ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, March 6, 2017

ഭാഗവതത്തിലെ മാനസിക സമീപനം



ക്രിയാത്മക ചിന്ത

ഒരു ഗ്ലാസില്‍ പകുതിവെള്ളമുണ്ടെന്ന് കരുതുക. അതിനെ നോക്കി ചിലര്‍ പറഞ്ഞേക്കും, ഗ്ലാസ് പകുതിയും കാലിയാണെന്ന്. മറ്റു ചിലരുടെ ദൃഷ്ടിയില്‍ ഗ്ലാസില്‍ കുറച്ചേ വെള്ളമുള്ളൂ എന്നാകാം. ചിലര്‍ പറയും ഗ്ലാസില്‍ കുറേ വെള്ളമുണ്ട്. ചിലര്‍ക്ക് പറയാനാകും ഗ്ലാസില്‍ പകുതിയും വെള്ളം നിറഞ്ഞുനില്‍ക്കുന്നു, അഥവാ പകുതിയും ഫുള്ളാണ്. ഇതെല്ലാം ശരിയാണു താനും. എന്നാല്‍ കേള്‍ക്കുന്നവരുടെ മനസ്സ് കുളിര്‍പ്പിക്കുന്നത് ഏതായിരിക്കും.

ഇതില്‍ പകുതിയും നിറഞ്ഞുനില്‍ക്കുന്നു എന്നതാണ് പോസിറ്റീവ് തിങ്കിങ്. കുറച്ചുകൂടി വെള്ളമൊഴിച്ചാല്‍ ഗ്ലാസ് നിറയും എന്ന മനോഭാവത്തിനാണ് അത് വഴിവയ്ക്കുക. ഗ്ലാസില്‍ കുറച്ചേ വെള്ളമുള്ളൂ, പകുതിയും കാലിയാണ്, ഏതാണ്ട് കാലിയാണ് എന്നതെല്ലാം നിരാശയുടെ മനഃസ്ഥിതിയാണുണ്ടാക്കുക.

ചില ചാക്യാര്‍കൂത്തുകളില്‍ പറയുന്നത് കേട്ടിട്ടുണ്ട്, ദൂതലക്ഷണങ്ങള്‍. ഞാന്‍ തന്നെ പോകണോ, ഞാന്‍ പോയതുകൊണ്ട് പ്രയോജനമുണ്ടോ, വേറെ ആരെയെങ്കിലും അയച്ചാല്‍ പോരേ, ഇന്നുതന്നെ പോകണോ എന്നൊക്കെ. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ചോദിച്ച് ഉത്തരവാദിത്വത്തില്‍നിന്നും പിന്മാറാന്‍ ശ്രമിക്കുന്ന ദൂതന്മാരെ ഒരിക്കലും ദൂതിന് നിയോഗിക്കരുത്. അതായത് ഏതു വിഷയത്തിലും ക്രിയാത്മക സമീപനമുള്ളവരെയാണ് നിയോഗിക്കേണ്ടത്.

നമ്മുടെ പുരാണങ്ങളില്‍ നാരദരില്‍നിന്ന് പഠിക്കേണ്ട പ്രവര്‍ത്തനരീതികളില്‍ ഒന്നാണ് പോസിറ്റീവ് തിങ്കിങ് അഥവാ ക്രിയാത്മക ചിന്ത. നാരദര്‍ക്ക് ദേവന്മാരുടെയും അസുരന്മാരുടെയും മനുഷ്യരുടെയും എല്ലാം ഇടയില്‍ കടന്നുചെല്ലാനുള്ള വ്യക്തമായ സ്വാതന്ത്ര്യമുണ്ടായിരുന്നു. അവരുടെയെല്ലാം മുന്‍പില്‍ നാരദന്‍ കൈക്കൊള്ളുന്ന സംഭാഷണ നയചാതുരി വ്യത്യസ്തമാണ്. എന്നാല്‍ സത്യവിരുദ്ധമായി ഒന്നുപറയുകയുമില്ല. നാരദരുടെ പദപ്രയോഗം എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ പ്രകോപനപരമായി പലര്‍ക്കും തോന്നിയേക്കാം. നാരദപ്പണികൊണ്ട് എവിടെയൊക്കെ സംഘര്‍ഷമുണ്ടായാലും ശുഭപര്യവസായിയായ രംഗത്തിന് അരങ്ങൊരുങ്ങിയിട്ടുണ്ട്. നന്മയുടെ പ്രചാരകനായിരുന്നു ശ്രീനാരദര്‍.

ഭാഗവതത്തില്‍ ഭക്തജനങ്ങള്‍ ഏറെ ശ്രദ്ധയോടെയും താല്‍പര്യത്തോടെയും കേള്‍ക്കാനാഗ്രഹിക്കുന്ന കഥാഭാഗങ്ങളാണ് ധ്രുവന്റെയും പ്രഹ്ലാദന്റെയും മറ്റും രംഗങ്ങള്‍. ഇതിലെല്ലാം നാരദരുടെ സാന്നിധ്യവുമുണ്ടായിരുന്നു. നാരദര്‍ ദേവന്മാര്‍ക്കിടയിലും അസുരന്മാര്‍ക്കിടയിലും അവരെ പുകഴ്ത്തിക്കൊണ്ടാണ് സംഭാഷണമാരംഭിക്കാറ്.

നമുക്ക് ജീവിതത്തില്‍ പകര്‍ത്തിയെടുക്കാവുന്ന ക്രിയാത്മക സമീപനം ഭാഗവതത്തില്‍ മറ്റു പല സന്ദര്‍ഭങ്ങളിലും മറ്റു പലരില്‍നിന്നും പ്രകടമായിട്ടുണ്ട്. ഭാഗവതത്തിലെ ഒരു കഥാഭാഗം ഇങ്ങനെയാണ്.

