ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, November 30, 2016

അംബാ യാഗവിധി - ശ്രീമദ്‌ ദേവീഭാഗവതം. 3. 12. - ദിവസം 49.



വദ യജ്ഞവിധിം സമ്യഗ് ദേവ്യാസ്തസ്യാ സമന്തത:
ശ്രുത്വാ കരോമ്യഹം സ്വാമിന്യഥാശക്തി ഹൃതന്ദ്രിത:
പൂജാവിധിം ച മന്ത്രാംശ്ച ഹോമദ്രവ്യമസംശയം
ബ്രാഹ്മണാ: കതി സംഖ്യാശ്ച ദക്ഷിണാശ്ച തഥാ പുന:



ജനമേജയന്‍ ചോദിച്ചു: 'ജഗജ്ജനനിയായ ദേവിയെ പൂജിച്ചാരാധിക്കുന്ന യജ്ഞത്തിന്റെ അനുഷ്ഠാന വിധികളെപ്പറ്റി ഞങ്ങളെ ഉദ്ബുദ്ധരാക്കിയാലും. യഥാവിഥിതന്നെ ഞങ്ങള്‍ക്കാ കര്‍മ്മങ്ങള്‍ ചെയ്യണമെന്നുണ്ട്. അതിനുള്ള മന്ത്രങ്ങള്‍ ഏതൊക്കെയെന്നും, ഹോമത്തിനായി എന്തൊക്കെ ഒരുക്കണമെന്നും എത്ര വിപ്രന്മാരെ കൂട്ടണമെന്നും എല്ലാം ഞങ്ങള്‍ക്ക് പറഞ്ഞു തരൂ.'


വ്യാസന്‍ പറഞ്ഞു: 'സാത്വികം, രാജസം, താമസം എന്നിങ്ങിനെ മൂന്നു വിധം യജ്ഞകര്‍മ്മങ്ങളുണ്ട്. സാത്വികകര്‍മ്മങ്ങള്‍ മുനിമാര്‍ക്കും, രാജസകര്‍മ്മങ്ങള്‍ രാജാക്കന്മാര്‍ക്കും, താമസകര്‍മ്മങ്ങള്‍ രാക്ഷസന്മാര്‍ക്കും വിധിച്ചിരിക്കുന്നു. ദേശം, കാലം, ഉത്തമ മന്ത്രങ്ങള്‍, ദ്രവ്യങ്ങള്‍, വിപ്രന്മാര്‍ എന്നിവയെല്ലാം ഒത്തുചേര്‍ന്നാല്‍ സാത്വിക കര്‍മ്മങ്ങള്‍ ചെയ്യാം. ദ്രവ്യത്തിലും, മന്ത്രത്തിലും ക്രിയയിലും ശുദ്ധിയുണ്ടായാലേ യജ്ഞത്തിന്റെ പൂര്‍ണ്ണഫലം കിട്ടുകയുള്ളൂ. എന്നാല്‍ യജ്ഞത്തിനു വിപരീതഫലങ്ങളും ഉണ്ടാവാം എന്നറിയുക. അധാര്‍മ്മികമായി ഉണ്ടാക്കിയ ധനം കൊണ്ട് സുകൃതം ചെയ്‌താല്‍ കീര്‍ത്തിയോ പരലോകഗതിയോ ലഭ്യമല്ല. അതിനാല്‍ ധര്‍മ്മപൂര്‍വ്വം ആര്‍ജ്ജിച്ച ധനം മാത്രമേ യജ്ഞാദികള്‍ക്ക് ഉപയോഗിക്കാവൂ. അങ്ങിനെയുള്ള യജ്ഞം മൂലം കീര്‍ത്തിയും, സുഖവും, പരലോകഗതിയും ലഭിക്കുന്നു.


പണ്ട് പാണ്ഡവര്‍ ചെയ്ത രാജസൂയത്തെപ്പറ്റി അങ്ങേയ്ക്ക് അറിയാവുന്നതല്ലേ? സാക്ഷാല്‍ ശ്രീകൃഷ്ണനും, ഭരദ്വാജന്‍ മുതലായ ദിവ്യബ്രാഹ്മണരും അന്നവിടെ ഉണ്ടായിരുന്നു. എങ്കിലും യജ്ഞം കഴിഞ്ഞു മാസം തികയുന്നതിനു മുന്‍പേ അവര്‍ക്ക് ദുരിതങ്ങളുടെ ഘോഷയാത്രയായി. പാണ്ഡവര്‍ ചൂതില്‍ തോറ്റതിനാല്‍ പാഞ്ചാലിക്ക് അപമാനം ഉണ്ടായില്ലേ?, ഒടുവില്‍ അവര്‍ക്ക് ഘോരമായ വനവാസം പോലും അനുഭവിക്കേണ്ടതായി വന്നു. അപ്പോള്‍ ആ സുകൃതഫലം എവിടെപ്പോയി? വീരന്മാരായ അഞ്ചുപേര്‍ക്കും വിരാടന്‍റെ വിടുപണി ചെയ്യേണ്ടിവന്നു. ദ്രൌപതിക്കാണെങ്കില്‍ വിടനായ കീചകന്റെ അടുക്കല്‍ നിന്നുള്ള ശല്യം സഹിക്കേണ്ടി വന്നു. കൃഷ്ണഭക്തിയുണ്ടായിട്ടും, ബ്രാഹ്മണര്‍ അനുഗ്രഹിച്ചിട്ടും അതിനൊന്നും ഫലമുണ്ടായില്ല. കുലവധുവായ ദ്രൌപദിയുടെ വസ്ത്രം അഴിച്ചപമാനിച്ചപ്പോള്‍ ആരും അവളെ രക്ഷിക്കാനുണ്ടായില്ല. മൂത്തയാള്‍ ധര്‍മ്മജന്‍ ആയിരുന്നിട്ടും വലംകയ്യായി സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ഉണ്ടായിട്ടും ഫലമുണ്ടായില്ല. വരാനുള്ളതു വഴിയില്‍ തങ്ങില്ല എന്ന് ന്യായം പറഞ്ഞിരുന്നാല്‍പ്പിന്നെ സാധനയ്ക്കും യജ്ഞത്തിനും ഒന്നും യാതൊരു ഫലവുമില്ല എന്ന് കരുതേണ്ടതായി വരും. വേദശാസ്ത്രങ്ങളും തപസ്സും വര്‍ണ്ണാശ്രമധര്‍മ്മങ്ങളും  വൃഥാവിലാണെന്ന് ജനങ്ങള്‍ കരുതും.



എന്നാല്‍ കര്‍മ്മം, വിധി, ഇവ രണ്ടും  നാം കണക്കിലെടുക്കണം. സദ്‌കര്‍മ്മം ചെയ്തിട്ട് ഫലം വിപരീതമാണെങ്കില്‍ കര്‍മ്മത്തില്‍ എന്തെങ്കിലും പിഴ പറ്റിയിട്ടുണ്ടെന്ന് നിശ്ചയമാണ്. അത് കര്‍തൃഭേദമോ, ദ്രവ്യഭേദമോ, മന്ത്രഭേദമോ ആവാം. പണ്ട് ദേവേന്ദ്രന്‍ വിശ്വരൂപനെ തന്റെ യജ്ഞാചാര്യനായി നിയമിച്ചു. എന്നാല്‍ വിശ്വരൂപന് തന്റെ മാതൃപക്ഷത്തുള്ള ദൈത്യന്മാരോടു പക്ഷപാതമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം യജ്ഞാംശം അസുരന്മാര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്തു. അങ്ങിനെ അസുരന്മാര്‍ ദേവന്മാരേക്കാള്‍  ബാലമാര്‍ജ്ജിച്ചു വന്നു. ഇതറിഞ്ഞ ഇന്ദ്രന്‍ ഗുരുവിനെ വജ്രായുധം കൊണ്ട് തലയറുത്ത് കൊന്നു. ഇതാണ് കര്‍തൃഭേദം കൊണ്ടുള്ള വിന. കോപത്തോടെ കര്‍മ്മം ചെയ്ത പാഞ്ചാലരാജാവിന്റെ കഥയും പ്രസിദ്ധം. ദ്രോണനാശത്തിനായി ഒരു പുത്രന്‍ ഉണ്ടാകണം എന്ന ആഗ്രഹത്തോടെ ചെയ്ത യജ്ഞഫലമായി ധൃഷ്ടധ്യുമ്നനും കൃഷ്ണയും ജനിച്ചു. പണ്ട് ദശരഥരാജാവ് പുത്രകാമേഷ്ടി ചെയ്ത് നാല് പുത്രന്മാരെ നേടിയ കഥയും എല്ലാവര്‍ക്കും അറിയാമല്ലോ. ചുരുക്കത്തില്‍ യജ്ഞങ്ങള്‍ ശരിയായവിധത്തില്‍ ചെയ്‌താല്‍ അഭീഷ്ട ഫലസിദ്ധിയും അല്ലെങ്കില്‍ വിപരീതഫലവുമാണ് ഉണ്ടാവുക.


പാണ്ഡവന്‍മാരുടെ കര്‍മ്മത്തില്‍ വന്ന ഏതോ അപാകതയാണ് ചൂതില്‍ അവര്‍ക്ക് പരാജയം ഉണ്ടാകാന്‍ കാരണം. യുധിഷ്ഠിരന്‍ സത്യവാനാണ്; സഹോദരന്മാരാണെങ്കില്‍ സദ്‌ഗുണസമ്പന്നര്‍. ദ്രൌപതി പതിവ്രതയുമാണ്‌. ഒന്നുകില്‍ അധാര്‍മ്മികമായി ഉണ്ടാക്കിയ ധനം കൊണ്ടാണ് കര്‍മ്മം ചെയ്തത്. അല്ലെങ്കില്‍ യജ്ഞത്തില്‍ ഗര്‍വ്വുണ്ടായതാവാം കാരണം. സാത്വികമായ യജ്ഞം തുലോം ദുര്‍ലഭമാണ്. മഹാന്മാരായ മുനിമാര്‍ക്ക് മാത്രമേ അത് സാധിക്കൂ. ഈ താപസന്മാര്‍ വനത്തില്‍ നിന്നുള്ള ഫലമൂലങ്ങള്‍ ആഹരിച്ച് നേരായ രീതിയില്‍ പരിശുദ്ധിയോടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. ജീവബലിയൊന്നും കൂടാതെ പുരോഡാശം മാത്രമുണ്ടാക്കി, മന്ത്രനിബദ്ധമായി ചെയ്യുന്ന പരിപാവനമായ യജ്ഞങ്ങള്‍ സാത്വികമാണ്.



ധാരാളം ധനം വ്യയം ചെയ്ത് വലിയ ഘോഷത്തോടെയും ജന്തുഹിംസയോടെയും ചെയ്യുന്ന കര്‍മ്മങ്ങള്‍ രാജസമാണ്. ക്ഷത്രിയരും വൈശ്യരുമാണ് ഇത്തരം യജ്ഞങ്ങള്‍ നടത്തുക. ക്രോധത്തോടെയും മദമാല്‍സര്യനിബദ്ധമായും ചെയ്യുന്ന കര്‍മ്മങ്ങള്‍ താമസമാണ്. അസുരന്മാരുടെ യാഗങ്ങള്‍ ഇത്തരമാണ്. മോക്ഷകാംക്ഷികളും വിരക്തന്മാരും മഹാത്മാക്കളും മനസാ ചെയ്യുന്ന യാഗങ്ങളില്‍ എല്ലാ ഒരുക്കങ്ങളും അവര്‍ ഉചിതമായി ചെയ്യുന്നുണ്ട്. ഇത്തരം യാഗങ്ങളില്‍ ഒഴികെ മറ്റെല്ലാ യാഗങ്ങളിലും എന്തെങ്കിലും ഒരു കുറവ് കണ്ടേക്കാം. ദ്രവ്യത്തിലോ, വിപ്രന്മാരിലോ, കര്‍മ്മത്തിലോ, കാലദേശങ്ങളിലോ ഭേദമുണ്ടാകാന്‍ സാദ്ധ്യതയില്ലാത്തത് മനോയജ്ഞത്തില്‍ മാത്രമാണ്. മനസ്സിനെ ഗുണങ്ങളുടെ പിടിയില്‍ നിന്നും മുക്തമാക്കി ശുദ്ധമാക്കുക. അപ്പോള്‍പ്പിന്നെ ശരീരശുദ്ധി സ്വമേധയാ ഉണ്ടായിക്കൊള്ളും. ഇന്ദ്രിയ വിഷയങ്ങളില്‍ നിന്ന് മനസ്സിനെ പിന്‍വലിക്കാന്‍ കഴിയുന്നവനാണ് മാനസയജ്ഞത്തിനര്‍ഹന്‍.



