ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, March 1, 2017

രക്തബീജയുദ്ധം - ശ്രീമദ്‌ ദേവീഭാഗവതം. 5. 27. - ദിവസം 119.



ഹതൌ തൌ ദാനവൌ ദൃഷ്ട്വാ ഹത ശേഷാശ്ച സൈനികാ:
പാലായനം തത: കൃത്വാ ജഗ്മു: സര്‍വേ നൃപം പ്രതി
ഭിന്നാംഗാ വിശിഖൈ കേചിത് കേചിച്ഛിന്നകരാസ്തഥാ
രുധിരസ്രാവ ദേഹാശ്ച രുദന്തോfഭിയയു:പരേ


വ്യാസന്‍ തുടര്‍ന്നു: ചണ്ഡമുണ്ഡന്മാര്‍ യുദ്ധത്തില്‍ മരണപ്പെട്ടപ്പോള്‍ ബാക്കിയായ അസുരന്മാരില്‍ ചിലര്‍ നേരെ രാജാവായ ശുംഭന്‍റെയടുക്കല്‍ ചെന്ന് വിവരമറിയിച്ചു. അവരുടെ കൈകാലുകള്‍ മുറിഞ്ഞും ദേഹമാകെ ചോരക്കറ പുരണ്ടും കാണപ്പെട്ടു. വാവിട്ടുകരഞ്ഞു കൊണ്ട് ‘ഞങ്ങളെ രക്ഷിച്ചാലും’ എന്നവര്‍ ആര്‍ത്തു വിളിച്ചു.


‘അവള്‍ ദേവന്മാരെപ്പോലും വിജയിച്ച ചണ്ഡമുണ്ഡന്മാരെ കൊന്നുകളഞ്ഞു. ബാക്കിവന്ന ഭടന്മാരെ ചവച്ചരച്ചു തിന്നു. ആന, ഒട്ടകം, കുതിര, കാലാള്‍പ്പട എല്ലാമേ നശിച്ചു. കാളി അവിടെ യുദ്ധഭൂമിയില്‍ ചെയ്തു കൂട്ടുന്ന കോലാഹലങ്ങള്‍ അത്യത്ഭുതങ്ങളും ഭീതിജനകവുമാണ്. തലനാരിന്‍റെ ചണ്ടിയും, തലയോട്ടികളുടെ ചുരക്കയും കൈകാലുകളാവുന്ന മീനുകളും തേരുരുണ്ടുണ്ടായ ചാലുകളില്‍ കൂടി ഒഴുകുന്ന ചോരപ്പുഴയില്‍ കാണാം. യുദ്ധഭൂമിയില്‍ എങ്ങും മാംസച്ചെളിയാണ്. അതുകണ്ടിട്ട് നമ്മുടെ ധീരന്മാര്‍ക്ക് പോലും ധൈര്യം ചോരുന്നു. എന്നാല്‍ സുരന്മാര്‍ സന്തോഷിക്കുകയാണ്. രാജാവേ, വംശം രക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പാതാളത്തിലേയ്ക്ക് പോയാലും. ആ ദേവിയുടെ കോപത്തിന് മുന്നില്‍ ഒന്നിനും നിലകൊള്ളാനാവില്ല. ദേവിയുടെ വാഹനമായ് സിംഹം അസുരന്മാരെപ്പിടിച്ചു തിന്നും ബാക്കിയുള്ളവര്‍ കാളിയുടെ അമ്പ്കൊണ്ട് കൊല്ലപ്പെടും. അതിനാല്‍ നിങ്ങള്‍ സഹോദരര്‍ വെറുതെ പോരിനിറങ്ങി മരിക്കാന്‍ നില്‍ക്കണ്ട. ഒരു പെണ്ണിനുവേണ്ടി വംശം മുടിക്കരുതേ. ദൈവാധീനമാണ് ജയവും തോല്‍വിയും. ചെറിയ കാര്യങ്ങള്‍ നേടാനായി പെരും ദുഃഖം വരുത്താനിടയാക്കരുത്. ഈയൊരു പെണ്ണ് കാരണം ദൈത്യന്മാര്‍ എത്രപേരാണ് കൊല്ലപ്പെട്ടത്! എന്നിട്ടിപ്പോഴും ആ പെണ്ണ് യുദ്ധക്കൊതി തീരാതെ ദേവസേനയെ ജയിച്ചു പേരെടുത്ത നിന്നെയും കാത്ത് നില്‍ക്കുകയാണ്.


