ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, October 25, 2016

കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രം


മലപ്പുറം ജില്ലയിൽ മഞ്ചേരിയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് കരിക്കാട് സുബ്രഹ്മണ്യ-ധർമ്മശാസ്താക്ഷേത്രം. വളരെ പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണിത്. പഴയ പ്രൗഢി വിളിച്ചോതുന്ന വലിയ ആനപ്പള്ള ചുറ്റുമതിളാണുള്ളത്. ഗ്രാമക്ഷേത്രം എന്ന നിലയ്ക്കും പ്രധാന്യമുണ്ട് ഈ ക്ഷേത്രത്തിന്. കേരളത്തിലെ അറുപത്തിനാലു നമ്പൂതിരി ഗ്രാമങ്ങളിൽ യജുർവേദ പ്രധാനഗ്രാമങ്ങളിലൊന്നായ കരിക്കാട് ഗ്രാമത്തിലെ ക്ഷേത്രമാണിത്. പ്രധാനമായി ബാലമുരുകൻ, വേലായുധസ്വാമി, അയ്യപ്പൻ എന്നീ ദേവന്മാരാണ് പ്രതിഷ്ടകൾ. മൂന്നു ദേവന്മാർക്കും കൊടിമരവും ഉണ്ട്. കൂടാതെ വെവ്വേറ തന്ത്രിമാരാണെന്നതാണ് ഏറ്റവും വിചിത്രം.

ഐതിഹ്യം

ബകവധവുമായും ഏകചക്ര ഗ്രാമവുമായും ബന്ധപ്പെട്ടതാണ് ഈ ഗ്രാമക്ഷേത്രത്തിന്റെ ഐതിഹ്യം. ബകനെ പേടിച്ച് ഏകചക്ര ഗ്രാമത്തിലെ (ഇന്നത്തെ എടക്കരയിൽ നിന്നും ജനങ്ങൾ അവരുടെ പരദേവതയായ അയ്യപ്പനുമായി  ഇവിടെ എത്തി താമസിച്ചു. സമീപത്തുള്ള ഒരു ബാലമുരുകാലയത്തിൽ ആ ദേവനെ പടിഞ്ഞാറ് മുഖമായി പ്രതിഷ്ഠിച്ചു. ആ ദേവനാണ് ഇവിടത്തെ അയ്യപ്പസ്വാമി.

കരിക്കാട്ട് അയ്യപ്പൻ

ഗ്രാമപരദേവതയായി പശ്ചിമാഭിമുഖമായി അയ്യപ്പസ്വാമി കുടികൊള്ളുന്നു. ഗജപൃഷ്ഠ ആകൃതിയിലുള്ള ഈ ശ്രീകോവിൽ താരതമ്യേന പുതുതാണെന്നു കരുതുന്നു. ഇരിക്കുന്ന രൂപത്തിലാണെങ്കിലും ശബരിമലശാസ്താവിൽ നിന്നും വ്യത്യസ്തമായ രൂപത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. മലപ്പുറത്ത് മുടപ്പിലാപ്പള്ളി നമ്പൂതിരിയാണ് തന്ത്രി.  ഉടച്ച നാളീകേരം ആണ് ഇഷ്ടവഴിപാട്. ഏകചക്ര ഗ്രാമത്തിൽ നിന്നും ആദ്യം മാങ്ങോട്ടിരി കാവിൽ വന്നു എന്നും നാളികേരം ഉടച്ച് നിവേദിച്ചു എന്നും സങ്കല്പം. തരിപ്പണം ആണ് പ്രധാന വഴിപാട്.

ധ്യാനം

ജീമൂതശ്യാമധാമാ മണിമയവിലസൽ കുണ്ഡലോല്ലാസി വക്ത്രം ഹസ്താഭ്യാം ദക്ഷമാത്രോത്പലം ഇതരഭുജം വാമജാനൂപരിസ്ഥം ബിഭ്രത് പത്മാസനസ്ഥ: പരികലിതതനു; യോഗപട്ടേന ജുഷ്ട; ശ്രീപൂർണ്ണാ പുഷ്കലാഭ്യാം പുരഹര മുരചിത് പുത്രകഃ പാതു ശാസ്താ

വ്യാഖ്യാനം

കാർമേഘത്തിന്റെ ശ്യാമവർണം, മണിയോടും കുണ്ഡലത്താലും ഉല്ലസിക്കുന്ന മുഖം, കൈകളിൽ കേവലം കാണാൻപാകത്തിന് താമര മറ്റേക്കൈ ഇടത്തേകാൽമുട്ടിൽവച്ച്, പത്മാസനത്തിൽ ഇരുന്ന് യോഗപട്ടകൊണ്ട് ചുറ്റപ്പെട്ട് പൂർണാ പുഷ്കലാ എന്നീ ഭാര്യമാരോടും പുത്രകനോടുമൊത്തുള്ള ശാസ്താവ് രക്ഷിക്കട്ടെ) അയ്യപ്പന്റെ നാലമ്പലം ശിലാലിഖിതങ്ങളാലും ചുവർചിത്രങ്ങളാലും മറ്റു ചിത്രങ്ങളാലും അലംകൃതമാണ്.