യാഗമണ്ഡപമൊരുക്കാന്‍ അതിവിസ്തൃതമായ ഒരിടം ഉയരം കൂടിയ സ്തംഭങ്ങളോടെ സ്തോത്രജപത്തോടെ അയാള്‍ മനസാ നിര്‍മ്മിക്കട്ടെ. മനോയജ്ഞവേദി വിശാലമായി ഒരുക്കി അഗ്നികള്‍ സ്ഥാപിക്കണം. ബ്രഹ്മാവ്‌, അധ്വര്യു, ഹോതാവ്, പ്രസ്തോതാവ് എന്നീ സങ്കല്‍പ്പങ്ങളില്‍ ബ്രാഹ്മണരെ മനസാ നിയമിക്കണം. ഉദ്ഗാതാവ്, പ്രതിഹര്‍ത്താക്കള്‍, മറ്റു സഭാവാസികള്‍ എല്ലാവരെയും അവിടെ സ്ഥാനമനുസരിച്ചു ക്രമീകമായി ഇരുത്തി പൂജിക്കണം. പ്രാണന്‍, അപാനന്‍, വ്യാനന്‍, സമാനന്‍, ഉദാനന്‍ എന്നീ അഞ്ച് അഗ്നികളെയും ഈ യജ്ഞവേദിയില്‍ യഥാവിധി സ്ഥാപിക്കുക. അതിതേജസ്വികളായ ഈ അഗ്നികളെ ഓരോരോ സങ്കല്‍പ്പത്തില്‍ സമാദരിച്ച് ഭാവന ചെയ്യാണം.  മനസ്സാണ് ഹോതാവും യജമാനനും. യജ്ഞത്തിന്റെ ദേവതയാകട്ടെ ശാശ്വതമായ നിര്‍ഗുണബ്രഹ്മം തന്നെയാകുന്നു. ജഗജ്ജനനിയായ ദേവിയാണ് ഫലത്തെ പ്രദാനം ചെയ്യുന്ന ദേവത. സകലതിനും ആധാരശക്തിയായി വിളങ്ങുന്നത് ജഗദംബികയാണ്. ഇങ്ങിനെ മാനസയജ്ഞം ചെയ്യുന്ന ബ്രാഹ്മണന്‍ ഹോമദ്രവ്യങ്ങളെ അഗ്നിയില്‍ ഹോമിക്കണം. പിന്നെ വിഷയവീതമായ പ്രാണങ്ങളെയും ഹോമിക്കാം. നിര്‍വിഷയമാക്കിയ മനസ്സിനെ സ്വാത്മാവായി സ്വാനുഭൂതിയായിത്തീര്‍ന്ന മഹേശ്വരിയില്‍ സമര്‍പ്പിക്കുക. അതിനുശേഷം സമാധിയോഗത്താല്‍ മനസ്സ് ധ്യാനമുഗ്ധമാക്കണം. സര്‍വ്വഭൂതങ്ങളിലും നിലകൊള്ളുന്ന ആത്മാവായി തന്റെ ആത്മാവിനെ ഹൃദയത്തില്‍ ദര്‍ശിക്കണം.



എപ്പോഴാണ് ഒരുവന്‍ സര്‍വ്വഭൂതഹൃദയങ്ങളിലെ ആത്മാവും താനും ഒന്നെന്നറിയുന്നത്, അപ്പോള്‍ സര്‍വ്വമംഗളസ്വരൂപിണിയായ ജഗദംബികയെ അവനു കാണാകുന്നു. ആ ദര്‍ശനത്തോടെ സാധകന്‍ ബ്രഹ്മജ്ഞനാകുന്നു. അങ്ങിനെ പ്രബുദ്ധനായ ഒരുവനെ സംബന്ധിച്ചിടത്തോളം മായയെല്ലാം നശിക്കുന്നു. എന്നാലും സ്വന്തം പ്രാരബ്ധം അനുഭവിച്ചു തീര്‍ക്കാന്‍ ദേഹം നിലനില്‍ക്കുകയും ചെയ്യും. ജീവന്മുക്തനായ അവന്‍ മരണശേഷം മോക്ഷം പ്രാപിക്കുന്നു. അതിനാല്‍, രാജാവേ, ഗുരൂപദേശം കൈക്കൊണ്ടു ജഗദംബയെ ധ്യാനിക്കുന്നതും ആ പരമേശ്വരിയുടെ ഗുണകഥകള്‍ കേള്‍ക്കുന്നതും സാധകര്‍ക്ക് സദ്ഗതിയേകും എന്നറിഞ്ഞാലും.



നിഷ്കാമകര്‍മ്മങ്ങളാണ് അഭികാമ്യം. ഫലത്തിലുള്ള ആശയോടെ ചെയ്യുന്ന യജ്ഞകര്‍മ്മങ്ങള്‍ നാശത്തെ വിളിച്ചു വരുത്തുന്നു. നിത്യശാന്തി നല്‍കാന്‍ അവയ്ക്ക് സാധിക്കുകയില്ല. സ്വര്‍ഗ്ഗകാംക്ഷികള്‍ക്കായി പറഞ്ഞിട്ടുള്ളത് അഗ്നിഷ്ഠോമയജ്ഞമാണ്. എന്നാല്‍ തല്ഫലമായ സ്വര്‍ഗ്ഗവാസം താല്‍ക്കാലികം മാത്രമാണ്. പുണ്യത്തിന്റെ ശക്തി ക്ഷയിക്കുമ്പോള്‍ വീണ്ടും ജനിച്ചുമരിക്കേണ്ടതായി വരും. അതുകൊണ്ട് അക്ഷയഫലം നല്‍കുന്ന മാനസയജ്ഞം തന്നെയാണ് ശ്രേഷ്ഠം. അങ്ങ് കുറച്ചുനാള്‍ മുന്‍പ് ചെയ്ത സര്‍പ്പയജ്ഞം താമസമാണ്. ദുരാത്മാവായ തക്ഷകനോടുള്ള വിരോധം തീര്‍ക്കാന്‍ എത്രയെത്ര സര്‍പ്പങ്ങളെയാണ് അങ്ങ് കൊന്നൊടുക്കിയത്! ഇതിനു പരിഹാരമായി അങ്ങ് വിധിവിഹിതമായിത്തന്നെ ഒരു ദേവീയജ്ഞം അനുഷ്ഠിക്കുക. അതിന്റെ വിധിക്രമങ്ങള്‍ ഞാന്‍ പറഞ്ഞു തരാം. ബ്രാഹ്മണന്മാരില്‍ വേദജ്ഞരും  മന്ത്രോച്ചാരണത്തില്‍ പ്രാവീണരായവരും ദേവീ ബീജമന്ത്രം ഗ്രഹിച്ചവരും ഉണ്ടല്ലോ. അവരെ യജിക്കാന്‍ നിയോഗിക്കുക. അങ്ങ് തന്നെ യജമാനന്‍ ആവണം. അങ്ങിനെ യജ്ഞം വേണ്ടപോലെ ചെയ്ത് പുണ്യമാര്‍ജ്ജിച്ച് അങ്ങയുടെ പിതാവിന്റെ ആത്മാവിനു സദ്‌ഗതി വരുത്തിയാലും. ബ്രാഹ്മണനിന്ദ ചെയ്തതിന്റെ പാപമാണല്ലോ അങ്ങയുടെ പിതാവിനുള്ളത്. അത് നരകപ്രദമായ ദോഷം തന്നെയാണ്. അതിന്റെ ഫലമായി അദ്ദേഹത്തിനു സര്‍പ്പദംശം മൂലമുള്ള മരണമാണ് ഉണ്ടായത്. അതുണ്ടായത് ഭൂമിയിലോ, ദര്‍ഭയില്‍ കിടന്നോ അല്ല. അദ്ദേഹമപ്പോള്‍ മാളികമുകളില്‍ ആയിരുന്നല്ലോ. യുദ്ധത്തിലായിരുന്നു മരണമെങ്കില്‍ വീരസ്വര്‍ഗ്ഗം കിട്ടുമായിരുന്നു. എന്തുകൊണ്ടും പരീക്ഷിത്തിനായി ഇപ്പോള്‍ നരകവാതില്‍ മാത്രമേ തുറന്നു കിടക്കുന്നുള്ളൂ. മരണസമയത്ത് നരകഫലം ഉണ്ടാവാതിരിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമുണ്ട്. എന്നാലത് അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞിട്ടില്ല താനും. മരണസമയം വന്നുവെന്നറിഞ്ഞാല്‍ എത്ര ദുര്‍ഘടാവസ്ഥയിലും മനസ്സിനെ സര്‍വ്വ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ചു ‘പഞ്ചഭൂതനിര്‍മ്മിതമായ ഈ ദേഹം നശിക്കുന്നതില്‍ ക്ലേശിക്കാന്‍ എന്തിരിക്കുന്നു?’ എന്ന ചിന്തയോടെ വേണം കഴിയാന്‍. ഈ ദേഹം വീഴുമ്പോള്‍ വീഴട്ടെ. ഞാന്‍ നിര്‍ഗുണനായ, നിത്യമായ ബ്രഹ്മമാണ്. ദേഹവുമായി എനിക്ക് കേവലം കര്‍മ്മ ബന്ധം മാത്രമേയുള്ളൂ. ശുഭാശുഭങ്ങളായ കര്‍മ്മങ്ങള്‍ എന്നെ സ്വാധീനിക്കുന്നില്ല. എന്നാലും മനുഷ്യവേഷമെടുത്താല്‍പ്പിന്നെ കര്‍മ്മങ്ങളുമായുള്ള ബന്ധം ഒഴിവാക്കാന്‍ സാധിക്കുകയില്ല. ‘ഈ ഘോരമായ ഭവദുഖത്തില്‍ നിന്നും ഞാന്‍ മുക്തനാണ് എന്ന് സ്വയം നിശ്ചയിച്ചു സ്നാനാദികളോ ദാനമോ ഒന്നും കൂടാതെ മരണത്തെ പുല്‍കുന്നവന്‍ ജന്മദുഖത്തില്‍ നിന്നും മുക്തനാകുന്നു. ഈ സാധന അതീവ ദുര്‍ലഭമാണ്. യോഗികള്‍ക്ക് പോലും ദുഷ്കരമാണിത്.