നീ പുഷ്കരത്തില്‍ തപസ്സുചെയ്യുമ്പോള്‍ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടുവല്ലോ. അന്ന് നീ ചോദിച്ചത് ‘അമരത്വം’ ആണ്. പുരുഷവര്‍ഗ്ഗത്തില്‍പ്പെട്ട ദേവാസുരമാനുഷഗന്ധര്‍വയക്ഷകിന്നരാദികള്‍ക്കൊന്നും നിന്നെ കൊല്ലാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോള്‍ യുദ്ധക്കലിപൂണ്ടു വന്നിട്ടുള്ളത് ഒരു സ്ത്രീയാണ്. അവളുടെ ലക്ഷ്യം നിന്നെ കൊല്ലുകയാണ്.


അവള്‍ മൂലപ്രകൃതിയാണ്. കല്‍പ്പാന്തത്തിലെല്ലാറ്റിനെയും സംഹരിക്കുന്നത് ആ ദേവിയാണ്. ലോകസൃഷ്ടാവും ദേവന്മാര്‍ക്ക് അമ്മയും അവളാകുന്നു. ത്രിഗുണാത്മികയും താമസിയും സര്‍വ്വശക്തയും ആണവള്‍. ഒരിക്കലും നാശമില്ലാത്ത, ആരാലും തോല്‍പ്പിക്കാനരുതാത്ത, സര്‍വ്വജ്ഞയും വേദജനനിയും സന്ധ്യയും ആനന്ദസ്വരൂപിണിയുമാണ്. നാശമില്ലാത്തവളും ഒരേ സമയം സിദ്ധിയും, സിദ്ധിപ്രദയും അവളാകുന്നു. അങ്ങിനെയുള്ള ദേവിയോടുള്ള വിരോധം കളഞ്ഞ് അവളെ അഭയം പ്രാപിക്കുകയാണ് ബുദ്ധി. അവളുടെ ആജ്ഞയനുസരിച്ച് കഴിഞ്ഞാല്‍ അസുരകുലത്തെ മുടിക്കാതെ രക്ഷിക്കാം.’


ഭടന്മാര്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ ശുംഭന്‍ രാജോചിതമായി ഇങ്ങിനെ പറഞ്ഞു: ‘യുദ്ധത്തില്‍ തോറ്റവര്‍ക്കും മാനമില്ലേ? നിങ്ങള്‍ക്ക് ചുണയുണ്ടോ? ഭീരുക്കളാണെങ്കില്‍ പാതാളത്തില്‍ പോയി ഒളിക്കുക. ഈ ലോകം മുഴുവനും വിധിയുടെ വിളയാട്ടമല്ലേ? അപ്പോള്‍പ്പിന്നെ ഈ സമയത്ത് നാമെന്തിനു ഭയക്കണം? ദേവന്മാരും ദൈവവശഗന്മാരാണ്. മാത്രമോ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ഇന്ദ്രാദി ദേവകളും ദൈവത്തിന്‍റെ കയ്യിലെ ആയുധങ്ങള്‍ മാത്രം. വരുന്നത് വരട്ടെ. അതിനേതായാലും മാറ്റമൊന്നും ഉണ്ടാവുകയില്ല. വരാന്‍ പോകുന്നതിനനുകൂലമായാണ് പ്രയത്നങ്ങള്‍ നടക്കുക. അതുകൊണ്ട് വിദ്വാന്മാര്‍ക്ക് ഭയമില്ല. അവര്‍ സ്വധര്‍മ്മം ചെയ്യും. ഫലത്തെപ്പറ്റി ആകുലചിത്തരാവുകയില്ല. സുഖം, ദുഃഖം, ആയുസ്സ്, മരണം, ഇവയെല്ലാം വിധിക്കനുസരിച്ചേ നടക്കൂ. ദൈവനിര്‍മ്മിതമാണിതെല്ലാം. ആയുസ്സൊടുങ്ങിയാല്‍ ബ്രഹ്മാവിനും വിഷ്ണുവിനും രുദ്രനും ഒരേ ഗതിയാണ്. ഇന്ദ്രാദിദേവന്മാരും ഞാനുമൊക്കെ കാലന് കീഴ്പ്പെട്ടിരിക്കുന്നു. നന്മതിന്മകള്‍ എന്താണെങ്കിലും വന്നുകൊള്ളട്ടെ. ഒരു പെണ്‍കൊടി വന്നു പോരിനു വിളിക്കുമ്പോള്‍ അതിനെ നേരിടാതെ നൂറുകൊല്ലം ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? യുദ്ധം ചെയ്യുക തന്നെയാണ് ധര്‍മ്മം. അതിന്റെ ഫലം എന്തുമായിക്കൊള്ളട്ടെ.


