ലോകത്തിലുള്ള എല്ലാമതഗ്രന്ഥങ്ങളും പഞ്ചഭൂതങ്ങളെ ജീവിതത്തിന്റെ പ്രധാന ഉപാധികളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. പൂജാമന്ത്രങ്ങള്‍, ഭക്തിഗാനങ്ങള്‍, പൗരാണികകഥകള്‍, മതഗ്രന്ഥങ്ങള്‍ തുടങ്ങി പഞ്ചഭൂതങ്ങളുടെ പല ഉദ്ധാരണങ്ങളില്‍കൂടി നമ്മള്‍ കടന്നുവരുന്നു. പൃഥ്വി, പാറ, വെള്ളം, വൃക്ഷലതാദികള്‍, പുഷ്പങ്ങള്‍, അഗ്നിവായ്പാദികള്‍, പക്ഷിമൃഗാദികള്‍, ആകാശം, മേഘങ്ങള്‍, പല ചിഹ്നങ്ങള്‍ തുടങ്ങി ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള ഉദ്ധരാണങ്ങളുടെ വ്യാപകമായ അര്‍ത്ഥത്തിലേക്കു ഒന്നു കടക്കണമെങ്കില്‍ പഞ്ചഭൂതങ്ങളുടെ ഒരു സാങ്കേതികജ്ഞാനം വേണം.
*പൃഥ്വി*
എല്ലാ സമഷ്ടിഭാവങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ് ഭൂമി. നിറഭേദങ്ങളോടുകൂടി അതിന് ഭൗതികമായൊരു രൂപമുണ്ട്. അതിന്റെ ഓരോ കണികകളിലും വിലമതിക്കാന്‍ പാടില്ലാത്ത രത്‌നങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭൂമി നമ്മുടെ ഭൗതികാവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. എല്ലാ രൂപങ്ങളും ഉള്‍ക്കൊള്ളുന്നതായി മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള ഭൂമിക്ക് നമ്മുടെ ജീവിതത്തിന്റെ ഭൗതികാവസ്ഥയുമായിട്ട് ബന്ധമുണ്ട്. ഉദാഹരണമായി പൗരാണികകഥ തന്നെ നോക്കാം. ഗൗതമമുനിയുടെ ശാപം നിമിത്തം ശിലാരൂപമായിരുന്ന അഹല്യ ശ്രീരാമന്റെ പാദസ്പര്‍ശമേറ്റ് വീണ്ടും സ്വന്തം രൂപം കൈക്കൊള്ളുന്നു. ബൈബിളില്‍ ലോട്ടസിന്റെ ഭാര്യ തൂണായിട്ടു മാറിയ കഥ പറയുന്നു. ഇത് എല്ലാ മതഗ്രന്ഥങ്ങളിലും സാധാരണയായി നമുക്കു കാണാന്‍ കഴിയുന്നതാണ്. നമ്മുടെ ക്ഷേത്രങ്ങളിലെ ചുറ്റുപാടുകളും ഭൗതികാവസ്ഥയെ (പൃഥിവിയെ) പ്രതിനിധാനം ചെയ്യുന്നവയാണ്.
*ജലം*
ഒരു ജലാശയത്തില്‍ പരപ്പും താഴ്ചയുമുണ്ട്, ചിന്താദീപ്തിയോടുകൂടിയ ജീവിതത്തെ അത് പ്രതിനിധാനം ചെയ്യുന്നു. ജലപ്പരപ്പിനെ, ബാഹ്യപ്രപഞ്ചത്തിലെ അനന്തവൈവിദ്ധ്യങ്ങള്‍ തമ്മില്‍ പ്രതിഫലിക്കുമ്പോള്‍ ചിന്താദീപ്തമാകുന്ന മനസ്സിനോടുപമിയ്ക്കാം. എന്നാല്‍ താഴ്ചയാകട്ടെ ആ ചിന്താദീപ്തിയുടെയെല്ലാം മൂലകാരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരു താമരക്കുളത്തില്‍ മനോഹരമായ പൂക്കള്‍ വിടര്‍ന്ന് നില്ക്കുകയും ജലപ്പരപ്പ് അതിന്റെ ഇലകള്‍കൊണ്ട് വിതാനം ചെയ്തിരിക്കുന്നതായും നാം കാണുന്നു. പക്ഷേ അതിന്റെ അടിത്തട്ടില്‍ അടിഞ്ഞു കിടക്കുന്ന ചെളിയില്‍ നിന്നാണ് കുസുമങ്ങള്‍ പൊന്തിവന്നിട്ടുള്ളതെന്നുള്ള കാര്യം നാം വിസ്മരിക്കുന്നു.
ചിന്താദീപ്തിയില്‍ നിന്നുളവാകുന്ന സന്തോഷപ്രകടനങ്ങള്‍ മനസ്സാകുന്ന സരസ്സില്‍ നിന്നു പൊന്തിവരുന്ന പങ്കജങ്ങളാണ്. ഈ പങ്കജങ്ങളുടെ വേരുകളും നമ്മുടെ ജീവിതത്തിന്റെ അഗാധതയിലുള്ള അടിത്തട്ടില്‍ ഓടിട്ടുള്ളവയാണ്. ചിന്താദീപ്തിയെ കുറിക്കുന്ന പലകാര്യങ്ങളും ജലത്തെ സംബന്ധിച്ചുവരുന്ന പ്രതീകങ്ങളില്‍കൂടി നമ്മുടെ പുരാണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പദ്മതീര്‍ത്ഥം (ക്ഷേത്രങ്ങളും) മുതലായവ ക്ഷേത്രങ്ങളോടനുബന്ധിച്ച സാങ്കേതികതകളില്‍ നിന്നുളവാകുന്ന ചിന്താദീപ്തിയെ പ്രതിനിധാനം ചെയ്യുന്നു.
*അഗ്നി*
അഗ്നിയെ സംബന്ധിച്ചിടത്തോളം പലതും നമുക്കു മനസ്സിലാക്കാനുണ്ട്. ഗ്രീക്കുകാരുടെ പൗരാണിക കഥയില്‍ ‘പ്രൊമീതിയസ്’ എന്നൊരു ജൂതന്‍ ഈശ്വരസന്നിധിയില്‍നിന്നും അഗ്നിയെ മോഷ്ടിച്ചുകൊണ്ടുപോന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ദൈവികമായ ഒരു ശക്തി അഗ്നിയിലും ഉണ്ടെന്നാണു വിശ്വാസം. അഗ്നിജ്വാലകള്‍ ഒന്നിനുപുറകെ ഒന്നായിട്ടു പോകുന്നതുപോലെ നമ്മുടെ മനസ്സും ഒരിക്കലും ശമിക്കാത്ത ദാഹത്തോടും വിശപ്പോടുംകൂടി ഒന്നില്‍നിന്ന് മറ്റൊന്നിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. വയ്‌ക്കോല്‍ തീയിലിട്ടാല്‍ എരിഞ്ഞു ചാമ്പലാകുന്നു. സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കാന്‍ അഗ്നിക്കുമാത്രമേ കഴിയൂ. കള്ളങ്ങളെല്ലാം അഗ്നി സാക്ഷിയായിട്ടാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. പുരാതനകാലങ്ങളില്‍ സത്യത്തെ അറിഞ്ഞിരിക്കുന്നത് അഗ്നിപരീക്ഷ കൊണ്ടാണ്. രാവണന്‍ ലങ്കയില്‍ കൊണ്ടിരുത്തിയിരുന്ന സീതയുടെ ചാരിത്ര്യശുദ്ധി തെളിയിക്കപ്പെട്ടിട്ടുള്ളത് അഗ്നിപരീക്ഷകൊണ്ടാണ്. ഈശ്വരാംശം അഗ്നിയില്‍ ഉള്ളതുകൊണ്ടാണ് ലങ്കാനഗരത്തെ ഭസ്മാക്കാന്‍ ആഞ്ജനേയനു കഴിഞ്ഞത്.