കാളിന്ദിയാറ്റില്‍ ഭഗവാന്‍ കൃഷ്ണന്റെ കാളിയമര്‍ദ്ദന ഭാഗമാണ് രംഗം. കാളിയന്റെ തീവ്രവിഷം കാളിന്ദിയേയും പരിസരപ്രദേശങ്ങളേയും ഏറെ ദുഷിപ്പിച്ചതറിഞ്ഞ ശ്രീകൃഷ്ണ ഭഗവാന്‍ കാളിയന്റെ ശിരസിലേക്ക് ചാടിയിറങ്ങി ശരിക്കും മര്‍ദ്ദിച്ചു. ശിരസില്‍ ഭഗവാന്റെ ചവിട്ടുകള്‍ ഏറെ ഏറ്റപ്പോള്‍ കാളിയന്‍ തളര്‍ന്നു രക്തം ഛര്‍ദിച്ചു. ഈ അവസരത്തിലാണ് നാഗപത്‌നിമാര്‍ രംഗപ്രവേശം ചെയ്യുന്നത്. കാളിയശിരസില്‍ നര്‍ത്തനമാടിയ ഭഗവാനെ വാഴ്ത്തിക്കൊണ്ടാണ് അവര്‍ ആരംഭിക്കുന്നത്.

തങ്ങളുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയതിന്റെ യാതൊരു പരിഭവവും അവര്‍ ആദ്യം പ്രകടമാക്കുന്നില്ല. ഭര്‍ത്താവായ കാളിയനെ കുറ്റപ്പെടുത്തുന്നതരത്തിലായിരുന്നു അവരുടെ വാക്കുകള്‍. ശ്രീമദ് ഭാഗവതം ദശമസ്‌കന്ധത്തിലെ പതിനാറാം അധ്യാത്തിലേക്ക് ഒന്നു കണ്ണോടിക്കാം.

ശ്ലോകം 33
ന്യായോഹി ദണ്ഡ കൃത
കില്‍ബിഷേളസ്മിം
സ്തവാവതാരഃ ഖല നിഗ്രഹായ
രിപോഃ സുതാനാമപി തുല്യദൃഷ്‌ടേര്‍
ദ്ധല്‍സേ ദമം ഫലമേവാനുശംസന്‍.
(അല്ലയോ ഭഗവാനേ, അങ്ങ് ചെയ്തത് ന്യായം തന്നെ. പാപം ചെയ്ത ഈ കാളിയനെ ശിക്ഷിച്ചതു നന്നായി. അങ്ങയുടെ ഈ അവതാരം തന്നെ ദുഷ്ടനിഗ്രഹത്തിനുദ്ദേശിച്ചുള്ളതാണല്ലോ. ശത്രുക്കളോടും സന്താനങ്ങളോടും അങ്ങ് ഒരേ വീക്ഷണത്തോടെയാണ് പെരുമാറുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങയുടെ ദണ്ഡനങ്ങള്‍ പോലും സദുദ്ദേശ്യത്തോടെയാണ്.)

ശ്ലോകം 34
അനുഗ്രഹോളയം ഭവതഃ കൃതോഹിനോ
ദണ്ഡോളസതാംതേ ഖലു കല്‍മഷാപഹഃ
യദ്ദന്ദശുകത്വ മമുക്ഷ്യദേഹിനഃ
ക്രോധോളപി തേളനുഗ്രഹ ഏവ സമ്മതഃ
(അങ്ങ് ചെയ്തത് സത്യത്തില്‍ അനുഗ്രഹം തന്നെയാണ്. അങ്ങയുടെ നിഗ്രഹം, ദണ്ഡം സര്‍വപാപങ്ങളും തീര്‍ക്കുന്നതാണ്. ഏതോ ജന്മത്തിലെ പാപങ്ങള്‍ ഹേതുവായിട്ടാണ് ഞങ്ങള്‍ സര്‍പ്പങ്ങളായി ജനിച്ചത്. എങ്കിലും ഹരേ, അങ്ങയുടെ പാദസ്പര്‍ശത്താല്‍ കാളിയന്റെ പാപങ്ങളെല്ലാം അങ്ങ് ഹരിച്ചിരിക്കുന്നു.)

ശ്ലോകം 35:-
തപഃസുതപ്തം കിമനേന പൂര്‍വം
നിരസ്തമാനേന ച മാനദേന
ധര്‍മോളഥവാ സര്‍വജനാനുകമ്പയാ
യതോഭവാം സ്തുഷ്യതി സര്‍വജീവഃ
(ഈ കാളിയന്‍ മുന്‍പ് എന്ത് തപസാണാവോ ചെയ്തിട്ടുള്ളത്? അങ്ങയുടെ പാദസ്പര്‍ശംകൊണ്ട് ഇവന്‍ അനുഗൃഹീതനായല്ലോ! അതിഥി സല്‍ക്കാരമോ പരോപകാരമോ അന്യരോടുള്ള ബഹുമാനമോ ഒന്നും ഇവന്‍ ചെയ്തതായി ഞങ്ങള്‍ക്കറിയില്ല. ധര്‍മപ്രവര്‍ത്തനങ്ങളോ സഹജീവികളോടുള്ള സ്‌നേഹമോ അനുകമ്പയോ വല്ലതും ഇവന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ? സര്‍വജീവികളിലും ജീവനായിരിക്കുന്ന അങ്ങയെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും പുണ്യപ്രവൃത്തി ഇവന്‍ ചെയ്തതായി ഞങ്ങള്‍ അറിഞ്ഞിട്ടില്ല.)

ജയശങ്കര്‍ ഇടപ്പള്ളി

No comments:

Post a Comment