ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, April 2, 2017

സ്ത്രീകളുടെ ഐക്യം സമൂഹത്തെ മാറ്റിമറിക്കും - ശുഭചിന്ത


അമൃതവാണി
സ്ത്രീ ദുര്‍ബലയാണ്’ എന്ന് നമ്മള്‍ വളരെക്കാലമായി കേള്‍ക്കുന്നു. ഇതില്‍ വല്ല അര്‍ഥവുമുണ്ടോ? പണ്ടുമുതല്‍ മറ്റൊരു സങ്കല്‍പം കൂടിയുണ്ട്. ദുര്‍ബലയായ സ്ത്രീക്ക് ഒരു രക്ഷകന്‍ വേണം. ആ രക്ഷകന്റെ സ്ഥാനമാണ് തലമുറകളായി സമൂഹം പുരുഷനു നല്‍കിയിരുന്നത്. എന്നാല്‍ എക്കാലത്തും നിലവിലുണ്ടായിരുന്ന ചട്ടക്കൂടുകളെ തകര്‍ത്ത് വിപ്ലവം സൃഷ്ടിച്ച വനിതകള്‍ ഉണ്ടായിരുന്നു.

ഭാരതത്തില്‍ തന്നെ ധാരാളം ധീരവനിതകള്‍ ജീവിച്ചിരുന്നു. റാണിപത്മിനി, ഹാലി റാണി, ത്സാന്‍സിറാണി എന്നിവരൊന്നും ദുര്‍ബലകളായിരുന്നില്ല. ഈ രജപുത്ര വനിതകള്‍ ധീരതയുടെയും പരിശുദ്ധിയുടെയും പ്രതീകങ്ങളായിരുന്നു.

ഇതുപോലെയുള്ള വനിതാരത്‌നങ്ങള്‍ വിദേശരാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. ജോണ്‍ ഓഫ് ആര്‍ക്ക്, മേരി ക്യൂറി, ഫ്‌ളോറന്‍സ് നൈറ്റിങ് ഗേല്‍, ഹെരിയറ്റ് റുബ്‌മെന്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. പുരുഷന്‍ സ്ത്രീയുടെ രക്ഷകനും ശിക്ഷകനുമായല്ല നിലകൊള്ളേണ്ടത്. അവളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കടത്തിവിടാന്‍ സന്നദ്ധതയും സന്മനസ്സുമുള്ള സഹാനുവര്‍ത്തികളായി വേണം പുരുഷന്മാര്‍ പെരുമാറേണ്ടത്.

പല ആളുകളും ചോദിക്കാറുണ്ട്, എങ്ങനെയാണ് പുരുഷന്മാര്‍ക്ക് അഹന്ത വന്നത്? വേദാന്തപ്രകാരം മായയാവാം ആത്യന്തിക കാരണം. പക്ഷേ, ഏറ്റവും അടിസ്ഥാനമായിട്ട് മറ്റൊരു സ്രോതസ്സുണ്ടാകാം. പണ്ട്, മനുഷ്യന്‍ കാടുകളിലും ഗുഹകളിലും മരങ്ങള്‍കൊണ്ടുണ്ടാക്കിയ വീടുകളിലുമായിരുന്നു താമസിച്ചിരുന്നത്. സ്ത്രീകളേക്കാള്‍ അധികം കായികശക്തി പുരുഷന്മാര്‍ക്ക് ആയിരുന്നതിനാല്‍ അവരാണ് വേട്ടയാടുകയും വന്യമൃഗങ്ങളില്‍ നിന്ന് കുടുംബാംഗങ്ങളെ രക്ഷിക്കുകയും ചെയ്തിരുന്നത്.

സ്ത്രീകള്‍ പ്രധാനമായും വീടുകളില്‍ താമസിച്ചുകൊണ്ട് കുട്ടികളെ സംരക്ഷിക്കുകയും ചെയ്തുപോന്നു. ആഹാരവും വസ്ത്രത്തിനുള്ള തോലുകളും വീടുകളില്‍ എത്തിച്ചിരുന്നത് പുരുഷന്മാരായിരുന്നു. ഇതൊക്കെക്കൊണ്ട് സ്ത്രീകള്‍ നിലനില്‍പിന് തങ്ങളെ ആശ്രയിക്കണം എന്ന തോന്നല്‍ പുരുഷന്മാരില്‍ ഉണ്ടായതായിരിക്കാം. തങ്ങള്‍ നാഥന്മാരും സ്ത്രീകള്‍ തങ്ങളെ അനുസരിക്കേണ്ടവരും എന്ന തോന്നല്‍. അങ്ങനെ, സ്ത്രീകള്‍ തങ്ങളുടെ രക്ഷകന്‍ന്മാരായി പുരുഷന്‍ന്മാരെ കണ്ടിരിക്കാം. ഇതൊക്കെകൊണ്ടാവാം പുരുഷന് മേധാവിത്വമുള്ള സാഹചര്യം ഉണ്ടായത്.

No comments:

Post a Comment