ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, October 17, 2016

രാമേശ്വരം

ശ്രീരാമചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. രാമന്റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അർഥത്തിൽ ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം.

ഭാരതത്തിന്റെ ദക്ഷിണ സമുദ്രതീരത്തെ സേതുബന്ധം, രാമേശ്വരത്തെ ശിവലിംഗം, ഹിമവാനിലെ ഗന്ധമാദനപര്‍വ്വതം ഇവയെക്കുറിച്ചു സ്മരിച്ചാല്‍ത്തന്നെ സകല പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഇതു സത്യമാണ്‌. ആ സ്ഥിതിക്കു അവിടെച്ചെന്നു ദര്‍ശനം നടത്തിയാലുള്ള ഫലം പറയേണ്ടതില്ല. സുപ്രസിദ്ധവും അതീവ പുണ്യകരങ്ങളുമായ ചതുര്‍ധാമങ്ങളില്‍ മൂന്നാമത്തേതാണ്‌ രാമേശ്വരം. ഇവിടെ ജ്യോതിര്‍ലിംഗമാണുള്ളത്‌. ശ്രീമഹാദേവന്റെ പന്ത്രണ്ടു ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്ന്‌ രാമേശ്വരം. ഏകദേശം പതിനാറു കിലോമീറ്റര്‍ നീളവും പത്തുകിലോമീറ്റര്‍ വീതിയുമുള്ള ഒരു ദ്വീപാണു രാമേശ്വരം.

ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെടുന്നു. സേതു എന്നാൽ പാലം അഥവാ അണ എന്നർഥം. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

പാലത്തിനെ നിർമ്മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം ഭരതത്തിൽ തിരിച്ചെത്തിയ രാമൻ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാൽ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായിയെന്ന അഭിപ്രായവുമുണ്ട്. മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം.

*മറ്റൊരു കഥ*
➖➖➖➖➖➖➖➖➖
കല്‍പാന്തരത്തിലേതാണ്‌. ലങ്കാവിജയത്തിനുശേഷം (ലങ്കവൈശ്രവണന്റെ ആസ്ഥാനമായിരുന്നു. രാവണന്‍ ശക്തനായപ്പോള്‍ വൈശ്രവണനെ ഓടിച്ചിട്ട്‌ ജയിച്ചടക്കിയതാണ്‌.) ശ്രീ ശങ്കരഭക്തനായിരുന്ന രാവണനെ കൊന്നതിന്റെ പ്രായശ്ചിത്തമായി ശ്രീരാമചന്ദ്രന്‍ ഇവിടെ ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ നിശ്ചയിച്ചു. ഹനുമാനെ കൈലാസത്തില്‍ നിന്നും ദിവ്യവിഗ്രഹം കൊണ്ടുവരാന്‍ അയച്ചു. ശ്രീശങ്കരദര്‍ശനം സിദ്ധിക്കാന്‍ ഹനുമാനു കുറച്ചുകാലം തപസ്സു ചെയ്യേണ്ടി വന്നു. ശിവലിംഗം കൊണ്ടുവരാന്‍ താസമിച്ചപ്പോള്‍ മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ മഹര്‍ഷിമാരുടെ നിര്‍ദ്ദേശാനുസരണം മണലുകൊണ്ടു സമുദ്രജലം ചേര്‍ത്തു ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠിച്ചു.
ശ്രീഹനുമാന്‍ രണ്ടു ലിംഗവിഗ്രഹങ്ങളുംകൊണ്ടാണു വന്നത്‌. ഇവിടെ പ്രതിഷ്ഠ നടന്നിരിക്കുന്നത്‌ കണ്ട്‌ അദ്ദേഹം സങ്കടപ്പെട്ടു. ഇതു കണ്ടു ശ്രീരാമചന്ദ്രന്‍ പ്രതിഷ്ഠിച്ചിട്ടുള്ള ലിംഗവിഗ്രഹം എടുത്തുമാറ്റിക്കൊള്ളാന്‍ അനുവദിച്ചു. ഹനുമാന്‍ സര്‍വ്വശക്തിയും പ്രയോഗിച്ചു. തന്റെ ബലമേറിയ വാല്‍ ചുറ്റി ശക്തിയായി വലിച്ചു. ഹനുമാന്‍ ദൂരെ തെറിച്ചുവീണതല്ലാതെ വിഗ്രഹം ഇളകിയില്ല. ഒടുവില്‍ ശ്രീരാമചന്ദ്രന്‍ ഹനുമാന്‍ കൊണ്ടുവന്ന വിഗ്രഹങ്ങളിലൊന്ന്‌ ഹനുമദീശ്വരനെന്ന പേരില്‍ അല്‍പം അകലെയായി പ്രതിഷ്ഠിച്ചു. മറ്റൊന്ന്‌ രാമേശ്വരന്റെ സമീപം പ്രതിഷ്ഠിക്കാതെ വയ്ക്കുകയും ചെയയ്തു. ഹനുമദീശ്വരനെ ദര്‍ശിച്ചിട്ടുവേണം രാമേശ്വരനെ ദര്‍ശിക്കാനെന്നാണു വിധി.

