നാഗര്‍കോവിലിനും കന്യാകുമാരിക്കും ഇടയിലാണ് മരുത്വാമല. അത്രയധികം അറിയപ്പെടുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രമോ വിനോദസഞ്ചാര കേന്ദ്രമോ അല്ല ഇത്. ഏകദേശം 800 അടിയോളം ഉയരമുണ്ട് മരുത്വാമലയ്ക്ക്. അടിവാരത്തു നിന്ന് ആറു കിലോമീറ്റര്‍ ദൂരം യാത്രം ചെയ്യണം മുകളിലെത്താന്‍. ആര്‍ഷ ഭാരതത്തിലെ മഹാമുനികളാല്‍ അനുഗ്രഹിക്കപ്പെട്ട ഈ തപോ ഭൂമിയെപ്പറ്റി രാമായണത്തിലും പ്രതിപാദിക്കുന്നുണ്ട്. ഇന്ദ്രജിത്തിന്റെ ബാണമേറ്റ് മോഹാലസ്യപ്പെട്ടു വീണ രാമ ലക്ഷ്മണാദികളെ രക്ഷപ്പെടുത്താന്‍ ഹിമാലയസാനുക്കളില്‍ നിന്ന് മൃതസഞ്ജീവനികള്‍ ഒളിഞ്ഞിരിക്കുന്ന ദ്രോണഗിരി മലയെ കൈകളിലേന്തി ഹനുമാന്‍ ലങ്കയിലേക്ക് പറന്നപ്പോള്‍ അതിന്റെ കുറച്ചു ഭാഗം താഴേക്കു വീണുപോയെന്നും അതാണ് മരുത്വാമലയായതെന്നും (മരുന്നു വാഴും മലൈ) പുരാണങ്ങള്‍ പറയുന്നു.
കന്യാകുമാരിക്കടുത്തായി, പശ്ചിമഘട്ടം അവസാനിക്കുന്ന ഭാഗത്തുകാണുന്ന ഒട്ടനേകം ചെറിയ കുന്നുകളില്‍ ഒന്നാണ് മരുത്വാമല. തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കു പോകുമ്പോള്‍, ദേശീയപാതയില്‍ നാഗര്‍കോവില്‍ കഴിഞ്ഞു എകദേശം 12 കിലോമീറ്റര്‍ പോയാല്‍, ഇടതു ഭാഗത്തായി മരുത്വാ മല കാണാന്‍ കഴിയും. ദേശീയ പാതയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് 1.5 കിലോമീറ്റര്‍ പോയാല്‍, മലയുടെ അടിഭാഗത്ത് എത്തിച്ചേരാം. വാഹനം ഇവിടെ പാര്‍ക്കു ചെയ്ത്, സഞ്ചാരികള്‍ കാല്‍നടയായി വേണം മുകളിലെത്താന്‍.. ബസ് നിറുത്തിയ സ്ഥലത്ത് മൂന്നോ നാലോ പെട്ടിക്കടകളുണ്ട്. ധാരാളം... വെള്ളവും അത്യാവശ്യം കഴിക്കാനുള്ളതും അവിടെക്കിട്ടും. അവിടെ നിന്നു നോക്കിയാല്‍ ആകാശത്തേക്കു തലയുയര്‍ത്തി നില്‍ക്കുന്ന മലകാണാം. മലയടിവാരത്തില്‍ കുറച്ചു വീടുകളുണ്ട്, സ്വാമിമാരുടെ ആശ്രമങ്ങളും. മലമുകളില്‍ ഉള്ള ആഞ്ജനേയര്‍ ക്ഷേത്രമാണ് പ്രധാന ആകര്‍ഷണം. ഈ ക്ഷേത്രം വരേക്കും കല്ലില്‍ കൊത്തിയെടുത്ത പടിക്കെട്ടുകള്‍ ഉണ്ട്. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുണ്ട് മലയുടെ മുകളിലേക്ക്. മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിനു 800-900 അടി ഉയരമുണ്ട്. ആഞ്ജനേയര്‍ ക്ഷേത്രം, മലയുടെ താഴ്വാരത്തിലാണ് സ്ഥിതിചെയ്യുന്നത്. ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരു, അയ്യാ വൈകുണ്ഡ നാഥര്‍ തുടങ്ങി ഒരുപാട് മഹാന്മാര്‍ തപസ്സു ചെയ്ത പുണ്യഭൂമിയാണ് മരുത്വാ മല. മലമുകളിലേക്കുള്ള വഴിയില്‍ നിരവധി ഗുഹകളും, വിവിധ ദേവീ ദേവന്മാരുടെ പ്രതിഷ്ഠകളും കാണാന്‍ കഴിയും. കല്ലില്‍ കൊത്തിയ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ ശ്രദ്ധയാകര്‍ഷിക്കുന്നു. മലമുകളിലേക്കുള്ള വഴിയുടെ ഇരുവശത്തും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മുള്‍ച്ചെടികള്‍ വഴിയില്‍ നല്ല കുളിര്‍മ്മ നല്‍കി. ഒരുപാട് ഒറ്റമൂലികള്‍ ഉള്ള മലയാണ് മരുത്വാമല എന്നാണ് കേള്‍വി. ജൈവ വൈവിധ്യത കൊണ്ട് ശ്രദ്ധേയമാണ് ഇവിടം.
No comments:
Post a Comment