*ഭാഗം - 1*
*ശബരിമല വ്രതാനുഷ്ഠാനം*
സങ്കട മോചകനാണ് അയ്യപ്പന്‍. വ്രതനിഷഠയോടെ വേണം ദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം.
വൃശ്ചികം ഒന്നുമുതല്‍ ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുകയാണ്. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വാമി അയ്യപ്പനെ കാണാന്‍, അയ്യപ്പനായി ഭക്തജനങ്ങള്‍ പതിനെട്ടാംപടി ചവിട്ടുന്നു. മണ്ഡലകാല വ്രതാനുഷ്ഠാനത്തിനെ കുറിച്ച് പല തെറ്റിധാരണകളും, അന്ധവിശ്വാസങ്ങളും ചിലരുടെയൊക്കെ മനസ്സില്‍ ഉണ്ട്. എങ്ങനെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്? എന്നതാണ് പ്രധാനമായും മനസ്സില്‍ ഉണ്ടാകുന്ന ചോദ്യം. മണ്ഡലകാല വ്രതാനുഷ്ഠാനം പലപ്പോഴും ഒരു അനുകരണം ആകുന്നു. എങ്ങിനെയാണ് ശാസ്ത്രീയമായ വ്രതാനുഷ്ഠാനം. തുലാംമാസത്തിലേ തന്നെ വ്രതം അനുഷ്ഠിക്കുന്നവരാണ് വൃശ്ചികം ആദ്യംതന്നെ അയ്യപ്പനെ കാണുവാന്‍ പോകുന്നത്. മാലയിട്ടു 41 ദിവസത്തെ ചിട്ടയായ വ്രതമാണ് അതിനു വേണ്ടത്.
ശബരിമല തീര്‍ത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠകളെക്കുറിച്ച് യോഗശാസ്ത്രം വ്യക്തമായി പറയുന്നു. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മച്ചര്യമാണ്.
*സ്മരണം കീര്‍ത്തനം കേളിഃ*
*പ്രേക്ഷണം ഗുഹ്യഭാഷണമ്.*
*സങ്കല്‌പോളധ്യവസായശ്ച*
*ക്രിയാ-നിഷ്പത്തിരേവ ച*
*ഏതന്‍ മൈഥുനമഷ്ടാങ്ഗം*
*പ്രവദന്തി മനീഷണിഷഃ*
*(ദക്ഷസ്മൃതി 7.31.32)*
എന്നാണ് യോഗശാസ്ത്രം പറയുന്നത്. സ്ത്രീ പുരുഷ സംഗമം മാത്രമല്ല, ഓര്‍മ്മ, കീര്‍ത്തിക്കല്‍, സംസാരം എന്നിങ്ങനെ എട്ട് കാര്യങ്ങളും ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ വര്‍ജിക്കണം എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.
പലരും തെറ്റായി ധരിച്ചുവച്ചിരിക്കുന്നത് അഷ്ടാംഗത്തില്‍ എട്ടമാത്തേതായ സ്ത്രീ-പുരുഷ സംഗമം മാത്രം വര്‍ജിച്ചാല്‍ ബ്രഹ്മചര്യം ആയി എന്നാണ്, എട്ടാമത്തേത് മാത്രമല്ല, അതിനു മുന്നേ യോഗശാസ്ത്രം പറയുന്ന ഏഴ് കാര്യങ്ങള്‍ നിര്‍ബന്ധമായും വര്‍ജിക്കുകതന്നെ വേണം. ഇതാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാകുന്നതിനു പിന്നാലെയുള്ള പ്രധാന കാരണം.
ശബരിമല പുണ്യഭൂമിയാണ്. പവിത്രമായ പതിനെട്ടാം പടിയില്‍ പാദസ്പര്‍ശം നടത്താന്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിലൂടെയാണ് ഭക്തര്‍ ഭഗവാനിലേക്ക് എത്തിച്ചേരുന്നത്. അയ്യപ്പഭക്തര്‍ അദ്വൈതാനുഭൂതി ലഭിച്ചവരെപോലെയാണ്. എല്ലാറ്റിലും ഈശ്വരചൈതന്യം ദര്‍ശിക്കുന്നു. യഥാര്‍ഥമായ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാനും യോഗശാസ്ത്രം പറയുന്ന ബ്രഹ്മചര്യനിഷ്ഠ കര്‍ശനമായി പാലിക്കണം.