നിന്റെ പിതാവാകട്ടെ മുനിശാപവൃത്താന്തം കേട്ടപ്പോള്‍ സ്വദേഹമമതമൂലം തന്റെ അരോഗദൃഢഗാത്രത്തെ എങ്ങിനെയെങ്കിലും രക്ഷിക്കണം എന്ന തീരുമാനമെടുത്തു. ഔഷധം, മന്ത്രമണികള്‍, യന്ത്രങ്ങള്‍, എന്നിവയെല്ലാം സംഘടിപ്പിച്ച് അദ്ദേഹം എഴുനിലമാളികയ്ക്ക് മുകളില്‍ സ്വരക്ഷാര്‍ത്ഥം കയറിയിരുന്നു. എന്നാലോ, സ്നാനം, ദാനം, ദേവീപൂജകള്‍ ഇവയൊന്നും ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചില്ല. ഭൂമിയില്‍ തറതൊട്ടു കിടന്നുമില്ല. തനിക്ക് വന്നിട്ടുള്ള വിധിവിഹിതം അലംഘനീയമാണെന്ന് ഓര്‍ത്തില്ല. കലി ബാധിക്കയാല്‍ മുനിയെ നിന്ദിച്ചു പാപിയായിത്തീര്‍ന്ന രാജാവ് മോഹക്കടലില്‍ വീണുമുങ്ങി, മാളികമുകളിലായിട്ടുപോലും തക്ഷകദംശനമേറ്റ് മരിക്കുകയാണുണ്ടായത്. അതിനാല്‍ നിന്റെ അച്ഛനെ പാപത്തില്‍ നിന്നും കരകയറ്റുന്നത് നിന്റെ ചുമതലതന്നെയാണ്.'



വ്യാസന്‍ ഇങ്ങിനെ ഉപദേശിക്കെ കണ്ണീര്‍ പൊഴിച്ചുകൊണ്ട്‌ രാജാവ് പറഞ്ഞു: 'അച്ഛന്‍ നരകത്തില്‍ കിടക്കുകയാണെങ്കില്‍ എന്റെ ജീവിതം വെറും വ്യര്‍ത്ഥം. അദ്ദേഹത്തിനു സദ്‌ഗതി ലഭിക്കാനായി എന്തെല്ലാം ചെയ്യണമോ അതെല്ലാം ഞാന്‍ ഉടനേ തന്നെ ചെയ്യുന്നതാണ്.’

      

പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Tuesday, November 29, 2016

വാഗ്ബീജമാഹാത്മ്യം - ശ്രീമദ്‌ ദേവീഭാഗവതം. 3. 11. - ദിവസം 48.



ന വേദാദ്ധ്യയനം കിഞ്ചിജ്ജാനാതി ന ജപം തഥാ
ധ്യാനം ന ദേവതാനാം ച ന ചൈവാരാധനം തഥാ
നാസനം വേദ വിപ്രോ f സൌ പ്രാണായാമം തഥാ പുന:
പ്രത്യാഹാരം തു നോ വേദ ഭൂത ശുദ്ധിം ച കാരണം



ലോമേശന്‍ തുടര്‍ന്നു: 'വേദപാഠങ്ങളോ പൂജാവിധികളോ ഒന്നും ഇദ്ദേഹത്തിനു വശമില്ലല്ലോ. പ്രാണായാമം, ആസനം തുടങ്ങിയ യോഗവിദ്യകളും വശമില്ല. ഗായത്രി ജപമില്ല, ഭൂതശുദ്ധിയില്ല, യജ്ഞം, മന്ത്രം, ശൌചസ്നാനകര്‍മ്മങ്ങള്‍, ആതിഥ്യമര്യാദകള്‍ ഒന്നും ഇദ്ദേഹത്തിനറിയില്ല. അഗ്നിഹോത്രം, സന്ധ്യാവന്ദനം എന്നിവ ചെയ്യാനും അറിവില്ല. രാവിലെ എഴുന്നേറ്റ് പല്ലുതേച്ചു എന്ന് വരുത്തും. നദിയില്‍ ഒന്ന് മുങ്ങും അത്ര തന്നെ. ഭക്ഷ്യമേത് അഭക്ഷ്യമേത് എന്ന ഭേദമൊന്നുമില്ലാതെ കായ്കനികള്‍ ഭക്ഷിക്കും. എന്നാല്‍ ഒന്നുണ്ട്. സത്യമല്ലാതെ അദ്ദേഹം ഒന്നും ഉരിയാടുകയില്ല. അങ്ങിനെ നാട്ടുകാര്‍ സത്യതപസ്സ് എന്നദ്ദേഹത്തിനു പേരിട്ടു. ആര്‍ക്കും ദോഷം ചെയ്യാതെ ആ കുടിലില്‍ തോന്നുന്നത് പോലെ സ്വസ്ഥനായി ഉറങ്ങി അദ്ദേഹം കാലം കഴിച്ചുകൂട്ടി. 'ദൈവം ഏതായാലും എന്നെയിങ്ങിനെ മൂര്‍ഖനായി ജനിപ്പിച്ചു. ശിഷ്ടകാലം ഇങ്ങിനെ അങ്ങ് കഴിയട്ടെ', എന്നായി അയാളുടെ ചിന്ത. 'കായ്കനികള്‍ ഉണ്ടാവാത്ത മരം, മച്ചിയായ സുന്ദരി, കറവയില്ലാത്ത പശു എന്നതുപോലെ വിഫലമായ ഒരു ജന്മം!  ഒരു ഗ്രന്ഥം പകര്‍ത്തിയെഴുതി മഹാനായ ഒരു ബ്രാഹ്മണന് സമര്‍പ്പിക്കുക എന്ന സദ്കര്‍മ്മം ഞാന്‍ ചെയ്തിട്ടില്ല. മുജ്ജന്മത്തിലും എന്റെ വിദ്യ സഫലമായിട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇങ്ങിനെ ഒരു ജന്മം ഉണ്ടാവുമോ? തീര്‍ത്ഥസ്നാനം, സാധുസേവ, വേദപഠനം എന്നിവയില്‍ മുഴുകിയാണ് ഒരു മുനിപുത്രന്‍ ജീവിക്കുന്നത്. എനിക്കാണെങ്കില്‍ അവയൊന്നും വശമില്ല. വെറുതെ ദേഹത്തിനു മാത്രം പൌരുഷം ഉണ്ടായിട്ടു കാര്യമില്ല. എനിക്ക് ഭാഗ്യമില്ല. ഭാഗ്യശാലി വെറുതെ എന്തെങ്കിലും ചെയ്താലും അത് ഫലിക്കും. ബ്രഹ്മാവിഷ്ണുശിവന്‍മാര്‍ക്കുപോലും കാല സംബന്ധിയായ അനുഭവങ്ങള്‍ ഉണ്ട്. കാലത്തെ വെല്ലാന്‍ ആര്‍ക്കു കഴിയും?'



ഇങ്ങിനെയുള്ള ചിന്തകളാല്‍ ഉള്ളു നീറി അദ്ദേഹം ഗംഗാതീരത്ത്‌ വസിച്ചു. ശാന്തനായി ആശ്രമജീവിതം നയിച്ചതിനാല്‍ അദ്ദേഹത്തില്‍ ഒരു ജീവിതവിരക്തി  ക്രമീകമായി വന്നുചേര്‍ന്നു. പതിനാലു കൊല്ലക്കാലം ജപവും ആചാരക്രമങ്ങളുമില്ലാതെ അദ്ദേഹമവിടെ കഴിഞ്ഞു. സത്യവാക്ക് മാത്രം പറയുന്നൊരു മുനി എന്ന ഖ്യാതി അദ്ദേഹത്തിനുണ്ടായി.



അക്കാലത്ത് ക്രൂരനും ശക്തിമാനുമായ ഒരു വേടന്‍ തന്റെ അമ്പും വില്ലുമായി വേട്ടയ്ക്കിറങ്ങി ഒരു പന്നിയെ ഓടിച്ചുകൊണ്ട് വരികയായിരുന്നു. അമ്പുകൊണ്ട പന്നി പ്രാണരക്ഷാര്‍ത്ഥം കുതിച്ചു ചാടിയോടി ആശ്രമചാരത്തെത്തി. ദേഹം മുഴുവന്‍ ചോരകിനിയുന്ന പന്നിയെക്കണ്ട് സത്യവ്രതന്‍ ദയാര്‍ദ്രനായി. ആ കാഴ്ച കണ്ടു മനസ്സലിഞ്ഞ അദ്ദേഹത്തിന്‍റെ വായില്‍ നിന്നും ‘ഐ’ എന്ന സാരസ്വത മന്ത്രം അറിയാതെ ഉതിര്‍ന്നുവീണു. അത് ദേവിയുടെ ബീജമന്ത്രമാണെന്ന് അദ്ദേഹത്തിനറിവില്ലായിരുന്നു. പന്നിയാണെങ്കില്‍ അവിടെയൊന്നു കറങ്ങി നിന്നിട്ട്, ഒടുവിലൊരു വള്ളിക്കുടിലില്‍ കയറി ഒളിച്ചു. പരിഭ്രമത്തോടെ നില്‍ക്കുന്ന ബ്രാഹ്മണന്റെ മുന്നില്‍ പന്നിയെ തേടിനടന്ന  വേടനെത്തി.  അയാള്‍ വില്ല് കുലച്ചു ക്രുദ്ധനായാണ് വരുന്നത്. ആശ്രമമുറ്റത്തിരിക്കുന്ന മുനിയെ വന്ദിച്ചശേഷം അയാള്‍ ചോദിച്ചു: 'ഇവിടെയെങ്ങാനും അമ്പുകൊണ്ട് മൃതപ്രായനായ എന്റെ പന്നി വന്നിരുന്നോ? അതെവിടെപ്പോയി എന്ന് പറഞ്ഞാലും. അങ്ങ് സത്യവാനാണെന്ന് ഞാനും കേട്ടിരിക്കുന്നു. ഞാന്‍ പന്നിയെ കൊല്ലുന്നത് എന്റെ കുടുംബത്തിന്റെ വിശപ്പ്‌ മാറ്റാനാണ്. എന്റെ ഉപജീവനം നായാടല്‍ തന്നെയാണ്. മറ്റൊരു പണിയും എനിക്ക് വഴങ്ങില്ല. എന്ത് പണിയെടുത്തും കുടുംബം പോറ്റണം എന്നുണ്ടല്ലോ? അങ്ങ് നേര് പറയൂ. എവിടെയാണ് ആ പന്നി ഒളിച്ചിരിക്കുന്നത്? വിശന്നു കേഴുന്ന എന്‍റെ കുടുംബത്തെയോര്‍ത്ത് അങ്ങ് സത്യം പറയൂ.'



