ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, April 1, 2017

വന്ദേ സരസ്വതീം ദേവീം



ദേവതാസങ്കീര്‍ത്തനങ്ങള്‍ നാവിന്മേല്‍ നടനം ചെയ്യുമ്പോള്‍ അനുഭൂതമാകുന്ന ആത്മനിര്‍വൃതി അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. മലയാളികളെ ഭക്തിയുടെ ക്ഷീരസാഗരത്തില്‍ ആറാടിച്ച തുഞ്ചത്താചാര്യന്‍ വാണീദേവിയോട് അര്‍ഥിച്ചത് ഇതുമാത്രം.

‘വാരിധിതന്നില്‍ത്തിരമാലകളെന്നപോലെ
ഭാരതീപദാവലി തോന്നണം കാലേ കാലേ’

വിദ്യാമൂര്‍ത്തിയായ സരസ്വതീദേവിയുടെ സ്തുതിഗീതങ്ങളാല്‍ നവരാത്രി മണ്ഡപങ്ങള്‍ മുഖരിതമാവുന്ന സുദിനങ്ങളാണ് നവരാത്രികാലം. ഹൈന്ദവരായ ഭക്തജനങ്ങള്‍ക്ക് ദേവിമാരെയും ദേവന്മാരെയും സ്തുതിച്ചാലപിക്കുവാനായി വിരചിതമായിട്ടുള്ള അസംഖ്യം സ്‌തോത്രമാലകളുണ്ട്. ഏതു മംഗളകര്‍മ്മത്തിന്റെയും പ്രാരംഭത്തില്‍ വിഘ്‌നങ്ങള്‍ നീങ്ങിക്കിട്ടാനായി വിഘ്‌നേശ്വരനായ ഗണപതിയെ പ്രാര്‍ഥിക്കുകയെന്നത് ഹിന്ദുക്കളുടെ എക്കാലത്തെയും നിഷ്ഠയാണ്. ഗണപതിയെയും സരസ്വതിയെയും ഏകത്ര പ്രകീര്‍ത്തിക്കുന്ന ഒരു ശ്ലോകമുണ്ട്.

‘ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണനായകോ മേ
വിഘ്‌നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വകാലം
സര്‍വാഥകാരിണി സരസ്വതിദേവി വന്നെന്‍
നാവില്‍ക്കളിക്ക കുമുദേഷു നിലാവുപോലെ!
‘വെള്ളാമ്പലിന്റെ സ്‌നിഗ്ധദലങ്ങളില്‍ പരമപവിത്രമായ പൂനിലാവെന്ന പോലെ എന്റെ നാവില്‍ അമലാക്ഷരികള്‍ മാത്രം വന്നു നിറയേണമേ’ എന്നാണ് ആ അര്‍ഥന.

അനാദിയും അനന്തവുമായ സരസ്വതീപ്രവാഹത്തനു സമം സരസ്വതീകീര്‍ത്തനങ്ങളും ഒഴുകുന്നു. സംഗീതസദിരുകളിലും സന്ന്യാസനാമജപങ്ങളിലും സര്‍വസാധാരണമായി ആലപിച്ചുപോരുന്ന ഏതാനും സരസ്വതീവന്ദനശ്ലോകങ്ങളുടെ അനുസന്ധാനം പുണ്യപ്രദമായിരിക്കും. വാഗീശ്വരിയെ സ്മരിക്കുമ്പോള്‍ ആദ്യം മനസ്സിലുണരുന്ന സ്തുതിഗിതി.

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതു മേ സദാ’ എന്നതാണ്.
വരദായിനിയും സുന്ദരരൂപിണിയുമായ അല്ലയോ സരസ്വതീദേവി, ഭവതിക്കായി നമസ്‌കാരം. ഞാന്‍ വിദ്യാരംഭം കുറിക്കുന്നു. എനിക്ക് എല്ലായ്‌പ്പോഴും സകല സിദ്ധികളും നല്‍കിയാലും!

