അമൃതവാണി
മറ്റു പലതിലും ഏറ്റവും പിന്നിലാണെങ്കിലും മദ്യപാനത്തിന്റെ കാര്യത്തില്‍ കേരളീയര്‍ വളരെ മുന്നിലാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. ഒളിമ്പിക്‌സില്‍ മദ്യപാന മത്സരം നടത്തിയാല്‍ കേരളം എല്ലാ വിഭാഗങ്ങളിലും തീര്‍ച്ചയായും സ്വര്‍ണം നേടും. റെക്കോഡും സ്ഥാപിക്കും. എത്രയെത്ര മദ്യദുരന്തങ്ങള്‍ ഈ മണ്ണിലുണ്ടായി? എത്രയെത്ര കുടുംബങ്ങള്‍ അനാഥമായി? എന്നിട്ടും ഈ മഹാവിപത്തിനെ വീണ്ടും നാം വിളിച്ചുവരുത്തുന്നല്ലോ!
അമിതവേഗത്തില്‍ വണ്ടിയോടിച്ചാല്‍ പിഴയടയ്ക്കണം. വിദേശരാജ്യങ്ങളില്‍ മൂന്നുതവണ ഒരാള്‍ പിടിക്കപ്പെട്ടാല്‍ വണ്ടിയോടിക്കാനുള്ള ലൈസന്‍സ് തന്നെ റദ്ദാക്കും. അതുപോലെ, അനാശാസ്യ കാര്യങ്ങള്‍ക്കായി സെല്‍ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ദ്രോഹംചെയ്യുന്ന അമിതമദ്യപാനവും ശിക്ഷാര്‍ഹമാക്കണം. മദ്യപാനത്തെപ്പോലെ മനുഷ്യനെ നശിപ്പിക്കുന്ന ശീലങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണം.
അതുപോലെ തട്ടിപ്പുസംഘങ്ങളും ക്വട്ടേഷന്‍സംഘങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം സൈ്വരവിഹാരം നടത്തുന്നു. പട്ടാളത്തില്‍ ആെള എടുക്കുന്നതുപോലെ ഭീകരവാദം പ്രചരിപ്പിക്കാന്‍ ഇവിടെ ആളുകളെ തിരഞ്ഞെടുക്കുന്നു. യുവാക്കളുടെ ജീവിതമാണ് ഇവിടെയും ഹോമിക്കപ്പെടുന്നത്.
ഇത്ര ഭീകരമാണ് നമ്മുടെ ലോകം എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. പക്ഷേ, അതാണ് സത്യം. ഈ അവസ്ഥ എങ്ങനെയുണ്ടായി? ഇതിനുത്തരവാദികള്‍ മനുഷ്യര്‍ തന്നെയാണോ? ഇപ്പോഴത്തെ ഈ അവസ്ഥയുടെ പൂര്‍ണ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്. അതിന് മറ്റൊന്നിനെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രകൃതിനിയമങ്ങളും സദാചാരമൂല്യങ്ങളും പാലിക്കാതെയുള്ള മനുഷ്യന്റെ ജീവിതമാണ് ഇതിന്റെ അടിസ്ഥാന കാരണം.
No comments:
Post a Comment