വേടന്റെ വാക്കുകള്‍ കേട്ട് മുനിക്ക് പരിഭ്രമമായി. പന്നിയെ താന്‍ കണ്ടില്ല എന്ന് പറഞ്ഞാല്‍ തന്റെ സത്യവ്രതം മുറിയും. അമ്പുകൊണ്ട് മുറിഞ്ഞു ദീനനായ പന്നി എവിടെയെന്നു ഞാനെങ്ങിനെ പറയും? അത് ക്രൂരതയല്ലേ? വിശപ്പിന്റെ കാര്യമാണ് വേടന്‍ ചോദിക്കുന്നത്. അവന്‍ പന്നിയെ കണ്ടാല്‍ അപ്പോള്‍ത്തന്നെ കൊല്ലും എന്ന് നിശ്ചയം! ഹിംസയുണ്ടാക്കുന്ന സത്യം സത്യമാണോ?, ദയാപരമാണ് അസത്യമെങ്കില്‍ അതാണോ ഉചിതം?. ഇവയില്‍ ഏതാണ് ഹിതം? ഹിതമായത് വേണമല്ലോ പറയാന്‍! ഒന്നൊന്നിനു വിരുദ്ധമായാല്‍ അതെങ്ങിനെ ഹിതമാവും? ഇങ്ങിനെ ചിന്തിച്ചുഴന്ന ബ്രാഹ്മണന്‍ എന്തുചെയ്യണം എന്നറിയാതെ നിന്നു. എന്നാല്‍ അമ്പേറ്റുപിടഞ്ഞ പന്നിയെക്കണ്ട് താനുച്ചരിച്ച ബീജാക്ഷരം ‘ഐ’ എന്ന് കേട്ട് പ്രസാദിച്ച ജഗദംബിക കനിവോടെ അവനില്‍ അപ്പോള്‍ത്തന്നെ ജ്ഞാനപ്രകാശം ചൊരിഞ്ഞു. ആയുധധാരിയായ വേടനോടു ബ്രാഹ്മണന്‍ കാവ്യമയമായി ഇങ്ങിനെ പറഞ്ഞു: 'കാണുന്നത് പറയാന്‍ വയ്യ. പറയുന്നത് കാണാനും വയ്യ. അപ്പോള്‍പ്പിന്നെ നീയിങ്ങിനെ ചോദിച്ചതുകൊണ്ടു കാര്യമെന്ത്?' വേടന് പെട്ടെന്ന് കാര്യം പിടികിട്ടി. 'പന്നിയെ കണ്ടുവെങ്കില്‍ അത് പറയേണ്ടത് കണ്ണാണ്. കണ്ണിനുകാണാം. പക്ഷെ പറയാനാവില്ല. നാവിനു പറയാം പക്ഷെ കാണാനാകില്ല. അപ്പോള്‍പ്പിന്നെ കാണാത്ത കാര്യം നാവു പറഞ്ഞാല്‍ എന്റെ സത്യവ്രതം ലംഘിക്കപ്പെടും.'


കാവ്യാര്‍ത്ഥത്തില്‍ ആത്മീയമായി പറഞ്ഞാല്‍ ആത്മദര്‍ശനം കിട്ടിയവന് പറയാന്‍ ആവില്ല. കാരണം അവാച്യമാണ് ആ ദര്‍ശനം. ആത്മാവിനെപ്പറ്റി പറയുന്നവനോ? അവന് ആ ദര്‍ശനം ഉണ്ടായിട്ടില്ല.


ഉതത്ഥന്‍ എന്ന സത്യവ്രതന്‍ അങ്ങിനെ വാല്‍മീകിയെപ്പോലെ ക്ഷണത്തില്‍ കവിയായിത്തീര്‍ന്നു. സത്യവ്രതന്റെ പുകള്‍ നാടെങ്ങും പരന്നു. സാരസ്വതമായ ബീജമന്ത്രം ജപിക്കയാല്‍ ആ ബ്രാഹ്മണന്‍ പണ്ഡിതനും കീര്‍ത്തിമാനുമായിത്തീര്‍ന്നു. വാവ് തോറും ഈ വിപ്രന്റെ കീര്‍ത്തി ഇപ്പോഴും ആളുകള്‍ പാടുന്നുണ്ട്. പണ്ട് പുത്രനെ ഉപേക്ഷിച്ച പിതാവ് കാട്ടില്‍ മകനെത്തേടി വന്ന് ആദരിച്ചു കൂട്ടിക്കൊണ്ടു പോയി.


വ്യാസന്‍ തുടര്‍ന്നു: അതിനാല്‍ ആ പരാശക്തിയെ സദാ പൂജിക്കൂ. ജഗത് കാരിണിയാണ് അമ്മ. ഞാന്‍ നേരത്തെ പറഞ്ഞ യജ്ഞം ചെയ്യുക. അങ്ങയുടെ മനോരഥം പൂര്‍ണ്ണമായും നിറവേറും. സ്മരണം, പൂജ, കീര്‍ത്തനം, ധ്യാനം എന്നിവ ഭക്തിയോടെ ചെയ്യുന്നവര്‍ക്ക് സകലവിധ കാമനകളെയും സാധിപ്പിച്ചു കൊടുക്കുന്നത് ദേവിയാണ്. ദീനര്‍, പീഡിതര്‍, ആര്‍ത്തന്മാര്‍, മൂഢന്മാര്‍ എന്നുവേണ്ട എല്ലാത്തരം ആകുലകതകള്‍ക്കും വശംവദരായവരെ കാണുമ്പോള്‍ അവരോടു നാം അനുകമ്പയുള്ളവരായിരിക്കണം. സദാശിവയായ ദേവിയെ പൂജിക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുപോലെ പുത്രപൌത്രാദികളോടു കൂടി  ഐശ്വര്യസമൃദ്ധമായ ജീവിതം നയിക്കുന്നവരെക്കണ്ടാല്‍ നമുക്കറിയാം അവര്‍ ദേവിയുടെ അനുഗ്രഹത്തിന് പാത്രമായിരിക്കുന്നു എന്ന്. അവര്‍ സദാ ജഗദംബികയെ ആരാധിച്ചിട്ടുള്ളവരാണ്. അവരുടെ സകലവിധ ഐശ്വര്യങ്ങള്‍ക്കും നിദാനം അമ്മയുടെ



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ.
ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Monday, November 28, 2016

സത്യവ്രത കഥ - ശ്രീമദ്‌ ദേവീഭാഗവതം. 3. 10. - ദിവസം 47.



കൊfസൌ സത്യവ്രതോ നാമ ബ്രാഹ്മണോ ദ്വിജ സത്തമ:
കസ്മിന്‍ ദേശേ സമുത്പന്ന: കീദൃശശ്ച വദസ്വ മേ
കഥം തേന ശ്രുത: ശബ്ദ: കഥമുച്ചാരിത: പുന:
സിദ്ധിശ്ച കീദൃശീ ജാതാ തസ്യ വിപ്രസ്യ തത്ക്ഷണാത്



ജനമേജയന്‍ ചോദിച്ചു: 'അങ്ങ് കഥയില്‍ പരാമര്‍ശിച്ചതായ ഈ സത്യവ്രതന്‍ ആരാണ്? ഏതു ദേശത്തുകാരനാണ്? എങ്ങിനെയാണ് അയാള്‍ ആ ബീജരഹിത ശബ്ദം കേള്‍ക്കാന്‍ ഇടയായത്? അതാരാണ് ഉച്ചരിച്ചത്? ആ ശബ്ദം കേട്ടമാത്രയില്‍ അവനില്‍ എങ്ങിനെയുള്ള സിദ്ധികളാണുണ്ടായത്? സകലവും നിറഞ്ഞ സര്‍വ്വജ്ഞയായ ദേവിയെങ്ങിനെയാണ് അവനില്‍ സംപ്രീതയായത്?'


ജയമേജയന്റെ ചോദ്യത്തിനുത്തരമായി പൌരാണികവും ശുഭപര്യവസായിയുമായ കഥ വ്യാസന്‍ ഇങ്ങിനെ തുടര്‍ന്നു: 'രാജാവേ, കേട്ടാലും. ഒരിക്കല്‍ ഞാന്‍ തീര്‍ത്ഥാടനമദ്ധ്യേ നൈമിശാരണ്യത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ ഞാന്‍  മഹാമുനിമാരെ പൂജിച്ചുകൊണ്ട് കുറച്ചു നാള്‍ താമസിച്ചു. പതിവ് പോലെ അവിടെ മഹത്തായ സത്സംഗവും കഥയും നടക്കുന്നു. ജമദഗ്നി മഹര്‍ഷി തന്റെ അടുത്തിരുന്ന മുനിമാരോട് ഇങ്ങിനെ ചോദിച്ചു: 'എന്റെ സംശയം ഇതാണ് - ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍, ഇന്ദ്രന്‍, സൂര്യന്‍, അഗ്നി, കുബേരന്‍, വരുണന്‍, അശ്വിനിദേവതകള്‍, വായു, ഗ്രഹങ്ങള്‍ എന്നിങ്ങിനെ അനേകം ദേവന്മാര്‍ ഉള്ളതില്‍ ആരാണ് പൂജാര്‍ഹന്‍? ആരെ പൂജിച്ചാലാണ് അഭീഷ്ടങ്ങള്‍ സാധിക്കുക? ആരാണ് പെട്ടെന്ന് സംപ്രീതനാവുന്നത്?'



അപ്പോള്‍ ലോമേശന്‍ എന്ന് പേരായ മുനി പറഞ്ഞു: 'ശുഭം കാംക്ഷിക്കുന്ന ഏവനും ആദ്യം ചെയ്യേണ്ടത് പരാശക്തിയെ പൂജിക്കുകയാണ്. സര്‍വ്വദയും സര്‍വ്വഗമ്യയും സകലാരാദ്ധ്യയുമായ പരാപ്രകൃതിയായ അമ്മ ബ്രഹ്മാദികള്‍ക്ക് പോലും മാതാവാണ്. മൂലപ്രകൃതിയായ അവള്‍ സംസാരത്തിന്റെ തായ് വേരാകുന്നു. സേവിക്കുന്നവര്‍ക്ക് അഭീഷ്ടങ്ങളെ നല്‍കിയും ജ്ഞാനമാഗ്രഹിക്കുന്ന ധ്യാനമാര്‍ഗ്ഗികള്‍ക്ക് വാഞ്ഛിതങ്ങളെ നല്‍കിയും അമ്മ അനുഗ്രഹിക്കുന്നു. അമ്മയുടെ നാമോച്ചാരണമാത്രയില്‍ ഒരു മൂഢവിപ്രന് പാണ്ഡിത്യം സിദ്ധമായതിന്റെ കഥ ഞാന്‍ പറയാം.