*മുഖ്യ തീർഥാടനസ്ഥാനങ്ങൾ*
➖➖➖➖➖➖➖➖➖
ശ്രീ രാമനാഥസ്വാമിയും [ശിവൻ], അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പർവതവർത്തിനിയമ്മയുമാണ് [പാർവ്വതി] രാമേശ്വരം ശ്രീ രാമനാഥ സ്വാമി ക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങൾ ഇതൊരു സവിശേഷതയായി കാണുന്നു.
ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള *ഇരുപത്തിരണ്ട്* പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു.

*ഗന്ധമാദനപർവതം*
➖➖➖➖➖➖➖➖➖
രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടുകിലോമീറ്റർ ദൂരത്തിൽ ഗന്ധമാദനപർവതം സ്ഥിതിചെയ്യുന്നു. ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു. ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാൽ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം.

*ശ്രീ ഗോദണ്ഡരാമക്ഷേത്രം*
➖➖➖➖➖➖➖➖➖
ഗോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാർഗ്ഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണൻ ശ്രീരാമനെ ആശ്രയം പാപിച്ചതെന്നും ലക്ഷ്മണൻ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. ഗോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തിൽ രാമലിംഗപ്രതിഷ്ഠോത്സവം നടക്കുന്നു.

*ആഞ്ജനേയക്ഷേത്രം*
➖➖➖➖➖➖➖➖➖
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദർശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രവും തീർഥാടകരെ ആകർഷിക്കുന്നു. രാമസേതുനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം.

*അഗ്നിതീർഥം*
➖➖➖➖➖➖➖➖➖
രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്നിതീർഥം എന്നറിയപ്പെടുന്നു. തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്.

*ധനുഷ്കോടി*
➖➖➖➖➖➖➖➖➖
ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. ഹിന്ദു പുരാണ/ഇതിഹാസ ഗ്രന്ഥങ്ങൾ പ്രകാരം, സീതയെ വീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും തന്റെ ഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.
ഭാരതത്തിലെ ഹിന്ദുവിശ്വാസപ്രകാരം, കാശി തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ രാമേശ്വരം ക്ഷേത്രദർശനവും സേതുസ്നാനവും കൂടി പൂർത്തിയാക്കണം.
മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം.

*രാമതീർഥം*
➖➖➖➖➖➖➖➖➖
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിലാണ് രാമതീർഥം.

*ലക്ഷ്മണതീർഥം*
➖➖➖➖➖➖➖➖➖
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് ലക്ഷ്മണതീർഥം.

*സീതാതീർഥം*
➖➖➖➖➖➖➖➖➖
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് സീതാതീർഥം.

*ജടായുതീർഥം*
➖➖➖➖➖➖➖➖➖
രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന തീർഥമാണ് ജടായുതീർഥം. രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമൻ തന്റെ വസ്ത്രങ്ങൾ കഴുകിയ ജലാശയമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു.