സത്യം, ബ്രഹ്മചര്യം, ആസ്തേയം, അപരിഗ്രഹം, അഹിംസ, എന്നിവയും കൃത്യമായി പാലിച്ചുവേണം ശബരിമലദര്‍ശനം നടത്തുവാന്‍.
ചാന്ദോഗ്യോപനിഷത്തിലെ മഹാവാക്യാമാണ് " തത്ത്വമസി ",
തത്+ത്വം+അസി , "അതുതന്നെയാണ് നീ" എന്നര്‍ത്ഥം. വിശദീകരിച്ചാല്‍. 'ഈ ബ്രഹ്മാണ്ഡകടാഹത്തിന്‍റെ എല്ലാം അന്തര്യാമിയായി സ്ഥിതിചെയ്യുന്നത് എന്താണോ അതുതന്നെയാണ് നീ'. അതുകൊണ്ടാണ് അയ്യപ്പഭക്തരെ അയ്യപ്പന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നതും.
ഈ വ്രുതാനുഷ്ഠാനങ്ങള്‍ ജീവിതചര്യയാക്കി മാറ്റാനുള്ള ചുവടു വയ്പ്പായി ശബരിമല വ്രതാനുഷ്ഠാനക്കാലത്തെ കാണുകയും വേണം.
1.മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല.
2.ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
3.മാംസഭക്ഷണം പാടില്ല.
4.പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല.
5.ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം.
6.കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.
7.ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
8.ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്.
9.ആരെയും പരിഹസിക്കരുത്.
ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.
പകലുറങ്ങരുത്.
*വ്രതാനുഷ്ഠാനവേളയില്‍ വീട്ടിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ചുരുക്കിപറയാം.*
➖➖➖➖➖➖➖➖➖
1. മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.
2. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.
3. ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം. മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്. മദ്യപാനശീലമുള്ളവരുണ്ടെങ്കില്‍ അത് ഒഴിവാക്കണം. വ്രതമനുഷ്ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് അഭികാമ്യം.
4. സര്‍വ്വചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം.
5. വാക്കുകളെ കൊണ്ടു പോലും ആരെയും വിഷമിപ്പിക്കാതിരിക്കണം.
6. ദുഷ്ടചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക.
7. സന്ധ്യക്ക് മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തി അന്തരീക്ഷം ഭക്തിസാന്ദ്രമാക്കുക.
8. ബ്രഹ്മചര്യം പാലിക്കുക. ആഡംബരങ്ങള്‍ ഒഴിവാക്കി ലളിതജീവിതം നയിക്കുക.
9. ഋതുകാലം പ്രത്യേകം ചിട്ടകള്‍ പാലിക്കണം. അടുക്കളയില്‍ പ്രവേശിക്കാനോ ആഹാരം പാകം ചെയ്യാനോ പാടില്ല. മലയ്ക്ക് പോകുന്നവരില്‍നിന്നും അകന്ന് നില്‍ക്കണം. തങ്ങള്‍ തൊട്ടസാധനങ്ങള്‍ അവര്‍ക്ക് നല്‍കരുത്.
10. കഴിയുന്നത്ര വ്രതങ്ങള്‍ നോല്‍ക്കണം. ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനവും, എള്ളുതിരികത്തിക്കള്‍, നീരാഞ്ജനം തുടങ്ങിയ വഴിപാടുകളും ചെയ്തു ദേവനെ പ്രസാദിപ്പിക്കണം. ശനിയാഴ്ച്ചവ്രതം അതിവിശേഷമാകുന്നു.
11. സമീപത്ത് അയ്യപ്പന്‍വിളക്ക് നടക്കുന്നുണ്ടെങ്കില്‍ അവിടെ പോയി തൊഴുത് അതില്‍ പങ്കാളിയാകാന്‍ മടിക്കരുത്.
12. ഭര്‍ത്താവോ, മകനോ മറ്റു വേണ്ടപ്പെട്ടവരോ മലയ്ക്ക് പോയി എത്തും വരെ വ്രതശുദ്ധിയോടെ പോയ ആള്‍ ഭഗവാനെ ദര്‍ശനം നടത്തി ബുദ്ധിമുട്ടുകൂടാതെ മടങ്ങിവരുന്നതിന് പ്രാര്‍ഥിക്കണം.