പണ്ട് കോസലരാജ്യത്ത് ദേവദത്തന്‍ എന്നൊരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അനപത്യത്താല്‍  ദുഖിതനായിരുന്ന അദ്ദേഹം പുത്രലാഭത്തിനായി യജ്ഞം ചെയ്തു. അദ്ദേഹം തമസാ നദിയുടെ കരയില്‍ യജ്ഞശാലയൊരുക്കി ബ്രാഹ്മണന്‍മാരെ വരുത്തി യജ്ഞം ചെയ്തു. പുത്രകാമേഷ്ടിയില്‍ വിദഗ്ധരായ മഹാന്മാരാണ് കര്‍മ്മം ചെയ്തത്. സുഹോത്രനെ ബ്രഹ്മാവായും, യാജ്ഞവല്‍ക്യനെ അധ്വര്യുവായും ബ്രഹസ്പതിയെ ഹോതാവായും പൈലനെ പസ്തോതാവായും ഗോഭിലനെ ഉദ്ഗാതാവായും മറ്റു മുനിമാരെ സദസ്യരായും കല്‍പ്പിച്ചു. എല്ലാവരെയും അദ്ദേഹം ദക്ഷിണയും സമ്മാനങ്ങളും നല്‍കി ആദരിച്ചു. സാമവേദം സ്വരശുദ്ധിയോടെ പാടുന്നതിനിടയില്‍ ഗോഭിലന് ശ്വാസതടസ്സം വന്നതിനാല്‍ ക്ഷണനേരത്തെയ്ക്ക് ആലാപനത്തില്‍ സ്വരഭംഗം വന്നു. അത് കേട്ട ദേവദത്തന്‍ ക്രുദ്ധനായി ഗോഭിലനോടു കയര്‍ത്തു. ‘പുത്രകാമേഷ്ടിക്കിടയിലെ വേദാലാപനത്തില്‍ സ്വരം തെറ്റിച്ച താനൊരു മൂര്‍ഖന്‍ തന്നെ!’ ഉടനെ ഗോഭിലനും തിരികെ ക്ഷോഭത്തോടെ ബ്രാഹ്മണനെ ശപിച്ചു. ‘അങ്ങിനെയാണോ, എങ്കില്‍ ഈ യാഗം മൂലം തനിക്കുണ്ടാകുന്ന പുത്രന്‍ മൂര്‍ഖനായിപ്പോകട്ടെ. ശ്വാസമെടുക്കാന്‍ എനിക്ക് ഒരല്‍പം തടസ്സം വന്നു. അതിന് ഇത്രയ്ക്ക് ക്രോധം പാടുണ്ടോ?’ ഇതുകേട്ടപ്പോള്‍ ദേവദത്തന്‍ ഒന്ന് തണുത്തു. അദ്ദേഹം ദുഖത്തോടെ പറഞ്ഞു: മഹാത്മാവേ, എന്നെപ്പോലെ തെറ്റൊന്നും ചെയ്യാത്തവനില്‍ അങ്ങ് ഇങ്ങിനെ കഠിനമായ ശാപം ചൊരിയുന്നത് കഷ്ടമാണ്. പുത്രനില്ലാത്ത ദുഖത്തോടൊപ്പം ഇനിയിപ്പോള്‍ ഈ ശാപദുഃഖം കൂടിയായി! മൂര്‍ഖനായ ഒരു പുത്രന്‍ ഉണ്ടാവുന്നതിനേക്കാള്‍ നല്ലത് അപുത്രതയാണ്! മൂര്‍ഖനായ ബ്രാഹ്മണന്‍ എല്ലായിടത്തും അപമാനിക്കപ്പെടും. ദാനപൂജാദികള്‍ക്ക് അവനര്‍ഹതയുണ്ടാവുകയില്ല. വേദജ്ഞാനമില്ലാത്ത ബ്രാഹ്മണന്‍ ഏതു ദേശത്താണെങ്കിലും ഒരു ശൂദ്രനെപ്പോലെ കരം കൊടുത്ത് ജീവിക്കേണ്ടിവരും. ദേവപ്രീതിക്കായുള്ള കര്‍മ്മങ്ങളില്‍ ഒന്നിലും അങ്ങിനെയുള്ള വിപ്രനെ ആരും കൂട്ടില്ല. ഈ ബ്രാഹ്മണനെ രാജാവ് ശൂദ്രനായി കരുതുന്നതിനാല്‍ അവന്‍ നിലമുഴുകി ജീവിതായോധനത്തിനുള്ളത് നേടണം. ശ്രാദ്ധത്തിനൊന്നും അവനെ ആരും കൂട്ടിക്കൊണ്ട് പോകില്ല. ശ്രാദ്ധത്തിനും മറ്റും കൂടിയാല്‍ത്തന്നെ അവന് ആരെങ്കിലും ഭക്ഷണം കൊടുത്തേക്കാം എന്നല്ലാതെ യാതൊരു മാന്യതയും അവനു കിട്ടില്ല. മൂഢവിപ്രനെ ബഹുമാനിച്ചാല്‍ രണ്ടാള്‍ക്കും നരകഫലമാണ് കിട്ടുക. മൂര്‍ഖരെ വന്ദിക്കുന്ന സ്ഥലവും അവിടത്തെ രാജാവും നിന്ദ്യരത്രേ.



മൂര്‍ഖ-പണ്ഡിത ഭേദം വിദ്വാന്മാര്‍ക്കറിയാം. ദാനം, മാനം, പരിഗ്രഹം എന്നിവയാല്‍ ഗര്‍വിഷ്ഠരായ ആളുകള്‍ ഉള്ളിടത്ത് പണ്ഡിതന്‍ പോവുകയില്ല. അസത്തുക്കളുടെ ധനം അസത്തുക്കള്‍ക്ക് മാത്രമേ ഉപകരിക്കൂ. നിറയെ കായ്ച്ച വേപ്പ്മരത്തിലെ കായ്കള്‍ കാക്കയ്ക്ക് മാത്രമേ പ്രയോജനപ്പെടൂ. വേദജ്ഞര്‍ അന്നമുണ്ട് സംപ്രീതരായി വേദം ജപിക്കുമ്പോള്‍ വിണ്ണിലിരുന്നു പിതൃക്കള്‍ സന്തോഷിക്കും. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെന്നറിയാവുന്ന അങ്ങ് ഇത്തരം ഒരു ശാപം നല്‍കാന്‍ എന്താണ് കാര്യം? അങ്ങയുടെ ശാപത്തിനൊരു പ്രതിവിധി തരുകയില്ലേ? നിന്റെ മുന്നിലിതാ ഞാന്‍ ദീനനായി നില്‍ക്കുന്നു. ഞാന്‍ അങ്ങയുടെ കാലു പിടിക്കാം. ദയവായി എന്നെ ഇതില്‍ നിന്നും കരകയറ്റണം.'



ദേവദത്തന്‍ തന്റെ കാല്‍ക്കല്‍ വീണപ്പോള്‍ ഗോഭിലനും ശാന്തനായി. മഹാന്മാരുടെ കോപം ക്ഷണത്തില്‍ തണുക്കുമല്ലോ. ജലം തീകൊണ്ടോ വെയില്‍ കാഞ്ഞോ എളുപ്പം ചൂടാവും; എന്നാലത് വേഗത്തില്‍ തണുക്കുകയും ചെയ്യും. ‘മൂര്‍ഖനായി ജനിക്കുന്ന നിന്റെ പുത്രന്‍ പിന്നീട് വിദ്വാനായിത്തീരും. പേടിക്കേണ്ട.’ ഇതുകേട്ട് തുഷ്ടനായ ദേവദത്തന്‍ യാഗം ഭംഗിയായി അവസാനിപ്പിച്ചു. ബ്രാഹ്മണരെ സമ്മാനം നല്‍കി ബഹുമാനിച്ച് പറഞ്ഞയച്ചു. കുറച്ചു കാലം കഴിയേ ബ്രാഹ്മണ പത്നി, സുദതി ഗര്‍ഭിണിയായി. ദേവദത്തന്‍ പുംസവനം, സീമന്തം തുടങ്ങിയ സംസ്കാരങ്ങള്‍ യഥാവിധി ചെയ്തു. യജ്ഞം സഫലമായതില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. രോഹിണി നക്ഷത്രത്തിലെ ഒരു ശുഭമുഹൂര്‍ത്തത്തിലായിരുന്നു പുത്രന്റെ ജനനം. പുത്രന് ഉതത്ഥ്യന്‍ എന്ന് പേരിട്ടു. എട്ടാം വയസ്സില്‍ അവനെ ഉപനയിച്ചു. ബ്രഹ്മചാരിയായ കുഞ്ഞിനു വേദം ഓതിക്കൊടുത്തുവെങ്കിലും അവനത് ഉച്ചരിക്കാന്‍ ആയില്ല. പലരീതിയില്‍ നോക്കിയിട്ടും പുത്രന് വേദം വഴങ്ങുന്നില്ല. പന്ത്രണ്ട് വയസ്സായിട്ടും സന്ധ്യാവന്ദനം പോലും തെറ്റുകൂടാതെ വേണ്ടതു പോലെ  ചെയ്യാന്‍ അവനു കഴിയുന്നില്ല. ബ്രാഹ്മണകുമാരന്‍ ഒരു മഠയനാണ് എന്ന വാര്‍ത്ത എല്ലാടവും പരന്നു. പിതാക്കന്മാര്‍ പോലും ആ ‘മുഠാളനെ’ പേരുകള്‍ വിളിച്ചു കളിയാക്കി.



എല്ലാവരും കളിയാക്കിയും വെറുത്തും സഹികെട്ട കുമാരന്‍ കാട്ടിലേയ്ക്ക് പുറപ്പെട്ടു. ‘അന്ധനായാലും മുടന്തനായാലും വേണ്ടില്ല. ഇങ്ങിനെ പൊട്ടനായിപ്പോയല്ലോ ഇവന്‍’ എന്ന് എല്ലാവരും പറയുന്നത് കേട്ട് സഹിയാതെയാണ് അവന്‍ നാട് വിട്ടത്. ഗംഗാതീരത്ത് ചെറിയൊരു കുടിലുകെട്ടി അവന്‍ ഫലമൂലങ്ങള്‍ തിന്നു ജീവിച്ചു. ‘ഞാന്‍ അസത്യം പറയുകയില്ല’ എന്നൊരു തീരുമാനം അവനുണ്ടായിരുന്നു. അങ്ങിനെയൊരു നിഷ്ഠയോടെ ആ കുടിലില്‍ അവന്‍ ബ്രഹ്മചാരിയായി ജീവിച്ചു വന്നു.'



പുനരാഖ്യാനം: ഡോ. സുകുമാര്‍ കാനഡ. ശ്രീ ടി എസ്. തിരുമുന്‍പിന്റെ ഭാഷാവിവര്‍ത്തനം, ശ്രീ എന്‍ വി. നമ്പ്യാതിരിയുടെ മൂലം വിവര്‍ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Sunday, November 27, 2016

ഗുണസ്വഭാവം - ശ്രീമദ്‌ ദേവീഭാഗവതം. 3. 9. - ദിവസം 46.




ഗുണാനാം ലക്ഷണം താത ഭവതാ കഥിതം കില
ന തൃപ്തോസി പിബന്‍ മിഷ്ടം തന്മുഖാത് പ്രച്യുതം രസം
ഗുണാനാം തു പരിജ്ഞാനം യഥാവദനുവര്‍ണ്ണയ
യേനാഹം പരമാം ശാന്തിമധിഗച്ഛാമി ചേതസി



നാരദന്‍ പറഞ്ഞു: 'അച്ഛാ അങ്ങ് ഗുണങ്ങളുടെ ലക്ഷണങ്ങള്‍ വിശദമായിത്തന്നെ പറഞ്ഞു. എങ്കിലും ആ വചനാമൃതപാനം എനിക്ക് മതിയായിട്ടില്ല. ഗുണങ്ങളെപ്പറ്റി കൂടുതല്‍ അറിയാനായി ഞാന്‍ ആഗ്രഹിക്കുന്നു.'


ബ്രഹ്മാവ്‌ പറഞ്ഞു: 'ഗുണസ്വഭാവങ്ങളെപ്പറ്റി എനിക്കും മുഴുവനായി അറിയാന്‍ വയ്യ. എന്നാലും ഞാന്‍ ആവും വിധം നിനക്കായി വിവരിക്കാം. കേവലമായ സത്വം ഒരിക്കലും ഒരിടത്തും സ്വതന്ത്രമായി കാണപ്പെടുന്നില്ല. ഗുണങ്ങള്‍ മിശ്രമായി കാണപ്പെടുന്നു. സുന്ദരിയായ ഒരു തരുണി തന്റെ ഭാവഹാവാദികള്‍ കൊണ്ട് തന്റെ ഭര്‍ത്താവിനു സന്തുഷ്ടിയേകുന്നു. അവള്‍ തന്നെ മാതാപിതാക്കള്‍ക്ക് പ്രീതിയും നല്‍കുന്നു. എന്നാലവള്‍ സപത്നിമാര്‍ക്ക് ദുഖം നല്‍കാന്‍ കഴിയുന്നവളാണ്. ഈ സ്ത്രീയുടെ കര്‍മ്മമാണ്‌ സത്വഗുണം ചെയ്യുന്നത്. രജസ്സുമായി ചേര്‍ന്നും തമസ്സുമായി ചേര്‍ന്നും വിവിധങ്ങളായ മിശ്രഗുണങ്ങളെയുണ്ടാക്കാന്‍ സത്വത്തിന് കഴിയുന്നു. അതുപോലെ രജസ്സെന്ന സ്ത്രീയും തമസ്സെന്ന സ്ത്രീയും പരസ്പരം കൂടിച്ചേര്‍ന്നു വ്യത്യസ്തഭാവങ്ങളെ ഉണ്ടാക്കുന്നു. ഒറ്റയ്ക്കെടുത്താല്‍ ഈ ഗുണങ്ങള്‍ക്ക് വ്യതിരിക്തതയൊന്നുമില്ല. എന്നാല്‍ സമ്മിശ്രഭാവത്തില്‍ ഗുണങ്ങള്‍ വിപരീതഗുണങ്ങളെപ്പോലും കാണിക്കുന്നു. രൂപഗുണംകൊണ്ടും സൌശീല്യംകൊണ്ടും ഉത്തമയും, ലാവണ്യവതിയുമായ യുവതി തന്റെ ഭര്‍ത്താവിനെ കാമശാസ്ത്രവിധിപ്രകാരം സംപ്രീതനാക്കുന്നവളായിരിക്കാം. എന്നാലവള്‍ കൂടെയുള്ള സപത്നിമാര്‍ക്ക് ദുഖവും, മോഹഭംഗവും ഉണ്ടാക്കുന്നു. സത്വഭാവത്തിലെ വൈകൃതം ജനത്തിനു തോന്നുന്നത് ഇതുപോലുള്ളവരിലൂടെയാണ്. ആ യുവതി സത്വഗുണസമ്പന്നയാണെന്ന് ജനം പറയുമ്പോഴും അനുഭവത്തില്‍ അവളുടെ സ്വഭാവം ചിലര്‍ക്കെങ്കിലും താമസഭാവം കൈക്കൊള്ളുന്നതായാണ് അനുഭവം. അതുപോലെ രാജകിങ്കരന്മാര്‍ കുറ്റവാളികളെ ശിക്ഷിക്കുന്നുമ്പോള്‍ത്തന്നെ  സദ്‌ജനങ്ങള്‍ക്ക്  രക്ഷയേകുന്നു. ചിലപ്പോള്‍ കാര്‍മേഘമിരുണ്ട് കൂടി ഇടിയും മിന്നലും ചേര്‍ന്ന് പെരുംമഴ പെയ്യുന്നു. മണ്ണിനെ കുളുര്‍പ്പിക്കുന്ന ആ മഴ ചിലര്‍ക്ക് ദുരിതമായി തോന്നാം. എന്നാല്‍ പാടത്ത് വിത്തിറക്കുന്ന കര്‍ഷകന്റെ ഉള്ളു നിറയ്ക്കാന്‍ ആ ജലവര്‍ഷത്തിനാകും. കെട്ടിമേഞ്ഞുറപ്പ് വരുത്താത്ത കൂരയില്‍ കഴിയുന്നവനും, വിറകു പെറുക്കുന്നവനും ഈ പെരുമഴ എത്ര ശല്യമാണ്! ഭര്‍ത്തൃവിരഹം അനുഭവിക്കുന്നവള്‍ക്ക് പേമാരിനിറഞ്ഞ ദുര്‍ദ്ദിനങ്ങള്‍ കൂടുതല്‍ ദു:ഖമയമാണ്.  അങ്ങിനെ ഗുണങ്ങള്‍ ചിലപ്പോള്‍ വിപരീതഭാവങ്ങളെ കാണിക്കുന്നു.



സത്വഗുണം ലഘുവായി പ്രകാശിക്കുന്നു. അത് സദാ നിര്‍മലവും സ്പഷ്ടവുമാണ്. പഞ്ചേന്ദ്രിയങ്ങള്‍ കലുഷരഹിതവും മനസ്സ് നിര്‍മ്മലവും ആയിരിക്കുമ്പോള്‍ വിഷയാഭിമുഖ്യം തീരെ കുറവായിരിക്കും. എന്നാല്‍ തടിച്ച ദേഹം, സദാ കോട്ടുവായിടുന്ന സ്വഭാവം, ആലസ്യം എന്നിവ രജോഗുണലക്ഷണങ്ങളാണ്. അങ്ങിനെയുള്ളയാള്‍ എവിടെയാണ് പോരിനു പോകേണ്ടതെന്ന് എപ്പോഴും തേടി നടക്കുന്നു. മറ്റുള്ളവരുമായി തര്‍ക്കിക്കാന്‍ അവനു നല്ല താല്‍പ്പര്യമായിരിക്കും. ഇന്ദ്രിയങ്ങളെ ഇരുട്ട് മൂടുമ്പോള്‍ മനസ്സ് ചഞ്ചലമാകുന്നു. ദേഹം തടിച്ച് ഉറക്കമില്ലായ്മപോലുള്ള തമോ ലക്ഷണങ്ങള്‍ കാണാവുന്നു.'



തമ്മില്‍ ശത്രുതാഭാവമുള്ള ഭിന്നസ്വഭാവഗുണങ്ങള്‍ എങ്ങിനെയാണ്  ഒത്തൊരുമിച്ച് കാര്യങ്ങള്‍ നടത്തുന്നതെന്ന് നാരദന്‍ ചോദിച്ചപ്പോള്‍ ബ്രഹ്മാവ്‌ ഇങ്ങിനെ തുടര്‍ന്നു: 'മകനേ, ഗുണങ്ങള്‍ക്ക് ദീപത്തിന്റെ സ്വഭാവമാണ്. വിളക്കിലെ തിരി, എണ്ണ തീ എന്നിവ ഭിന്നങ്ങളാണ്. എന്നാല്‍ അവ ചേര്‍ന്ന് ദീപമുണ്ടാക്കി വെളിച്ചമേകുന്നു. എണ്ണയ്ക്ക് തീയിനോട് വൈരം; എണ്ണയുടെ വൈരിയാണ് തിരി; തിരിയുടെ ശത്രുവാണ് അഗ്നി. ഇങ്ങിനെ പരസ്പരം ശത്രുതയിലാണ് മൂന്നുമെങ്കിലും അവ ഒന്നിച്ചു നിന്ന് വസ്തുക്കളെ പ്രകാശിപ്പിക്കുന്നു.'



വ്യാസന്‍ തുടര്‍ന്നു: ബ്രഹ്മാവ്‌ ത്രിഗുണങ്ങളെ ഇങ്ങിനെ വിശദമാക്കിയതിനെപ്പറ്റി പറഞ്ഞ ശേഷം നാരദന്‍ എന്നോടു പറഞ്ഞു: 'ഹേ, സത്യവതീ സുത, വിശ്വത്തിനു കാരണമായി നില്‍ക്കുന്നത് ത്രിഗുണങ്ങളാണ് എന്ന് ഞാന്‍ കേട്ടിരിക്കുന്നു. കാര്യഭേദത്താല്‍ സഗുണയായും നിര്‍ഗുണയായും വര്‍ത്തിക്കുന്ന സമാരാദ്ധ്യയായ ദേവി എങ്ങും നിറഞ്ഞു വിളങ്ങുന്നു. അവ്യയനും നിരീഹനും, പരമപുരുഷനുമായ ആത്മാവ് അകര്‍ത്താവാണ്. സ്വതന്ത്രമായ കര്‍മ്മശേഷി ദേവിക്കല്ലാതെ പരമപുരുഷനുപോലുമില്ല. ആ മഹാമായയുടെ സൃഷ്ടികളാണ് സത്തും അസത്തുമായി പരിലസിക്കുന്നത്. സൂര്യചന്ദ്രന്മാരും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ആശ്വനീ ദേവകളും വസുക്കളും കുബേരന്‍, വരുണന്‍, അഗ്നി, വായു, സ്കന്ദന്‍, ഗണപതി, എന്നുവേണ്ട സകല ദേവതകളും ശക്തിയാര്‍ജ്ജിക്കുന്നത് ‘ശക്തി’ കൂടെയുള്ളതുകൊണ്ട് മാത്രമാണ്. ശക്തി കൂടെയില്ലെങ്കില്‍ അവര്‍ക്ക് സ്വകര്‍മ്മങ്ങള്‍ പോലും ചെയ്യാനാവില്ല. ജഗത്തിന്റെ പരമേശ്വരിയായ അമ്മയെ സദാ ആരാധിക്കുക. മഹാലക്ഷ്മി, മഹാവാണി, മഹാകാളി എന്നിങ്ങിനെയുള്ള ഭാവങ്ങളുള്ള ആ ജഗജ്ജനനി സര്‍വ്വഭൂതങ്ങള്‍ക്കും ഈശ്വരിയാണ്. സര്‍വ്വാഭീഷ്ടപ്രദായിനിയാണ്. അസ്പഷ്ടമായെങ്കിലും അവിടുത്തെ നാമം ജപിക്കുന്ന മാത്രയില്‍ അഭീഷ്ടങ്ങളെ നടപ്പിലാക്കാന്‍ സദാ സന്നദ്ധയാണ് അമ്മ. മുമുക്ഷുക്കളായ മഹാമുനിമാര്‍ക്ക് അമ്മയുടെ ഈ പ്രാഭവം പ്രത്യക്ഷമാണ്.



വനത്തില്‍ ക്രൂരമൃഗങ്ങളെക്കണ്ട് ‘ഐ, ഐ’, എന്ന് അക്ഷരശുദ്ധിയില്ലാതെ കരഞ്ഞു വിളിച്ചാല്‍പ്പോലും അഭയം നല്‍കാന്‍ അമ്മ സദാ തയ്യാറാണ്. സത്യവ്രതന്റെ കഥ ഇതിനു ദൃഷ്ടാന്തമാണല്ലോ. സത്യവ്രതന്‍ വിദ്യാഭ്യാസമില്ലാത്ത ഒരു ബ്രാഹ്മണനായിരുന്നു. ബീജബിന്ദുവില്ലാത്ത ‘ഐ’ എന്ന ശബ്ദം അയാള്‍ യാദൃശ്ചികമായി കേട്ടത് ഒരു പന്നിയുടെ മുഖത്തുനിന്നാണ്. അതയാള്‍ സ്വയം ഉച്ചരിച്ചുജപിച്ച് വലിയൊരു വിദ്വാനായി മാറിയത്രേ. ‘ഐ’ങ്കാരം ഉച്ചരിച്ചതില്‍  സംപ്രീതയായ ദേവി ആ മൂഢനെ മഹാകവിയാക്കി മാറ്റി. അങ്ങിനെയുള്ള ദേവിയുടെ മഹിമ ഞാനെങ്ങിനെ വര്‍ണ്ണിക്കും?  



