക് ആസ്ഥാനമണ്ഡപത്തില്‍ സാന്നിദ്ധ്യമരുളി ഏറ്റുമാനൂരപ്പന്‍ എല്ലാവരേയും അനുഗ്രഹിക്കുന്നു. ആസ്ഥാനമണ്ഡപ ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ അവിടെ കാണിക്കയര്‍പ്പിക്കുന്നു. ഇതിനെ വലിയകാണിക്ക എന്നുപറയുന്നു. ഈ കാണിക്കയര്‍പ്പിക്കല്‍ ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം പുണ്യമത്രേ. അപ്പോള്‍ ഏഴരപ്പൊന്നാനയെ തണ്ടിലേറ്റി കൊണ്ടുവന്ന് ഭഗവാനെ എതിരേല്‍ക്കും. തിരുവിതാംകൂര്‍ വടക്കുംകൂറിനെ ആക്രമിച്ചപ്പോള്‍ സാമൂതിരി ഈ ക്ഷേത്രത്തിന് നല്‍കിയ സ്ഥലവും മറ്റും നശിപ്പിച്ചു. ഇതിന്റെ പ്രായശ്ചിത്തമായിട്ടാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാനയെ നടയ്ക്കുവച്ചത്. ഓരോ ആനയും ഓരോ തുലാം സ്വര്‍ണ്ണം കൊണ്ടും ഒരടിപൊക്കമുള്ള അരയാന അരതുലാം സ്വര്‍ണ്ണംകൊണ്ടും പൊതിഞ്ഞിരിക്കുന്നു. ആനകളുടെ എണ്ണം എട്ടാക്കാതെ ഏഴര ആക്കാനുള്ള കാരണം എട്ടുമനക്കാര്‍ സമമായി ഭാഗിച്ചെടുക്കാതിരിക്കാനായിരുന്നു. ആ മഹാരാജാവിന്റെ കൗശലം കൊണ്ടാകാം ഇന്നും ആ പൊന്നാനകള്‍ ഏറ്റുമാര് ക്ഷേത്രത്തിലുള്ളത്.
No comments:
Post a Comment