ഭാരതത്തില്‍ പൗരാണികകാലം കാലം മുതല്‍ തന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് അതീവ പ്രാധാന്യവും മഹത്വവും കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ആത്മീയവും ഭൗതികവുമായ ഉന്നതിക്ക് വളരെയധികം സഹായിക്കുന്ന പ്രായോഗിക പദ്ധതികളാണ് വ്രതാനുഷ്ഠാനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. പുണ്യം, ആരോഗ്യം, ശ്രേയസ്സ് തുടങ്ങിയവയ്ക്കുവേണ്ടി പുണ്യദിനങ്ങളില്‍ അനുഷ്ഠിക്കുന്ന ഉപവാസാദികര്‍മ്മങ്ങളാണ് വ്രതങ്ങള്‍. പ്രായേണ ചെലവുകുറഞ്ഞതും വളരെയധികം ഫലപ്രദവുമായ ഈ അനുഷ്ഠാനത്തിലൂടെ ഗ്രഹദോഷങ്ങള്‍ ഉള്‍പ്പെടെയുള്ള ദോഷങ്ങളുടെ പരിഹാരങ്ങളും ഐശ്വര്യവും ആത്യന്തികമായി ഈശ്വരസാക്ഷാത്കാരവും കൈവരുന്നു.
വ്രതങ്ങളുടെ എല്ലാം അടിസ്ഥാനം ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണമാണ്. സ്നാനം, ആഹാരശുദ്ധി തുടങ്ങിയവയിലൂടെ ശരീരശുദ്ധിയും, ജപം, ഈശ്വരസ്മരണം, ക്ഷേത്രദര്‍ശനം തുടങ്ങിയവയിലൂടെ മനഃശുദ്ധിയും കൈവരുന്നു. അങ്ങനെ ക്രമേണ പൂര്‍വജന്മങ്ങളിലും ഈ ജന്മത്തിലും സ്വാഭാവികമായും ദുഷ്കൃതിഫലമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങളില്‍നിന്നും മോചനവും സിദ്ധിക്കുന്നു.
തപസ്സിന്റെ ഒരു ലഘുവായ ഒരു പതിപ്പാണ് വ്രതം എന്നുപറയാം.
ആഹാരം, നിദ്ര തുടങ്ങിയ ശരീരധര്‍മ്മങ്ങളെ വിട്ട് കഠിനനിഷ്ഠകളോടെ ചെയ്യുന്ന ഈശ്വരോപാസനമാണ് തപസ്സ്. എല്ലാ സുഖസൗകര്യങ്ങളെയും ത്യജിക്കുക, വിശപ്പും ദാഹവും ക്ഷമയോടെ സഹിക്കുക, യാദൃശ്ചികമായി ആഹാരം ലഭിച്ചാല്‍ അതുകൊണ്ട് മാത്രം തൃപ്തിപ്പെടുക, സത്യവും അഹിംസയും പാലിക്കുക എന്നിവയൊക്കെ തപസ്സിന്റെ ഭാഗങ്ങളാണ്. എല്ലാ ദുഃഖങ്ങളെയും കുറവുകളെയും ക്ഷമാപൂര്‍വ്വം സഹിച്ച് ഈശ്വരോപാസന ചെയ്യുന്ന തിതിക്ഷയാണ് തപസിന്റെ അടിസ്ഥാനം. അതേസമയം കഠിനമായ തപസ്സുകള്‍ അനുഷ്ഠിക്കുക ലൗകികജീവിതം നയിക്കുന്ന സാധാരണ മനുഷ്യന് അസാദ്ധ്യം തന്നെ. അത്തരത്തിലുള്ളവര്‍ക്ക് വിധിക്കപ്പെട്ടിട്ടുള്ളവയാണ് വ്രതങ്ങള്‍.
തപസ്സിന്റേതായാലും
വ്രതങ്ങളുടേതായാലും അടിസ്ഥാന നിയമങ്ങള്‍ക്ക് ഐക്യരൂപമുണ്ട്. ആഹാരം, നിദ്ര തുടങ്ങിയവയിലുള്ള നിയന്ത്രണം, ഇന്ദ്രിയങ്ങളുടെ നിയന്ത്രണം എന്നിവ തപസ്സിന്റെയും വ്രതങ്ങളുടെയും അടിസ്ഥാനമാണ്. ആഗ്രഹങ്ങളെ അടക്കിനിര്‍ത്തിയും ലൗകിക സുഖങ്ങളെ ഒഴിവാക്കിയും പൂര്‍ണമായും ഈശ്വരോപാസന ചെയ്യുക എന്നതാണ് വ്രതാനുഷ്ഠാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവയിലൂടെ മാത്രമേ ശരീരവും മനസ്സും പരിശുദ്ധമാകൂ.
വ്രതാനുഷ്ഠാനങ്ങള്‍ ലൗകിക ജീവിതത്തില്‍ ചരിക്കുന്ന ഏവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു ശുദ്ധീകരണ പ്രക്രിയയാണ്.
വ്രതങ്ങളെല്ലാം കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംവല്‍സരം, അയനം, ഋതു, മാസം, പക്ഷം, തിഥി, വാരം, നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ വ്രതങ്ങളെല്ലാം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
വ്രതങ്ങള്‍ പ്രധാനമായും മൂന്നുവിധത്തിലാണ്.
നിത്യം, നൈമിത്തികം, കാമ്യം.
പുണ്യസഞ്ചയത്തിനായി അനുഷ്ഠിക്കുന്നത് നിത്യം. പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്നത് നൈമിത്തികം. ആഗ്രഹസാഫല്യത്തിനായി അനുഷ്ഠിക്കുന്നത് കാമ്യവ്രതങ്ങള്‍.
തിങ്കളാഴ്ച വ്രതം, ഷഷ്ഠിവ്രതം തുടങ്ങിയവ കാമ്യവ്രതങ്ങളാണ്.
വ്രതം അനുഷ്ഠിക്കുന്നവർ ശരീരം, മനസ്സ്, വാക്ക് എന്നിവ കഴിയുന്നത്ര ശുദ്ധമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്
No comments:
Post a Comment