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

ശിവജയവാദ സ്തോത്രം



ജയ ജയ ഗിരിജാലങ്കൃതവിഗ്രഹ, ജയ ജയ വിനതാഖിലദിക്പാല |
ജയ ജയ സര്വവിപത്തിവിനാശന, ജയ ജയ ശങ്കര ദീനദയാള ||൧||

ജയ ജയ സകലസുരാസുരസേവിത, ജയ ജയ വാംഛിതദാനവിതന്ദ്ര |
ജയ ജയ ലോകാലോകധുരന്ധര ജയ ജയ നാഗേശ്വര ധൃതചന്ദ്ര ||൨||

ജയ ജയ ഹിമാചലനിവാസിന് ജയ ജയ കരുണാകല്പിതലിംഗ |
ജയ ജയ സംസൃതിരചനാശില്പിന് ജയ ജയ ഭക്തഹൃദംബുജഭൃംഗ ||൩||

ജയ ജയ ഭോഗിഫണാമണിരഞ്ജിത, ജയ ജയ ഭൂതിവിഭൂഷിതദേഹ |
ജയ ജയ പിതൃവനകേളിപരായണ, ജയ ജയ ഗൗരീവിഭ്രമഗേഹ ||൪||

ജയ ജയ ഗാംഗതരംഗലുലിതജട, ജയ ജയ മംഗളപൂരസമുദ്ര |
ജയ ജയ ബോധവിജൃംഭണകാരണ , ജയ ജയ മാനസപൂര്തിവിനിദ്ര ||൫||

ജയ ജയ ദയാതരംഗിതലോചന, ജയ ജയ ചിത്രചരിത്രപവിത്ര |
ജയ ജയ ശബ്ദബ്രഹ്മവികാശക, ജയ ജയ കില്ബിഷതാപധവിത്ര ||൬||

ജയ ജയ തന്ത്രനിരൂപണതത്പര, ജയ ജയ യോഗവികസ്വരധാമ |
ജയ ജയ മദനമഹാഭടഭഞ്ജന, ജയ ജയ പൂരിതപൂജകകാമ ||൭||

ജയ ജയ ഗംഗാധര വിശ്വേശ്വര, ജയ ജയ പതിതപവിത്രവിധാന |
ജയ ജയ ബംബംനാദ കൃപാകര, ജയ ജയ ശിവ ശിവ സൗഖ്യനിധാന ||൮||

യ ഇമം ശിവജയവാദമുദാരം പഠതി സദാ ശിവധാമ്നി |
തസ്യ സദാശിവശാസനയോഗാന്മാദ്യതി സംപന്നാമ്നി ||൯||

ഇതി ശിവജയവാദസ്തോത്രം സംപൂര്ണം ||

#ഭാരതീയചിന്തകൾ

Saturday, November 26, 2016

നാഗാസ്ത്രം


ഹൈന്ദവപുരാണങ്ങളിൽ പറയുന്ന മഹാവിഷം വമിക്കുന്ന ഒരു ഭയങ്കരാസ്ത്രമാണ് നാഗാസ്ത്രം . രാവണപുത്രനായ ഇന്ദ്രജിത്തിനും മഹാഭാരതത്തിലെ പ്രശസ്തനായ കർണ്ണനും ഈ അസ്ത്രമുണ്ടായിരുന്നു . ഇതിന്റെ അധിദേവത ശിവന്റെകണ്ഠത്തിലെ ഭൂഷണമായ ഒരുനാഗഭൂതമാണ് .

ഉത്ഭവം
………………
ഒരിക്കൽ നാഗൻ എന്നൊരു അസുരൻ സജ്ജനങ്ങളെ വളരെയേറെ ദ്രോഹിച്ചിരുന്നു . ആ അസുരനെ നിഗ്രഹിക്കാൻ ഒരു മാർഗ്ഗവുമില്ലാതായ ബ്രഹ്‌മാവ്‌ അഥർവ്വണ മന്ത്രങ്ങളാൽ വലിയൊരു ആഭിചാരം നടത്തി . അപ്പോൾ ഹോമകുണ്ഡത്തിൽ നിന്നും സർപ്പാകൃതിയിൽ ഒരു മഹാഭൂതമുണ്ടായി വന്നു . ആ നാഗഭൂതത്തോട് ക്ഷണത്തിൽ നാഗാസുരനെ നിഗ്രഹിക്കുവാൻ ബ്രഹ്‌മാവ്‌ നിർദ്ദേശിച്ചു . ബ്രഹ്മനിർദ്ദേശമനുസരിച്ചുനാഗഭൂതം നാഗാസുരന്റെ രാജ്യത്തെത്തി അവനെ യുദ്ധത്തിന് വെല്ലുവിളിച്ചു .യുദ്ധം കാണുന്നതിനായി ത്രിമൂർത്തികൾ നാഗഭൂതത്തെ അനുഗമിച്ചിരുന്നു. നാഗന്റെ സൈനികരെയെല്ലാം നാഗഭൂതം വിഴുങ്ങി . തുടർന്ന് നാഗന്റെ മന്ത്രിയും കൂടുതൽ സൈന്യങ്ങളും എത്തിയെങ്കിലും നാഗഭൂതം അവരെയും വിഴുങ്ങി . തുടർന്ന് നാഗാസുരന്റെ ഊഴമായി . നാഗാസുരനും നാഗഭൂതവും തമ്മിൽ ഉഗ്രമായ യുദ്ധമുണ്ടായി . അനേകവർഷക്കാലം സമനിലയിൽ യുദ്ധം തുടർന്നതിനു ശേഷം നാഗാസുരൻ ക്ഷീണിച്ചു അവശനായിത്തീർന്നു . അപ്പോൾ നാഗഭൂതം അവനോടു ധാർമ്മികനായി ജീവിക്കുമെങ്കിൽ വെറുതെ വിടാമെന്ന് പറഞ്ഞു . നാഗാസുരൻ അത് തിരസ്ക്കരിച്ചു .കോപിഷ്ഠനായ നാഗഭൂതം നാഗാസുരനെ വിഴുങ്ങിക്കളഞ്ഞു .

ഇത്തരത്തിൽ നാഗാസുരനെ വധിച്ചതിന് ശേഷം ത്രിമൂർത്തികളെ വന്ദിച്ച നാഗഭൂതത്തിനു അവർ ധാരാളം അനുഗ്രഹങ്ങളും എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി .ശിവൻ തന്റെ കണ്ഠത്തിലെ ഒരു ആഭരണമായി നാഗഭൂതത്തെ സ്വീകരിക്കുകയും ചെയ്തു . കുറേക്കാലത്തിനു ശേഷം നാഗഭൂതത്തിനു ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിക്കാണണമെന്ന ആഗ്രഹമുണ്ടായി . ശിവൻ അതിനു അനുവദിക്കുകയും , എന്നാൽ ശാല്മലീ ദ്വീപിൽ മാത്രം പോകരുതെന്ന് താക്കീതു നല്കുകയും ചെയ്തു . അതിനു ശേഷം സന്തോഷപൂർവ്വം ലോകം ചുറ്റിയ നാഗഭൂതം ശിവന്റെ താക്കീതു മറന്നുകൊണ്ട് ശാല്മലീ ദ്വീപിൽ എത്തിച്ചേർന്നു . അവിടം മഹാനാഗങ്ങളുടെ വാസഭൂമിയായിരുന്നു . നാഗങ്ങളിൽ ഏറ്റവും ഉഗ്രനായ തന്നെ കണ്ടിട്ടും അവർ ലേശം പോലും ബഹുമാനം കാണിക്കാത്തതു കണ്ടു നാഗഭൂതത്തിനു കോപമായി . നാഗഭൂതം അവരോടു കാരണമാരാഞ്ഞു . അപ്പോൾ അവർ തങ്ങൾക്കു പ്രബലനായ ഒരു ശത്രുവുണ്ടെന്നും , അവൻ എല്ലാ മാസവും ഇവിടെ കൃത്യമായി വരുമ്പോൾ സുഭിക്ഷമായി അവനു ഭക്ഷണം കൊടുത്തില്ലെങ്കിൽ അവൻ തങ്ങളെ ഓരോരുത്തരെയായി കൊന്നു തിന്നുകയാണ് പതിവെന്നും നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു .ഇന്ന് അവൻ വരുന്ന ദിവസമാണ് . കഴിയുമെങ്കിൽ അവനെ തോൽപ്പിച്ചു ഞങ്ങളെ രക്ഷിക്കുക . എന്നാൽ നിന്നെ രാജാവായി വാഴിക്കാം എന്ന് നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു . നാഗഭൂതം അതനുസരിച്ചു നാഗശത്രുവിനേയും കാത്തിരുന്നു . അപ്പോൾ കിഴക്കുനിന്നും പക്ഷിരാജാവായഗരുഡന്റെ വരവായി . അതുകണ്ടു നാഗങ്ങൾ ഓടിയൊളിച്ചു . നാഗഭൂതം അനങ്ങിയില്ല . ഗരുഡൻ വന്നപ്പോൾ അവൻ ഗരുഡനോട് യുദ്ധമാരംഭിച്ചു . ഗരുഡൻ ആദ്യമായി നാഗഭൂതത്തെ പ്രഹരിച്ചു . നാഗഭൂതം തിരികെയും പ്രഹരിച്ചു . ഇങ്ങനെ യുദ്ധം തുടർന്നുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ നാഗഭൂതം തളർന്നുതുടങ്ങി . വിജയസാധ്യതയില്ലെന്നു മനസ്സിലാക്കിയ നാഗഭൂതം ഉടനെ അവിടെ നിന്നും ഓടി ശിവനെ അഭയം പ്രാപിച്ചു . ഗരുഡനും ഉടനെ അവിടെയെത്തി നാഗഭൂതത്തെ വിട്ടുതരണമെന്നു ശിവനോട് ആവശ്യപ്പെട്ടു . അപ്പോൾ ശിവൻ ഒരു വ്യവസ്ഥ വച്ചു . ഇനി ഗരുഡനെ ദ്രോഹിക്കുകയാണെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളാനും , തല്ക്കാലം വെറുതെ വിടുവാനും ശിവൻ ഗരുഡനോട് കല്പ്പിച്ചു . ഗരുഡൻ അതനുസരിച്ചു തിരിച്ചു പോയി .

തുടർന്ന് ശിവൻ നാഗഭൂതത്തിനു കൈലാസത്തിൽ അഭയം നല്കുകയും ,നാഗാസ്ത്രത്തിന്റെ അടിസ്ഥാന ദേവതയായി അവരോധിക്കുകയും ചെയ്തു . നാഗാസ്ത്രത്തിൽ കുടികൊണ്ടു യോദ്ധാക്കളെ യുദ്ധത്തിൽ സഹായിക്കാനും , നാഗാസ്ത്രത്തിൽ നിന്റെ സേവനം മഹാധനുർധരന്മാർക് ആവശ്യമായി വരുമെന്നും ശിവൻ നാഗഭൂതത്തെ അനുഗ്രഹിച്ചു

ഇന്ദ്രജിത്തും നാഗാസ്ത്രവും
……………………………………………
ലക്ഷ്മണനോടുള്ള യുദ്ധത്തിൽ ജയം കിട്ടാതായപ്പോൾ ഇന്ദ്രജിത്ത് മായയെടുത്ത് ആകാശത്തിൽ മറഞ്ഞുനിന്നു നാഗാസ്ത്രത്തെ അഭിമന്ത്രിച്ചു ശത്രുനിരയിലേക്കു അയയ്ച്ചു . ആ അസ്ത്രമേറ്റു ലക്ഷ്മണനും വാനരങ്ങളുമെല്ലാം ചേതനയറ്റു നിലംപതിച്ചു . ഹനുമാനെയും ജാംബവാനേയും നാഗാസ്ത്രം ബാധിച്ചില്ല . ശ്രീരാമനും വിഭീഷണനും മറ്റൊരിടത്തായിരുന്നതുകൊണ്ടു രക്ഷപ്പെട്ടു . ഇത്തരത്തിൽ അവർ ദുഃഖിച്ചിരിക്കുമ്പോൾ ശ്രീരാമദേവന്റെ ആജ്ഞയനുസരിച്ചു ഗരുഡൻ അവിടെയെത്തുകയും ലക്ഷ്മണന്റെ ശരീരത്തിൽ നിന്നും നാഗപാശത്തെ കൊത്തിയറുത്തു മാറ്റുകയും ചെയ്ത ശേഷം യുദ്ധഭൂമിയാകെ ഒന്ന് ചുറ്റിപ്പറന്നു . അപ്പോൾ മരിച്ചുകിടന്ന വാനരങ്ങളും ലക്ഷ്മണനുമെല്ലാം ജീവനോടെ എഴുന്നേറ്റു വന്നു .