*തങ്കച്ചിമഠം*
➖➖➖➖➖➖➖➖➖
ശ്രീരാമൻ ലങ്കയിൽനിന്ന് സീതാദേവിയെ മോചിപ്പിച്ച് വരും വഴിയിൽ ദേവിക്ക് ദാഹശമനം നടത്തുന്നതിനായി ഒരു സ്ഥലത്ത് ബാണം എയ്തുവെന്നും അവിടെ ഒരു ശുദ്ധജലപ്രവാഹമുണ്ടായതായും വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന് വിൽ ഊൻ‌റി എന്നും പേരുണ്ട്. സമുദ്രമധ്യത്തിലുള്ള രാമേശ്വരം ദ്വീപിൽ കാണപ്പെടുന്ന ഈ ശുദ്ധജലസ്രോതസ്സ് തീർഥാടകരെ ആകർഷിക്കുന്നു. രാമേശ്വരം നഗരത്തിനു സമീപമുള്ള തങ്കച്ചിമഠം എന്ന സ്ഥലത്താണ് വില്ലൂൻ‌റി.

*തിരുപുല്ലാണി*
➖➖➖➖➖➖➖➖➖
രാമനാഥപുരം റെയിൽവേസ്റ്റേഷനിൽ നിന്നും പത്തുകിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. വിഷ്ണുക്ഷേത്രമാണ് പ്രധാന ആകർഷണം. ഈ സ്ഥലത്ത് ശ്രീരാമൻ ദർഭപ്പുല്ലിൽ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണൻ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാൽ കോപിഷ്ടനായ ശ്രീരാമൻ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം.

*ദേവിപട്ടണം*
➖➖➖➖➖➖➖➖➖
രാമനാഥപുരത്തുനിന്ന് പതിനഞ്ചുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ദേവിപട്ടണം അഥവാ നവപാഷാണം. ദേവീക്ഷേത്രമാണ് മുഖ്യആകർഷണം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒൻപത് ശിലകൾ ശ്രീരാമൻ ഇവിടെ കടലോരത്ത് സ്ഥാപിച്ചു എന്നാണ് ഐതിഹ്യം.

*തീര്‍ത്ഥയാത്രാക്രമം :*
➖➖➖➖➖➖➖➖➖
തീര്‍ത്ഥാടകന്‍ ആദ്യമായി ഉപ്പൂരില്‍ പോയി ഗണേശനെ ദര്‍ശിക്കണം. രാമനാഥപുരത്തുനിന്ന്‌ ഇരുപതുകിലോമീറ്റര്‍ വടക്കുള്ള ഗ്രാമമാണ്‌ ഉപ്പൂര്‌. ഇവിടെ ശ്രീരാമന്‍ പ്രതിഷ്ഠിച്ച വിനായകനാണ്‌ വിരാജിക്കുന്നത്‌.

*ദേവീപത്തനം:*
➖➖➖➖➖➖➖➖➖
ഉപ്പുര്‍ദര്‍ശനത്തിനുശേഷം ദേവീപത്തനത്തില്‍ പോകണം. രാമനാഥപുരത്തുനിന്നു പന്ത്രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട്‌ ദേവീപത്തനത്തിന്‌. ശ്രീരാമന്‍ ഇവിടെ നവഗ്രഹപ്രതിഷ്ഠ നടത്തിയതായി പറയപ്പെടുന്നു. സേതുബന്ധനം ഇവിടെനിന്നാണ്‌ ആരംഭിക്കുന്നത്‌. അതിനാല്‍ ഇതിന്‌ മൂലസേതു എന്നുകൂടി പേരുണ്ട്‌. ഇവിടെ വച്ച്‌ ദേവി മഹിഷാസുരനെ വധിച്ചു. ധര്‍മ്മന്‍ തപസ്സുചെയ്തു ശിവവാഹനപദം നേടിയത്‌ ഇവിടെ നിന്നാണ്‌. അദ്ദേഹം നിര്‍മ്മിച്ചതാണ്‌ ധര്‍മ്മപുഷ്കരിണി. ഗാലവമഹര്‍ഷിയുടെ തപോഭൂമികൂടിയാണ്‌ ഇവിടം.