യുക്തിവാദികള്‍ വിധി എന്നൊന്നില്ല എന്ന് വാദിക്കുന്നു. ഉദ്യമം ചെയ്യാതെ ഒന്നും നടക്കില്ലല്ലോ. വെറുതെയിരുന്ന് വിധിപോലെ വരട്ടെ എന്ന് വിചാരിക്കുന്നവര്‍ ഭീരുക്കളും മടിയന്മാരുമാണ്. അദൃഷ്ടം (വിധി) എന്താണെന്ന് കണ്ടിട്ടുള്ളവര്‍ ആരുണ്ട്‌? അതിനു തെളിവുണ്ടോ? മൂഢന്മാരെ പേടിപ്പിക്കാനുള്ള സങ്കല്പം മാത്രമാണത്. പണ്ഡിതന്മാര്‍ക്ക് ഇത് ബാധകമല്ല. നമ്മുടെ പ്രയത്നത്തില്‍ യാതൊരു കുറവും ഉണ്ടാവരുത്. ധാന്യം പൊടിക്കണമെങ്കില്‍ അത് വെറുതെ കല്ലിന്‍റെയടുത്ത് കൊണ്ടുവെച്ചാല്‍ പോര. അത് കല്ലിലിട്ടു തിരിക്കുകതന്നെ വേണം. ദേശം, കാലം, സ്വബലം, ശത്രുബലം എന്നിവയെ അപഗ്രഥിച്ചു  ചെയ്‌താല്‍ ദേവഗുരുവായ ബൃഹസപതി പറഞ്ഞതുപോലെ നേട്ടം ഉറപ്പാണ്.’


ഇങ്ങിനെ ഉറപ്പിച്ചു പറഞ്ഞ് ശുംഭന്‍ തന്‍റെ വീരസേനാധിപന്‍ രക്തബീജനെ വലിയൊരു സേനയോടൊപ്പം യുദ്ധത്തിനയച്ചു. ‘നീ പോയി നിന്‍റെ ബലം മുഴുവനും ഉപയോഗിച്ച് പൊരുതി വിജയിച്ചു വരിക’. ‘ഞാനവളെ തീര്‍ച്ചയായും തോല്‍പ്പിച്ചു നിന്റെ മുന്നില്‍ കൊണ്ടുവരാം. എന്‍റെ പോരിന്‍റെ ബലം നിനക്ക് കാണാമല്ലോ’ എന്ന് രക്തബീജന്‍ സര്‍വ്വാത്മനാ സമ്മതിച്ചു യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. ആന, തേര്, കാലാള്‍, അശ്വം, എന്ന് വേണ്ട അവന്‍ എല്ലാ തയ്യാറെടുപ്പുകളുമായാണ് ദേവിയെ നേരിടാനെത്തിയത്. അവന്‍റെ വരവ് കണ്ടപ്പോള്‍ ദേവി ഉച്ചത്തില്‍ ശംഖൂതി. ദേവകള്‍ക്ക് സന്തോഷമായി. ദൈത്യരുടെയുള്ളില്‍ ഭീതി വര്‍ദ്ധിച്ചു.