കർണ്ണന്റെ നാഗാസ്ത്രം
…………………………………………
അർജ്ജുനനുമായുള്ള അവസാനയുദ്ധത്തിൽ അർജ്ജുനനോളം ഉയരാൻ സാധിക്കാതെ വന്നപ്പോൾകർണ്ണൻ തന്റെ കൈവശമുള്ള നാഗാസ്ത്രത്തെ അർജ്ജുനനുനേരെ അയയ്ക്കുവാൻ തീരുമാനിച്ചു . ആ സമയം യുദ്ധം കാണുവാൻ വന്നിരുന്നഅശ്വസേനൻ എന്ന ഒരു മഹാനാഗം കർണ്ണന്റെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നു . ദേവന്മാർ ഇതുകണ്ട് ഭയന്നുപോയി . അശ്വസേനന് അർജ്ജുനനോട് തീരാത്ത പകയുണ്ടായിരുന്നു . അതിനു കാരണം പണ്ട് ഖാണ്ഡവവനം ദഹിപ്പിക്കുന്ന സമയത്തു അർജ്ജുനൻ അബദ്ധത്തിൽ അശ്വസേനന്റെ മാതാവിനെ കൊന്നിരുന്നു എന്നതാണ്. അന്നുമുതൽ അർജ്ജുനനോട് പകവീട്ടാനായി അശ്വസേനൻ തക്കം നോക്കിയിരിപ്പാണ് . അങ്ങനെയാണ് തഞ്ചത്തിൽ കർണ്ണനറെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നത് . കർണ്ണൻ നാഗമന്ത്രം ഉരുവിട്ടുകൊണ്ടു തനിക്കു പരശുരാമനിൽ നിന്നും സിദ്ധിച്ചനാഗാസ്ത്രം പുറത്തെടുത്തു . ദിവസവും കർണ്ണൻ അതിനെ ചന്ദനപ്പൊടിയിട്ടു പൂജിച്ചു വന്നിരുന്നു . അർജ്ജുനവധത്തിനായി പ്രത്യേകം കരുതി വച്ചിരുന്നതാണത് . അത്തരത്തിലുള്ള നാഗാസ്ത്രം കർണ്ണൻ എടുത്ത മാത്രയിൽ അശ്വസേനനും നാഗാസ്ത്രത്തിൽ കയറിപ്പറ്റി . തുടർന്ന് കർണ്ണൻ ബാണം പ്രയോഗിച്ചപ്പോൾ , ഇടിമിന്നലിന്റെ തീക്ഷ്ണതയോടെ മഹാവിഷം വമിച്ചുകൊണ്ടു ആ ബാണം പാഞ്ഞുപോയി . ബാണത്തിന്റെ വേഗം കണ്ടു " അർജ്ജുനാ നീ മരിച്ചു " എന്ന് കർണ്ണൻ വിളിച്ചുപറഞ്ഞു . എന്നാൽ തക്കസമയത്ത് ഭഗവാൻകൃഷ്ണൻ പ്രവർത്തിച്ചു . ഇടിമിന്നലിന്റെ വേഗതയിൽ തേരിൽ നിന്നും ചാടിയിറങ്ങിയ ഭഗവാൻ കൃഷ്ണൻ മഹാബലത്തോടെ അർജ്ജുനന്റെ തേരിനെ ഒരു ചാണോളം ആഴത്തിൽ ചവുട്ടി താഴ്ത്തിക്കളഞ്ഞു . കുതിരകൾ മുട്ടുകുത്തി . അപ്പോൾ വേഗമേറിയ ആ നാഗാസ്ത്രം അർജ്ജുനന്റെ ശിരസ്സിനു പകരം ശിരസ്സിനു മുകളിലെ കിരീടത്തെ എടുത്തുകൊണ്ടു പാഞ്ഞുപോയി . കിരീടംകത്തിക്കരിഞ്ഞു നിലംപതിച്ചു . ദേവന്മാർ ഇതുകണ്ട് ഭഗവാൻ കൃഷ്ണനെ വാഴ്ത്തുകയും ആശ്വാസപൂർവ്വം നെടുവീർപ്പിടുകയും ചെയ്തു . അർജ്ജുനന്റെ കിരീടം ഇന്ദ്രൻ സമ്മാനിച്ചതും അമൃതോദ്ധിതമായ രത്നങ്ങളാൽ നിർമ്മിതവുമായിരുന്നു . ഇന്ദ്രന്റെയോ വൈശ്രവണന്റേയോ യമന്റെയോ വരുണന്റെയോ പിനാകിയുടേയോ പോലും അസ്ത്രങ്ങളാൽ തകർക്കാൻ സാധിക്കാത്ത ആ കിരീടം , എന്നാൽ കർണ്ണന്റെ ബാണമേറ്റു കത്തിക്കരിഞ്ഞു തകർന്നു .

ചിരഞ്ജീവികൾ

"അശ്വത്ഥാമാ ബലിർവ്യാസോ
ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച
സപ്തൈതേ ചിരജീവിനഃ"

അശ്വത്ഥാമാവ്,
മഹാബലി,
വ്യാസൻ,
ഹനുമാൻ,
വിഭീഷണൻ,
കൃപൻ,
പരശുരാമൻ
എന്നീ ഏഴുപേർ ഹൈന്ദവ പുരാണമനുസരിച്ചു് ചിരഞ്ജീവികളാണു്.

അശ്വത്ഥാമാവ്
ദ്രോണാചാര്യർക്ക് കൃപിയിലുണ്ടായ പുത്രനാണ് അശ്വത്ഥാമാവ്. അശ്വത്തെ പോലെ ബലമുള്ളവൻ എന്നാണ് അശ്വത്ഥാമാവ് എന്ന വാക്കിനർത്ഥം. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്ത് ചേർന്ന അശ്വത്ഥാമാവ് ദ്രൌപദീ പുത്രന്മാരെയടക്കം പാ‍ണ്ഡവപക്ഷത്തെ പല പ്രമുഖരെയും വധിച്ചു. സപ്തചിരഞ്ജീവികളിലൊരാളായി അശ്വത്ഥാമാവ് ഗണിക്കപ്പെടുന്നു.

മഹാബലി

അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ കൊച്ചുമകൻ ആയിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം.എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി.

വേദവ്യാസൻ
മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം. വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദ്വ്യാസൻ.

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻ‌തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു

ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീരൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി.വ്യാസനിൽ‌നിന്നും അംബിക, അംബാലിക എനിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു.ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു.കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ ദാസിയിൽ വിദുരരും പിറന്നു.അംബിക വിദുരരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും അംബാലിക വിദുരരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ പാണ്ഡോടെ പാണ്ഡുവും പിറന്നു.

ഹനുമാൻ

രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ. രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.

വിഭീഷണൻ
രാമായണത്തിലെ ഒരു കഥാപാത്രമാണ് വിഭീഷണൻ . ബിബീഷൻ എന്നും അറിയപ്പെടുന്നു. രാവണന്റെ ഇളയ സഹോദരനായിരുന്നു ഇദ്ദേഹം. അസുര രാജാവായ രാ‍വണന്റെ സഹോദരനായിട്ടൂം, വിഭീഷണൻ വളരെ സൌമ്യസ്വഭാവമുള്ള ഒരു ശ്രേഷ്ഠനായിരുന്നു. രാവണൻ സീതയെ തട്ടിക്കൊണ്ടുപോന്നപ്പോൾ അദ്ദേഹം സീതയെ രാ‍മന് വിട്ടുകൊടുക്കണമെന്ന് അഭ്യർഥിക്കുകയും, പിന്നീട് ഇത് കേൾക്കാതെ വന്നത് കൊണ്ട്, രാമ രാവണ യുദ്ധസമയത്ത് വിഭീഷണൻ രാമ പക്ഷത്ത് ചേരുകയും ചെയ്തു.

പിന്നീട് രാമൻ രാവണനെ യുദ്ധത്തിൽ തോൽപ്പിച്ച് വധിച്ചതിനു ശേഷം വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിക്കുകയും ചെയ്തു. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് വിഭീഷണൻ.

കൃപർ
മഹാഭാരതത്തില്‍, ഹസ്തിനപുരത്തിലെ രാജസഭയിലെ പ്രധാനപുരോഹിതനാണ് കൃപാചാര്യർ എന്നറിയപ്പെടുന്ന കൃപർ. ശാരദ്വൻ, ജനപദി എന്നിവരുടെ മകനായ കൃപർ, ദ്രോണരുടെ മാതുലനാണ്. കൃപരുടെ ഇരട്ടസഹോദരിയായ കൃപിയാണ് ദ്രോണരുടെ പത്നി. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്തുനിന്ന് കൃപർ യുദ്ധം ചെയ്തു. പിൽക്കാലത്ത് ഇദ്ദേഹം അർജുനന്റെ പൗത്രനായ പരീക്ഷിത്തിന്റെ ഗുരുവായി നിയമിക്കപ്പെട്ടു. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് കൃപർ.

പരശുരാമൻ
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.

അമൃതവചനം


ആരും ആര്‍ക്കും കൂട്ടല്ല. നമുക്ക് കൂട്ട് നമ്മള്‍ മാത്രം, നമ്മിലെ ഈശ്വര തത്വം മാത്രം’- ഇതാണ് ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നത്. മനസ്സിന്റെ സൂക്ഷ്മമായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സ്വഭാവം അറിഞ്ഞു ജീവിക്കാന്‍ ആത്മീയത നമ്മളെ സഹായിക്കും. നല്ലവണ്ണം നീന്താന്‍ അറിയാവുന്നവര്‍ക്ക് കടലിലെ തിരമാലകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നത് ആനന്ദകരമായ ഒരനുഭവമാണ്. എന്നാല്‍, നീന്തല്‍ അറിയാത്തവര്‍ കടലില്‍ ഇറങ്ങിയാല്‍ അത് സുഖകരമായ ഒരനുഭവമായിരിക്കില്ല. എന്നു മാത്രമല്ല, ചിലപ്പോള്‍ തിരമാലകളില്‍പ്പെട്ട് മുങ്ങിപ്പോകാനും സാദ്ധ്യതയുണ്ട്. ചെറുതും വലുതും ഭീമാകാരവുമായ തിരമാലകള്‍ നിരന്തരം അലയടിക്കുന്ന ഒരു മഹാസമുദ്രം പോലെയാണ് ഈ ലോകം. ഇവിടെ ആദ്ധ്യാത്മിക തത്വം അറിഞ്ഞ് ജീവിതം നയിച്ചാല്‍, ഏതു പ്രതിബന്ധവും സുഖകരമായ അനുഭവമാക്കി മാറ്റാന്‍ കഴിയും. തളരാതെ, അതിനെ അഭിമുഖീകരിക്കാനും അതിജീവിച്ച് മുന്നേറാനും സാധിക്കും.

ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിന്റെ പ്രവര്‍ത്തന രീതിയും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദേശങ്ങളും അടങ്ങുന്ന ഒരു ‘യൂസേഴ്‌സ് മാനുവല്‍’ അതിനോടൊപ്പം തരും. മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അത് വായിച്ച് മനസ്സിലാക്കണം. വേണ്ടവണ്ണം മനസ്സിലാക്കാതെ മെഷീന്‍ ഉപയോഗിച്ചാല്‍, ചിലപ്പോള്‍ അത് കത്തിപ്പോകാം. അല്ലെങ്കില്‍, അധികനാള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരാം. അതുപോലെ മനസ്സിന്റെ പ്രകൃതവും ലോകത്തിന്റെ സ്വഭാവവും നല്ലവണ്ണം മനസ്സിലാക്കി എങ്ങനെ സന്തോഷത്തോടെ ജീവിക്കാം എന്നു പഠിപ്പിക്കുന്ന ജീവിതത്തിന്റെ ‘മാനുവല്‍’ ആണ് ആദ്ധ്യാത്മികം. അത് പഠിക്കേണ്ടതും ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും പരമപ്രധാനമായ കാര്യം തന്നെയാണെന്ന് നമ്മൾ എപ്പോഴും ഓര്‍ക്കുക.