13. കെട്ടുനിറച്ച് നാളികേരം അടിച്ച് വീട്ടില്‍ നിന്നും പോയപ്പോള്‍ വെച്ചകല്ല് ശുദ്ധിയോടെ സൂക്ഷിക്കണം. അവിടെ രണ്ടുനേരവും വിളക്ക് വെക്കേണ്ടതുമാണ്.
14. കുടുംബത്തില്‍ നിന്ന് കെട്ടുനിറച്ച് പോകുമ്പോള്‍ മറ്റംഗങ്ങള്‍ എല്ലാം പങ്കെടുക്കുകയും അരിയും കാണിപ്പണവും (കാണിപ്പോന്ന് ) കെട്ടില്‍ നിക്ഷേപിച്ച് അതില്‍ ഭാഗഭാഗാക്കുകയും വേണം.
15. വ്രതം ആരംഭിച്ച് കഴിഞ്ഞാല്‍, മലയില്‍നിന്ന് മടങ്ങി എത്തുന്നതുവരെ വീട്ടില്‍ എത്തുന്ന അയ്യപ്പഭക്തന്മാരെ സന്തോഷപൂര്‍വ്വം സ്വീകരിക്കണം.
16. കറുത്ത വസ്ത്രം ധരിച്ച് ശരണംവിളിച്ച് വീട്ടില്‍ എത്തുന്ന അപരിചിതര്‍ക്കുപോലും അന്നം നല്‍കണം. പഴകിയതും ശേഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ നല്‍കരുത്.
17. ഹിന്ദുക്കളല്ലെങ്കില്‍ പോലും എല്ലാമതവിഭാഗങ്ങളില്‍പ്പെട്ടവരോടും സമഭാവനയോടെ സ്വീകരിച്ച് പെരുമാറണം.
18. ശാസ്താവിന്റെ പ്രാര്‍ഥനാമന്ത്രം ജപിക്കണം
*"ഭൂതനാഥ സദാനന്ദസര്‍വ്വഭൂത ദയാപര*
*രക്ഷരക്ഷ മഹാബാഹോശാസ്ത്രേതുഭ്യം നമോനമ*
*ഭൂതനാഥമഹം വന്ദേസര്‍വ്വ ലോകഹീതേ രതം*
*കൃപാനിധേ സദാസ്മാകംഗ്രഹ പീഡാം സമാഹര."*
*ഭാഗം - 2*
* ബ്രാഹ്മ മുഹൂർത്തം സാധനാകാലം*
ബ്രാഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ബ്രാഹ്മമുഹൂർത്തത്തിൽ ഉണരണം. ഒരു രാത്രിക്ക് ഏഴരനാഴിക [മൂന്നു മണിക്കൂർ] വീതമുള്ള നാലു യാമങ്ങളാണ് ഉള്ളത്. അതായത്
ആദ്യയാമം - 6 PM To 9 PM
രണ്ടാം യാമം - 9 ?PM To 12 Mid night
മൂന്നാം യാമം - 12 Mid night To 3 AM
നാലാം യാമം - 3 AM To 6 AM
രാത്രിയുടെ അവസാനത്തെ യാമമാണ് ബ്രാഹ്മമുഹൂർത്തം എന്ന് പറയുന്നത് .
ഈ യാമത്തിന്റെ ദേവത സരസ്വതിയാണ്. സൃഷ്ടിക്ക് അധിപനായ ബ്രഹ്മാവ് ഈ സമയത്താണത്രേ സൃഷ്ടികർമ്മം നടത്തുന്നത്. ഈ സമയത്ത് അദ്ദേഹത്തിന്റെ പത്നി സരസ്വതി ദേവി അദ്ദേഹം സൃഷ്ടിക്കുന്ന ജീവികൾക്കെല്ലാം ആഹ്ലാദപൂർവ്വം ജ്ഞാനം നൽകുന്നു. ദേവസിദ്ധിക്കും മംഗളകർമ്മങ്ങൾക്കും നല്ലതും ആരോഗ്യവും ഉത്സാഹവും നഷ്ടപ്പെടാതിരിക്കാനും ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്നത് പ്രയേജനപ്പേടും.