രക്തബീജന്‍ ചാമുണ്ഡിയുടെ സമീപമെത്തി ഇങ്ങിനെ പറഞ്ഞു. ’മറ്റുള്ളവരെപ്പോലെ ഞാന്‍ ഭീരുവാണെന്ന് കരുതിയാണോ ശംഖൂതി പേടിപ്പിക്കാന്‍ നോക്കുന്നത്? ഞാന്‍ ധൂമ്രനല്ല. രക്തബീജനാണ്. യുദ്ധമാണ് ആവശ്യമെങ്കില്‍ നമുക്ക് തുടങ്ങാം. നീയിതുവരെ കണ്ടത് ഭീരുക്കളെയായിരിക്കാം. എന്നെ അക്കൂട്ടത്തില്‍ പെടുത്തണ്ട.


പിന്നെ, നീ മുതിര്‍ന്നവരെ അനുസരിക്കുന്നവളും നല്ല കുടുംബത്തില്‍ വളര്‍ന്നവളും ആണെങ്കില്‍ ഞാന്‍ പറയുന്നത് കേട്ടാലും. അല്‍പ്പമെങ്കിലും ശാസ്ത്രം പഠിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍, നീതിശാസ്ത്രം നിനക്ക് മനസ്സിലാവുമെങ്കില്‍, നിന്നില്‍ സാഹിത്യാഭിരുചിയുണ്ടെങ്കില്‍ നിനക്ക് എന്റെ വാക്കുകള്‍ ഹിതമാവും. നവരസങ്ങളില്‍ രണ്ടെണ്ണമാണ് കേമം എന്ന് വിദ്വാന്മാര്‍ പറയുന്നു. ശൃംഗാരവും ശാന്തവും ആണവ. അവയില്‍ത്തന്നെ ശൃംഗാരം ബഹുകേമം. വിഷ്ണു മലര്‍മങ്കയിലും ശങ്കരന്‍ മലമങ്കയിലും ചേര്‍ന്ന് കഴിയുന്നത് ശൃംഗാരരസം ഒന്നുകൊണ്ടാണ്. ബ്രഹ്മാവിന് സരസ്വതിയുമുണ്ട്. ഇന്ദ്രന് സചി. മരത്തിനു ചുറ്റിപ്പടരുന്ന വള്ളികളുണ്ട്. മാനുകള്‍ക്ക് പേടമാന്‍. ആണ്‍ താറാവിന് പെണ്‍താറാവ് കൂട്ടുണ്ട്. ഇക്കൂട്ടരെല്ലാം സംയോഗസുഖം അനുഭവിക്കുന്നു. ഇതിനു യോഗമില്ലാത്തവരും ഇങ്ങിനെയുള്ള ഇണകളെ കിട്ടാത്തവരുമാണ് മുനിമാരായി ബ്രഹ്മചര്യം അനുഷ്ഠിക്കുന്നത്. സംസാരസുഖം അറിയാത്ത അവരെ പഞ്ചാരവാക്കുകള്‍ പറയാന്‍ മിടുക്കരായവര്‍ പറഞ്ഞു പറ്റിച്ചിരിക്കുന്നു. കാമന്‍റെ മുന്നില്‍ ജ്ഞാനവും ധൈര്യവും വൈരാഗ്യവും എങ്ങിനെ പിടിച്ചു നില്‍ക്കും? അതുകൊണ്ട് സുന്ദരിയായ നീ ശുംഭനെയോ നിശുംഭനേയോ ഭര്‍ത്താവായി സ്വീകരിച്ചു സസുഖം വാഴുക.’



ഇങ്ങിനെ പറഞ്ഞു മുന്നില്‍ നില്‍ക്കുന്ന രക്തബീജനെനോക്കി ദേവിയുടെ നെറ്റിത്തടത്തില്‍ നിന്നുണ്ടായ ചാമുണ്ഡയും ദേവീദേഹത്തില്‍ നിന്നുത്ഭൂതയായ കാളികയും ഉറക്കെയുറക്കെ അട്ടഹസിച്ചു.




പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment