ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, October 31, 2016

ജീവിതത്തിൽ അനുവർത്തിക്കുക..



ഏതു പ്രതിഷ്ഠയാണെങ്കിലും വീടിന്നടുത്തുള്ള ക്ഷേത്രം പ്രധാനമാണ്. ഗ്രാമദേവൻ/ ദേവി. ആ തട്ടകത്തിലെ ക്ഷേത്രകാര്യങ്ങളില്‍ നമ്മുടെ പങ്ക് യഥാവിധി സമര്‍പ്പിയ്ക്കുക.


ക്ഷേത്രദര്‍ശനം നിത്യജീവിതത്തിന്റെ ഭാഗമാകണം. ആവലാതികളും മറ്റും പറയുവാനുള്ള സ്ഥലമല്ലത്. സ്തുതികള്‍ ചൊല്ലി അനുഗ്രഹം വാങ്ങുക. എല്ലാവരും അവരവരുടെ കര്‍മ്മഫലം അനുഭവിച്ചുതന്നെ തീരണം. ഈശ്വരനെ ആശ്രയിച്ചാല്‍ ദുരിതഭാരം കുറഞ്ഞതായി അനുഭവപ്പെടും.


ഗണപതി പ്രധാന പ്രതിഷ്ഠയാണെങ്കില്‍ പ്രദക്ഷിണം കുറഞ്ഞത് ഒന്നും, സൂര്യക്ഷേത്രങ്ങളാണെങ്കില്‍ രണ്ടും, ശിവന് മൂന്നും, ഭഗവതി -വിഷ്ണു ക്ഷേത്രങ്ങളില്‍ നാലും, ശാസ്താവിന് അഞ്ചും, സ്‌കന്ദന് ആറും, ആല്‍വൃക്ഷത്തിന് ഏഴും പ്രദക്ഷിണം.
സ്തുതികള്‍ ചൊല്ലിയാണ് പ്രദക്ഷിണം ചെയ്യേണ്ടത്. ''മൂലതോ ബ്രഹ്മരൂപായ, മദ്ധ്യതോ വിഷ്ണു രൂപിണേ, അഗ്രതോ ശിവരൂപായ - വൃക്ഷരാജായ തേ നമഃ ''എന്ന നാമമാണ് ആല്‍പ്രദക്ഷിണ സ്തുതി. രാവിലെ വേണം ഈ പ്രദക്ഷിണം (ആലിന്.)
നിത്യം ചെയ്യുന്ന ആല്‍ പ്രദക്ഷിണം ശ്വാസംമുട്ട്, ആസ്തമ എന്നിവ ശമിപ്പിക്കും. ക്ഷേത്രത്തില്‍ അരയാലും വീട്ടില്‍ തുളസിയും നട്ടു വളര്‍ത്തണം. ക്ഷേത്രത്തില്‍ ആദ്യം ആലിനും, പുറത്തേ പ്രദക്ഷിണവഴിയിലും, പിന്നീട് അകത്തും പ്രദക്ഷിണം ചെയ്യണം. ദര്‍ശന സമയത്ത് നട അടഞ്ഞുനില്‍ക്കാതെ ചെരിഞ്ഞുനിന്ന് തൊഴുത് കണ്‍കുളിര്‍ക്കെ വിഗ്രഹത്തില്‍നോക്കി കണ്ട് ആനന്ദിയ്ക്കുക.

പ്രസാദമൊന്നും നാലമ്പലത്തിനകത്തു വെച്ച് കഴിയ്ക്കരുത്. ചന്ദനവും പുഷ്പവും പുറത്തു വന്ന് ധരിയ്ക്കുക. ചന്ദനം ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് തൂണിലോ, ചുമരിലോ തേയ്ക്കരുത്.
മോതിരവിരല്‍ കൊണ്ടു വേണം കുറിതൊടുവാന്‍, സ്റ്റിക്കര്‍ പൊട്ടുകള്‍ അലര്‍ജി ഉണ്ടാക്കുമെന്നതിനാല്‍ വര്‍ജ്ജിയ്ക്കണം. ശുഭ്രവസ്ത്രധാരിയായിരിയ്ക്കണം ഭക്തന്‍. സ്ത്രീകള്‍ സാരിയോ, വേഷ്ടി-മുണ്ട് എന്നിവയോ ധരിയ്ക്കുന്നതാണ് നല്ലത്. വില കൂടിയവ ധരിയ്ക്കരുത്. പുരുഷന്മാര്‍ അരയ്ക്കുമീതെ പൂര്‍ണ്ണമായും വസ്ത്രം ധരിയ്ക്കരുത്. ഈശ്വരചൈതന്യം ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമാവണം ശരീരം. വളരെ ശുദ്ധിപാലിയ്ക്കുവാന്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ സ്വര്‍ണ്ണമാല പൂര്‍ണ്ണമായും ജാക്കറ്റിനുള്ളിലാക്കണം. എപ്പോഴും പുറത്ത് തൂങ്ങിക്കിടക്കരുത്.
സ്വര്‍ണ്ണം ഔഷധമായതിനാല്‍ ശരീരത്തോടു ചേര്‍ന്നുവേണം ധരിയ്ക്കുവാന്‍. സ്വര്‍ണ്ണപാദസ്വരം ധരിയ്ക്കരുത്. ശിരസ്സുമുതല്‍ അരഞ്ഞാണം വരെ സ്വര്‍ണ്ണമാവാം. അരയ്ക്കുതാഴെ സ്വര്‍ണ്ണമരുത്. തൊഴുതു കഴിഞ്ഞാല്‍ നാലമ്പലത്തിനുള്ളില്‍തന്നെ ഒരുഭാഗത്ത് അഞ്ചു മിനിട്ട് ധ്യാനിച്ചിരിയ്ക്കണം. കാലിലെ പൊടിതട്ടി എഴുന്നേല്‍ക്കാം. മണ്‍തരിപോലും കൊണ്ടു പോകരുത്.

ദര്‍ശനം തുടങ്ങി പുറത്ത് കടക്കുന്നതുവരെ നാമം ജപിയ്ക്കുക, മറ്റു സംസാരങ്ങള്‍ പാടില്ല.

ഭഗവാന്‍ ഭക്തദാസനാണ്. എല്ലാവരോടും സ്‌നേഹത്തോടും ഭവ്യതയോടും പെരുമാറുക. പരസ്പരം ഹരിഃഓം, നമഃശിവായ, നമസ്‌തേ പറഞ്ഞ് അഭിവാദനം ചെയ്യുക.

വിദ്യാര്‍ത്ഥികള്‍ ഗുരുനാഥന്മാരെ നമസ്‌തേ പറഞ്ഞ് ആദരിയ്ക്കണം. ഗണപതി വന്ദനം, സരസ്വതിവന്ദനം, വിദ്യാഗോപാലമന്ത്രം എന്നിവ നിത്യശീലമാക്കണം.

വളരെ വൃത്തിയായി നടക്കുകയും സഹപാഠികളോടും മറ്റും സ്‌നേഹത്തോടെ പെരുമാറുകയും വേണം. ഒഴിവുദിനങ്ങളില്‍ ഉച്ചവരെ പഠിയ്ക്കുകയും ഉച്ചകഴിഞ്ഞ് കളിയ്ക്കുകയും ചെയ്യാം.

പ്രാതഃസ്മരണീയരായ മഹാത്മാക്കളെ മാതൃകയാക്കുക, അവരുടെ ചരിതം പഠിക്കുകയും ജീവിതത്തില്‍ ആചരിയ്ക്കുകയും ചെയ്യുക. സത്സംഗങ്ങളില്‍ പങ്കെടുത്ത് സദാചാരബോധവും ആത്മബലവും ആര്‍ജ്ജിയ്ക്കുക,

സമാജത്തെ സേവിയ്ക്കുക, നരസേവ-നാരായണ സേവ-മാനവസേവ-മാധവസേവ- എന്നത് സാക്ഷാത്ക്കരിയ്ക്കുക.

എല്ലാവര്‍ക്കും മാതൃകയായിത്തീരുക. മാന്യമായി പെരുമാറുക. ഈശ്വരാനുഗ്രഹത്തിനായി പ്രാര്‍ത്ഥിയ്ക്കുക.

ഭാരതഭൂമിയുടെ സാംസ്‌ക്കാരിക പാരമ്പര്യം പഠിയ്ക്കുക,

ഭാരതീയനെന്നതില്‍ അഭിമാനംകൊള്ളുക......


ലോകാഃ സമസ്താഃ സുഖിനോഭവന്തുഃ

No comments:

Post a Comment