ശിലാലിഖിതം

അയ്യപ്പന്റെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന നടവഴിയിൽ പാകിയ 3 കരിങ്കൽ പാളികളിൽ ലിഖിതം കാണ്മാനുണ്ട്.(പൂങ്കുഴി ഇല്ലത്ത് നിന്നും സ്ഥലം എഴുതിവച്ചതാണ് വിവരം എന്ന് എം ജി എസ് നാരായണൻ അഭിപ്രായപ്പെടുന്നു).

ചുമർചിത്രകല

ഗജപൃഷ്ഠാകൃതികൊണ്ട് തന്നെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന അയ്യപ്പന്റെ ശ്രീകോവിലിന്റെ ഇരുവശവും ചുവർചിത്രങ്ങളാൽ അലംകൃതമാണ്.

ബലിക്കല്ല്

അയ്യപ്പന്റെ ശ്രീകോവിലിനു മുമ്പിലുള്ള ബലിക്കല്ലും ശിലാലിഖിതത്താലും മലയാളഭാഷയിലുള്ള ഒരു അറിയിപ്പും അടങ്ങിയതാണ്. '1110 ഇടവം 1നാണ് മൂന്ന് കൊടിമരങ്ങളും ഒന്നിച്ച് സ്ഥാപിച്ചത്" എന്നാണ് മലയാളം ലിപിയിലെ എഴുത്ത്.

വേലായുധസ്വാമി

കിഴക്കോട്ടഭിമുഖമായി
വേലായുധസ്വാമി കുടി കൊള്ളുന്നു. ക്ഷേത്രമതിലകത്ത് സുബ്രഹ്മണ്യസ്വാമിയുടെ രണ്ട് ശ്രീകോവിലുകളുള്ളതിൽ തെക്ക് ഭാഗത്തായി ചതുരാകൃതിയിലുള്ള ശ്രീകോവിലിൽ വേലായുധസ്വാമി അഥവാ തെക്കുംതേവർ കുടികൊള്ളുന്നു. തൃശ്ശൂർ പെരുമനത്ത് വെള്ളാമ്പറമ്പു നമ്പൂതിരിയാണ് ഇവിടെ തന്ത്രി. ശ്രീകോവിലിന്റെ പ്രത്യേകത പ്രതിഷ്ഠയുടെ കാലവ്യത്യാസം സൂചിപ്പിക്കുന്നു,  ഈ ക്ഷേത്രത്തിനും പ്രത്യേകം കൊടിമരം ഉണ്ട്

ബാലമുരുകൻ

വട്ടശ്രീകോവിലാണ് ബാലമുരുകന്റേത്. അതുകൊണ്ടുതന്നെ ഏറ്റവും പഴയ ശ്രീകോവിൽ ഇതാണെന്ന് തീർച്ചയാക്കാം. ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം തിരികെയെത്തിയപ്പോൾ ഇവിടത്തെ വിഗ്രഹം കാണാത്തതുകാരണം വേറെ വിഗ്രഹമുണ്ടാക്കി എന്നും പിന്നീട് കുളത്തിൽ നിന്ന് പഴയവിഗ്രഹംകിട്ടി അതാണ് വേലായുധസ്വാമിയുടെ വിഗ്രഹം എന്നും കരുതുന്നു. തളിപ്പറമ്പു ഗ്രാമക്കാരനായ പൂന്തോട്ടതിൽ പുടയൂർ ഇല്ലക്കാരാണ് ഇവിടെ തന്ത്രി.

ഉപദേവന്മാർ

ഭഗവതി, ഗണപതി, ദക്ഷിണാമൂർത്തി, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപദേവന്മാർ.

വിശേഷങ്ങൾ

മകരമാസത്തിൽ തൈപ്പൂയം ആറാട്ട് ആയി തിരുവുത്സവം നടക്കുന്നു. മൂന്ന് ദേവന്മാർക്കും തുല്യപ്രാധാന്യമായതിനാൽ അവർ മൂന്ന് ആനയുടെ പുറത്ത് ഒരുമിച്ച് പുറത്തെഴുന്നള്ളൂന്നു. എല്ലാ ഷഷ്ഠിക്കും വേദഘോഷത്തോടെ വാരമിരിക്കൽ നടക്കുന്നു. എല്ലാമാസവും കരിക്കാട് ഗ്രാമക്കാരായ നമ്പൂതിരിമാർ ഭഗവതിസേവ നടത്തുന്നു.

നാളികേരം ഏറു

ബകനെ പേടിച്ച് ഏകചക്രയിൽനിന്നും ഇവിടേ എത്തിയപ്പോൾ അന്ന് അവിടെ ധാരാളമായി ഉണ്ടായിരുന്ന നാളികേരം ഉടച്ച് നിവേദിച്ചത്രെ. അതിന്റെ ഓർമ്മക്കായി ഇന്നും മീനത്തിൽ നാളീകേരം ഏറുനടത്തുന്നു.

തേവരുസേവ

കന്നി മാസം ഒന്നുമുതൽ 12 വരെ തേവർസേവയുണ്ട്. ഭക്തരെല്ലാം ചേർന്ന് ഭഗവാനെ ഭജിക്കുകയും ദിവസവും കലശം ആടുകയും ചെയ്യുന്നു.

വഴിപാട്

ബകവധം കഥകളിയാണ് പ്രമുഖമായ വഴിപാട്.
എല്ലാ ഷഷ്ഠിക്കും നടക്കുന്ന വേദഘോഷമായ വാരമിരിക്കലും വഴിപാടായി കഴിക്കാറുണ്ട്.
പൊട്ടിച്ച നാളികേരം ആണ് അയ്യപ്പന് ഏറ്റവും വിശിഷ്ടമായി കരുതുന്ന വഴിപാട്. ഏകചക്രയിൽ നിന്നും ഓടിവന്നപ്പോൾ ആദ്യം നൽകിയ നിവേദ്യം എന്ന നിലക്കാകാം ഈ പ്രാധാന്യം.
തരിപ്പണം-എന്ന ഒരു പ്രത്യേക വിഭവും അയ്യപ്പന് പ്രിയങ്കരമായി കരുതുന്നു. വറുത്ത അരി, നാളികേരം, ശർക്കര എന്നിവചേർത്ത് ഉണ്ടാക്കുന്ന വഴിപാടാണ് തരിപ്പണം.
സുബ്രഹ്മണ്യനു വിശിഷ്ടമായ കാവടി ഇവിടെയും വിശിഷ്ടമാണ്.

ഊരാളർ യോഗം

പരശുരാമസൃഷ്ടിയായി കരുതുന്ന 64 നമ്പൂതിരി ഗ്രാമങ്ങളിൽ കരിക്കാട് എന്ന ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ഈ ക്ഷേത്രം. അതുകൊണ്ട് തന്നെ ഗ്രാമത്തിലെ നമ്പൂതിരിമാരെ ഈ ക്ഷേത്രത്തിന്റെ ഊരാളരായി കരുതുകയും അവരുടെ എല്ലാവരുടെയും പ്രതിനിഥികൾ ചേർന്ന ഊരാളർ യോഗമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ്. വർഷത്തിൽ മൂന്ന് തവണ യോഗം ചേരുന്നു.

കീഴേടങ്ങൾ

കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി 6 അയ്യപ്പക്ഷേത്രങ്ങൾ കൂടി ഉണ്ട്.

ഓരനാട്ട് അയ്യപ്പക്ഷേത്രം

പുത്രോട്ട് അയ്യപ്പക്ഷേത്രം

വെള്ളാമ്പറ്റ അയ്യപ്പക്ഷേത്രം

പൈങ്കുളങ്ങര അയ്യപ്പക്ഷേത്രം

മേലേമഠം അയ്യപ്പക്ഷേത്രം

കുറ്റിയിൽ അയ്യപ്പക്ഷേത്രം

എത്തിച്ചേരാൻ

മഞ്ചേരിനിന്നും നിലമ്പൂർ, വണ്ടൂർ ഭാഗത്തേക്ക് 4 കിമി പോയാൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആയി. എളങ്കൂർബസിനും കരിക്കാട്ട് കിഴക്കേഗോപുരത്തിനുമുമ്പിൽ ഇറങ്ങാം.

No comments:

Post a Comment