വിദ്യാരംഭമുഹൂര്‍ത്തത്തില്‍ ഓരോ അന്തരാത്മാവിന്റെയും മന്ത്രണം ഇതൊന്നല്ലേ.
മഴമംഗലം നാരായണന്‍ നമ്പൂതിരിയുടെ നൈഷധം ചമ്പുവിലെ നാന്ദീശ്ലോകം മലയാളികള്‍ക്ക് അക്ഷരദേവതയെ ഉപാസിക്കുവാനുള്ള ദിവ്യകീര്‍ത്തനമാണ്.

അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ
വേദമാകുന്നശാഖി-
ക്കൊമ്പത്തമ്പോടുപൂക്കും കുസുമതതിയിലേ-
ന്തുന്ന പൂന്തേന്‍കുഴമ്പേ
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമന സുകൃതോ-
പാന്ത സൗഭാഗ്യലക്ഷ്മീ
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാ-
ധീശ്വരീ! വിശ്വനാഥേ!
അമ്പത്തൊന്നക്ഷരാളിയായ വലയാധീശ്വരിയാണ് അലങ്കാരബഹുലവും ഉക്തിവൈചിത്ര്യശബളവുമായ ഈ അദ്വിതീയ ചമ്പുകാവ്യം രചിക്കുവാന്‍ മഴമംഗയലത്തിന് അനുഗ്രഹം വര്‍ഷിച്ചുകൊണ്ടിരുന്നതെന്നും പ്രസ്തുത മംഗളാചരണത്തില്‍നിന്ന് അനുമാനിക്കാം. ആധ്യാത്മികജ്ഞാനസാരമായ വേദമാകുന്ന കല്‍പതരുവിലെ കുസുമങ്ങളിലുള്ള തേന്‍കുഴമ്പാണ് മഴമംഗലത്തിന് വലയത്തുനാടിന്റെ അധിദേവതയായ അക്ഷരാത്മിക.

വൈരക്കല്ലിന്റെ വിശുദ്ധി പൊഴിയുന്ന ശ്വേതവര്‍ണത്തോടുകൂടി വെള്ളത്താമരയില്‍ വസിക്കുന്ന ശാരദാദേവിയെ മറ്റൊരു ശ്ലോകത്തില്‍ സ്തുതിക്കുന്നതിങ്ങനെ:
വെള്ളപ്പളുങ്കുനിറമൊത്ത വിദഗ്ധരൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലെത്തിരകള്‍ തള്ളിവരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടു സരസ്വതീ നീ.

മാനസഗംഗയില്‍ സദ്‌വാണികളുടെ തിരച്ചാര്‍ത്തുകള്‍ മാത്രമേ ഉയരാവൂ എന്ന ആശ ഈ പ്രകീര്‍ത്തനത്തിന്റെ ആന്തരശോഭ വര്‍ധിപ്പിക്കുന്നു. മൂകനെപ്പോലും വാചാലനാക്കുന്ന ദേവിയാണ് മൂകാംബിക. ആ ദേവിയെ വര്‍ണിക്കുന്ന പ്രാര്‍ഥനാഗീതികള്‍ രചിക്കാത്ത ഭക്തകവികളില്ല.
വാണീദേവി സുനീലവേണി ത്രിജഗദാം
വീണാരവം കൈതൊഴും
വാണീവൈഭവ മോഹിനീ ത്രിജഗദാം
നാഥേ വിരിഞ്ചപ്രിയേ
വാണീദോഷമശേഷമാശു കളവാ-
നെന്‍നാവിലത്യാദരം
വാണീടേണമതിന്നു നിന്നടിയില്‍ ഞാന്‍
വീഴുന്നു മൂകാംബികേ.

വീണാനാദം പോലും നമിക്കുന്ന വാണീവിലാസത്തോടുകൂടിയവളാണ് മുപ്പാരിന്റെയും നാഥയും നാന്മുഖപ്രിയയുമായ വാഗധീശ. ഇതില്‍ ഒന്നും മൂന്നും പാദങ്ങളിലുള്ള പദാവലികള്‍ക്കു പകരം വീണാരവം കൈതൊഴാം, എന്നും ‘ആത്താദരം’ എന്നും പാഠഭേദം കല്‍പിച്ചു ചൊല്ലിക്കേട്ടിട്ടുണ്ട്. എങ്കില്‍ വീണമീട്ടി പ്രാര്‍ഥിച്ചുകൊണ്ടു കൈതൊഴാമെന്നും ആദരവോടെ (സ്‌നേഹത്തോടെ, കാരുണ്യത്തോടെ) നാവില്‍ വാണീടണമെന്നും അര്‍ഥം നല്‍കാം.
അക്ഷരമാലയും ഗ്രന്ഥവും വീണയും കരങ്ങളില്‍ പേറുന്ന ഈശ്വരിയാണല്ലോ സരസ്വതി. വീണാധരിണിയായ ദേവിയെ വാഴ്ത്തുന്നതാണ് ഇനിയൊരു മനോജ്ഞഗീതം.
മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുളവാഗ്‌വിലാസം
മാഹേന്ദ്രനീലദ്യുതി കോമളാംഗീം
മാതംഗകന്യാം മനസാ സ്മരാമി.

മാണിക്യവീണയെ സദാ ലാളിച്ച് വാദനം ചെയ്യുന്നവളും മദാലസയും മഞ്ജുവാണിയും ഇന്ദ്രനീലശോഭയേന്തുന്നവളും കോമളാംഗിയും മാതംഗകന്യയുമായ ഭാരതീദേവിയെ ഞാന്‍ മനസ്സില്‍ സ്മരിക്കുന്നു. മാഹേന്ദ്രനീലദ്യുതി, മാതംഗകന്യ എന്നീ വിശേഷണങ്ങളാല്‍ പാര്‍വതീദേവിയും ഇവിടെ സ്മരിക്കപ്പെടുന്നതിനാല്‍ ദ്വയാര്‍ത്ഥശ്ലോകമായും ഇതിനെ വ്യാഖ്യാനിക്കാം. സരസ്വതിയെ വിഷ്ണുവിനോടു ബന്ധപ്പെട്ട ശക്തിയായും ശിവനോടു ബന്ധപ്പെട്ട ശക്തിയായും അഗ്‌നിപുരാണത്തില്‍ സങ്കല്‍പ്പിച്ചിരിക്കുന്നതിനും ഈ സന്ദര്‍ഭത്തില്‍ പ്രസക്തിയുണ്ട്.

വിചിത്രാഡംബരിയും ശ്വേതപദ്മാസനയുമായ വേദാത്മികയുടെ സമ്മോഹനചിത്രമാണ് ഇനിയൊരു വര്‍ണനയില്‍.
യാ കുന്ദേന്ദുതഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശേ്വതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിര്‍-
ദേവൈഃ സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ.

‘തുഷാരകണങ്ങള്‍ തിളങ്ങുന്ന കുരുക്കുത്തിമുല്ലമാലയുടെ ധവളിമ ചേര്‍ന്നവളും ശുഭ്രവസ്ത്രധാരിണിയും വരവീണയാല്‍ അലംകൃതമായ കരതലങ്ങളോടുകൂടിയവളും വെണ്‍താമരയില്‍ വസിക്കുന്നവളും ബ്രഹ്മാവിഷ്ണുമഹേശാദികളായ ദേവന്മാരാല്‍ എല്ലായ്‌പ്പോഴും പൂജിക്കപ്പെടുന്നവളും ആയ അല്ലയോ സരസ്വതീഭഗവതീ! സര്‍വമന്ദതകളെയും ദൂരീകരിച്ച് എന്നെ രക്ഷിച്ചാലും’ എന്നാണ് അര്‍ഥന
ഡോ. വി. പ്രസന്നമണി

No comments:

Post a Comment