സമുദ്രതീരത്ത്‌ ധര്‍മ്മപുഷ്കരിണി കാണാം. സമുദ്രം ക്ഷോഭിച്ചിരിക്കും. അതില്‍ ഒന്‍പതു ചെറിയ കല്‍ത്തൂണുകളുണ്ട്‌. അവ നഗരങ്ങളുടെ പ്രതീകമാണ്‌. സരോവരത്തില്‍ സ്നാനം ചെയ്തിട്ട്‌ സമുദ്രത്തില്‍ ഇവയെ പ്രദക്ഷിണം ചെയ്യണം. ഇവിടെ കുറച്ചകലെ മഹിഷി മര്‍ദ്ദിനിദേവിയുടെ ക്ഷേത്രമുണ്ട്‌. ബസാറില്‍ ശിവക്ഷേത്രവുമുണ്ട്‌.

*ദര്‍ഭശയനം :*
➖➖➖➖➖➖➖➖➖
ദേവീപത്തനത്തിനു പിന്നില്‍ ദര്‍ഭശയനം കാണാം. അവിടെ ചെന്ന്‌ സമുദ്രസ്നാനവും ക്ഷേത്രദര്‍ശനവും നടത്തണം. ഈ സ്ഥാനം രാമനാഥപുരത്തുനിന്നു പത്തുകിലോമീറ്റര്‍ ദൂരെയാണ്‌. സമുദ്രം ഇപ്പോള്‍ നാലു കിലോമീറ്റര്‍ മുന്നോട്ടുമാറിയാണ്‌. ക്ഷേത്രത്തിനു സമീപം ധര്‍മ്മശാലയുണ്ട്‌. ക്ഷേത്രത്തില്‍ ദര്‍ഭമേല്‍ ശയിക്കുന്ന ശ്രീരാമവിഗ്രഹം കാണാം.

ഇതുവളരെ വലുതാണ്‌. ക്ഷേത്രപ്രദക്ഷിണത്തില്‍ വേറെയും കുറച്ചു വിഗ്രഹങ്ങള്‍ കാണാം. സമുദ്രതീരത്ത്‌ ഹനുമാന്റെ ക്ഷേത്രമുണ്ട്‌.
രാമനാഥപുരത്തു നിന്നു തീര്‍ത്ഥാടകര്‍ പാമ്പനില്‍ പോയി ഭൈരവതീര്‍ത്ഥത്തില്‍ സ്നാനം ചെയ്യണം. അനന്തരം ധനുഷ്കോടിക്കു പോവാനാണു വിധി. എന്നാല്‍ ധനുഷ്കോടി തീര്‍ത്ഥത്തിലെ ക്ഷേത്രം കൊടുങ്കാറ്റില്‍ നഷ്ടപ്പെട്ടുപോയി. അങ്ങോട്ടു പോവാനുള്ള വഴി ഇപ്പോഴുമുണ്ട്‌. അവിടെ സമുദ്രത്തില്‍ മുപ്പത്താറു പ്രാവശ്യം സ്നാനം ചെയ്ത്‌ മണല്‍കൊണ്ടു പിണ്ഡം വച്ചിട്ടു രാമേശ്വരത്തു പോവണം.
ദ്രൗപതിതീര്‍ത്ഥത്തില്‍ ദ്രൗപതിയുടെ മൂര്‍ത്തി കാണാം.
അടുത്തുതന്നെ പൂന്തോട്ടത്തില്‍ കാളീക്ഷേത്രം നില്‍ക്കുന്നു. ഇതിനടുത്താണ്‌ ഹനുമാന്‍ തീര്‍ത്ഥം.