കിഴക്കൻ ചക്രവാളത്തിൽ ഉദയം വരെ ഭൂമിയിലേക്ക് പ്രസരിക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള ഗ്രഹോർജ്ജ തരംഗങ്ങൾ ഐശ്വര്യത്തിനും ആരോഗ്യത്തിനും ബുദ്ധിക്കും ഉത്തമമാണ്. ഈ സമയം ശബ്ദമലിനീകരണമോ വായുമലിനീകരണവുമില്ലാതെ പ്രകൃതി ശാന്തവും സുന്ദരവും നിർമ്മലവുമായിരിക്കും.
ബ്രാഹ്മമുഹൂർത്തത്തോടെ സത്വഗുണത്തിന്റെ ആരംഭമായി. ഈ സമയം ഉണർന്ന് സാധനകൾ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയിൽ സാത്വിക ഗുണം കൂടുതൽ പ്രകാശിക്കുന്നു. ശിരസ്സിന്റെ ഇടതു വശത്തു സ്ഥിതിചെയ്യുന്ന വിദ്യാഗ്രന്ഥിയുടെ പ്രവർത്തനം മൂലം ജപധ്യാനാദികൾക്കും വിദ്യാപഠനത്തിനും കൂടുതൽ ഗുണം ചെയ്യും.
സരസ്വതി യാമത്തിൽ ഏത് വിദ്യ അഭ്യസിച്ചാലും കൂടുതൽ സൂക്ഷ്മതയും ഫലവുമുണ്ടാവുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. ആ സമയത്ത് നമ്മുടെ മസ്തിഷ്കം ഉണർവ്വോടെ പ്രവർത്തനക്ഷമമാകുന്നു. രോഗഗ്രസ്തരും ചിന്താധീനരും ദരിദ്രരുമായി തീരാതിരിക്കാൻ സൂര്യോദയത്തിനു മുമ്പേ ഉണരേണ്ടതാണ്. ബ്രഹ്മജ്ഞാനത്തിനു വേണ്ട സാധനകൾ അനുഷ്ഠിക്കുന്ന ഈ മുഹൂർത്തത്തിൽ ഉണ്ടർന്നാൽ ദുഷ്ടബുദ്ധികളായ ക്രൂരന്മാർ പോലു നന്മയുള്ളവരായിത്തിരും. *ശബരിമല വിശേഷം.*
*ഭാഗം - 3*
*സ്വാമി ശരണം അർത്ഥം*
*"സ്വാ കാരോച്ചാര മാത്രേണ*
*സ്വാകാരം ദീപ്യതേ മുഖേ*
*മകാരാന്ത ശിവം പ്രോക്തം*
*ഇകാരം ശക്തി രൂപ്യതേ*
*സ്വാമി ശരണം* ത്തിലെ
*സ്വാ* എന്ന പദം ഉച്ചരിക്കുന്ന മാത്രയിൽ പരബ്രഹ്മത്താൽ തിളങ്ങുന്ന ആത്മബോധം തീർഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.
*മ* സൂചിപ്പിക്കുന്നത് ശിവനേയും
*ഇ* ശക്തിയേയുമാണ്. രണ്ടുംകൂടി ചേർന്ന്
*മി* ആകുമ്പോൾ `ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുൻപറഞ്ഞ *സ്വാ*യോടൊപ്പം ചേർന്നു തീർഥാടകന് ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ `സ്വത്വ'ത്തിന്റെയും പരമാത്മാവിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.
*ശം ബീജം ശത്രുസംഹാരം*
*രേഫം ജ്ഞാനാഗ്‌നി വാചകം*
*ണകാരം സിദ്ധിതം ശാന്തം*
*മുദ്രാ വിനയ സാധനം.*
*ശരണം* എന്ന വാക്കിലെ ആദ്യാക്ഷരമായ
*ശ* ഉച്ചാരണ മാത്രയിൽ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്. അഗ്‌നിയെ ജ്വലിപ്പിക്കുന്ന
*ര* എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു.
*ണം* ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു.
മനുഷ്യനിൽ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്. പതിനെട്ടാം പടി കയറുന്നവൻ വിനയമുള്ളവനായിരിക്കണം എന്നും അവൻ അഹങ്കാരത്തെ നിലനിർത്താത്തവൻ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.
No comments:
Post a Comment