വിശ്വരൂപവധം, ബ്രഹ്മഹത്യാവിഭജനം , വൃത്രാസുരോത്പത്തി – ഭാഗവതം (140)
യോ നഃ സപത്നൈര്‍ഭൃശമര്‍ദ്യമാനാന്‍ ദേവര്‍ഷിതിര്യങ്നൃഷു നിത്യ ഏവ
കൃതാവതാരസ്തനുഭിഃ സ്വമായയാ കൃത്വഽഽത്മസാത് പാതി യുഗേ യുഗേ ച (6-9-25)
കൃതാവതാരസ്തനുഭിഃ സ്വമായയാ കൃത്വഽഽത്മസാത് പാതി യുഗേ യുഗേ ച (6-9-25)
ശുകമുനി തുടര്‍ന്നുഃ
വിശ്വരൂപന് മൂന്ന് തലകളും വായകളും ഉണ്ടായിരുന്നു. ഒരു വായില്‍ കൂടി ദേവന്മാരെപ്പോലെ സോമരസവും, രണ്ടാമത്തേതിലൂടെ മനുഷ്യരെപ്പോലെ ഭക്ഷണസാധനങ്ങളും, മൂന്നാമത്തെ വായിലൂടെ മദ്യവും വിശ്വരൂപന്‍ യഥേഷ്ടം കഴിച്ചു. ദേവതാപ്രീതിക്കെന്ന മട്ടില്‍ യാഗകര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ വിശ്വരൂപന്‍ രഹസ്യമായി യാഗഭാഗം അസുരന്മാര്‍ക്കു വേണ്ടി നീക്കിവെച്ചു. ഈ ചതി മനസിലാക്കിയ ഇന്ദ്രന്‍ വിശ്വരൂപന്റെ തലകള്‍ അറുത്തുകളഞ്ഞു. വിശ്വരൂപന്‍ ബ്രാഹ്മണനായിരുന്നതുകൊണ്ട് ബ്രഹ്മഹത്യാപാപം ഇന്ദ്രനു സഹിക്കേണ്ടിവന്നു. ഒരു കൊല്ലത്തിനു ശേഷം ഇന്ദ്രന്‍ ഈ പാപത്തെ നാലായി പകുത്ത് ഭൂമിക്കും, ജലത്തിനും, വൃക്ഷത്തിനും സ്ത്രീക്കുമായി നല്‍കി. ഭൂമിയുടെ ഭാഗം മരുഭൂവില്‍ കാണായി. പക്ഷെ അതിനു പകരമായി ഇന്ദ്രന്‍ ഒരു വരം നല്‍കി. ഭൂമിയില്‍ ഉണ്ടാക്കുന്ന കുഴികള്‍ താമസംവിനാ നിറയപ്പെടുന്നു. ജലത്തില്‍ പാപാംശം കുമിളകളും നുരകളുമായി കാണപ്പെടുന്നു. എന്നാല്‍ വരമായി ഉറവറ്റാത്ത നീര്‍ച്ചോലകള്‍ നല്‍കി. വൃക്ഷങ്ങളില്‍ പാപം അവയില്‍നിന്നുതിര്‍ക്കുന്ന പശയായി കാണപ്പെടുന്നു. എന്നാല്‍ മുറിക്കപ്പെട്ട ശാഖകള്‍ വീണ്ടും തളിര്‍ത്തു വരുന്നുവല്ലോ. സ്ത്രീകളില്‍ പാപാംശം ആര്‍ത്തവമായി കാണുന്നു. വരമായി തുടര്‍ച്ചയായ ലൈംഗികാവേശം ഇന്ദ്രന്‍ അവള്‍ക്കു നല്‍കി.
വിശ്വരൂപന്റെ അഛന്‍ ത്വഷ്ടാവ് ഇന്ദ്രന്റെ അക്രമത്തെപ്പറ്റിയറിഞ്ഞ് ക്രുദ്ധനായി. ഇന്ദ്രനെതിരായി ഒരു ശത്രുവിനെ സൃഷ്ടിക്കാന്‍ അദ്ദേഹം വിചിത്രമായ യാഗകര്‍മ്മത്തിലേര്‍പ്പെട്ടു. തല്‍ഫലമായി അതിഭീകരനായ ഒരു രാക്ഷസന്‍ ഉണ്ടായി. അവന്റെ നിഴലിന്റെ ഇരുട്ടില്‍ മൂന്നു ലോകങ്ങളും മുങ്ങി. വൃത്രന്‍ എന്ന് അവനറിയപ്പെട്ടു. ഭീമാകാരനായി വളര്‍ന്ന അവന്‍ എല്ലായിടത്തും അസ്വസ്ഥത വിതറി. ദേവന്മാര്‍ തങ്ങളുടെ ശക്തി മുഴുവനുപയോഗിച്ച് അതിശക്തമായ ആയുധങ്ങള്‍ അവനു നേരെ പ്രയോഗിച്ചുവെങ്കിലും വൃത്രന്‍ അതെല്ലാം ക്ഷണനേരം കൊണ്ട് വിഴുങ്ങികളഞ്ഞു. വൃത്രനില്‍ നിന്നു് പരാജിതരായി ദേവഗണം ഭഗവാന്‍ നാരായണനെ വീണ്ടും അഭയം പ്രാപിച്ചു.
എല്ലാ ജീവികള്‍ക്കും മരണഭയമുണ്ട്. എന്നാല്‍ മരണദേവന് ഭയമുളളത് ഭഗവാനോട് മാത്രമാണ്. അങ്ങനെയുളള ഭഗവാന്‍ ഞങ്ങളെ രക്ഷിക്കട്ടെ. മത്സ്യാവതാരമെടുത്ത് ഭൂമിയെ രക്ഷിച്ച ഭഗവാന്‍ വൃത്രാസുരനില്‍നിന്നും ഞങ്ങളെ രക്ഷിക്കും. പ്രളയജലത്തിലാണ്ടു പോവാതെ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെ താങ്ങി നിര്‍ത്തിയ ആ മഹിമ ഞങ്ങളെയും രക്ഷിക്കട്ടെ. അവിടുത്തെ മഹിമയാല്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടുളള ഈ വിശ്വത്തെ ഞങ്ങള്‍ ദേവതകള്‍ സൃഷ്ടിക്കുന്നുതും ഇഛയാലത്രേ. അന്തര്യാമിയും നിത്യനുമായ അവിടുന്ന് സ്വമായയാല്‍ കാലാകാലങ്ങളും ദേവന്മാരായും മാമുനിമാരായും മൃഗങ്ങളായും മനുഷ്യരായും അവതരിക്കുന്നു. അങ്ങനെയുളള ഭഗവാന്‍ ഞങ്ങളെ സ്വന്തം ആത്മാവിന്റെ ഭാഗമായി നിനച്ചു സംരക്ഷിക്കട്ടെ.
ഭഗവാന്‍ ദേവന്മാര്‍ക്ക് മുന്നില്‍ ദേവഗണങ്ങളുമായി പ്രത്യക്ഷപ്പെട്ടു. ഭക്തിപാരവശ്യത്താല്‍ ദേവന്മാര്‍ ഭഗവാനുമുന്നില്‍ സാഷ്ടാഗം പ്രണമിച്ച് വീണ്ടും ഇങ്ങനെ പ്രാര്‍ത്ഥിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
No comments:
Post a Comment