*അടുത്തുള്ള തീര്‍ത്ഥങ്ങള്‍ :*
➖➖➖➖➖➖➖➖➖

*സാക്ഷിവിനായകന്‍ :*
➖➖➖➖➖➖➖➖➖
പാമ്പനിലേക്കുള്ള വഴിയില്‍ മൂന്നു കിലോമീറ്റര്‍ അകലെയാണിത്‌. ഇവിടെ ശ്രീരാമന്‍ ജടകള്‍ കഴുകിയതായി പറയുന്നു.

*സീതാകുണ്ഡം :*
➖➖➖➖➖➖➖➖➖
രാമേശ്വരത്തുനിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരെയാണിത്‌. ഇവിടെ ലക്ഷ്മീവിഗ്രഹം സംസാരിച്ചുകൊണ്ടിരിക്കും പോലെ തോന്നും.രാമേശ്വരത്തുനിന്നു മൂന്നു കിലോമീറ്റര്‍ ദൂരെ നവനാമമെന്ന അമ്മന്‍ദേവിയുടെ ക്ഷേത്രമുണ്ട്‌.

*കോദണ്ഡരാമസ്വാമി :*
➖➖➖➖➖➖➖➖➖
രാമേശ്വരത്തുനിന്ന്‌ എട്ടുകിലോമീറ്റര്‍ വടക്ക്‌ സമുദ്രതീരത്ത്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മണല്‍പരപ്പില്‍ നടന്നു പോവാനേ വഴിയുള്ളു. ഇവിടെവച്ച്‌ ശ്രീരാമചന്ദ്രന്‍ വിഭീഷണനെ തിലകമണിയിച്ചു സ്വീകരിച്ചു.

*വില്ലൂരണി (പാണീതീര്‍ത്ഥം) :*
➖➖➖➖➖➖➖➖➖

തങ്കച്ചിമഠം സ്റ്റേഷനു കിഴക്ക്‌ ഏകദേശം നാലുകിലോമീറ്റര്‍ അകലെ സമുദ്രജലത്തിനു നടുവില്‍ മധുരജലമുള്ള അരുവിയാണ്‌ ഈ തീര്‍ത്ഥം. സമുദ്രത്തില്‍ അരയറ്റം വെള്ളത്തില്‍ നടന്ന്‌ അവിടെ എത്താം. ഉദ്ദേശം നൂറ്റമ്പതു അടി നടന്നാല്‍ മതി. സമുദ്രത്തില്‍ വേലിയിറക്കമുള്ളപ്പോഴേ ഈ തീര്‍ത്ഥത്തിലെത്താന്‍ കഴിയൂ. സീതാദേവിക്കു ദാഹമുണ്ടായപ്പോള്‍ ശ്രീരാമചന്ദ്രന്‍ വില്ലിന്റെ മുന കൊണ്ടു ഭൂമിയില്‍ കുത്തി അവിടെ നിന്നുണ്ടായതാണ്‌ ഈ മധുരജലം

22 പവിത്രകുണ്ഡം
1.മഹാലക്ഷ്മി തീർത്ഥം
2.സാവിത്രി തീർത്ഥം
3.ഗായത്രി തീർത്ഥം
4.സരസ്വതി തീർത്ഥം
5.സേതു മാധവ തീർത്ഥം
6.ഗന്ധമാദന തീർത്ഥം
7.കവച തീർത്ഥം
8. ഗവയ തീർത്ഥം
9.നള തീർത്ഥം
10.നീള തീർത്ഥം
11.ശംഖു തീർത്ഥം
12.ബ്രഹ്മ ഹതി വിമോചന തീർത്ഥം
13.ചക്കര തീർത്ഥം
14.സൂര്യ തീർത്ഥം
15.ചന്ദ്ര തീർത്ഥം
16.ഗംഗ തീർത്ഥം
17.യമുന തീർത്ഥം
18.ഗയ തീർത്ഥം
19.ശിവ തീർത്ഥം
20.അഗ്നി തീർഥം
21.സർവ തീർത്ഥം
22.കൊടി തീർത്ഥം

ഇവ പല സ്ഥലങ്ങളിലും പല പേരുകള്ളിൽ അറിയപ്പേടുന്നു .

No comments:

Post a Comment