ഓം നമോ ഭഗവതേ വാസുദേവായ
ഭഗവാന്‍ മഹാവിഷ്ണു സകല ഭൂതങ്ങളുടെയും അധ്യക്ഷനും ബോധസ്വരൂപവും നിയന്താവും സർവവ്യാപിയും ചൈതന്യ സ്വരൂപനും സകലതിന്റെയും അധ്യക്ഷനും നിരഞ്ജനനും ഒന്നിൽ മാത്രമായി ചേരാത്തതും മഹേശനും സകല ദേവന്മാരാലും പൂജിക്കപ്പെടുന്നവനും തേജോമയനും അസത്വനും തപോവർജിതനും രജോമുക്തനും മൂന്നു ഗുണങ്ങൾക്കുമതീതനും വാസനാരഹിതനും ശുദ്ധനും സകല ദോഷങ്ങളിൽ നിന്നുമതീതനും വിശപ്പ്, ദാഹം, മോഹം ശോകം ഇതിൽ നിന്നുമെല്ലാം വിമുക്തനും ആകുന്നു.
ഭഗവാന്റെ അവസ്ഥ വർണനാതീതമാണ്. അദ്ദേഹം ജരാമരണഹീനനും സർവോപരിസ്ഥിതനും മോഹരഹിതനും ഉൽപത്തിവിനാശഹീനനും സത്യസ്വരൂപനും സർവേശ്വരനും സൂക്ഷ്മത്തിൽ സൂക്ഷ്മവും പരമാനന്ദസ്വരൂപനും സർവനും രക്ഷാധികാരിയും സകലമംഗളസ്വരൂപനുമാണ്.
വിക്രിയാരഹിതനും വേദാന്തവേദ്യനും വേദരൂപനും പരനും സ്പർശരൂപശബ്ദരസാദിരഹിതനും ബന്ധവിമുക്തനും അനാദിയും അഹം ബ്രഹ്മാസ്മി എന്ന ചിന്തയ്ക്കാസ്പദവും ആണ്.
കോടിക്കണക്കിനു സൂര്യന്മാരുടെ പ്രഭയുളള ഭഗവാൻ വിശാലവും സൗമ്യവുമായ ശംഖം ധരിച്ചവനുമാകുന്നു. ആയിരക്കണക്കിനു സൂര്യന്റെ പ്രഭയുളളതും ജ്വാലാമാലകളാൽ ഉഗ്രരൂപവുമായ സുദർശനചക്രം ചേർന്നവനാണെങ്കിലും ശാന്തസ്വരൂപനാണ്. ഗദാഹസ്തനാണ്. മംഗളകരമായ മുഖത്തോടു കൂടിയവനുമാകുന്നു. അദ്ദേഹം വിശിഷ്ടവും രത്നപ്രഭാമയവുമായ കിരീടം ധരിച്ചവനാണ്. ആയുധം ചേർന്നവനാണ്. സർവവ്യാപിയാണ്. പത്മധാരിയുമാണ്. വനമാല ധരിച്ചവനും ശുഭ്രനും സമാനങ്ങളായ തോളുകൾ ചേര്‍ന്നവനും സ്വർണാഭരണഭൂഷിതനും സുവസ്ത്രനും ശുദ്ധദേഹനും സുന്ദരങ്ങളായ ചെവികൾ ചേർന്നവനും താമരയിൽ ഇരിക്കുന്നവനുമാകുന്നു. അദ്ദേഹം സ്വർണശരീരനും മനോഹരഹാരം ധരിച്ചവനും നല്ല തോൾവളകൾ ധരിച്ചവനും സകലാഭരണ വിഭൂഷിതനുമാകുന്നു.
ശ്രീവത്സം, കൗസ്തുഭം എന്നിവ ചേര്‍ന്നവനും ലക്ഷ്മിയാൽ വന്ദിക്കപ്പെട്ടവനും ഭൂമീസമേതനും അണിമാദി സിദ്ധികൾ ചേർന്നവനും സൃഷ്ടിസംഹാര പ്രവർത്തകനുമാണദ്ദേഹം.
മുനികളാൽ ധ്യാനിക്കപ്പെടുന്നവനും സുരാസുരന്മാരാൽ വന്ദിക്കപ്പെടുന്നവനും ബ്രഹ്മം തുടങ്ങി സകലതിന്റെയും ഹൃദയത്തിൽ കുടികൊളളുന്നവനുമാണദ്ദേഹം. ഭഗവാൻ നാരായണൻ അവ്യയനും സകലതിനെയും അനുഗ്രഹിക്കുന്നവനും മഹാദേവനും പ്രശോഭിതമായ മകരകുണ്ഡലം ചേർന്നവനുമാകുന്നു.
ഭഗവാൻ സർവലങ്കാരഭൂഷിതനും ചന്ദനം പൂശിയവനും സകലദേവന്മാരോടും ചേർന്നവനും സകലദേവകൾക്കും പ്രിയം ചെയ്യുന്നവനുമാണ്.
സർവലോകത്തിനും ഹിതം ചെയ്യുന്നവനും സകലതിനും ഈശ്വരനുമാണ്. സർവഭാവനൻ, ആദിത്യമണ്ഡലത്തില്‍ കുടി കൊളളുന്നവൻ, അഗ്നിയിൽ കുടികൊളളുന്നവൻ, വാരിയിൽ കുടികൊളളുന്നവൻ, വസുദേവപുത്രൻ, ജഗത്തിനെ ധരിക്കുന്നവൻ എന്നീ നിലയിലെല്ലാം ഹരി മോക്ഷമിച്ഛിക്കുന്നവരാൽ ധ്യാനിക്കപ്പെടേണ്ടതാണ്.
ഏതൊരുത്തര്‍ ഇങ്ങനെ നിത്യവും വിഷ്ണുവിനെ ധ്യാനിക്കുന്നുവോ അവര്‍ പരമമായ സദ്‌ഗതിയെ പ്രാപിക്കുന്നവരായിത്തീരും. പണ്ട് യാജ്ഞവൽക്യൻ സുരേശ്വരനായ വിഷ്ണുവിനെ ധ്യാനിച്ച് ധർമോപദേശ കർതൃത്വം നേടി പരമപാദം പ്രാപിച്ചെന്നു പുരാണമതം.
ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്
No comments:
Post a Comment