“നിങ്ങൾ ഗീതയിലൂടെ കടന്നുപോകുന്നത് നല്ലതു തന്നെ. എന്നാൽ ഗീത നിങ്ങളിൽകൂടി കടന്നുപോവുകയാണ് വേണ്ടത്” - പൂജ്യ സ്വാമി ചിന്മയാനന്ദജി.
ഭഗവദ്ഗീത എന്ന നാമത്തോടൊപ്പം ഒരു പര്യായ പദം പോലെ ഉപയോഗിക്കാവുന്ന ഒരു മഹാത്മാവിന്റെ പേരാണ് പൂജ്യ സ്വാമി ചിന്മയാനന്ദജി. നാനാജാതി മതസ്ഥർക്കും പ്രയോജനപ്പെടുന്ന തരത്തിൽ വ്യാഖ്യാനിച്ച ഭഗവദ്ഗീതയെ ലോകത്തിനു മുഴുവൻ പരിചയപ്പെടുത്തിക്കൊടുത്ത യതിശ്രേഷ്ഠനാണ് അദ്ദേഹം.
ഭാരതത്തിനകത്തും പുറത്തും ഭഗവദ്ഗീത എന്ന തത്വശാസ്ത്രഗ്രന്ഥത്തെ ഇത്രമാത്രം ജനകീയമാക്കി മാറ്റിയ മറ്റൊരു ആചാര്യൻ ഉണ്ടായിട്ടില്ലെന്നു വേണം പറയാൻ. മതം സംബന്ധിയായ തരംതിരുവുകൾ വരുന്നതിനു എത്രയോ മുൻപ് എഴുതപ്പെട്ടിട്ടുള്ള ഗീത, ഒരു മതഗ്രന്ഥമായിട്ട് പറയാൻ ആർക്കുമാവില്ല. മറിച്ച് ആരൊക്കെയോ കരുതിക്കൂട്ടി ഇതൊരു മതഗ്രന്ഥമാണെന്ന് ആരോപിച്ചതാണ്. എന്നാൽ ഇതൊരു സാർവ്വജനീനമായ ശാസ്ത്രചിന്തയാണ്. അതെടുത്ത് തുറന്നു നോക്കാത്ത ഏതോ കുബുദ്ധിയാവാം ഇതിനു പിന്നിൽ.
ഒരു ഘോരയുദ്ധക്കളത്തിൽ വെച്ച് വേദാന്തതത്വങ്ങൾ അടങ്ങിയ ഭഗവദ്ഗീത ഉപദേശിക്കാമെങ്കിൽ ചന്തകളിലും മൈതാനങ്ങളിലും വെച്ച് എന്തുകൊണ്ട് ചർച്ച ചെയ്തുകൂടാ എന്നാണ് ചിന്മയാനന്ദജി ചിന്തിച്ചത്. കുചേലനും കുബേരനും ഒരുപോലെ അദ്ധ്യാത്മവിദ്യ പഠിക്കാം എന്ന് ലോകത്തിനു കാട്ടിക്കൊടുത്ത ഒരു പ്രായോഗിക ഗുരുവാണ് ചിന്മയാനന്ദജി. അതുകാരണം അദ്ദേഹത്തിന്റെ ആശ്രമത്തിനു നൽകിയിരിക്കുന്ന പേര്തന്നെ “സാന്ദീപനി സാധനാലയം” എന്നാണ്. സ്ത്രീ-പുരുഷ ഭേദമേന്യെ, ലോകത്ത് എവിടെയുള്ളവർക്കും ഭാരതീയ തത്വചിന്തയെക്കുറിച്ച് പഠനം നടത്തുവാനുള്ള ഒരു തുറന്ന വേദിയാണ് ഇവിടം. ഭാരതീയപൈതൃകത്തെ പുശ്ചിച്ചു തള്ളിയിരുന്ന പാശ്ചാത്യ സമൂഹം ഇന്ന് നമ്മുടെ പൈതൃകത്തെ സ്വീകരിച്ച് അവയെ മാറോടടുപ്പിക്കുന്നുവെങ്കിൽ അവയിൽ ചിന്മയാനന്ദജി വഹിച്ച പങ്ക് എത്രമാത്രം സ്തുത്യർഹമാണ് എന്നു വിശദീക്കേണ്ടതില്ല. അതിനായിട്ട് അദ്ദേഹം തെരെഞ്ഞെടുത്ത ഭാഷ ഇംഗ്ളീഷ് തന്നെ. അപ്രായോഗികമായ വേദാന്തതത്വങ്ങൾ സമൂഹം ഒരു പരിധിവരെ മാത്രമേ സൂക്ഷിക്കുകയുള്ളൂ. സനാതനമല്ലാത്ത ജീവിതരീതിയിലൂടെ സമൂഹത്തെ എത്രകാലം മണ്ടന്മാരാക്കുവാൻ സാധിക്കും. ക്രമേണ അവർതന്നെ അത് വലിച്ചെറിയും!! കാലം അതാണ് തെളിയിപ്പിക്കുന്നത്. അതുപോലെതന്നെ മറ്റൊരു വിപത്താണ് അന്ധമായ അനുകരണം. അതിനേയും അദ്ദേഹം യുക്തിപൂർവ്വം വിമർശിക്കുന്നു. അതിന് അദ്ദേഹം തന്റെ അനുയായികളോട് നിർദ്ദേശിക്കുന്നത് – “ഒരിയ്കലും നീ എന്നെ ചാരി നിൽക്കരുത്. ഞാൻ നടന്നു പോകും. നീ ഉരുണ്ടടിച്ച് വീഴും” ഇതാണ് ചിന്മയ സ്റ്റയിൽ.
സ്വാമിജിയെ ഏറ്റവും സ്വാധീനിച്ച ഒരു ഘടകമാണ് പരിപാവനമായ ഗംഗാനദി. വളരെ ഉത്തുംഗശൃംഗത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഈ പുണ്യനദി എത്രയെത്ര ജീവനെ ഏതെല്ലാം തരത്തിൽ നിലനിർത്തുന്നു. നദിയുടെ തുടക്കം വളരെ ഉയരങ്ങളിൽ നിന്നാണെങ്കിലും അവ താഴേക്ക് പരന്നില്ലെങ്കിൽ ആർക്ക് അതുകൊണ്ട് പ്രയോജനം? അദ്ധ്യാത്മികവിദ്യയും അതുപോലെ സാധാരണമനുഷ്യജീവന്, അവന്റെ ദൈനംദിന ജീവിതത്തെ പുഷ്ടിപ്പെടുത്താൻ പ്രയോജനപ്പെടുക തന്നെ വേണം. തന്റെ വ്യാഖ്യാനം ശാസ്ത്രീയവും, യുക്തിക്കു നിരക്കുന്നതും, ആകർഷകവുമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനരീതി. വേദ തത്വങ്ങൾ സാമാന്യജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന ഒന്നായിത്തീരണമെങ്കിൽ അതിനു പറ്റിയ ഗ്രന്ഥം ഭഗവദ്ഗീതയാണെന്നു അദ്ദേഹം വിശ്വസിച്ചു. അത് സത്യമാണ് എന്ന് കാലം കൊണ്ട് തെളിയിച്ചു. ഒരു വ്യക്തിയുടെ കർത്തവ്യമെന്തായിരിക്കണമെന്നും, അതിന് ജീവിതത്തിൽ കർമ്മ-ജ്ഞാന-ഭക്തി യോഗങ്ങളുടെ സമന്വയമാണെന്ന് അദ്ദേഹം സ്വജീവിതത്തിലൂടെ പ്രകടമാക്കി കാട്ടിക്കൊടുത്തു.
അദ്ദേഹം ഗൃഹസ്ഥനെ മാത്രം ലക്ഷ്യം വെച്ച് തന്റെ അക്ഷരങ്ങളെ പുറത്തിറക്കി. മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആത്മീയപ്രകാശത്തിലൂടെ ജീവിതത്തെ അർത്ഥവത്താക്കാനുപകരിക്കുന്ന രീതിയിലാണ് അദ്ദേഹം രൂപീകരിച്ചിട്ടുള്ള എല്ലാ പദ്ധതികളും. വളർന്നുവരുന്നകൊച്ചുകുട്ടികളെ നല്ല ശിക്ഷണം നൽകി വീടിനും, നാടിനും, രാജ്യത്തിനും, അഭിമാനം ഉണ്ടാകാൻ പര്യാപ്തമായ ഒരു മാതൃകാ ശിക്ഷണരീതിയാണ് ‘ബാലവിഹാർ’ പോലുള്ള ൿളാസ്സുകൾ. ഈ ക്ളാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർഥിയും ഒരിയ്കലും ഒരു തീവ്രവാദിയാകുകയോ, മാതാപിതാക്കൾക്ക് ഒരു മുടിയനായ പുത്രനാവുകയോ ഇല്ല. സ്വരാജ്യസ്നേഹത്തേയും, സാമൂഹ്യസേവനത്തേയും, കർമ്മയോഗത്തേയും ഫലപ്രദമായി വ്യക്തിജീവിതത്തിൽ ഘടിപ്പിച്ച യതിവര്യനാണ് സ്വാമി ചിന്മയാനന്ദജി. മുതിർന്നവർക്കായുള്ള സ്റ്റഡി ഗ്രൂപ്പുകൾ വ്യക്തികളിലെ എല്ലാ സമസ്യകളും പരിഹൃദമാകപ്പെടുന്ന സംവാദരൂപത്തിലുള്ള ൿളാസുകളാവുന്നു. ഗീതാജ്ഞാനയജ്ഞങ്ങളെന്ന പേരിൽ അദ്ദേഹം നടത്തിയിരുന്ന പ്രഭാഷണങ്ങൾ ഓരോ വേദിയിലുമുള്ള ആയിരങ്ങളെ സാന്ത്വനിപ്പിച്ചിരുന്നു. ഇന്നും അദ്ദേഹത്തിന്റെ അക്ഷരങ്ങൾ, മറ്റുള്ളവർക്ക് തണലേകിക്കൊണ്ട് വടവൃക്ഷം മാതിരി അജയ്യമായി നിലനിൽക്കുന്നു.
സ്വാമിജിയെക്കുറിച്ച് ഒരു കവി തന്റെ കവിതയിലൂടെ പ്രശംസിക്കുന്നത് ഇപ്രകാരമാണ്:
ചിന്മയസ്യ ഗഹനം സമുജ്ജ്വലം
ജാഹ്നവീരയനിഭം പ്രഭാഷണം
നൈവസാധ്യമിഹ മാനവൈർ മുഹുഃ
ശ്രോതുമദ്ഭുത രസാന്വിതരഹോ!
(ചിന്മയാനന്ദജിയെമാതിരി ഗംഗാ പ്രവാഹം പോലെയുള്ള ഗഹനവും സമുജ്ജ്വലവുമായ ഒരു പ്രഭാഷണം മനുഷ്യരാൽ ഇനി വീണ്ടും ഈ ലോകത്തിൽ കേൾക്കപ്പെടില്ല. അഹോ കഷ്ടം!)
1993 ആഗസ്റ്റ് മാസം 3-ന് ഈ യതിവര്യൻ സമാധിയിലാണ്ടു. “സിദ്ധന്മാരുടെ ഉദ്യാനമായ” സിദ്ധബാരിയിൽ സ്വാമിജിയുടെ ഭൌതികശരീരം ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.
സമാഹരണം
രാജേഷ് ചെന്നൈ
No comments:
Post a Comment