*വായു*
അഗ്നിയേക്കാള്‍ സൂക്ഷ്മമാണ് വായു. വായുവിന് ഒരു രൂപവുമില്ല. അതു കാണാനും സാധ്യമല്ല. പിന്നെയോ അനുഭവം കൊണ്ട് മനസ്സിലാക്കാവുന്ന ഒന്നാണ്. കാറ്റുകൊണ്ട് തീ പെരുകുന്നു. അതുപോലെ കാരണത്തിനു ദര്‍ശനം കൊണ്ട് പിന്‍ബലം ലഭിക്കുമ്പോള്‍ അത് ഒരു വലിയ ശക്തിയായി തീരുകയും ആ ശക്തി വ്യക്തികളേയോ, രാജ്യത്തേയോ ജനസമുദായത്തെ മുഴുവന്‍ തന്നേയോ മുന്നോട്ടു തള്ളിവിടുന്നതിനു പര്യാപ്തമായി തീരുകയും ചെയ്യുന്നു. വായുവിന്റെ ഗതിയില്‍ പോകുന്ന മേഘങ്ങളും പക്ഷികളും ഇതേ അര്‍ത്ഥത്തിലുള്ളതുതന്നെ ക്ഷേത്രപ്രതീകത്തില്‍ വായുവിനെ സംഗീതോപകരണത്തില്‍കൂടി വരുന്നതും ഭക്തന്മാര്‍ ആലപിക്കുന്നതുമായ ഗാനങ്ങളെ ശ്രവിക്കാനുള്ള ഒരു ഉപാധിയായിട്ട് കണക്കാക്കിയിരിക്കുന്നു.
*ആകാശം*
ആകാശം എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന ഇടമാണ്. അതിന്റെ ഭൗതികമായ നിലനില്പ് മറ്റു നാലിനേയും അപേക്ഷിച്ചു വളരെ സൂക്ഷ്മമാണ്. ആത്മാവിനെപ്പോലെ അത് എല്ലായിടത്തും ഉണ്ട്. ഒരിടത്തും ഇല്ല. അത് എല്ലാത്തിനേയും പൊതിഞ്ഞിരിക്കുന്നു. അതുകൊണ്ട് ആകാശം ആത്മാവിനെ (ചൈതന്യത്തെ) പ്രതിനിധാനം ചെയ്യുന്നു. അത് പരിശുദ്ധജ്ഞാനമാണ്. പ്രപഞ്ചം മുഴുവനും ആകാശത്തിലേ ഇടഞ്ഞാല്‍ ചുറ്റപ്പെടും താങ്ങപ്പെട്ടും ഇരിക്കുന്നതുപോലെ ആത്മാവിനുമാത്രമേ സര്‍വ വ്യാപകമായി സ്ഥിതി ചെയ്യാന്‍ സാധിക്കയുള്ളൂ. മുകളിലും താഴേയും ചുറ്റുപാടും ആകാശം സ്ഥിതിച്ചെയ്യുന്നതെങ്ങിനേയോ അതുപോലെ പ്രപഞ്ചാത്മാവും എല്ലായിടവും നിറഞ്ഞിരിക്കുന്നു. ആകാശം (ഇടം) പ്രതിഷ്ഠാമണ്ഡപമാണ്. അവിടെയാണ് നമുക്കു ദേവതാദര്‍ശനമുണ്ടാകുന്നത്. ഉദാഹരണമായി ചിദംബരം ക്ഷേത്രത്തില്‍ ദൈവത്തെ പ്രതിനിധീകരിക്കുന്ന (നൃത്തം ചെയ്യുന്ന) നടരാജവിഗ്രഹം ചിത്താകുന്ന ആകാശത്തില്‍ ബന്ധനിര്‍മ്മുക്തമായ അവബോധസുഖത്തെയാണ് കുറിയ്ക്കുന്നത്. അതുകൊണ്ട് ശ്രീകോവില്‍ നമ്മുടെ ജീവിതത്തിലെ ആദ്ധ്യാത്മികവശത്തേയാണ് കുറിയ്ക്കുന്നത്.
No comments:
Post a Comment