അഞ്ചുവയസ്സുവരെ കുട്ടികളെ വളരെ സ്‌നേഹിച്ചു വളര്‍ത്തണം. അഞ്ച് വയസ്സുമുതല്‍ പതിനഞ്ച് വയസ്സുവരെ ശാസിച്ച് വളര്‍ത്തണം. അവരുടെ പഠിത്തകാര്യങ്ങളില്‍ പ്രത്യേകം നിഷ്‌കര്‍ഷ വയ്ക്കണം. പതിനഞ്ച് വയസ്സു മുതല്‍ കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹം നല്‍കി വളര്‍ത്തേണ്ട സമയമാണ്. അല്ലെങ്കില്‍ അവര്‍ വഴിതെറ്റിപ്പോകും. അഞ്ച് വയസ്സുമുതല്‍ പതിനഞ്ച് വയസ്സുവരെയുള്ള കാലംകൊണ്ടാണ് ജീവിതത്തിന്റെ അടിസ്ഥാനം രൂപപ്പെടുന്നത്. അപ്പോള്‍ നല്ലതുപോലെ ശാസന നല്‍കിയാല്‍ മാത്രമേ അവരെ നേര്‍വഴിക്ക് നയിക്കുവാന്‍ കഴിയൂ.
പല ആണ്‍കുട്ടികളും പെണ്‍കുട്ടികളും അമ്മയോട് വന്ന് പറഞ്ഞിട്ടുള്ളതാണ്; അവര്‍ക്ക് വീട്ടില്‍നിന്ന് വേണ്ടത്ര സ്‌നേഹം കിട്ടാത്തതുമൂലമാണ് ചീത്തയിലേക്ക് പോകുന്നതെന്ന്. അവര്‍ സ്‌നേഹത്തിനുവേണ്ടി ദാഹിക്കുന്ന സമയമാണത്. എന്നാല്‍, ഈ പ്രായത്തിലാണ് സാധാരണയായി മാതാപിതാക്കള്‍ കുട്ടികളെ അടിക്കുകയും, ശാസിക്കുകയും ചെയ്യാറുള്ളത്. ആ സമയത്ത് സ്‌നേഹം പ്രകടിപ്പിക്കുക പോകട്ടെ, കുട്ടികളെ തങ്ങളുടെ സമീപത്തേക്ക് അടുപ്പിക്കുക കൂടിയില്ല.
ശാസിച്ച് വളര്‍ത്തി പഠിപ്പിക്കേണ്ട സമയത്ത് അധികം വാത്സല്യം കാട്ടുന്നത് കുട്ടികളെ ചീത്തയാക്കും. അവര്‍ പഠിക്കാതെ മടിയന്മാരാകും. എന്നാല്‍ മുതിര്‍ന്ന കുട്ടികളെ ശാസിക്കുകയല്ല, തെറ്റുകള്‍ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുകയാണ് വേണ്ടത്.
കുട്ടികള്‍ക്ക് ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ ആദ്ധ്യാത്മിക കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം.
വളര്‍ന്നു കഴിയുമ്പോള്‍ ഒരുപക്ഷേ അവര്‍ തെറ്റിപ്പോയാലും, ഉപബോധ മനസ്സില്‍ കിടക്കുന്ന സംസ്‌കാരത്തിനനുസരിച്ച് ഭാവിയില്‍ അവര്‍ക്ക് മാറ്റമുണ്ടാകാം.
കുട്ടികളുടെ മുന്നില്‍വച്ച് ജോലിക്കാരെയോ, അന്യരെയോ ചീത്ത പറയാനും നിന്ദിക്കാനും പാടില്ല. അത് കുട്ടികളും അനുകരിക്കും. പണം ഇന്നു വരും, നാളെപ്പോകും. സ്വഭാവം എന്നും നിലനില്‍ക്കും. അതിനാല്‍ ധനികരായ രക്ഷിതാക്കളും കുട്ടികളെ സ്വാശ്രയശീലരാക്കി വളര്‍ത്തണം
മാതാ അമൃതാനന്ദമയി ദേവി
No comments:
Post a Comment